പര്‍ദ്ദക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത്.

393

02മുസ്ലിംകള്‍ കൂടുതലായി ധരിക്കുന്ന പര്‍ദ്ദ വേഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊണ്ട് മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം.ഇ.എസ്) സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ രംഗത്ത്. യേശുദാസിന്റെ ജീന്‍സ് വിരുദ്ധ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് സംസാരിക്കവേയാണ് എം.ഇ.എസ് സ്ഥാപക പ്രസിഡന്റ് ഡോ.അബ്ദുല്‍ ഗഫൂറിന്റെ മകന്‍ കൂടിയായ ഫസല്‍ ഗഫൂര്‍ പര്‍ദ്ദക്കെതിരെ രംഗത്ത് വന്നത്.

സ്ത്രീകള്‍ക്ക് ജീന്‍സും പര്‍ദ്ദയും വേണ്ട എന്നതാണ് എം.ഇ.എസിന്റെ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു.എം.ഇ.എസ്. കൊണ്ടോട്ടി താലൂക്ക് കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീന്‍സും പര്‍ദ്ദയും വ്യക്തിത്വം നഷ്ടപ്പെടുത്തുമെന്നും ഈജിപ്ത്, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലിം വനിതകള്‍ മുഖം മറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമദൂരമല്ല സമ അടുപ്പ സിദ്ധാന്തമാണ് എം.ഇ.എസിന്റേത്. നല്ല കലകളെ പ്രോത്സാഹിപ്പിക്കുന്നതും ആഭാസകലകളെ വെറുക്കുന്നതുമാണ് എം.ഇ.എസിന്റെ നയമെന്നും ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എന്‍.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദുണ്ണിഹാജി എം.എല്‍.എ, എം.ഇ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് എ.മുഹമ്മദ്, ഷാജിദ് വളാഞ്ചേരി, ഡോ.എം.പി.കുഞ്ഞുമുഹമ്മദ്, അഷ്‌റഫ് സ്രാങ്ക് എന്നിവര്‍ പ്രസംഗിച്ചു.

മോയിന്‍കുട്ടി വൈദ്യര്‍: വിദ്യാഭ്യാസവും സമൂഹികതയും ശില്പശാല ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ഗായകന്‍ വി.എം.കുട്ടി, ആസാദ് വണ്ടൂര്‍, ഡോ.ഉമ്മര്‍ തറമ്മല്‍, റസാഖ് പയമ്പ്രോട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഡോ.ഹുസൈന്‍ രണ്ടത്താണി മോഡറേറ്ററായി.