1774200_w2

ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്റീന ബെല്‍ജിയത്തെ നേരിടുന്നു. ബെല്‍ജിയം പെനാല്‍റ്റി ഏരിയയിലേക്ക് ഇരമ്പികയറുന്ന ലയണല്‍ മെസ്സി. മൂന്നോ നാലോ ബെല്‍ജിയം പ്രതിരോധനിരക്കാരുടെ ഇടയില്‍ പെട്ടു പോയിട്ടും പന്തിനെ അസൂയാവഹമാം വിധം നിയന്ത്രിച്ചു ഡ്രിബിള്‍ ചെയ്തു കയറുന്ന മെസ്സിയെ കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മയിലേക്ക് ആ രൂപം കടന്നു വന്നു. ഐമര്‍..പാബ്ലോ സെസാര്‍ ഐമര്‍. അര്‍ജന്റീന സൃഷ്ടിച്ചു വിട്ട കളിക്കാരില്‍ ഏറ്റവും സ്‌റ്റൈലിഷ് ആയ കളി കാഴ്ച വച്ച കളിക്കാരന്‍. എല്‍ മാഗോ (ദ മജീഷ്യന്‍) എന്ന വിളിപ്പേരുമായി സ്‌പെയിനിലെ വലന്‍സിയയില്‍ വന്നിറങ്ങിയ കളിക്കാരന്‍. പാബ്ലോ ഐമര്‍ ഒരു വസന്തമായിരുന്നു . അയാളുടെ കാലുകളില്‍ ഒരു കവിത പോലെ ഫുട്ബാള്‍ വിരിഞ്ഞിരുന്നു . ഒരു രാജ്യവും ആരാധകരും അയാളിലെ ജീനിയസിനെ തിരിച്ചറിയാതെ പോയപ്പോള്‍ ഫുട്ബാളിന് നഷ്ടപ്പെട്ടത് ഒരു പ്രതിഭയെയായിരുന്നു . ലോകത്തെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികളുടെ ആരവങ്ങളില്‍ മെസ്സിയും റൊണാള്‍ഡോയും നിറഞ്ഞു നില്‍ക്കുമ്പോള്‍ ഐമര്‍ ആരുമറിയാതെ ,ആരാലും തിരിച്ചറിയപെടാതെ തന്റെ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് .

മെസ്സി ഒരു ഇതിഹാസം തന്നെ എന്ന് സമ്മതിക്കുമ്പോഴും എന്റെ മനസ്സ് ചോദിക്കുകയാണ് ഐമര്‍ സത്യത്തില്‍ മെസ്സിയെക്കാള്‍ വേര്‍സറ്റൈല്‍ ആയിരുന്നില്ലേ എന്ന് . ഐമറുടെ കഥ പ്രതീക്ഷക്കൊത്തുയരാന്‍ കഴിയാതെ പോയ ഒരു പ്രതിഭയുടെതായിരുന്നില്ല ,സ്വന്തം രാജ്യത്തിനാല്‍ തന്റെ കഴിവ് തിരിച്ചറിയപ്പെടാതെ പോയ ഒരു അസാമാന്യ പ്രതിഭയുടെ കഥയായിരുന്നു അയാളുടേത് . ജോര്‍ജ് ബെസ്റ്റിനെ പോലെ പ്രതിഭയെ ധൂര്‍ത്തടിച് കളഞ്ഞവനായിരുന്നില്ല അയാള്‍.അയാള്‍ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുകയാണ് ,ആരും പെട്ടെന്ന് തിരിച്ചറിയാത്ത ലീഗുകളില്‍. എല്‍ മാഗോ (ദ മജീഷ്യന്‍) എന്ന വിളിപ്പേരുമായി സ്‌പെയിനിലെ വലന്‍സിയയില്‍ വന്നിറങ്ങുമ്പോള്‍ അയാളില്‍ പ്രതിഭയുടെ ധാരാളിത്തം നിറഞ്ഞു നിന്നിരുന്നു . തന്റെ ദുര്‍ബലമായ ശരീരത്തെ ഒരു പോരായ്മയായി കണക്കാക്കാന്‍ ഇടകൊടുക്കാതെ ഒന്നാന്തരം ഡ്രിബിളിംഗ് മികവും പന്തിന്‍ മേല്‍ അപാരമായ നിയന്ത്രണവും അയാള്‍ പ്രകടമാക്കി .ഒരു ചെസ് കളിക്കാരനെപോലെ കളിക്കളത്തിലെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള അസാധാരണ കഴിവുമായിട്ടാണ് ഐമര്‍ ജനിച്ചു വീണത് .

മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ഉള്‍ക്കാഴ്ച അയാളെ തന്റെ സമകാലീനരായ ഫുട്‌ബോളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കി. എവിടെ നിന്നോ പൊട്ടി വീണത് പോലെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഐമര്‍ കടന്നു കയറുന്ന നിമിഷങ്ങള്‍ ഒരു ഗോള്‍കീപ്പര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും വലുതായിരുന്നു. അപാരമായ വൈവിദ്ധ്യം പ്രകടമാക്കിയ അയാള്‍ സാക്ഷാല്‍ റിക്വെല്‍മെയേക്കാള്‍ കഴിവുള്ളവനായിരുന്നു . ഒരു ഫുട്ബാള്‍ ഗ്രൌണ്ടില്‍ സ്‌റ്റൈലിഷ് എന്ന വാക്കിന്റെ പ്രതിരൂപമായിരുന്നു അയാള്‍ . അര്‍ജന്റീനിയന്‍ ഫുട്ബാള്‍ കളിക്കാരില്‍ മാരഡോണയും ഒരു പക്ഷെ റിക്വെല്‍മെയും മാത്രമാണ് ഐമറെ പോലെ സ്‌റ്റൈലിഷ് ആയ കളി കാഴ്ച വച്ചിട്ടുള്ളത് . വെറുതെയല്ല സാക്ഷാല്‍ മെസ്സി തന്റെ ആരാധനാപാത്രം പാബ്ലോ ഐമര്‍ തന്നെയാണെന്ന് ഒരിക്കല്‍ പറഞ്ഞത് . യൂറോപ്പിലെ വന്പന്‍ ക്ലബ്ബുകളില്‍ കളിച്ചിട്ടില്ല എന്നത് ഐമറുടെ വീഴ്ചക്ക് ഒരു പ്രധാന കാരണമാണ് .അയാള്‍ ശ്രദ്ധിക്കപ്പെടാതെ പോകാനുള്ള ഒരു പ്രധാന കാരണവും അത് തന്നെ . റയല്‍ മാഡ്രിഡിലോ ബാര്‍സലോണയിലോ കളിച്ചിരുന്നെങ്കില്‍ ഇന്നത്തെ സൂപ്പര്‍ താരങ്ങളെ പോലും വിസ്മയിപ്പിക്കുന്ന നേട്ടങ്ങള്‍ വെട്ടിപിടിക്കുമായിരുന്ന ഐമര്‍ പക്ഷെ താരതമ്യേന അപ്രശസ്തമായ വലന്‍സിയയിലേക്കാണ് പോയത് .

അര്‍ജന്റീനിയന്‍ ഫുട്ബാള്‍ സിസ്റ്റത്തിന്റെ പോരായ്മകള്‍ തുറന്നു കാട്ടുന്നതാണ് ഐമറുടെ കരിയര്‍. എന്താണ് ഐമറുടെ കാലിബര്‍ എന്നുള്ളത് മനസ്സിലാക്കുന്നതില്‍ അവരുടെ ഫുട്ബാള്‍ ഭരണാധികാരികള്‍ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.  എരിയല്‍ ഒര്‍ട്ടേഗ എന്ന താരതമ്യേന പ്രതിഭ കുറഞ്ഞ മിഡ് ഫീല്‍ഡര്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടികൊണ്ടിരുന്നപ്പോള്‍ ഐമര്‍ സൈഡ് ബഞ്ചില്‍ വിശ്രമിക്കുകയായിരുന്നു. അയാളുടെ കരിയര്‍ തകര്‍ക്കുന്നതില്‍ സ്ഥിരമായി അയാളെ പിന്തുടര്‍ന്ന് കൊണ്ടിരുന്ന പരിക്കുകളും ഒരു പങ്ക് വഹിച്ചു . ഉയരങ്ങള്‍ ലക്ഷ്യമാക്കി കുതിക്കാനുള്ള തൃഷ്ണ ഐമര്‍ക്ക് കുറവായിരുന്നു .ശാന്തനും മിതഭാഷിയുമായ അയാള്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും എപ്പോഴും അകന്നു നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു . ഏതു ക്ലബ്ബില്‍ കളിച്ചാലും തന്റെ പെരുമാറ്റം കൊണ്ട് സഹകളിക്കാരുടെ ആദരവും സ്‌നേഹവും പിടിച്ചു പറ്റിയിരുന്ന താരമായിരുന്നു ഐമര്‍.

