പതിറ്റാണ്ടുകള്‍ക്ക് അണയ്ക്കാനാകാഞ്ഞ പ്രണയം (യഥാര്‍ത്ഥസംഭവം)

221

alfred-and-resi-in-1953

രചന: സുനില്‍ എം എസ്, മൂത്തകുന്നം

1945 ഏപ്രില്‍ ഇരുപത്തെട്ടാം തീയതി ഇറ്റലിയുടെ മുസ്സൊലീനി വെടിവെച്ചു കൊല്ലപ്പെട്ടു. മുപ്പതാം തീയതി ജര്‍മ്മനിയുടെ ഹിറ്റ്‌ലര്‍ വെടിവെച്ച് ആത്മഹത്യ ചെയ്തു. ഇരുവരുടേയും സഖ്യരാജ്യമായിരുന്ന ജപ്പാന്‍ തങ്ങള്‍ കീഴടങ്ങുന്നതായി ആഗസ്റ്റ് പതിനഞ്ചിനു പ്രഖ്യാപിച്ചു. ആറു വര്‍ഷം കൊണ്ട് എട്ടു കോടിയോളം മരണത്തിനിട വരുത്തിയ രണ്ടാം ലോകമഹായുദ്ധം 1945 സെപ്റ്റംബര്‍ രണ്ടിന് അവസാനിച്ചു. യുദ്ധം മൂലം ജര്‍മ്മനിയില്‍ മാത്രമായുണ്ടായ എഴുപത്തിനാലു ലക്ഷം മരണങ്ങളില്‍ അമ്പത്തിമൂന്നു ലക്ഷം സൈനികരുടേതായിരുന്നു. അക്കൂട്ടത്തില്‍ മരണപ്പെട്ട ഒരു സൈനികന്റെ മകളായിരുന്നു, റെസി.

രണ്ടാം ലോകമഹായുദ്ധത്തിലേര്‍പ്പെട്ട മുന്നണികള്‍ പരസ്പരം ബോംബുവര്‍ഷം നടത്തിയപ്പോള്‍, ജനവാസപ്രദേശങ്ങളില്‍ ബോംബിടരുതെന്ന പൊതുതത്വം പലപ്പോഴും അവഗണിയ്ക്കപ്പെട്ടു. തത്ഫലമായി ജര്‍മ്മനിയില്‍ മാത്രം തകര്‍ന്നതു മുപ്പത്താറു ലക്ഷം വീടുകള്‍. അക്കൂട്ടത്തിലൊന്ന് റെസിയുടേതായിരുന്നു. 1945ല്‍ രണ്ടാം ലോകമഹായുദ്ധമവസാനിയ്ക്കുമ്പോള്‍ വിധവയായ അമ്മയോടൊപ്പം റെസിയുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായിരുന്നു. അന്നു റെസിയ്ക്കു വയസ്സു പതിനഞ്ചു മാത്രം.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചയുടന്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നീ സഖ്യരാജ്യങ്ങള്‍ ജര്‍മ്മനിയെ വെട്ടിമുറിച്ചു സ്വന്തമാക്കി. എങ്കിലും, 1949ല്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെ അധീനതയിലുണ്ടായിരുന്ന ഖണ്ഡങ്ങള്‍ പരസ്പരം ലയിച്ച് ‘ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് ജര്‍മ്മനി’ എന്നൊരു സ്വതന്ത്രരാഷ്ട്രമുണ്ടായി. അക്കൊല്ലം തന്നെ, സോവിയറ്റ് യൂണിയന്റെ അധികാരത്തിലുണ്ടായിരുന്ന ഖണ്ഡം ‘ജര്‍മ്മന്‍ ഡെമൊക്രാറ്റിക് റിപ്പബ്ലിക്ക്’ ആയിത്തീര്‍ന്നു. ഫെഡറല്‍ റിപ്പബ്ലിക്കിലായിരുന്നു, റെസിയും അമ്മയും.

