പതിനഞ്ചാം വയസില്‍ ബിരുദാനന്തരബിരുദം നേടി വിസ്മയം സൃഷ്ടിച്ച ഇന്ത്യന്‍ പെണ്‍കുട്ടി`

  0
  221

  sushama
  അഞ്ചാം വയസില്‍ നേരിട്ട് ഒന്‍പതാം ക്ലാസിലേയ്ക്ക് പ്രവേശനം നേടുക. ഏഴാം വയസില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കുമ്പോള്‍, ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ലിംക റിക്കാര്‍ഡ് സ്വന്തമാക്കുക. ഇപ്പോള്‍ പതിനഞ്ചാം വയസില്‍ ബാബാസാഹിബ് ഭീംറാവു അംബേദ്കര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൈക്രോബയോളജിയില്‍ എം.എസ്.സി. സ്വന്തമാക്കുക – ഏതെങ്കിലും സാങ്കല്‍പ്പിക നോവലിലല്ല ഈ കഥ നടക്കുന്നത്. കുഞ്ഞുപ്രായത്തിനുള്ളില്‍ വലിയ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്ന ഈ മിടുക്കി ഒരു ഇന്ത്യാക്കാരിയാണെന്നതില്‍ നമ്മുക്കഭിമാനിക്കം.

  ഈ പെണ്‍കുട്ടിയുടെ പേര് സുഷമ വര്‍മ. ഉത്തര്‍പ്രദേശിലെ ലഖ്‌നോ ആണ് ഇവളുടെ ഈ പെണ്‍കുട്ടിയുടെ ജന്മനാട്. ഈ ചെറുപ്രായത്തില്‍ ഇത്രയേറെ നേട്ടങ്ങള്‍ നേടിയത് കൊണ്ട് ഇവള്‍ ഏതോ സമ്പന്നകുടുംബത്തില്‍ നിന്ന് വന്നതാണെന്ന് കരുതേണ്ട. സുഷമ എം.എസ്.സി. നേടിയ കോളേജില്‍ ശുചീകരണതൊഴിലാളി ആണ് സുഷമയുടെ അച്ഛന്‍.

  sushama2

  രണ്ടാമത്തെ വയസില്‍ അടുത്തുള്ള ഒരു പ്രൈമറി സ്‌കൂളിലെ ചടങ്ങിന് രാമായണം ചൊല്ലിയത് മുതലാണ് സുഷമയുടെ കഴിവുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. സുഷമയുടെ ചേട്ടന്‍ ശൈലേന്ദ്രയും ആള് മോശക്കാരന്‍ ആയിരുന്നില്ല. ഒന്‍പതാം വയസില്‍ പത്താം ക്ലാസ് പാസായ ശൈലേന്ദ്ര പതിനാലാം വയസില്‍ ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ അതും അന്നത്തെ റിക്കാര്‍ഡ് ആയിരുന്നു. ചേട്ടന്റെ പുസ്തകങ്ങള്‍ വായിച്ചാണ് സുഷമയും വളര്‍ന്നത്.

  ഒരു ഡോക്ടര്‍ ആകണം എന്നതാണ് സുഷമയുടെ ആഗ്രഹം. എന്നാല്‍ പതിനേഴ് വയസു പൂര്‍ത്തിയായാല്‍ മാത്രമേ ഇന്ത്യയില്‍ മെഡിസിന്‍ പഠിക്കുവാന്‍ സാധിക്കൂ എന്നതിനാല്‍ ആ സ്വപ്നം ഇനിയും പൂര്‍ത്തിയാകുവാന്‍ വൈകും. അതുവരെ പി.എച്ച്.ഡി. ചെയ്യുവാന്‍ ആണ് ഈ പെണ്‍കുട്ടിയുടെ തീരുമാനം.

  പഠിച്ച കോഴ്‌സുകളില്‍ എല്ലാം തന്നെ ഏറ്റവും ഉയര്‍ന്ന വിജയമാണ് ഈ പെണ്‍കുട്ടി നേടിയെടുത്തത്. അതും തന്നെക്കാള്‍ എട്ടോ ഒന്‍പതോ വയസിന് മുതിര്‍ന്നവരുടെ ഒപ്പമാണെന്നും ഓര്‍ക്കണം. സാഹചര്യങ്ങളെ പഴിപറഞ്ഞ് ജന്മനാ കിട്ടിയ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കാത്തവര്‍ക്ക് ഒരു മാതൃകയും മറുപടിയും ആണ് സുഷമ എന്ന ഈ പെണ്‍കുട്ടി. സുഷമയുടെ വിജയങ്ങളെ നമ്മുക്കൊന്ന്‌ചേര്‍ന്ന് അഭിനന്ദിക്കാം. ഒപ്പം ഇനിയും ഉയരങ്ങള്‍ കീഴടക്കുവാന്‍ ഈ പെണ്‍കുട്ടിക്ക് കഴിയട്ടെ എന്നും ആശംസിക്കാം.