പാമ്പുകളുടെ തോഴന്‍ വാവ സുരേഷിനോപ്പം ഒരു ദിനം !

358

1

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന്റെ ജീവിതം നേരില്‍ കണ്ടു മനസിലാക്കുവാനും വീഡിയോയില്‍ പകര്‍ത്തുവാനുമായി അനിമല്‍ പ്ലാനറ്റില്‍ നിന്നും വാര്‍ത്താ സംഘമെത്തി. 34,000ത്തോളം പാമ്പുകളെ ഇക്കാലയളവിനുള്ളില്‍ പിടികൂടിയ വാവാ സുരേഷ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അനിമല്‍ പ്ലാനറ്റ് സംഘവുമെത്തുന്നത്. അതിനിടെ വാവ സുരേഷിനോപ്പം ഒരു മലയാളം ചാനല്‍ ലേഖിക ചെലവഴിച്ച നിമിഷങ്ങള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. സുരേഷിന്റെ അനുഭവങ്ങള്‍ ലൈവായി ഇന്നലെയാണ് ആ ചാനല്‍ സംപ്രേഷണം ചെയ്തത്.

സ്റ്റീവ് ഇര്‍വ്വിനെയും ബേര്‍ ഗ്രയ്‌സിനെയും കണ്ട് വിസ്മയിച്ച പാശ്ചത്യ ലോകം ഒരുപക്ഷേ ഇനി കൗതുകത്തോടെ നോക്കിക്കാണുക സുരേഷിന്റെ സാഹസിക ജീവിതമാകും എന്നാണ് അനിമല്‍ പ്ലാനെറ്റ് സംഘം എത്തുന്നതോടെ സാധ്യമാവുക. പാമ്പുകള്‍ക്കൊപ്പമുള്ള വാവയുടെ ജീവിതം യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും അറിഞ്ഞതോടെയാണ് അന്താരാഷ്ട്ര മാധ്യമസംഘവും വാവാ സുരേഷിനെ തേടിയെത്തിയത്. അനിമല്‍ പ്ലാനറ്റിലൂടെ വാവയുടെ ജീവിതം പകര്‍ത്തുന്നതോടെ ലോകപ്രശസ്തരായ പാമ്പുപിടുത്തക്കാരുടെ പട്ടികയിലേക്ക് വാവാ സുരേഷും എത്തപ്പെടും.

ഇവര്‍ സുരേഷിനോപ്പം ഒരാഴ്ചയോളം ഉണ്ടാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയുള്ള പാമ്പു പിടുത്തമാണ് വാവയെ തേടി രാജ്യാന്തര സംഘമെത്താന്‍ കാരണം. വാവ പാമ്പു പിടിക്കുന്നതും ജനങ്ങളുടെ ഹീറോയായി മാറിയതെങ്ങനെയെന്ന ജീവിതകഥയും ചാനല്‍ സംഘം പകര്‍ത്തി ലോകത്തിന് മുന്നിലെത്തിക്കും.

ഇതിനകം 266 തവണ വിഷം തീണ്ടിയിട്ടുണ്ടെന്ന് വാവ മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഓര്‍ക്കുന്നു. ഇതില്‍ പലതവണയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. കരിമൂര്‍ഖനും അണലിയും മുതല്‍ നീര്‍ക്കോലി വരെയുള്ള ഉരഗങ്ങള്‍ സുരേഷിന്റെ കളിത്തോഴന്‍മാരാണ്. 38 വയസുകാരനായ വാവാ സുരേഷ് 31 രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. ആറാംക്ലാസില്‍ പഠിക്കുന്ന വേളയിലാണ് ആദ്യമായി വാവാ സുരേഷ് പാമ്പിനെ പിടിക്കുന്നത്. ഒരിക്കല്‍പാമ്പിനെ പിടിക്കുന്നതിനിടെ ഇടതുകൈയ്യിലെ വിരലും നഷ്ടമായിരുന്നു.