1951ല്‍ ജര്‍മ്മനിയിലെ ഒരു രാസവസ്തുനിര്‍മ്മാണശാലയില്‍ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന റെസി ആല്‍ഫ്രെഡിനെ കണ്ടുമുട്ടി. അന്നു റെസിയ്ക്കു വയസ്സ് ഇരുപത്തൊന്ന്, ആല്‍ഫ്രെഡിന് ഇരുപത്തിനാല്. ഒരു ദന്തഡോക്ടറായിരുന്നു, ആല്‍ഫ്രെഡ്. അവര്‍ പരസ്പരം ആകര്‍ഷിതരായി, പ്രണയത്തിലുമായി.

അക്കാലത്തു ജര്‍മ്മനിയിലെ സ്ഥിതി പരിതാപകരമായിരുന്നു. വെള്ളവും വൈദ്യുതിയുമില്ലാത്തൊരു കുടിലിലായിരുന്നു, റെസിയുടേയും അമ്മയുടേയും വാസം. തുച്ഛശമ്പളം. ദന്തഡോക്ടറായിരുന്നിട്ടും ആല്‍ഫ്രെഡിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയരണമെന്ന് ആല്‍ഫ്രെഡ് ആശിച്ചിരുന്നു. ജര്‍മ്മനിയില്‍ അതിനുള്ള സാദ്ധ്യത തീരെക്കുറവായിരുന്നു. അവിടന്ന് അനേകം പേര്‍ അമേരിക്കയിലേയ്ക്കു കുടിയേറ്റം നടത്തിക്കൊണ്ടിരുന്നു. അവരെപ്പോലെ തനിയ്ക്കും അമേരിക്കയിലെത്താനായാല്‍ സ്വപ്നങ്ങള്‍ പൂവണിയുമെന്ന് ആല്‍ഫ്രെഡ് വിശ്വസിച്ചു. അമേരിക്കയിലെത്തി ഒരു ജോലി നേടിയ ഉടന്‍ റെസിയോടു വിവാഹാഭ്യര്‍ത്ഥന നടത്താമെന്ന് ആല്‍ഫ്രെഡ് കരുതിയിരുന്നു.

1953ല്‍ ആല്‍ഫ്രെഡ് ന്യൂയോര്‍ക്കിലേയ്ക്കുള്ള കപ്പലില്‍ക്കയറി. അമേരിക്കയിലെത്തിയെങ്കിലും, ആല്‍ഫ്രെഡിനു ജോലിയൊന്നും ഉടനെ കിട്ടിയില്ല. ആല്‍ഫ്രെഡിന്റെ അമേരിക്കന്‍ ജീവിതാരംഭം ദുരിതപൂര്‍ണമായിരുന്നു. ഉപജീവനമാര്‍ഗം പോലും തെളിയാഞ്ഞതുകൊണ്ട് റെസിയെ വിവാഹം കഴിച്ച് അമേരിക്കയിലേയ്ക്കു കൊണ്ടുവരാനുള്ള പദ്ധതി നീണ്ടുനീണ്ടുപോയി. ഒരേ ലക്ഷ്യത്തിലേയ്ക്കുള്ള മറ്റൊരു വഴിയെന്ന നിലയില്‍, അമേരിക്കയിലൊരു ജോലിയ്ക്കു ശ്രമിയ്ക്കാന്‍ ആല്‍ഫ്രെഡ് റെസിയോട് അഭ്യര്‍ത്ഥിച്ചു. റെസിയ്ക്ക് അമേരിക്കയില്‍ ജോലി ലഭിച്ചാല്‍ ജീവിതം സുഖകരമാകുമെന്ന് ആല്‍ഫ്രെഡ് റെസിയെ ബോദ്ധ്യപ്പെടുത്തി.

