Share The Article

sdtgdf

ഇന്നലെ (ജൂലൈ 6, തിങ്കളാഴ്ച) സാക്ഷര കേരളം വേദിയായത്, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്. പാഠപുസ്തത്തില്‍ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിനോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ നാടകങ്ങളും, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ പാഠപുസ്തക വിതരണവും, ‘ആക്രമണങ്ങള്‍’ നിറഞ്ഞ നിയമസഭാ മാര്‍ച്ചും. പാഠപുസ്തക വിതരണം എങ്ങുമെത്താതത് പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതില്‍ വിജയിക്കുന്നുവെന്ന സൂചന നല്‍കി കൊണ്ടാണ് ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ സ്വീകരിക്കേണ്ടി വന്നത്. പ്രസ്തുത വിഷയത്തിലെ എസ്.എഫ്.ഐയുടെ ശക്തമായ നിലപാടുകളില്‍ വിരളിപൂണ്ട സര്‍ക്കാര്‍ കാക്കി പടയെ വച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നതും ശ്രദ്ധിക്കണം. എ.ബി.വി.പി, എം.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ചിത്രത്തിലേ ഇല്ല.

ഓണമിങ്ങെത്തി.. കളിക്കളങ്ങള്‍ ഇത്തവണ നേരത്തെ ആവേശത്തിമിര്‍പ്പിലാണ്. സ്ഥിരം ഓണപരീക്ഷകള്‍ ഇത്തവണ ഓണം കഴിഞ്ഞിട്ടേ കാണുവെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയ ആഘോഷങ്ങളുടെ ആവേശം ഇനി ഓണാവധികള്‍ കഴിഞ്ഞെ കളികളങ്ങളില്‍ കെട്ടടങ്ങു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, പാഠപുസ്തകം ഇനിയും കിട്ടാത്തതിന്റെ പരിഭവം ഇവര്‍ മറച്ചുവയ്ക്കുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശയിലാണ്. വൈകി കിട്ടുന്ന പാഠപുസ്തകം, സിലബസിനെ ആകെ തകിടം മറിക്കുമെന്ന് അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഭാരം കൂടുമെന്നത് രക്ഷിതാക്കളേയും അലട്ടുന്നു.

ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും, പാഠപുസ്തക വിതരണം എന്ന് പൂര്‍ത്തീകരിക്കാനാവുമെന്ന ചോദ്യത്തിനു മുന്നില്‍ സര്‍ക്കാരും കോണ്‍ഗ്രസും കൈ മലര്‍ത്തുകയാണ്. പച്ചവത്കരണത്തില്‍ ലീഗിനുള്ള താല്‍പര്യം പോലും, പാഠപുസ്തകത്തില്‍ ഇല്ലെന്നത് മാത്രമല്ല, സ്വകാര്യ പ്രസ്സ് ലോബികളെ സഹായിക്കാന്‍ കൂടി വേണ്ടി മനപൂര്‍വ്വം പ്രിന്റിംഗ് വൈകിക്കുക ആയിരുന്നെന്ന ആരോപണത്തിനു മറുപടി നല്‍കാനും സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നീക്കം വിവാദമായതോടെ അച്ചടി കെ.ബി.പി.എസിനെ (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ ഏല്‍പ്പിക്കുകയായിരുന്നു. പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുന്നത് ഗൗരവതരമാണെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായിരുന്നു. അച്ചടി വൈകിയതിനെക്കുറിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലിട്ട് കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റേയോ, നിലപാട് ഭരണപക്ഷ വിദ്യാര്‍ത്ഥി പാര്‍ട്ടിക്ക് പോലും സ്വീകാര്യമല്ലെന്നത് (പൊതുജന സമക്ഷമെങ്കിലും) കൂടി ചേര്‍ത്ത് വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു. അതു കൊണ്ട് തന്നെയാണു ജൂലൈ ആറാം തീയതി, പഠിപ്പ് മുടക്ക് പ്രഖ്യാപനം പോരു രാഷ്ട്രീയ പ്രഹസന നാടകം നടത്താന്‍ കെ.എസ്.യു നിര്‍ബന്ധിരായത്. പിന്നീട് എ.സി റൂമിലിരുന്ന് ചര്‍ച്ച ചെയ്തെന്ന്‍ പറഞ്ഞ കെ.എസ്.യുവിന്റെ  രാഷ്ട്രീയം അപ്രസക്തവും, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നെന്ന വാദം  പൊള്ളയായി പ്രഹസനവും മാത്രമായി മാറുന്നു.

ലോക്കല്‍ യൂണിറ്റുകള്‍ നടത്തി വന്നിരുന്ന നടത്തി വന്നിരുന്ന പാഠപുസ്തക വിതരണം വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ആശ്വസം നല്‍കുന്നെന്ന് തിരിച്ചറിഞ്ഞ എസ.എഫ്.ഐ നേതൃത്വം, സംസ്ഥാന വ്യാപകമായി ജുലൈ  ആറു മുതല്‍ നടത്താന്‍ തീരുമാനിച്ചതോടെ, വിദ്യാര്‍ത്ഥി പക്ഷമാണെന്ന് കാണിക്കാനുള്ള വ്യഗ്രതയില്‍ പഠിപ്പ് മുടക്കിന് അഹ്വാനം ചെയ്ത കെ.എസ്.യു നേതൃത്വം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. അതേ തുടര്‍ന്ന്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെ പഠിപ്പ് മുടക്ക് ഉപേക്ഷിക്കുക ആയിരുന്നു. വിദ്യാഭ്യാസം വകുപ്പിന്റെ വെബ് സൈറ്റുകളില്‍ ലഭ്യമായ പാഠപുസ്തകം സ്വന്തം ചിലവില്‍, സ്വകാര്യ പ്രസ്സുകളില്‍ നിന്നും മറ്റും പ്രിന്റ് ചെയ്ത് സൗജന്യമായി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുകയാണ് എസ്.എഫ്.ഐയുടെ ലക്ഷ്യമെന്ന് സംഘടന നേതാക്കള്‍ പറയുന്നു.

എ.സി.റൂമിന്റെ കുളിരില്‍ മുഖ്യമന്ത്രി പറഞ്ഞ പഠിപ്പിച്ച വാക്കുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയെന്ന്‍ ആത്മ നിര്‍വൃതിയടയുന്ന ഭരണപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും, സര്‍ക്കാരിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സ്വന്തം ചിലവില്‍ പുസ്തകം വിതരണം ചെയ്യുകയും, തെരുവില്‍ ആക്രമിക്കപ്പെടുകയും ചെയ്ത പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും, ഒന്ന്‍ പ്രതിഷേധം രേഖപെടുത്തുക പോലും ചെയ്യാത്ത വര്‍ഗീയ രാഷ്ട്രീയം പറയാന്‍ മാത്രം ചാനല്‍ മൈക്കുകള്‍ക്ക് മുന്നിലെത്തുന്ന പ്രസ്ഥാനങ്ങളും : ഇതാണ് ഇന്നത്തെ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം 

രാഷ്ട്രീയ നിലപാടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് പ്രസക്തിയില്ല എന്ന തിരിച്ചറിവിനു പോലും കെ.എസ്.യുവിനെ മാറ്റി ചിന്തിപ്പിച്ചില്ല എന്നത് നിര്‍ഭാഗ്യം. അല്ലായിരുന്നെങ്കില്‍ സംസ്കാര സമ്പന്നരായ കേരള ജനതയ്ക്ക് മുന്നില്‍ രാഷ്ട്രീയ വൈരം മറന്ന് ഒരോ കുരുന്ന് കൈകളിലും പുസ്തകമെത്തിക്കാനുള്ള എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി ഒരു സ്കൂളിലെങ്കിലും പുസ്തകം വിതരണം ചെയ്തേനെ..