പച്ചവെള്ളമൊഴിച്ച് കാറോടിക്കാനാവുമോ..? – ഷൈബു മഠത്തില്‍..

0
283

Untitled-1

മീഡിയാവണ്‍ ചാനലില്‍ കഴിഞ്ഞയാഴ്ച്ച സംപ്രേക്ഷണം ചെയ്ത ‘വീക്കെന്റ് അറേബ്യ’ എന്ന പരിപാടിയില്‍ പച്ചവെള്ളമൊഴിച്ചു കാറോടിക്കുന്ന സാങ്കേതികവിദ്യ ഒരു പ്രവാസി മലയാളി കണ്ടെത്തിയതായി ഒരു സ്റ്റോറി കണ്ടു. ഇത്തരം വാര്‍ത്തകളും അവകാശവാദങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളില്‍, വിശേഷിച്ച് മലയാളം പത്രങ്ങളിലും ചാനലുകളിലും ഒട്ടും പുതുമയല്ല. എഞ്ചിനിയറിങ്ങ് കോളജ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന്റെ ഭാഗമായി ചെയ്യുന്ന നിലവിലുള്ള സാങ്കേതികവിദ്യകളെ അനുകരിക്കുന്ന പ്രോജക്റ്റ് വര്‍ക്കുകള്‍ പോലും പുതിയ കണ്ടുപിടിത്തമെന്ന പേരില്‍ മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

ഇത്തരം ശാസ്ത്ര പൈങ്കിളികളില്‍ എറ്റവും പ്രചാരമുള്ള വിഭാഗം പച്ചില പെട്രോള്‍, പച്ചവെള്ളമുപയോഗിച്ച് കാറോടിക്കല്‍, വെറും കാറ്റടിച്ചു കാറോടിക്കല്‍, തെങ്ങില്‍ കയറുന്ന യന്ത്രമനുഷ്യന്‍, മള്‍ട്ടികോപ്റ്റര്‍ തുടങ്ങിയവയാണ്. അതില്‍ തന്നെ പൊതുജനത്തെ എപ്പോഴും ആവേശം കൊള്ളിക്കുന്നത് പച്ചവെള്ളമൊഴിച്ചു കാറോടിക്കുക എന്ന സ്വപ്നമാണ്.

ഈ പോപ്പുലര്‍ മിത്തിന് എപ്പോഴും മാധ്യമ സ്‌പേസ് ലഭിക്കാനുള്ള കാരണങ്ങള്‍, ഈ സങ്കല്‍പത്തോടുള്ള ജനസാമാന്യത്തിന്റെ താത്പര്യവും, പിന്നെ ലിറ്ററേച്ചര്‍ മാത്രം പഠിച്ച മാധ്യമപ്രവര്‍ത്തകരുടെ ശാസ്ത്രത്തിലെ അറിവില്ലായ്മയുമാണ്.

പച്ചവെള്ളമുപയോഗിച്ച് കാറോടിക്കുന്നതിന്റെ ശാസ്ത്രം പരിശോധിക്കാം: വൈദ്യുതി വിശ്ലേഷണം (eletcrolysis, നാമെല്ലാം ആറാം ക്ലാസ്സില്‍ പഠിച്ച പ്രതിഭാസം) വഴി വൈദ്യുതി കടത്തിവിട്ട് വെള്ളത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്‌സിജനുമാക്കാം. ഇതു കണ്ടെത്തിയിട്ട് ഏതാണ്ട് നൂറു വര്‍ഷമായി.

പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്ന ആന്തരിക ജ്വലന എഞ്ചിനുകളില്‍ (internal combustion engines) ചെറിയ വ്യത്യാസം വരുത്തിയാല്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാം. ഇതു കണ്ടെത്തിയിട്ട് എണ്‍പതു വര്‍ഷമായി.

ഇവിടെയുള്ള ഒരേയൊരു പ്രശ്‌നം വെള്ളം വിഘടിപ്പിക്കാനുള്ള വൈദ്യുതിയുടെ ആവശ്യമാണ്. സത്യത്തില്‍ ആ വൈദ്യുതി തന്നെയാണു കാര്‍ ഓടിക്കാനുള്ള ഊര്‍ജ്ജം. അതു ഹൈഡ്രജന്‍ എന്ന മാധ്യമത്തില്‍ ശേഖരിച്ചു വക്കുന്നു എന്നു മാത്രം. ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്. ബ്രിട്ടന്‍ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ കാറില്‍ ഇന്ധനം നിറക്കാനുള്ള ഹൈഡ്രജന്‍ പമ്പുകളുമുണ്ട്. എന്നാല്‍ ഇതിന് ഒട്ടും പ്രചാരം ലഭിച്ചില്ല, ഭാവിയില്‍ വലിയ സാധ്യതകളുമില്ല.