അപ്പോളാണ് റെസിയെപ്പോലുള്ളവര്‍ക്ക് അമേരിക്കയിലൊരു ജോലി കിട്ടുക ദുഷ്‌കരമാണെന്നു മനസ്സിലായത്. നിരാശിതയാകാതെ റെസി തന്റെ ശ്രമം തുടര്‍ന്നു. അതിനിടയില്‍ അമ്മ രോഗബാധിതയായി. റെസിയുടെ തുച്ഛശമ്പളം ചികിത്സയ്ക്കു തികയാതെയായി. അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണം പോലുമില്ലാതിരിയ്‌ക്കെ, അമേരിക്കയ്ക്കുള്ള ടിക്കറ്റു വാങ്ങുന്ന കാര്യം ആലോചിയ്ക്കാന്‍ പോലും വയ്യാത്ത സ്ഥിതി.

റെസി ജര്‍മ്മനിയില്‍ കഷ്ടപ്പെടുമ്പോള്‍ ആല്‍ഫ്രെഡ് അമേരിക്കയില്‍ കഷ്ടപ്പെട്ടു. തങ്ങളുടെ ദുരിതങ്ങള്‍ക്കിടയിലും ഇരുവരും ആവേശപൂര്‍വം പ്രണയലേഖനങ്ങളെഴുതി. ആല്‍ഫ്രെഡിന്റെ കത്തുകളിലായിരുന്നു, റെസി ആശ്വാസം കണ്ടെത്തിയിരുന്നത്; റെസിയുടെ കത്തുകളില്‍ ആല്‍ഫ്രെഡും.

കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ആല്‍ഫ്രെഡിനെപ്പറ്റിയുള്ള ഒരു കിംവദന്തി റെസിയുടെ കാതുകളിലെത്തി: ആല്‍ഫ്രെഡ് അമേരിക്കയിലെ ഒരു വനിതയെ പ്രണയിയ്ക്കുന്നത്രേ! വാര്‍ത്ത കേട്ടു റെസി തളര്‍ന്നു പോയി. അതു വെറും കിംവദന്തിയായിരിയ്ക്കുമെന്ന് അവള്‍ വിശ്വസിച്ചു. എന്നാല്‍, അതു ശരിയാണോയെന്ന് ആല്‍ഫ്രെഡിനോട് എഴുതിച്ചോദിയ്ക്കാനുള്ള ധൈര്യം അവള്‍ക്കുണ്ടായുമില്ല. എന്തിനിനി ജീവിയ്ക്കണം, എന്നു റെസി സ്വയം ചോദിച്ചു. പക്ഷേ, ഒരു കാര്യം അവളെ ഭൂമിയില്‍പ്പിടിച്ചു നിര്‍ത്തി: അമ്മ. അവളുടെ വരുമാനമുണ്ടായിട്ടും, അമ്മയുടെ ചികിത്സ വേണ്ടുംവണ്ണം നടത്താനായിരുന്നില്ല. അങ്ങനെയിരിയ്‌ക്കെ, അവള്‍ മരിച്ചാല്‍ അമ്മ വഴിയാധാരമായതു തന്നെ. അമ്മയ്ക്കുവേണ്ടി അവള്‍ ജീവിതം തുടര്‍ന്നു.

അമേരിക്കയില്‍ താമസമാക്കിയ, സമ്പന്നനായൊരു ജര്‍മ്മന്‍ യുവാവായിരുന്നു ഗുന്തര്‍. ഒരൊഴിവുകാലം ചെലവഴിയ്ക്കാന്‍ വേണ്ടി ഗുന്തറൊരിയ്ക്കല്‍ ജര്‍മ്മനിയിലേയ്ക്കു വന്നു. വീസ്ബാദന്‍ എന്ന സ്ഥലത്തു വച്ചു യാദൃച്ഛികമായി ഗുന്തറും റെസിയും കണ്ടുമുട്ടി. പ്രഥമദൃശ്യത്തില്‍ത്തന്നെ ഗുന്തര്‍ അനുരാഗവിവശനായി. അമേരിക്കയിലുള്ള ആല്‍ഫ്രെഡിനെ താന്‍ പ്രണയിയ്ക്കുന്നെന്നും, സാമ്പത്തികനില മെച്ചപ്പെട്ടുകഴിഞ്ഞയുടന്‍ തങ്ങളിരുവരും വിവാഹം കഴിയ്ക്കുമെന്നും റെസി ഗുന്തറിനോടു തുറന്നു പറഞ്ഞു. റെസി മറ്റൊരാളിനെ പ്രണയിയ്ക്കുന്നെന്നറിഞ്ഞിട്ടും, ഗുന്തര്‍ അടുത്ത ദിവസം തന്നെ റെസിയോടു വിവാഹാഭ്യര്‍ത്ഥന നടത്തി.

