നോബി പറഞ്ഞ കഥ അഥവാ നോബിയുടെ സുഹൃത്ത് ഡോക്ടറാണ് !

0
724

 

IMG_4221

 

 

മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി. ഈ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്ന നോബി ഷൂട്ടിംഗ് ഇടവേളയില്‍ ഒരു കഥ പറഞ്ഞു…നോബിയുടെ സുഹൃത്തായ ഒരു ഡോക്ടറുടെ കഥ…

നോബി ഒരു പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി മലയാളം സിനിമയിലേക്ക് കടന്നു വന്ന സമയം. ഈ സമയത്ത് നോബിയെ കാണാനും ഷൂട്ടിംഗ് കാണാനും ഒക്കെ നോബിയുടെ സുഹൃത്തുക്കള്‍ സിനിമ സെറ്റുകളില്‍ എത്തുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഇങ്ങനെ നോബിയുടെ ഒരു സിനിമയുടെ ചിത്രീകരണം നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. അവിടത്തെ ഡോക്ടര്‍മാരും മറ്റും നോബിയെ വന്നു പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഒരു സൈക്കാട്രിസ്റ്റ് ഡോക്ടര്‍ നോബിയെ കാണാന്‍ എത്തി. കിട്ടിയ അവസരം ഉപയോഗിച്ച് നോബി തന്‍റെ അവിടെ ഉണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കഥ ആ ഡോക്ടറോട് പറഞ്ഞു.

വളരെ “പോസ്സസ്സീവ്” ആയ ഒരു ഭാര്യയാണ് തന്‍റെ സുഹൃത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും എവിടെയും എപ്പോഴും അവര്‍ അയാളെ പിന്തുടരുന്നു എന്നും ഫോണില്‍ വിളിക്കുന്നു എന്നും സംശയിക്കുന്നുവെന്ന് എല്ലാം നോബി ഡോക്ടറെ അറിയിച്ചു. ഇതു കേട്ട ഡോക്ടര്‍ ആ സുഹൃത്തിനെ അടുത്ത് വിളിച്ചു കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി.

കല്യാണം കഴിഞ്ഞു ഒരു വര്‍ഷം തികയാന്‍ പോകുന്നതെയുള്ളൂവെന്നും അതിനിടയില്‍ തന്‍റെ ഭാര്യ തന്‍റെ കൈവിട്ടു പോയി എന്നും ഒക്കെ ആ പാവം “രോഗി” ആ സെറ്റില്‍ നിന്നും കരഞ്ഞു പറഞ്ഞു. ഡോക്ടര്‍ ഇതൊക്കെ ക്ഷമയോടെ കേട്ടു. പലപ്പോഴും പല സംശയങ്ങളും ചോദിച്ചു. ഭാര്യയെ കുറിച്ച് പലതും ചോദിച്ചു. പിന്നെ കുറെ നേരം ഇരുന്നു ചിന്തിച്ചു..പിന്നെ അദ്ദേഹം വന്നു നോബിയോടും സുഹൃത്തിനോടും പറഞ്ഞു..

“മക്കളെ, കഴിഞ്ഞ 26 വര്‍ഷങ്ങളായി ഞാന്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് താനും നേരിടുന്നത്. 26 വര്‍ഷം ആലോചിച്ചിട്ടും എനിക്ക് ഇതിനു ഒരു പരിഹാരം കണ്ടെത്താന്‍ സാധിചിടില്ല. സഹിക്കുക. അത്ര തന്നെ. എന്‍റെ ഭാര്യയെ വച്ച് നോക്കുമ്പോള്‍ തന്‍റെ ഭാര്യ ഒരു ദേവതയാണ് എന്നാണ് എനിക്ക് തോന്നുന്നത്”..!

ഇത്രെയും പറഞ്ഞു ഡോക്ടര്‍ വികാരദീനനായി. ഇതു കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാതെ നോബിയും സുഹൃത്തും നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ആ പടത്തിന്റെ യുണിറ്റ് ആ കഥകേട്ട് അന്ന് മൊത്തം ചിരിച്ചു എന്നാണ് നോബിയുടെ കഥ…!