ഉല്‍പ്പന്നങ്ങള്‍ എതുമായിക്കൊള്ളട്ടെ, അതിന്റെ വില്‍പ്പനയില്‍ പരസ്യങ്ങള്‍ നല്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍, പരസ്യത്തില്‍ പറയുന്നത് എല്ലാം അപ്പാടെ വിശ്വസിക്കരുത് എന്ന പാഠം നമ്മള് പതിയെ പഠിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ അറിയാഞ്ഞിട്ടല്ല, എന്നിട്ടും പിന്നെയും പരസ്യങ്ങള്‍ കണ്ടു കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് നാം എന്നത് ഒരു നഗ്നസത്യമാണ്. അതുകൊണ്ടാണ് നമ്മള് പാഠം പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞത്.
പറഞ്ഞു വന്നത്, പല പരസ്യങ്ങളും കാണുമ്പോള്‍, ഈ പറ്റിക്കലുകള്ക്കെതിരെ ഒന്ന് പ്രതികരിക്കാന്‍ ആയിരുന്നെങ്കില്‍ എന്ന് നമ്മള് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍, അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ആലോചിക്കുമ്പോള്‍ ആ ചിന്ത വേണ്ടെന്ന് വയ്ക്കുകയാണ് പതിവും. ആ അവസ്ഥയ്ക്ക് ഒരു മാറ്റം വരാന്‍ പോവുകയാണ് ഇനി.
ഇന്ത്യയിലെ പരസ്യങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന സ്വയംബഹരണ അവകാശമുള്ള ഒരു കമ്മറ്റിയാണ് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യ(ASCI). ഇവര്‍ പുറത്തിറക്കിയ ASCIonline എന്ന മൊബൈല്‍ ആപ്പ് വഴി ഇനി ഇന്ത്യയിലെ പൗരന്മാര്ക്ക് പരസ്യങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി ഉള്ള പരാതികള്‍ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും. കമ്പ്ലയിന്റ് രജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം ചിത്രങ്ങളോ വീഡിയോകളോ യൂട്യൂബ് ലിങ്കുകളോ ചേര്‍ക്കുവാനും സാധിക്കും.
നമ്മുടെ ഒരു പ്രധാനപ്രശ്നം ഇല്ലാത്ത സൗകര്യങ്ങളെക്കുറിച്ച് പരാതിപറഞ്ഞ് സമയം കളയുന്നതിനിടയില്‍ ലഭ്യമായ സൗകര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ മറന്ന്പോകുന്നു എന്നതാണ്. അതുകൊണ്ട് ഈ സൌകര്യവും അങ്ങനെ ഉപേക്ഷിക്കപ്പെട്ടുപോകാതെ ക്രിയാത്മകമായി ഉപയോഗിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.