റെസി ചിന്തിച്ചു. അമേരിക്കയിലേയ്ക്കു പോകാനും ആല്‍ഫ്രെഡുമായി ഒരുമിയ്ക്കാനുമുള്ള ശ്രമങ്ങളിതുവരെ വിജയിച്ചിട്ടില്ല, അവയുടന്‍ വിജയിയ്ക്കുന്ന ലക്ഷണങ്ങളുമില്ല. തന്റെ തുച്ഛവരുമാനം മതിയാകാത്തതുമൂലം അമ്മയുടെ ചികിത്സ തൃപ്തികരമായ വിധത്തില്‍ നടത്താനാവുന്നില്ല. അക്കാരണത്താല്‍ അമ്മയുടെ ആരോഗ്യനില ക്രമേണ ക്ഷയിച്ചുംകൊണ്ടിരിയ്ക്കുന്നു. ഇതു റെസിയെ അത്യധികം വേദനിപ്പിച്ചിരുന്നു. വിവാഹാഭ്യര്‍ത്ഥനയോടൊപ്പം ഗുന്തര്‍ മുന്നോട്ടു വച്ച ഒരു വാഗ്ദാനം, റെസിയുടെ അമ്മയെ സ്വന്തം അമ്മയായി കണക്കാക്കി, അമേരിക്കയില്‍ കൂടെത്താമസിപ്പിച്ചു പരിചരിച്ചോളാമെന്നായിരുന്നു.

അമ്മയുടെ ആയുസ്സു ദീര്‍ഘിപ്പിയ്ക്കാന്‍ മറ്റൊരു വഴിയും റെസിയ്ക്കു കാണാനായില്ല. റെസി ഗുന്തറിന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചു.

ഇക്കാര്യം ആല്‍ഫ്രെഡിനെ അറിയിയ്ക്കുന്ന കത്തെഴുതലായിരുന്നു, റെസിയ്ക്ക് ഏറ്റവും ദുഷ്‌കരമായിത്തോന്നിയത്. ആല്‍ഫ്രെഡിനോടുള്ള പ്രണയത്തിന് യാതൊരു കുറവും സംഭവിയ്ക്കാതിരിയ്‌ക്കെ, മറ്റൊരാളെ വിവാഹം കഴിയ്‌ക്കേണ്ടി വരുന്നത് അസഹ്യമായിരുന്നു. എന്നാല്‍, അമ്മയെ വേണ്ടുംവണ്ണം സംരക്ഷിയ്ക്കാനാകാതെ വരുന്നതു ചിന്തിയ്ക്കാന്‍ പോലുമാകാത്തതും.

രാഷ്ട്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അന്യരാജ്യങ്ങളില്‍പ്പോയി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് അവരുടെ ഭാര്യമാരില്‍ നിന്നോ കാമുകിമാരില്‍ നിന്നോ കത്തുകള്‍ കിട്ടാറുണ്ട്. അവയില്‍ച്ചിലത്, ‘ഞാനിവിടെ മറ്റൊരാളുമായി പ്രണയത്തിലായി’ അല്ലെങ്കില്‍ ‘ഞാന്‍ മറ്റൊരാളെ വിവാഹം ചെയ്തു’ എന്നറിയിയ്ക്കുന്നതാകാറുണ്ട്. ഇവ ‘പ്രിയ ജോണ്‍’ കത്തുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടു റെസി ആല്‍ഫ്രെഡിന് ‘പ്രിയ ജോണ്‍’ കത്തെഴുതി.

