പരസ്യചുംബനസമരം – യുവതലമുറക്ക് പറയാനുള്ളത്…

    923087_657157364339901_1595833898_n

    പരസ്യമായി ചുംബന സമരം നടത്തി തങ്ങളുടെ പ്രതിക്ഷേധം സമൂഹത്തിനുമുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ യുവത്വം ഒരുങ്ങുന്നു. രണ്ട് പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള കേട്ടിപ്പിടുത്താമോ, ചുംബനമോ ഒരിക്കലും അതൊരു അനാശാസ്യമല്ല. ദാമ്പത്യബന്ധമല്ലാത്ത മറ്റെല്ലാ ബന്ധങ്ങളും മുന്‍വിധിയോടെ നോക്കിക്കാണുന്ന ഒരു പ്രാകൃതരീതി നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നു.

    ബാത്ത്റൂം ക്യാമറ വെച്ച് ഇത്തരം തരംതാണ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തുന്ന ചില ചാനലുകാരുടെ മാധ്യമപ്രവര്‍ത്തനം, ഇതൊരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ബ്ലര്‍ ചെയ്ത ഏതാനും വീഡിയോ ക്ലിപ്പിങ്ങുകള്‍ നാട്ടുകാരെ മുഴുവന്‍ കാണിച്ച് ഇതാണ് അനാശാശ്യം എന്ന് പറയുന്ന ചില മാധ്യമ വീരന്മാരും, “ഡൌണ്‍ ടൌണ്‍ കഫെയില്‍ വരുന്ന യുവതി യുവാക്കള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ വരെ നല്‍കി നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു” എന്ന് പറയുന്ന യുവമൂര്‍ച്ച നായകനും. എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്..? ലൈഗിക അതിക്രമം നടക്കുന്നു എന്ന് പറയുന്ന ഈ ഹോട്ടലില്‍ നിന്ന് യുവമൂര്‍ച്ചക്ക് കിട്ടിയ വീഡിയോകളും തെളിവുകളും, അവര്‍ ആര്‍ക്കും കൊടുക്കുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ ആ ഹോട്ടലില്‍ പെണ്‍വാണിഭം വരെ നടക്കുന്നു എന്നുവരെ പറയുന്നു.

    നവമാധ്യമങ്ങളായ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ ശേഷം മലയാളിയുടെ സദാചാരത്തിന് ഒരല്‍പം വീര്യം കൂടിയതായി കാണാം. തനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവനവന് തോന്നുന്ന ഒരുതരം ചൊറിയല്‍, ഇത്രമാത്രമേ സദാചാരം എന്ന വാക്കിന് വിലകല്‍പ്പിക്കാനാകൂ. കാരണം മറ്റുള്ളവന്റെ സ്വകാര്യതകളിലുള്ള കടന്നുകയറ്റമാണ് പലപ്പോഴും ഈ സദാചാരങ്ങള്‍ കൊണ്ട് മലയാളി ഉദ്ദേശിക്കുന്നുള്ളൂ.. നസ്രിയയും, അന്‍സിബയും തട്ടമിടാത്തത്തില്‍ തുടങ്ങി, കുറ്റ്യാടിയിലും, തോട്ടില്‍പാലത്തും, കോഴിക്കോടും, പത്തനം തിട്ടയിലും  കണ്ണൂരും നടന്നിട്ടുള്ള ആക്രമണങ്ങള്‍, ഒരിക്കലും സാമൂഹ്യ നീതിയോ, പോതുജനനന്മയോ ഉദ്ദേശിച്ചുള്ളതായിരുന്നില്ല, പകരം സമൂഹവും, അതില്‍ ജീവിക്കുന്ന മനുഷ്യരും താന്‍ ജീവിക്കുന്നപോലെ സദാചാരമൂല്യങ്ങള്‍ ഉള്ളംകയ്യില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട്‌ ജീവിക്കണം എന്ന് പറയുന്ന സാഡിസ്റ്റ് രീതിയാണ് എന്നും കൈക്കൊണ്ടിട്ടുള്ളത്.