പതിമൂന്നുകാരിയുടെ പ്രേമഡയറി – ഇന്ദു മേനോന്‍

153

418061_4641890698712_727672670_n

എഴുതിയത്: ഇന്ദു മേനോന്‍

എഴുതുന്നത് വായിക്കാനാത്ത നിന്റെ നിസ്സഹായമായ അന്ധ്യത്തെ ഞാന്‍ പ്രേമിക്കുന്നു. ഹൃദയത്തിന്റെ ഭാഷ മനസ്സിലാകാത്ത നിന്റെ ചിന്തകളെ അലിവോടെ ഞാന്‍ പ്രേമിക്കുന്നു. സംസാരിക്കുമ്പോള്‍ പരസ്പരം മനസ്സിലാവാത്ത നിന്റെ പ്രാണസങ്കടത്തെ ഞാന്‍ വേദനയോടെ തുറിച്ചു നോക്കുന്നു .

നീയെനിക്കു ചുവന്ന സാരി ചുറ്റിയ വൃദ്ധയുടെ ഒളിവേഷത്തില്‍ പൂച്ച കുഞ്ഞുങ്ങളെ കൊണ്ട് തരുമായിരിക്കും .കമിഴ്ത്തിയ കുടയാകൃതിയില്‍ നമ്മള്‍ പ്രേമത്തിന്റെ പിന്‍ചെവിക്കുടകള്‍ വിടര്‍ത്തുമെന്നു കരാറെഴുതുമായിരിക്കും …

എരിയുന്ന ചുണ്ടുകളെ പുകവലിക്കുവാനൊ പുഞ്ചിരിക്കുവാനോ അല്ലാതെ നീ എനിക്ക് നേരെ വെച്ച് നീട്ടുമ്പോള്‍ ഒരു പ്രതിയോഗിയെ എന്ന വണ്ണം ഭയത്തോടെ ഞാന്‍ നിന്നെ നിരാകരിക്കുന്നു …നിന്റെ വംശ പരമ്പരയിലെ ഇളയ പെണ്കിടാവും നിന്റെ ശിശുവും ഞാനാണ് ..ദത്തു കൊണ്ടവന്റെ ജാതിയില്ലായ്മയിലേക്ക് വളരാത്തവള്‍… ദുര്‍ഗുണ പരിഹാര പാഠശാലയില്‍ ശിക്ഷകള്‍ സ്വീകരിക്കുവാന്‍ ഭയത്തോടെ ഞാന്‍ കയ്യ് നീട്ടുന്നു …തിരണ്ടിയുടെ വാല്‍മുള്ളൂകള്‍ എന്റെ ഉള്ളം ങ്കൈകളെ അസാധാരണമായ വിധം മുറിപ്പെടുത്തിയിരിക്കുന്നു .നിനക്കായി ഒളിപ്പിച്ചു സൂക്ഷിച്ച മാമ്പഴത്തിന്റെ മഞ്ഞപാതി എന്നിട്ടും ഞാന്‍ മുറുകെ പിടിച്ചിരിക്കുന്നു…

ഉന്മാദത്തിനും പരിഭ്രമങ്ങള്‍ക്കും അപ്പുറത്ത് അപമാനകരമായ ഒരു ലജ്ജയുണ്ട് ..എനിക്കറിയാം എത്രയോ വര്‍ഷങ്ങള്‍ നീണ്ട രഹസ്യ ഭാഷകള്‍ കൊണ്ട് ഞാനവയെ ഒരിക്കലും മറികടക്കുകയില്ല ..ആത്മാവിനെ കുറിച്ച് സംസാരിക്കുന്ന ഒരു വര്‍ത്തമാനവും പ്രപഞ്ചചരിത്രത്തില്‍ ഇന്നേ വരെ പൈങ്കിളിയാവാതിരുന്നിട്ടില്ല എന്നത് തന്നെ …

ഒരു വേതാളം അതിന്റെ മുരിങ്ങ മരം തേടുന്നു ..വയസ്സ് തികയാത്ത മൊട്ടപ്പെങ്കുഞ്ഞു നിലവിളിയോടെ അതിന്റെ അമ്മയെയും ..സമുദ്രം വിശ്രാന്തമായ ഗര്‍വ്വോടെ എന്റെ പായക്കപ്പലുകളെ തേടുന്നു ..അതിലെ നാവികന് എന്റെ മരണം വെച്ച് നീട്ടുന്നു …നീ എത്ര ഒളിപ്പിച്ചിട്ടും ഞാന്‍ കണ്ടെത്തിയ നിന്റെതുമാത്രമായ വിഷാദത്തെ …വിഷാദത്തെ മാത്രം സകല അവകാശങ്ങളോടെയുംഅഭിമാനത്തോടെയും അഹന്തയോടെയും ഞാന്‍ സ്വന്തമാക്കുന്നു..അതിന്റെ അവകാശികളെയും അതിന്റെ കാരണക്കാരെയും സ്‌തോഭത്തോടെ ഞാന്‍ അകറ്റും… അതിനു വേണ്ടി മാത്രമായിരിക്കും നമുക്കിടയിലെ ഒളിയുദ്ധങ്ങള്‍ … അതിനു വേണ്ടി മാത്രമായിരിക്കും നമ്മുടെ പടക്കപ്പലുകള്‍ , അനന്തകാലത്തെക്കു വിളറിയനക്ഷത്രങ്ങളെയും പ്രേമത്തിന്റെ വിചിത്രാകാശ നീലയേയും ഒറ്റുകൊടുക്കുക… …സത്യമായും നിന്റെ വിഷാദത്തിന്റെ കടല്‍ക്കണ്ണൂകളെ ഞാന്‍ സ്‌നേഹിക്കുന്നു … ആ നീല ആരെഴുതിയെന്നു ഭ്രമത്തോടെ അന്ധാളിപ്പോടെ ഓര്‍ക്കുന്നുവെങ്കിലും