റെസിയുടെ കത്തു വായിച്ച് ആല്‍ഫ്രെഡ് സ്തംഭിച്ചിരുന്നു പോയി. റെസിയെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയിരുന്ന മനക്കോട്ടകള്‍ ഒരു നിമിഷം കൊണ്ടു തകര്‍ന്നു. നിരാശയുടെ പടുകുഴിയിലേയ്ക്കു പതിച്ചെങ്കിലും, ആല്‍ഫ്രെഡ് റെസിയെ കുറ്റപ്പെടുത്തിയില്ല. റെസി നേരിട്ടിരുന്ന പ്രതിസന്ധികളുടെ ആഴം ആല്‍ഫ്രെഡ് മനസ്സിലാക്കി.

വിവാഹാനന്തരം ഗുന്തര്‍ റെസിയേയും അമ്മയേയും കപ്പലില്‍ക്കയറ്റി അമേരിക്കയിലേയ്ക്കു കൊണ്ടു പോന്നു. പണ്ട് ആല്‍ഫ്രെഡ് അമേരിക്കയിലേയ്ക്കു പോന്നതും അതേ കപ്പലില്‍ത്തന്നെയായിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്പന നടത്തുന്നൊരു ദല്ലാളായി ഗുന്തര്‍ ശോഭിച്ചു. ഗുന്തറിനോടൊപ്പമുള്ള റെസിയുടെ ജീവിതം സുഖസമൃദ്ധമായിരുന്നു. അവര്‍ക്കു രണ്ടു കുഞ്ഞുങ്ങളുണ്ടായി. ഗുന്തറിന് വ്യാപാരസംബന്ധമായി അന്യരാജ്യങ്ങളില്‍ ഇടയ്ക്കിടെ സഞ്ചരിയ്‌ക്കേണ്ടി വന്നിരുന്നു. അപ്പോഴെല്ലാം ഗുന്തര്‍ റെസിയേയും കുഞ്ഞുങ്ങളേയും കൂടെക്കൂട്ടുകയും ചെയ്തിരുന്നു.

റെസിയെ ചുറ്റിപ്പറ്റിയുള്ള മനോഹര സങ്കല്പങ്ങള്‍ തകര്‍ന്നപ്പോള്‍ ആല്‍ഫ്രെഡ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അധികം താമസിയാതെ ആല്‍ഫ്രെഡൊരു ശാസ്ത്രഗവേഷകനും വിദഗ്‌ദ്ധോപദേശം നല്‍കുന്നയാളും പ്രൊഫസ്സറുമായിത്തീര്‍ന്നു. ആല്‍ഫ്രെഡിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ച ഒരമേരിക്കക്കാരനു ജര്‍മ്മനിയില്‍ വച്ചു ജനിച്ച മകളായ ഇംഗിനെ ആല്‍ഫ്രെഡ് പില്‍ക്കാലത്തു വിവാഹം കഴിച്ചു. അവര്‍ക്കു നാലു കുഞ്ഞുങ്ങളുമുണ്ടായി. ആല്‍ഫ്രെഡിന്റേയും ദാമ്പത്യജീവിതം സുഖസമൃദ്ധമായിരുന്നു.

അറുപതു വര്‍ഷം കടന്നുപോയി. ഇക്കാലമത്രയും റെസിയും ആല്‍ഫ്രെഡും അവരവരുടെ വ്യത്യസ്ത ദാമ്പത്യജീവിതങ്ങള്‍ പരിഭവമൊന്നും കൂടാതെ, വിശ്വസ്തതയോടെ നയിച്ചുകൊണ്ടിരുന്നു. ആല്‍ഫ്രെഡും റെസിയും തമ്മില്‍ കാണുകയോ അന്വേഷിയ്ക്കുക പോലുമോ ചെയ്തില്ല.

