vff
ചലച്ചിത്രപ്രേമികള്‍ക്ക് മതിമറന്ന് ആഘോഷിക്കുവാന്‍ ലഭിക്കുന്ന സുവര്‍ണാവസരങ്ങളാണ് ചലച്ചിത്രമേളകള്‍. എങ്ങോട്ട് തിരിഞ്ഞാലും സിനിമയെപ്പറ്റി പറയുന്ന ആളുകള്‍, സിനിമയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍, കൈയ്യെത്തുന്ന ദൂരത്തില്‍ ചലച്ചിത്ര താരങ്ങളും സംവിധായകരും പിന്നണിപ്രവര്‍ത്തകരും, എല്ലാറ്റിനും ഉപരി ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് കൈപിടിച്ച് നടത്തുന്ന വ്യത്യസ്തങ്ങളായ ചലച്ചിത്ര അനുഭവങ്ങളും. നമ്മുടെ കേരളത്തിനും ഉണ്ട് സ്വന്തമെന്ന് പറയുവാന്‍ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള. ഒപ്പം, അനേകം ചെറു ചലച്ചിത്രമേളകളും.

എന്നാല്‍, ആദ്യമായി ഒരു ചലച്ചിത്രമേള നടക്കുന്നത് എവിടെയാണെന്ന് വല്ല പിടുത്തവുമുണ്ടോ? ആ കഥയാണ് ഇനി പറയുവാന്‍ പോകുന്നത്.1932ല്‍ ആരംഭിച്ച വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ലോകത്തിലെ ഏറ്റവും പഴക്കം അവകാശപ്പെടാവുന്ന ചലച്ചിത്രമേള. 2015 സെപ്റ്റംബര്‍ 2 മുതല്‍ 12 വരെ ഈ ചലച്ചിത്രമേളയുടെ എഴുപത്തിരണ്ടാം ഭാഗം നടക്കുകയാണ്.

  2015 വെനീസ് ചലച്ചിത്രമേളയുടെ പോസ്റ്റര്‍

വെനീഷ്യന്‍ സിറ്റി കൌണ്‍സില്‍ 1895 മുതല്‍ നടത്തിവരുന്ന പ്രശസ്തമായ വെനീസ് ബിനാലെയുടെ ഭാഗമാണ് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള. മുകളില്‍ സൂചിപ്പിച്ചത് പോലെ, 1932 ലാണ് ആദ്യത്തെ വെനീസ് ചലച്ചിത്രമേള നടക്കുന്നത്. വെനീസ് ബിനാലെയുടെ പ്രസിഡന്റ് ആയിരുന്ന കൗണ്ട് ഗിസേപ്പേ വോള്‍പ്പി ദേ മിസുരാട്ടയും ലൂസിയാനോ ദേ ഫിയോയും ചേര്‍ന്നാണ് ചലച്ചിത്രമേള എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.

വെനീസ് ബിനാലെയുടെ സ്ഥിര-പ്രദര്‍ശന ഹാള്‍.

ഡോ.ജക്കാള്‍ ആന്‍ഡ് മി.ഹെയ്ഡ് എന്ന പ്രശസ്ത സിനിമയായിരുന്നു ആദ്യമായി വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.രണ്ടാമത്തെ ചലച്ചിത്രമേള നടക്കുന്നത് 2 വര്‍ഷങ്ങള്‍ക്ക് ശേഷം 1934ല്‍ ആണ്. ഈ മേള മുതലാണ് മത്സരത്തിനായി സിനിമകള്‍ ക്ഷണിച്ചുതുടങ്ങിയത്. എന്നാല്‍, ബിനാലെയുടെ പ്രസിഡന്റ് തന്നെയാണ് മികച്ച ചിത്രം ഏതെന്ന് കണ്ടെത്തിയത്. കൃത്യമായ ഒരു ജൂറി ഒന്നും ഉണ്ടായിരുന്നില്ല എന്ന് സാരം.

