പശുപാലന്റെ സ്നേഹത്തില്‍ പുള്ളി പശുവിന്റെ കണ്ണും കരളും നിറഞ്ഞു. അസുഖം വന്നു കിടന്നുപോയ ദിവസങ്ങള്‍ പാവം അരികില്‍ തന്നെ ഇരുന്നു. ഊണും ഉറക്കവും മറന്ന രാത്രിയും പകലുകളില്‍ മരുന്നും മന്ത്രവും വഴിപാടും. ക്ഷേത്രത്തില്‍ ശയന പ്രദക്ഷിണം നടത്തി തൊലി മുഴുക്കെ ഉരഞ്ഞു പോയി. കൊഴുപ്പുള്ള പാല് കൊടുത്തു പശുപാലന്റെ ക്ഷീണം മാറ്റണം – പുള്ളി പശു മനസ്സില്‍ പറഞ്ഞു.
പുള്ളി പശുവിന്റെ ദീനം മാറിയ രാത്രിയില്‍ പശുപാലന് നന്നായുറങ്ങി, പുലര്‍ക്കാലത്ത് ഉണര്‍ന്ന് കറക്കാന്‍ ഇറങ്ങി. അകിട് കഴുകി തുടച്ച് എണ്ണയിട്ട് തഴുകി, തിരുമ്മി പിഴിഞ്ഞു കറന്നിട്ടും പാല് മാത്രം വന്നില്ല. പശുപാലന് നിരാശാപാലനായി പത്മനാഭന് വൈദ്യരുടെ മരുന്ന് കടയിലേക്ക് നടന്നു.
പത്മനാഭന് വൈദ്യന് പശുവിന്റെ അകിട് പരിശോധിച്ചു. കണ്ണും നാക്കും ചാണകവും നോക്കി. ദീനം പശുവിന്റെ കറവയും കൊണ്ട് പോയി. പുള്ളി പശു ഇനി ചുരത്തില്ല. അറവുകാരന് അന്ദ്രുമാനോട് പശുപാലന് വിലപേശി: തിന്നു കൊഴുത്ത ഉരുവാണ്, ഇറച്ചിയുടെ വില അധികം വേണം. പണം എണ്ണി വാങ്ങി കയര്‍ കൊടുക്കുമ്പോള്‍ പശുപാലന് സ്നേഹപാലനായി പറഞ്ഞു: ഏറെ സ്നേഹമുള്ള പയ്യാണ്, നന്നായി നോക്കണം