ഏതാനും വര്‍ഷം മുമ്പ് ഇംഗ് ഓള്‍റ്റ്‌ഷൈമേഴ്‌സ് രോഗം ബാധിച്ച് ആശുപത്രിയിലായി. ഇംഗിനെ പരിചരിച്ചുകൊണ്ട് ആല്‍ഫ്രെഡ് കൂടെത്താമസിച്ചു.

ഗുന്തറിന് ഒന്നിലേറെത്തവണ ഹൃദയസ്തംഭനമുണ്ടായി. ഒന്നിലേറെത്തവണ വീണു പരിക്കേല്‍ക്കുകയും ചെയ്തു. കിടക്കയില്‍ നിന്നു പൊന്താനാകാത്തവിധം രോഗബാധിതനായി, ഗുന്തര്‍. സദാ പരിചരിച്ചുകൊണ്ട് റെസി ഗുന്തറിന്റെ കൂടെയുണ്ടായിരുന്നു.

ഗുന്തറിന്റെ അവസ്ഥ റെസിയെ വ്യാകുലയാക്കി. വ്യാകുലതകള്‍ പങ്കുവയ്ക്കാനും അല്പം ആശ്വാസത്തിനും വേണ്ടി അവള്‍ തന്റെ ബാല്യകാലസഖികളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. ആരുടെ വിവരവും പൊന്തിവന്നില്ല.

ഒരു ദിവസം റെസി ആല്‍ഫ്രെഡിന്റെ പേരുപയോഗിച്ചു ഗൂഗിള്‍ സെര്‍ച്ചു നടത്തി. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ, ആല്‍ഫ്രെഡിന്റെ ചിത്രവും മേല്‍വിലാസവും ഫോണ്‍ നമ്പറും മുന്നിലുയരാന്‍!

വിവാഹത്തിനു മുമ്പു തന്റെ കാമുകനായിരുന്ന ആല്‍ഫ്രെഡിന്റെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കിട്ടിയ കാര്യം റെസി ഗുന്തറിനെ അറിയിച്ചു. ആല്‍ഫ്രെഡുമായി ബന്ധപ്പെടാനുള്ള അനുമതി നല്‍കാന്‍ ഗുന്തറിന് യാതൊരു വൈമനസ്യവുമുണ്ടായില്ല.

വിറയ്ക്കുന്ന കരങ്ങളോടെ, തുടിയ്ക്കുന്ന ഹൃദയത്തോടെ റെസി ആല്‍ഫ്രെഡിന്റെ നമ്പറിലേയ്‌ക്കൊരു സന്ദേശമയച്ചു: ‘റെസിയെ ഓര്‍മ്മയുണ്ടോ?’

ഉടന്‍ വന്നു, ആല്‍ഫ്രെഡിന്റെ മറുപടി: ‘റെസിയെ ജീവനുള്ള കാലം മറക്കുകയില്ല!’ തൊട്ടുപുറകെ ആല്‍ഫ്രെഡിന്റെ കോളും വന്നു.

പരസ്പരം ഓര്‍മ്മിയ്ക്കുന്നെന്നറിഞ്ഞ് ഇരുവരും ഗദ്ഗദകണ്ഠരായി. അല്പസമയത്തേയ്ക്ക് ഇരുവര്‍ക്കും സംസാരിയ്ക്കാനായില്ല.

