പത്രവായന – പ്രദീപ്‌ നന്ദനം

187

Untitled-1

വിശദമായ പത്രവായന രാത്രിയാണ്.
രാവിലെ തലക്കെട്ടുകള്‍ വായിക്കാനേ നേരമുള്ളൂ.

രാത്രി കട്ടിലില്‍ ചാരിയിരുന്നു വായന തുടങ്ങുമ്പോള്‍ വാമഭാഗം കട്ടിലിന്റെ വലതുവശത്തു തന്നെയിരുന്ന് നാട്ടുവര്‍ത്തമാനം തുടങ്ങും.
എടീ വാമം എന്ന് പറഞ്ഞാല്‍ ഇടതുവശം എന്നൊരിക്കല്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവളില്‍ ഉറങ്ങിക്കിടന്ന ഏതോ ഒരു ഫെമിനിസ്റ്റ് ചാടിയെഴുന്നേല്‍ക്കുകയും തദ്വാര അവളുടെ ഇരിപ്പിടം വലതുഭാഗത്തേയ്ക്ക് സ്ഥിരാംഗത്വം നേടുകയും ചെയ്തു.
കട്ടിലിന്റെ ഭൂമിശാസ്ത്രപ്രകാരം, അടുക്കളയില്‍ മീങ്കറി കരിയുമ്പോള്‍ നിലത്തേയ്ക്ക് ചാടിയിറങ്ങി അടുക്കളയിലേയ്ക്ക് ഓടാന്‍ വലതുവശമാണ് നല്ലത് എന്ന ഒരു ന്യായവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

ചെവി രണ്ടും അവളുടെ നാട്ടുവീട്ടുവര്‍ത്തമാനങ്ങള്‍ക്കു കൊടുത്താലും മനസ്സ് പത്രത്താളിലായതുകൊണ്ട് അവള്‍ പറയുന്നതില്‍ ഭൂരിഭാഗവും ഒരു ചെവിയിലൂടെ കയറി മറുചെവി വഴി പുറത്തേയ്ക്ക് പോകും.
ഒരേ സമയം മൂന്നുനാലു കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനൊന്നുമല്ലല്ലൊ..!

നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മലയാളപാഠാവലിയില്‍ ഒരു പാഠം ഉണ്ടായിരുന്നു. അതുപോലെ ‘നീ കേക്കുന്നുണ്ടോ?’ എന്ന അവളുടെ ചോദ്യത്തിന് ഒരു കുറ്റബോധവുമില്ലാതെ ‘ങും’ എന്നു മൂളാനും തല ഇരുവശങ്ങളിലേയ്ക്കും താഴോട്ടും മേലോട്ടും ആട്ടാനും കഴിയും.

എങ്കിലും കാഞ്ഞ ബുദ്ധിയായ അവള്‍ ഇടക്ക് സ്‌കഡ് മിസൈല്‍ വിടും.
‘ന്നാപ്പറ , ഞാനിപ്പോ എന്താ പറഞ്ഞത്?’
പലപ്പോഴും അവള്‍ നിശബ്ദയായിരിക്കുമ്പൊഴും നിത്യാഭ്യാസിയായ നമ്മുടെ തല ഒരാവശ്യവുമില്ലാതെ ആനയെ എടുക്കുമ്പോഴാണ് ഈ അത്യാഹിതം സംഭവിക്കുന്നത്.

പേപ്പറില്‍ നിന്നും മുഖമുയര്‍ത്താതെ തന്നെ പറയും,.
‘അദന്നെ..’
നമ്മളാരാ മോന്‍..!!

പക്ഷെ അവള് ജോര്‍ജ് ബുഷല്ലെ, വിടുമോ?
‘ഞാന്‍ ഇപ്പൊ പറഞ്ഞത് എന്താന്നു പറ..’

ക്രൂയിസ് മിസൈല്‍ വന്നാല്‍ പിന്നെ ബങ്കറില്‍ ചാടുകയല്ലെ രക്ഷയുള്ളൂ..
പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി ഒരു വളിച്ച ചിരി പാസ്സാക്കി പറയും.
‘നീ ഒന്നൂടെ പറ’

അപ്പോള്‍ അവള്‍ മോന്ത വീര്‍പ്പിക്കും .
‘ഇതാ നിനക്ക് എന്നോടു സ്‌നേഹമില്ലാന്നു പറയുന്നത്. ഞാന്‍ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ലോകകാര്യമെല്ലാം നോക്കും. ഭാര്യേടേം പിള്ളാരുടേം കാര്യമൊന്നും അറിയണ്ടാ, ല്ലേ ? ..’

ശരി, സമാധാനഉടമ്പടി.
നമ്മള്‍ പത്രവായന നിര്‍ത്തി പത്രം കിടക്കയിലിട്ടു.

‘ഞാന്‍ വായന നിര്‍ത്തി, നീ പറ, ഞാന്‍ കേള്‍ക്കാം ‘
അനക്കമില്ല.

‘അപ്ലെയ്ക്കും പിണങ്ങിയോ പോലീസുകാരാ..?’
മോഹന്‍ലാല്‍ തന്നെ ശരണം.

സദ്ദാമിനെ തട്ടിക്കഴിഞ്ഞില്ലേ, ജോര്ജു ബുഷിനു മിണ്ടാട്ടമില്ല.

‘നീയെന്താ പറഞ്ഞത്. ഒന്നൂടെ പറയ്യ് ..’

ദാ വരുന്നു മറുപടി..
‘ആ, ഞാനത് മറന്നു പോയി..’

സദ്ദാമിനെ തട്ടിക്കഴിഞ്ഞിട്ടും രാസായുധം കണ്ടെത്താനായോ ?
ഇല്ല…
എന്ന് വച്ച് ജോര്‍ജു ബുഷിന് വല്ലതും പറ്റിയോ.!!
അതുമില്ല.

പക്ഷേ, ഈയിടെയാണ് മനസ്സിലായത്.
ലവള്‍ വലതുവശത്തിരുന്നു നാട്ടുവീട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞോണ്ടിരുന്നില്ലെങ്കില്‍ പത്രവായനയ്ക്കു ഒരു സുഖോമില്ലെന്നെ ..!!