സ്പാനിഷ് ലീഗില്‍ മെസ്സിയും ഐമറും ഒരിക്കല്‍ മുഖാമുഖം വന്നു . മെസ്സി ബാര്‍സക്ക് വേണ്ടിയും ഐമര്‍ വലന്‍സിയക്ക് വേണ്ടിയും കളിക്കുന്ന കാലം.ഐമറുടെ പ്രതിഭ ജ്വലിച്ചു നില്‍ക്കുന്ന കാലം.. തന്നെ ലക്ഷ്യമാക്കി ഉയര്‍ന്നു വന്ന ഒരു ക്രോസ് പെനാല്‍റ്റി ബോക്‌സില്‍ വച്ചു മനോഹരമായി കാലില്‍ നിയന്ത്രിചെടുത്ത് മിന്നല്‍ പോലെ വെട്ടിത്തിരിഞ്ഞ് പിക്കെയുടെയും പുയോളിന്റെയും ഇടയിലൂടെ സമര്‍ത്ഥമായി ഡ്രിബിള്‍ ചെയ്തു കയറുന്ന ഐമര്‍ ഒരു മറക്കാനാകാത്ത കാഴ്ചയായിരുന്നു.  ആ ഒരൊറ്റ നിമിഷം മാത്രം മതിയായിരുന്നു അയാളിലെ പ്രതിഭയുടെ തിളക്കം തിരിച്ചറിയാന്‍. 2011 ല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സിലോനയും ബെനഫിക്കയും മുഖാമുഖം വന്നു.മത്സര ശേഷം ഐമറുടെ അടുത്തെത്തിയ ബാര്‍സലോനയുടെ ജോര്‍ഡി ആല്‍ബ അദ്ദേഹത്തോട് ആ ജേഴ്‌സി ആവശ്യപ്പെട്ടു. സ്‌നേഹപൂര്‍വ്വം അത് നിരസിച്ച ഐമറുടെ ജേഴ്‌സി എത്തിച്ചേര്‍ന്നത് മെസ്സിയില്‍ തന്നെയായിരുന്നു. ആ ജേഴ്‌സി കൈമാറ്റത്തിലൂടെ മെസ്സി പ്രശസ്തനാകാതെ പോയ തന്റെ ആരാധനാപാത്രമായ ആ പ്രതിഭയെ ആദരിക്കുകയായിരുന്നു.

