പക്ഷികള്‍ക്ക് കുടിക്കാന്‍ വെള്ളം വീടുകളില്‍..

  587

  Untitled-1

  ആലപ്പുഴ: പക്ഷികള്‍ക്ക് കുടിക്കാന്‍ എല്ലാ വീടുകളിലും പുറത്ത് ഒരു പാത്രത്തില്‍ ശുദ്ധജലം ശേഖരിച്ചു വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) തീരുമാനിച്ചു.പറവകള്‍ക്ക് അത് ഏറെ ആശ്വാസമാകും. മുറ്റത്തോ ടെറസിലോ ബാല്‍ക്കണിയിലോ സ്ഥിരം സ്ഥലത്ത് വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു കുരുവികള്‍ ഭയപ്പാടില്ലാതെ വെള്ളം കുടിക്കും.

  കുട്ടികളുള്ള വീടുകളില്‍ ഇത് എളുപ്പത്തില്‍ നടപ്പിലാക്കാനാകുമെന്നു ടി.ആര്‍.എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. പക്ഷികള്‍ക്ക് പ്രതിഫലേച്ഛ കൂടാതെ കുടിവെള്ളം കൊടുക്കുന്നതിലൂടെ കരുണയുടെ
  ബാലപാഠം കൂടിയായിരിക്കും അവര്‍ക്കു ലഭ്യമാകുന്നത്. ഒരു പുണ്യപ്രവൃത്തി കൂടിയാണിതെന്ന കാര്യത്തില്‍ സംശയമില്ല.

  പലരും പക്ഷികള്‍ക്കു വല്ലപ്പോഴും ആഹാരം കൊടുക്കുമെങ്കിലും സ്ഥിരമായി ശുദ്ധജലം കൊടുക്കുന്നത് പതിവല്ല. പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളം ആവശ്യമാണ്. പക്ഷികള്‍ക്ക് സ്വേദഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍
  സസ്തനികളേക്കാള്‍ കുറച്ചു ജലത്തിന്റെ ആവശ്യമേയുളളു. ഉച്ഛ്വാസത്തിലൂടെയും കാഷ്ഠത്തിലൂടെയും വെള്ളം നഷ്ടപ്പെടും. നഷ്ടപ്പെടുന്ന ജലം പുനഃസ്ഥാപിക്കാന്‍ കുരുവികള്‍ക്ക് ദിവസത്തില്‍ രണ്ടു നേരമെങ്കിലും വെള്ളം
  കുടിക്കേണ്ടതുണ്ട്. പക്ഷികള്‍ക്ക് ആഹാരത്തിലൂടെയാണ് ജലം ലഭിക്കുന്നത്. പുഴുക്കളെ തിന്നുന്ന പക്ഷികള്‍ക്ക് ഒപ്പം ജലാംശവും ലഭിക്കും. എന്നാല്‍ കുരുക്കള്‍ തിന്നുന്ന കിളികള്‍ക്ക് വെള്ളം കൂടുതല്‍ വേണ്ടിവരും.

  പട്ടണപ്രദേശങ്ങളില്‍ കിളികള്‍ക്ക് കുടിക്കാനും കുളിക്കാനും എല്ലായിടങ്ങളിലും ജലം സൗകര്യമായി ലഭിക്കണമെന്നില്ല. പല പക്ഷികളും കൊക്ക് വെള്ളത്തില്‍ മുക്കി തല പുറകോട്ടെടുത്ത് വെള്ളം വിഴുങ്ങുകയാണ്. പ്രാവുകള്‍ പോലെയുള്ളവയ്ക്ക് കൊക്ക് വെള്ളത്തില്‍ മുക്കി തുടര്‍ച്ചയായി കുടിക്കാനാകും. ജലപ്രദേശങ്ങളില്‍ കാണുന്ന പറവകള്‍ക്ക് പറക്കുന്നതിനിടയില്‍ തന്നെ വെള്ളത്തിലേക്ക് കൊക്കു മുട്ടിച്ച് അതു നിറയെ വെള്ളമായി പറന്നുയരാന്‍ സാധിക്കും.

  ടി.ആര്‍.എയിലെ എല്ലാ അംഗവീടുകളിലും പക്ഷികള്‍ക്ക് കുടിക്കാനായി അല്പ്പം വെള്ളം സദാ സൂക്ഷിച്ചുവയ്ക്കുന്നത് നന്നായിരിക്കുമെന്നു കരുതുന്നു. പൂന്തോട്ടങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ആകര്‍ഷകമായ ബേര്‍ഡ് ബാത്തുകളും
  ചെറു വെള്ളത്തൊട്ടികളും സ്ഥാപിക്കാം. അവ ഒരു കാഴ്ചകൂടിയായിരിക്കും. ആലപ്പുഴയിലെ കാലാവസ്ഥയ്ക്ക് മണ്‍ചട്ടിയില്‍ വെള്ളമെടുത്തു വയ്ക്കുന്നതായിരിക്കും നല്ലത്. അതിനു പ്രത്യേക ചെലവോ ബുദ്ധിമുട്ടോ
  ഉണ്ടാകില്ല. ചട്ടിയില്‍ എപ്പോഴും വെള്ളം നിറഞ്ഞിരിപ്പുണ്ടെന്നു ഉറപ്പുവരുത്തുക.

  കൂടാതെ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍:

  >ജലം വൃത്തിയുള്ളതായിരിക്കണം.
  >ദിവസവും രണ്ടു നേരമെങ്കിലും നിറച്ചുവയ്ക്കണം.
  >കൊതുകും കൂത്താടിയും വളരാന്‍ ഇടനല്കരുത്.
  >തണുപ്പുകാലത്ത് അധികം തണുത്തുകിടക്കരുത്.
  >വെള്ളത്തില്‍ രാസവസ്തുക്കള്‍ കലരാനിടവരരുത്.

  വാര്‍ത്ത : തോമസ്‌ മത്തായി, പ്രസിഡന്റ്‌, തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ)