പാത്തുവും ഞാനും ബിരിയാണിയും
‘ഇങ്ങളെവിടെയിരുന്നു? പള്ളി കഴിഞാ നേര ബീട്ടിലേക്ക് പോരാണ്ട് ആ വറീത് മാപ്ലെടെ കടേല് കേരീന്നു ചെക്കന് പറഞ്ഞു. അവിടെന്താ ങ്ങക്ക് ചുറ്റികളി? എത്ര നേരമായി ഞാന്‍ കാത്തിരിക്കന്ന്!”’, വീട്ടില്‍ കേറിയപാടെ പാത്തു തുടങ്ങി. അതൊരു വെള്ളിയാഴ്ച ശീലമാണ്. ഉച്ചക്ക് പള്ളി കഴിഞ്ഞു വീടിലേക്ക് വരാന്‍ താമസിച്ചാല്‍ അവള്‍ക്കു പിണക്കം വരും. ഓള് ഇത് പറയണതു കേള്‍ക്കാന്‍ തന്നേ ഞാന്‍ വറീതിന്റെ കടയില്‍ കുതിരിക്കണത്! കൈ കഴുകി കസേര വലിച്ചിട്ടിരുന്നു. ബിരിയാണിയുടെ മണം വരുന്നുണ്ട്. ഇതും ഒരു ശീലമാണ്, വെള്ളിയാഴ്ച മാത്രമല്ലെ. പക്ഷെ വെള്ളിയാഴ്ച്ച ബിരിയാണി പാത്തുവിന്റെ അവകാശമാണ്.
102 total views

‘ഇങ്ങളെവിടെയിരുന്നു? പള്ളി കഴിഞാ നേര ബീട്ടിലേക്ക് പോരാണ്ട് ആ വറീത് മാപ്ലെടെ കടേല് കേരീന്നു ചെക്കന് പറഞ്ഞു. അവിടെന്താ ങ്ങക്ക് ചുറ്റികളി? എത്ര നേരമായി ഞാന്‍ കാത്തിരിക്കന്ന്!”’, വീട്ടില്‍ കേറിയപാടെ പാത്തു തുടങ്ങി. അതൊരു വെള്ളിയാഴ്ച ശീലമാണ്. ഉച്ചക്ക് പള്ളി കഴിഞ്ഞു വീടിലേക്ക് വരാന്‍ താമസിച്ചാല്‍ അവള്‍ക്കു പിണക്കം വരും. ഓള് ഇത് പറയണതു കേള്‍ക്കാന്‍ തന്നേ ഞാന്‍ വറീതിന്റെ കടയില്‍ കുതിരിക്കണത്! കൈ കഴുകി കസേര വലിച്ചിട്ടിരുന്നു. ബിരിയാണിയുടെ മണം വരുന്നുണ്ട്. ഇതും ഒരു ശീലമാണ്, വെള്ളിയാഴ്ച മാത്രമല്ലെ. പക്ഷെ വെള്ളിയാഴ്ച്ച ബിരിയാണി പാത്തുവിന്റെ അവകാശമാണ്.
പാത്തു മലബാറ്കാരിയാണ്. അന്നും ഇന്നും. കൊച്ചിക്ക് വന്നിട്ട് ഇപ്പോള്‍ കൊല്ലം നാല്‍പ്പതായി. നികാഹു കഴിഞ്ഞു എന്റെ കൂടെ വരുന്മ്പോള് എന്നെക്കാള്‍ കൂടുതല്‍ താല്പര്യം അവള്‍ക്കായിരുന്നു. വീട്ടില്‍ നിന്നു പോരുമ്പോള്‍ കരഞ്ഞില്ല പഹയത്തി! ഞാന്‍ കരഞ്ഞു എന്ന് അവള് എന്റെ ഉമ്മാടെ അടുത്ത് വന്നു പറയുകയും ചെയ്തു. ഇപ്പോളും നഫീസമാമി എന്നെ കളിയാക്കും ‘ പൊണ്ടാട്ടി വീട്ടുക്ക് എപ്പളാക്കും പോറതു? പോനാല്‍ തിരുമ്പി നീ വറുമൊ സലാമേ?’ ഇത് കേട്ട് ചിരിക്കാന്‍ പാത്തുവും മക്കളും. റാവുത്തരാണ് ഞങ്ങള്‍. പാത്തുവിന്റെ വീട്ടുകാര്‍ രവുത്തരല്ല, അത് കൊണ്ട് തമിഴുമില്ല. പക്ഷെ അവള് സ്നേഹം കൂടുമ്പോള്‍ തമിഴ് പേശാരുണ്ട്. അത് ഞങ്ങളുടെ ഒരു രഹസ്യമാണ്.
പറഞ്ഞു വന്നത് പാത്തുവിന്റെ അവകാശത്തെക്കുറിച്ചാന്ന്!.. ഞാന്‍ പഠിത്തം കഴിഞ്ഞു വാപ്പയുടെ കൂടെ കച്ചോടത്തില് കൂടിയ സമയമായിരുന്നു. ചരക്കെടുക്കാന്‍ മാമയാണ് വാപ്പയുടെ കൂടെ മംഗലാപുരത്തിന് പോകാറു. ആ പ്രാവശ്യം ഞാനും കൂടി. തിരിച്ചു വരുന്ന വഴി കോഴിക്കോട് ഒരു രാത്രി കൂടി. വാപ്പയുടെ ചങ്ങാതി ബാപ്പുട്ടി ഹാജിയുടെ വീട്ടില്‍ ആണ് താമസം. മുന്‍പെപ്പോഴോ കച്ചവടത്തിനു പോയപ്പോള്‍ കിട്ടിയ കൂട്ടാണ്. രാത്രി ഭക്ഷണം ഹാജ്യാരുടെ വീട്ടില്‍ തന്നെ. വീടിന്റെ ഉള്ളിലെ വരാന്തയില്‍ എല്ലാവരും കൈ കഴുകി ഇരിക്കുമ്പോള്‍ ദാ വരുന്നു ഒരു വലിയ താലം നിറയെ ബിരിയാണി! അത് നടുക്ക് വച്ചു. ഞാന്‍ എനിക്കുള്ള പാത്രം തിരഞ്ഞു. മാമ പതുക്കെ പറഞ്ഞു, ‘സലാമേ, എല്ലാവര്ക്കും ഇതാണ് പാത്രം. ഇവിടിങ്ങനെയാണ്’. അതെനിക്ക് പുതിയ അനുഭവമായിരുന്നു. എല്ലാവരും ഒരു പാത്രത്തില്‍ നിന്നു കഴിച്ചു തുടങ്ങി. എന്റെ ജീവിതത്തില്‍ ഇത് പോലൊരു ബിരിയാണി ഞാന്‍ കഴിച്ചിട്ടില്ല.
കൈമ അരി കൊണ്ടുള്ള ബിരിയാണി, നല്ല ഇളയ ആടിന്റെ ഇറച്ചി, ഇറച്ചി ഏതാ നെയ്യ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം വേവിച്ചിരിക്കുന്നു. അണ്ടിപ്പരിപ്പും കിസ്മിസും ധാരാളമായി വിതറിയിരിക്കുന്നു. അതും ആട്ടിന്‍ നെയ്യില്‍ മൂപ്പിച്ചതാണോ എന്ന് സംശയം ഇരുക്ക്… . ചോറില്‍ നെയ്യ് ഒട്ടും കൂടുതലില്ല, ഇറച്ചി രണ്ടാമതൊന്നു ചവക്കുമ്പോള്‍ തന്നെ അടുത്ത ഉരുളയും കൊണ്ട് കൈയ്യെത്തി കഴിഞ്ഞിരിക്കും. ഇതാണോ ഈ സ്വര്‍ഗത്തില്‍ പറഞ്ഞിരിക്കുന്ന ഭക്ഷണം? ഞാന്‍ ഉഷാറായി ഉല്‍സാഹിച്ചു കഴിച്ചു കൊണ്ടേയിരുന്നു.
അങ്ങിനെ ആസ്വദിച്ച് കഴിക്കുമ്പോള്‍ ഞാന്‍ പതുക്കെ മാമയുടെ ചെവിയില്‍ പറഞ്ഞു, ‘ മാമ, നമുക്കീടത്തെ കുശിനിക്കാരനെ കൂടെ കൂട്ടിയാലോ?’ കേട്ട പാടെ മാമ ചിരിച്ചു. അത് കണ്ടു ഹാജ്യരു കാര്യം തിരക്കി. എനിക്ക് തടുക്കാന്‍ കഴിയുന്നതിനു മുന്‍പ് മാമ കാര്യം പറഞ്ഞു. അത് കേട്ടു വാപ്പ കടുപ്പിച്ചൊന്നു നോക്കിയെങ്കിലും, ഹാജ്യാരുടെ പൊട്ടിച്ചിരിയില്‍ മൂപ്പരും കൂടി. എനിക്കൊന്നും അറിയില്ല എന്ന മട്ടില്‍ ഞാന്‍ ബിരിയാണിയില്‍ തന്നെ ശ്രദ്ധിച്ചു. ഇതിനിടെ കുടിക്കാന്‍ വെള്ളം കൊണ്ടുവന്ന തന്റെ ബീടരോടും ഹാജ്യാര് കാര്യം പറഞ്ഞു. പോരെ പൂരം. ഉള്ളില്‍ നിന്നും പെണ്ണുങ്ങളുടെ കൂട്ട ചിരിയും മുഴങ്ങി.
ഉടനെ ഉള്ളില്‍ നിന്നും പിന്നെയും ബിരിയാണി കൊണ്ട് വന്നു താലത്തില്‍ എന്റെ ഭാഗത്ത് വിളമ്പി. കഴിക്കണം എന്നുണ്ട്, പക്ഷെ ചമ്മല് അതിലേറെ. ഈ സമയം ഉള്ളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം, ഹാജ്യരുടെ ഉമ്മ, ഉറക്കെ പറഞ്ഞു, ‘ ബാപ്പുട്ടിയെ, ഓന് കുശിനിക്കാരിയെ മതിയോന്ന് ചോയിക്കീന്ന്’. സ്ത്രീകളുടെ ചിരി ഉച്ചസ്ഥായില്‍ ആയി. ഹജ്യരും വാപ്പയും, മാമയും അതില്‍ കൂടി. ഇനി രക്ഷയില്ല. ഞാന്‍ വീണ്ടും ബിരിയാണിയില്‍ തന്നെ അഭയം തേടിയതും ഹാജ്യരു ഒരു ബെടി പൊട്ടിച്ചതും ഒപ്പമായിരുന്നു. ‘അസീസ്ക്കാ’ , അതായതു ന്റെ വാപ്പ, ‘ഞമ്മക്ക്, ബിര്യാണി ണ്ടാക്കിയ കുഷിനിക്കാരിയെ സലാമിന് നിക്കഹാക്കിയാലോ?’ വാപ്പ എന്നെ ഒന്ന് നോക്കിയ പോലും ചെയ്യാതെ പറഞ്ഞു ‘ ഞമ്മക്ക് സമ്മതം, എന്തെ സലാമേ?’ ആട്ടിന്റെ കാലു കടിച്ചു പിടിച്ചിരുന്ന ഞാന്‍, അങ്ങനെ തല കുലുക്കി. പടക്കം പൊട്ടിയ മാതിരി എല്ലാവരും ആര്‍ത്തു ചിരിച്ചു.
മാമ ചെവിയില്‍ പറഞ്ഞു ‘സലാമേ, ഒനക്ക് എന്ന പുരിഞ്ചിത്? ഹാജ്യരുടെ പുള്ളക്കും ഒനക്കും നിക്കാഹു പണ്ണരുതുക്ക് താന്‍ ഇന്ത പേച്ച്’. ല ഹൌല… എന്നതാക്കും മാമ ശോല്ലരുത്, എനക്ക് നിക്കഹോ? എന്റെ ഉള്ളിലെ ബിരിയാണി ദഹിച്ച പോലെയായി. ‘ മാമ എന്ന ശോല്ലരെന്, എന്ത പുള്ള , എപ്പടി നിക്കാഹു?’ മാമ എന്നെ നോക്കി ചിരിച്ചു , എന്നിട്ട് കൈയും നക്കി എഴുന്നേറ്റു. ഞാന്‍ അവിടെ തന്നെ ഇരുന്നു. കൈ കഴുകി വന്ന വാപ്പ പറഞ്ഞു ‘ സലാമേ, ഒനക്ക് നാളെയും കെടക്കും, കൈ കളുകുങ്കോ’ . ചാടി എഴുന്നേറ്റു ഞാന്‍ കൈ കഴുകാന്‍ പോയി.
പിന്നെ സുലൈമാനിയുടെ അകമ്പടിയോടെ എല്ലാവരും കാര്യങ്ങള്‍ സംസാരിച്ചു ഉറപ്പിച്ചു. എല്ലാവരും എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകും. വാപ്പ ഇടയ്ക്കു എന്നെയും മാമയെയും നോക്കി ചോദിക്കും, ‘ അപ്പടി താനേ?’ ഞങ്ങള്‍ രണ്ടാളും തല കുലുക്കും. റമദാന് കഴിഞ്ഞാല്‍ നികാഹ്.
രാത്രി ഞങ്ങള്‍ക്ക് അകത്തെ വലിയ മുറിയിലാണ് ഉറങ്ങാന്‍ ഒരുക്കിയിരുന്നത്. കിടന്നപാടെ മറ്റു രണ്ടാളും ഉറക്കമായി. എനിക്ക് ആകെ ഒരു പരവേശം. മറിഞ്ഞും തിരിഞ്ഞും കിടന്നു നോക്കി. ഒരു രക്ഷയുമില്ല. അങ്ങിനെ ഉരുണ്ട് കിടക്കുമ്പോള്‍ ഒരു ശബ്ദം, ‘ ശൂ, ശൂ’. പടച്ച തമ്പുരാനേ, പാമ്പോ മറ്റോ ആണോ. ഞാന്‍ പതുക്കെ തിരിക്കാവുന്നത്ര തല തിരിച്ചു ആറുപാടും നോക്കി. ജനല്‍ തുറന്നിരുന്നതു കൊണ്ട്, നിലാവെളിച്ചത്തില്‍ മുറിക്കകം സൂക്ഷിച്ചു നോക്കി. വീണ്ടും ‘ ശൂ, ശൂ’. ഇനി ഷെയ്ഖ് ബദരീങ്ങളുടെ ജിന്നോ മറ്റോ ആണൊ? ഒന്നും കാണാന്‍ വയ്യ. ഞാന്‍ അനങ്ങാതെ കിടന്നു. എന്തോ കാലില്‍ തടയുന്ന പോലെ തോന്നി. ഇത് എന്തോ ഇഴജന്തു തന്നെ എന്ന് തീരുമാനിച്ചു കോടാനു കോടി ബദരീങ്ങളെ മനസ്സില്‍ ഓര്‍ത്തു പതുക്കെ തല പൊക്കി നോക്കി. ജനലിലൂടെ ഒരു വടി വന്ന് എന്റെ കാലില്‍ തോണ്ടുന്നു. ഹമ്പട കള്ളാ..
പതുക്കെ എഴുന്നേറ്റു ജനലിനടുതെക്കെ ചെന്നു. നോക്കുമ്പോള്‍ , അതൊരു കള്ളനല്ല, കള്ളിയാണ്. കാലിലേക്ക് നോക്കിയപ്പോള്‍ സമാധാനമായി, കാലു രണ്ടും നിലത്താണ്. അപ്പൊ ജിന്നല്ല. ഒരു മൊഞ്ജത്തി! ഒരു ഹൂറി, ഹൌ.. ഇളം പച്ച തട്ടനിട്ടു, അതുകൊണ്ട് മുഖം പാതി മറച്ച്, എന്നോട് പറഞ്ഞു, ‘ഞാന്‍ പാത്തു’. ‘എന്ത പാത്തു?’, ഞാന്‍ പതുക്കെ ചോദിച്ചു. ഒരു തേങ്ങലായിരുന്നു അതിനു മറുപടി. ഞാന്‍ അന്തം വിട്ടു ജനാലക്കല്‍ നിന്നു. ഇപ്പോള്‍ അവളെ ശരിക്കും കാണാം. അഴകാന പൊണ്.
അവള് തേങ്ങല്‍ നിറുത്തി പറഞ്ഞു, ‘ഇത്ര ബേഗം ന്നെ മറന്നീരിക്കണ? അപ്പൊ ങ്ങള് നികാഹിനു കബൂലാന്ന് പറഞ്ഞിതോ’. അത് ശരി അപ്പൊ ഇതാണ് ഹാജ്യരുടെ പുള്ള. കൊള്ളാം, ഇപ്പൊ ഒരു സുഖം തോന്നുന്നു. ‘ അനക്കെന്താ വേണ്ടേ?’, ഞാന്‍ ചോദിച്ചു. ‘ങ്ങള് എനക്കൊരു സത്യം ചെയ്യണം, ഇപ്പൊ തന്നെ’ ഓള് പറഞ്ഞു. എനക്കൊന്നും പുരിയലേ.. ഓള് പിന്നേം പറഞ്ഞു, ‘ നികാഹ് കഴിഞ്ഞാല്‍ എല്ലാ വെള്ളിയാഴ്ചയും ഞാന്‍ ഉണ്ടാക്കിയ ബിരിയാണി തന്നെ കയിക്കണം. ഇന്നാ സത്യം ചെയ്താ ..’ ഓള് കൈ നീട്ടി. കഴിച്ച ബിരിയാണിയുടെ സ്വാദ് ഓര്മ വന്നു. മുന്നില്‍ നിക്കുന്ന പാത്തുവിനെ നോക്കി നിന്നു. ഞാന്‍ അറിയാതെ ന്റെ കൈ ഓളുടെ വളയിട്ട കയ്യില്‍ വച്ചു, ‘സത്യം’, ഞാന്‍ പറഞ്ഞു. ഓള് കൈ വലിച്ചു നാണിച്ചു ഓടിപ്പോയി. എനക്കൊന്നും പുരിയലേ..
തിരിച്ചു കിടക്കയില്‍ വന്നിരുന്നു. മറ്റു രണ്ടാളും നല്ല ഉറക്കമാണ്. ഞാന്‍ മാമയുടെ കിടക്കയില്‍ ചെന്നിരുന്നു കുലുക്കി വിളിച്ചു, ‘മാമാ, എഴുന്നേല്‍ക്ക്.’ കുറച്ചു പ്രയാസപ്പെട്ടാന്നെങ്കിലും മൂപ്പരെ എഴുന്നേല്‍പ്പിച്ചു. ‘എന്നവാക്കും സലാമേ, അനക്ക് മൂത്രം പാത്തനമാ?’ എനിക്ക് ദേഷ്യം വന്നു, ‘അതുക്കു ഏന് മാമയെ കൂപ്പടനം? അത് വന്ത് എനക്ക് ഇന്ത നികാഹ്ക്ക് സമ്മതമാക്കും.’ മാമാ എന്നെ സൂക്ഷിച്ചു നോക്കി. ‘അനക്ക് പിരാന്താ? നേത്ത് താനെ ഒന്നോടു നികാഹു ശൊല്ലി സുല്ലാക്കിയത്? ഒരു നികാഹു ഒരിക്കലെ ഒറപ്പിക്കൂ. നീ പോയി തൂങ്ങു സലാമേ.’
അന്ന് എനിക്ക് ഉറക്കം വന്നില്ല. അന്ന് മാത്രമല്ല കുറേ കാലത്തേയ്ക്ക് ഉറക്കം കുറവായിരുന്നു. കല്യാണം കഴിഞ്ഞു, വെള്ളിയാഴ്ച ബിരിയാണി പാതുവിന്റെ അവകാശം ആയി. പിന്നെയും കുറെ കഴിഞ്ഞാണ് എനക്ക് ആ സത്യം ചെയ്യിക്കലിന്റെ ഉള്ളു പിടി കിട്ടിയത്. പാത്തുന്റെ ഒരു മാമ രണ്ടു കെട്ടീര്ക്കന്ന്. ആള് വെള്ളിയാഴ്ചകളില്‍ മാറി മാറി ബിരിയാണി കഴിക്കാന്‍ പോകും. അത് കണ്ട് വളര്‍ന്ന പാത്തു എന്റെ ബിരിയാണിക്കൊതി കൂടി കണ്ടു പെടിച്ച്ട്ടാണ് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചത്!
പറയുമ്പോ എല്ലാം പറയണമല്ലോ. എനക്ക് ഈ ബിരിയാണി ബല്ലാണ്ട് പിടിച്ചു പോയി, വെള്ളിയാഴ്ച മാത്രമല്ല, എപ്പോളും. അള്ളാനെ സത്യം..
103 total views, 1 views today