പാബ്ലോ ഐമറുടെ കളി കാശ് മുടക്കി ടിക്കറ്റ് എടുത്ത് കാണാന്‍ വരെ താന്‍ തയ്യാറാണെന്ന് ഒരിക്കല്‍ ഡീഗോ മാറഡോണ പറഞ്ഞിരുന്നു. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ആ വാക്കുകള്‍ മാത്രം മതി ഐമറിലെ പ്രതിഭയുടെ ആഴം അളക്കാന്‍. സാവിയോളയെക്കാളും റിക്വെല്‍മെയെക്കാളും പ്രതിഭാശാലി എന്ന് ഡീഗോ വാഴ്ത്തിയ ആ യുവാവ് അവരോളം പ്രശസ്തനാകാതെ പോയി എന്നത് ദുഖകരമാണ് . ഇതേ മാറഡോണ തന്നെ താന്‍ അര്‍ജന്റീനയുടെ കോച്ച് കോച്ച് ആയപ്പോള്‍ ഐമറെ തഴഞ്ഞു എന്നത് അദ്ഭുതപ്പെടുത്തിയിരുന്നു . തന്റെ മരുമകന്‍ സെര്‍ജിയോ അഗ്യുറോക്ക് പലപ്പോഴും ടീമില്‍ സ്‌പേസ് സൃഷ്ടിച് നല്‍കിയ ഡീഗോ സൌകര്യപൂര്‍വ്വം മറന്നത് സൌന്ദര്യാത്മക ഫുട്ബാളിന്റെ അവസാന വാക്കാകുമായിരുന്ന ഒരു സ്വാഭാവിക പ്രതിഭയെയായിരുന്നു . പ്രിയപ്പെട്ട ഡീഗോ ,നിങ്ങള്‍ക്കയാളെ അവഗണിക്കാന്‍ കഴിഞ്ഞുവെങ്കില്‍ പിന്നെ ആര്‍ക്കാണ് അയാളിലെ പ്രതിഭയെ തിരിച്ചറിയാന്‍ കഴിയുമായിരുന്നിരിക്കുക ? സെര്‍ജിയോ അഗ്യുരോയുടെ പരിമിത പ്രതിഭക്ക് അവസരങ്ങള്‍ സ്ര്യഷ്ടിച്ചു കൊടുക്കാന്‍ താങ്കള്‍ കാട്ടിയ താല്‍പര്യത്തിന്റെ ഒരു ചെറിയ അളവ് മാത്രം മതിയായിരുന്നില്ലേ ഐമറെ പോലൊരു യഥാര്‍ത്ഥ പ്രതിഭയെ വളര്‍ത്താന്‍? ഒടുവില്‍ 2010 ലോകകപ്പിന്റെ ഏറ്റവും നിര്‍ണായകമായ 2 യോഗ്യതാ മത്സരങ്ങളില്‍ മറഡോണക്ക് അയാളെ തിരിച്ചു വിളിക്കേണ്ടി വന്നു. പെറുവിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ മധ്യനിരയില്‍ നിന്നും പന്ത് സ്വീകരിച്ചു പെറുവിയന്‍ ഡിഫന്‍സിനെ വട്ടം കറക്കി പന്ത് കാലില്‍ കൊരുത്തു കുതിച്ച ഐമര്‍ നല്‍കിയ മനോഹരമായ പാസ് ഹിഗ്വെയിന്‍ വലയിലെത്തിക്കുമ്പോള്‍ താന്‍ എന്താണെന്നു ഡീഗോക്ക് ഒരിക്കല്‍ക്കൂടി ബോധ്യമാക്കി കൊടുക്കുകയായിരുന്നു ഐമര്‍. നിര്‍ഭാഗ്യവശാല്‍ ഡീഗോ പോലും മനപൂര്‍വം അയാളെ കണ്ടില്ലെന്നു നടിച്ചു. ലോകകപ്പില്‍ യോഗ്യത നേടിയെങ്കിലും പതിവുപോലെ പുറത്തിരുന്നു കളി കാണാന്‍ തന്നെയായിരുന്നു ഐമറുടെ വിധി.

ഒരൊറ്റ അര്‍ജന്റീനിയന്‍ കോച്ചിന് പോലും തങ്ങളുടെ കയ്യിലുള്ള ആ രത്‌നത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു ഐമറുടെ ദൌര്‍ഭാഗ്യത്തിന്റെ പിന്നിലുള്ള കാരണം . അയാളെ ബെഞ്ചിലിരുത്തി അവര്‍ കളികള്‍ തോറ്റു കൊണ്ടിരുന്നു . സ്പാനിഷ് ബഞ്ചിലിരുന്നു തങ്ങളേക്കാള്‍ പ്രതിഭാശാലികള്‍ സ്വന്തം ടീമില്‍ കളിക്കുന്നത് കണ്ടിരിക്കേണ്ടി വന്ന ഒരു സെസ്‌ക് ഫാബ്രിഗാസിന്റെയോ യുവാന്‍ മാട്ടയുടെയോ വിധിയായിരുന്നില്ല ഐമരുടെത് . തന്നോളം പ്രതിഭയില്ലാത്തവര്‍ തന്റെ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞു ലോകകപ്പുകളില്‍ കളിക്കുന്നത് ഐമര്‍ വേദനയോടെ കണ്ടു നിന്നു . ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴെല്ലാം ആരും അയാളില്‍ വിശ്വാസമര്‍പ്പിച്ചുമില്ല . ഫുട്ബാള്‍ ഇതിഹാസം മറഡോണയോട് ഏറ്റവും അടുത്തു നില്‍ക്കുന്നവന്‍ എന്ന പ്രശംസയുമായി ലയണല്‍ മെസ്സി ലോകമെമ്പാടും വാഴ്ത്തപ്പെടുമ്പോള്‍ പാബ്ലോ ഐമര്‍ ഡീഗോയുടെ കഴിവിനോട് എത്രത്തോളം അടുത്തെത്തുമായിരുന്നു എന്ന് നമുക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല .ഇന്ന് നമുക്കറിയാം മെസ്സി എന്താണെന്ന് ,പക്ഷെ നമ്മള്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ല ഐമര്‍ എവിടെയെത്തുമായിരുന്നു എന്ന്.