ഈ ആശയത്തെ ഒരു പടികൂടി വികസിപ്പിച്ചതാണ് ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ സാങ്കേതിക വിദ്യ. വെള്ളത്തില്‍ നിന്നു വൈദ്യുതി വിശ്ലേഷണം വഴിയോ അല്ലെങ്കില്‍ പ്രകൃതി വാതകത്തില്‍ (മീതേന്‍) നിന്നോ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പണി ഫാക്ടറിയില്‍ ചെയ്യും. കാറില്‍ ഇന്ധനമായി പമ്പില്‍ നിന്നു (പണം നല്‍കി) ഹൈഡ്രജന്‍ നിറയ്ക്കും. കാറിലെ ഫ്യൂവല്‍ സെല്ലില്‍ ഹൈഡ്രജനുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. ഈ വൈദ്യുതിയുപയോഗിച്ച് കാറിലെ ഇലക്ട്രിക്ക്മോട്ടോര്‍ ഓടിക്കും. 1970ല്‍ കണ്ടെത്തി പേറ്റന്റ് ചെയ്യപ്പെട്ട ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്.

ആഗോളതലത്തില്‍ ടോയോട്ട, ഹോണ്ട, നിസ്സാന്‍, ഹ്യുണ്ടായ്‌ തുടങ്ങിയ വാഹന  നിർമ്മാതാക്കള്‍ ഫ്യൂവല്‍ സെല്‍ കാറുകള്‍ ഇറക്കുന്നുണ്ട്‌. പല യൂറോപ്യന്‍ സര്‍ക്കാരുകളും കാര്‍ബണ്‍ എമിഷന്‍ കുറക്കുന്നതിനായി ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇതിനു വാഹന ഉപയോക്താക്കളുടെ ഇടയില്‍ വലിയ സ്വീകരണം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ കാര്യമായി പ്രോത്സാഹിപ്പിച്ചിട്ടും ബ്രിട്ടനില്‍ ഒരു വര്‍ഷം വില്‍ക്കുന്നത് വെറും പത്തു ഫ്യൂവല്‍ സെല്‍ കാറുകള്‍ മാത്രമാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ടെക്‌നോളജിയെ നാളത്തെ സങ്കേതികവിദ്യയായിത്തന്നെ പരിഗണിച്ചു വരുന്നു. എണ്‍പതുകള്‍ മുതലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ടെക്‌നോളജിയെ കുറിച്ചു പരാമര്‍ശ്ശമുണ്ട്. ജെയിംസ് കാമറൂണിന്റെ ടെര്‍മ്മിനേറ്റര്‍ ചിത്രങ്ങള്‍ ഉദാഹരണം.

അന്‍പതു വര്‍ഷം മുന്‍പു കണ്ടെത്തിയ, പേറ്റന്റുള്ള, നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ഒരു സാങ്കേതിവിദ്യയുടെ പ്രാകൃതമായ രൂപത്തെ (crude form) പുതിയ കണ്ടെത്തലായി അവതരിപ്പിച്ചത് മാധ്യമ പ്രവര്‍ത്തകരുടെയും, അതു സംപ്രേഷണം ചെയ്തത് ചാനല്‍ എഡിറ്ററുടേയും അറിവില്ലായ്മ മൂലമാണ് എന്നു പറയേണ്ടി വരുന്നിടത്ത് നമ്മുടെ മാധ്യമങ്ങളിലെ പ്രതിഭാ ദാരിദ്ര്യം വ്യക്തമാണ്. മുന്‍പ് നമുക്കെല്ലാം അറിവിന്റെ സ്‌ത്രോതസ്സായിരുന്ന ഇവിടുത്തെ അച്ചടിദൃശ്യ മാധ്യമങ്ങള്‍ ഇന്ന് സെന്‍സേഷനലിസത്തിന്റേയും പൈങ്കിളിയിടേയും വഴിയേ പോയി, കൊള്ളാവുന്ന ടാലന്റ് പൂള്‍ ഇല്ലാതെ, നോവലെഴുത്തുകാരുടെ ഇടമായി മാറുന്നു.

Advertisements