തുടര്‍ന്നവര്‍ ഫോണിലൂടെ ഇടയ്ക്കിടെ ബന്ധപ്പെട്ടു. വിവരങ്ങള്‍ കൈമാറി. ഇരുവരുടേയും മനസ്സില്‍ ഒരു കാലത്തുണ്ടായിരുന്ന പ്രണയാഗ്‌നി അണഞ്ഞിട്ടില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ഓള്‍റ്റ്‌ഷൈമേഴ്‌സ് രോഗബാധിതയായിരുന്ന ഇംഗിന് അധികക്കാലം ജീവിതം തുടരാനൊത്തില്ല. രോഗം മൂര്‍ച്ഛിച്ച് ഇംഗ് ചരമമടഞ്ഞു. പല തവണ ഹൃദയസ്തംഭനത്തെ നേരിട്ടു കഴിഞ്ഞിരുന്ന ഗുന്തറിന് മറ്റൊരു ഹൃദയസ്തംഭനത്തെ അതിജീവിയ്ക്കാനായില്ല; ഗുന്തറും ഇഹലോകവാസം വെടിഞ്ഞു. റെസി സന്തോഷത്തോടെ തുടര്‍ന്നും ജീവിയ്ക്കണമെന്നാഗ്രഹിച്ചിരുന്ന ഗുന്തര്‍ തന്റെ മരണശേഷം ആല്‍ഫ്രെഡുമായി ബന്ധപ്പെടാനുള്ള അനുവാദം റെസിയ്ക്കു നല്‍കിയിരുന്നു.

അല്പകാലം കഴിഞ്ഞപ്പോള്‍ ആല്‍ഫ്രെഡും റെസിയും തങ്ങളുടെ പ്രണയത്തെപ്പറ്റി അവരവരുടെ കുഞ്ഞുങ്ങളെ (കുഞ്ഞുങ്ങളെല്ലാം മുതിര്‍ന്നു കഴിഞ്ഞിരുന്നു, അവര്‍ക്കവരുടേതായ കുടുംബങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു) അറിയിച്ചു; തങ്ങളൊരുമിച്ചു ജീവിയ്ക്കാനാഗ്രഹിയ്ക്കുന്ന കാര്യവും വെളിപ്പെടുത്തി.

കേട്ടയുടന്‍ കുഞ്ഞുങ്ങള്‍ നീരസം പ്രകടിപ്പിച്ചെങ്കിലും, അധികം കഴിയും മുമ്പ് ഇരുവരുടേയും ദീര്‍ഘകാലപ്രണയകഥ കുഞ്ഞുങ്ങളേയും അനുകൂലികളും അനുഭാവികളുമാക്കി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പള്ളിയില്‍ വച്ചു നടന്ന ചടങ്ങില്‍, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍, വൈദികന്‍ ഇരുവരേയും പരസ്പരപ്രതിജ്ഞാബദ്ധരാക്കി.

അങ്ങനെ, 1951ല്‍ തുടങ്ങിയ പ്രണയം അറുപത്തഞ്ചു വര്‍ഷത്തിനു ശേഷം സഫലമായി. റെസിയുടെ വയസ്സ് 86, ആല്‍ഫ്രെഡിന്റേത് 89.

വാര്‍ദ്ധക്യത്തില്‍ കാലൂന്നിക്കഴിഞ്ഞിരിയ്ക്കുന്നതുകൊണ്ട് സുബോധത്തോടെയുള്ള ജീവിതം അധികക്കാലമുണ്ടാവില്ലെന്ന് ഇരുവര്‍ക്കുമറിയാം. അതുകൊണ്ടവര്‍ പ്രണയിച്ചു ജീവിയ്ക്കുന്നു. ഈ ജീവിതത്തില്‍ പരസ്പരം കണ്ടു മതിവരികയില്ലെന്നു ബോദ്ധ്യമുള്ളതുകൊണ്ട് അവര്‍ സദാ കണ്ണില്‍ കണ്ണും നട്ടു കഴിയുന്നു. ഇടയ്ക്കിടെ ആനന്ദാതിരേകത്താല്‍ അവര്‍ തമ്മില്‍ത്തമ്മില്‍ ചോദിയ്ക്കുന്നു, ‘ഇതു യാഥാര്‍ത്ഥ്യം തന്നെയോ, അതോ സ്വപ്നമോ!’

അറുപത്തിമൂന്നു വര്‍ഷത്തോളം അവരുടെയുള്ളില്‍ ചാരം മൂടിക്കിടന്ന പ്രണയക്കനലുകള്‍ ഇനിയുള്ള കാലം ആളിക്കത്തട്ടെ.

രചന: സുനില്‍ എം എസ്, മൂത്തകുന്നം
[email protected]