കരിയറില്‍ എന്നും തന്നെ പിന്തുടരുന്ന പരിക്കുകളുമായി ശാപം കിട്ടിയ ജന്മത്തെ പോലെ അധികമാരും തിരിച്ചറിയാത്ത ലീഗുകളില്‍ അയാളിപ്പോഴും കളിച്ചു കൊണ്ടിരിക്കുകയാണ്. മലേഷ്യന്‍ ക്ലബ്ബിനു വേണ്ടി കളിച്ചു വരുകയായിരുന്ന ഐമര്‍ പരിക്ക് കാരണം ഇക്കൊല്ലം ഏപ്രിലില്‍ ക്ലബ്ബില്‍ നിന്നും ഒഴിവാക്കപ്പെട്ട് കഴിഞ്ഞു. അര്‍ജന്റീനയുടെ എക്കാലത്തെയും വലിയ നഷ്ടം എന്ന വിശേഷണവും പേറി ജീവിക്കുവാന്‍ ആണ് അയാളുടെ വിധി . കുപ്പത്തൊട്ടിയില്‍ നിന്നും ഒരിക്കലും രക്ഷ നേടാന്‍ കഴിയാതെ പോയ ഒരു മാണിക്യം . അതാണ് പാബ്ലോ ഐമര്‍.. ചരിത്രത്തിന്റെ കുപ്പത്തൊട്ടിയില്‍ വീണു കിടക്കുമ്പോഴും മെസ്സിയുടെ വാക്കുകള്‍ അയാളും അത് കേട്ടവരും ഒരിക്കലും മറക്കാന്‍ വഴിയില്ല.

‘Pablo Aimar was, and is, my idol. It’s a pleasure watching Aimar play.’

You May Also Like

ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പ്രമുഖ ചാനൽ പുറത്തുവിട്ടു

ഇന്ന് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേരളത്തിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ദിലീപ് നിരപരാധി എന്നും കേസ്…

മോഷണം പോയ ഒളിമ്പിക്സ് പതാക 77 വർഷത്തിന് ശേഷം തിരികെ കിട്ടിയ കഥയാണ്

.വെളുത്ത പ്രതലത്തിൽ 5 വളയങ്ങൾ ഉള്ള പതാക 1920 ൽ ബെൽജിയത്തിലെ ആന്റ്‌വെർപ് നഗരം ആതിഥേയത്വം വഹിച്ച ഒളിമ്പിക്സിൽ ആണ് ആദ്യമായി ഉപയോഗിച്ചത്.ആരോ ഒരാൾ ഇത് അടിച്ചു മാറ്റി.ഹാൽ പ്രീസ്റ്റേ എന്ന അമേരിക്കൻ കായികതാരം ആണ് ഒളിമ്പിക്സ് പതാക മോഷ്ടിച്ചത്.ഇത് അന്ന് ആർക്കും അറിയില്ല

ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന പാണ്ടയെ കണ്ടു പിടിക്കാമോ നിങ്ങള്‍ക്ക് ?

താഴെ നല്‍കിയ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന പാണ്ടയെ എത്രയും പെട്ടെന്ന് കണ്ടു പിടിച്ചു ആ സമയം താഴെ കമന്റ് ബോക്സില്‍ നല്‍കൂ.

പ്രവാസി മരണപ്പെട്ടാല്‍………… ?

കുന്‍ഫുധയില്‍ പ്രവാസി അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത്. അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി. വാഹനാപകടത്തില്‍ മരണപെട്ട് മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത്. ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്പയായിരുന്നു ആ മൃതദേഹം സംസ്‌കരിക്കാന്‍ ഇത്രയും വൈകിയത്. വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട് ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!