2014 ചലച്ചിത്രമേളയുടെ റെഡ് കാര്‍പ്പറ്റ്

രണ്ടാം ലോകമഹായുദ്ധം മറ്റെല്ലാ പ്രസ്ഥാനങ്ങളെയും പോലെ ബിനാലെയെയും ചലച്ചിത്രമേളയെയും ബാധിച്ചു. യുദ്ധാനന്തരം 1946ലാണ് വെനീസ് ചലച്ചിത്രമേള വീണ്ടും ശക്തിയാര്‍ജിക്കുന്നത്.പിന്നീടുള്ള ഇരുപതോളം വര്‍ഷങ്ങള്‍ വെനീസ് ചലച്ചിത്രമേള കൂടുതല്‍ കരുത്തുറ്റതാവുന്ന കാഴ്ചയാണ് കണ്ടത്. ലൂയിജി ഷാരിനി എന്ന ദിശാബോധമുള്ള നേതാവിന് കീഴില്‍ മേള പുതിയ ഭാവുകത്വം അണിഞ്ഞു. എന്നാല്‍, 1968ല്‍ യൂറോപ്പില്‍ ഉണ്ടായ സാമൂഹിക സാമ്പത്തിക അസ്വസ്ഥത വെനീസ് ബിനാലെയെയും ചലച്ചിത്രമേളയെയും ബാധിച്ചു. ’69 മുതല്‍ ’79 വരെ പുരസ്‌കാരങ്ങള്‍ ഒന്നും നല്‍കിയില്ല. ഇടയ്ക്ക് മൂന്ന് വര്‍ഷങ്ങള്‍ മേള നടന്നത് പോലുമില്ല.

മേളയില്‍ നല്‍കാന്‍ ക്രമീകരിച്ചു വച്ചിരിക്കുന്ന പുരസ്കാരങ്ങള്‍

1979ല്‍ കാര്‍ലോ ലിസാനിയുടെ കീഴില്‍ വെനീസ് ചലച്ചിത്രമേള വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തി. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മട്ടും ഭാവവും തിരികെപ്പിടിക്കാന്‍ ലിസാനിയുടെ കീഴില്‍ ഒട്ടേറെ പ്രഗല്‍ഭര്‍ അണിനിരന്നു. അങ്ങനെ വെനീസ് ചലച്ചിത്ര മേള വീണ്ടും വിജയവഴിയിലേയ്ക്ക് തിരികെ വന്നു. മികച്ച ചിത്രത്തിനുള്ള ‘ഗോള്‍ഡന്‍ ലയണ്‍’, മികച്ച സംവിധായകനുള്ള ‘സില്‍വര്‍ ലയണ്‍’, മികച്ച നടനും നടിക്കും ഉള്ള ‘വോള്‍പ്പി കപ്പ്’ എന്നിവയാണ് വെനീസ് ചലച്ചിത്രമേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

വെനീസ് ചലച്ചിത്രമേളയില്‍ മണിരത്നത്തെ ആദരിച്ചപ്പോള്‍

2006 മുതല്‍ ‘Jaeger-LeCoutlre’ എന്ന പ്രശസ്ത സ്വിസ്സ് വാച്ച് നിര്‍മാണകമ്പനിയുടെ പങ്കാളിത്തത്തോടെ ഇതേ പേരില്‍ സമഗ്രസംഭാവനയ്ക്കുള്ള ഒരു പുരസ്‌കാരം നല്‍കിവരുന്നു. അല്‍ പചീനോയും സില്‍വസ്റ്റര്‍ സ്റ്റാലനുമൊക്കെ നേടിയ ഈ പുരസ്‌കാരം നമ്മുടെ സ്വന്തം മണിരത്‌നവും നേടുകയുണ്ടായി; 2010ല്‍.വെനീസ് ചലച്ചിത്രമേള മാത്രമല്ല വെനീസ് ബിനാലെയുടെ പ്രത്യേകത. കല, ചിത്രകള്‍, സംഗീതം, നൃത്തം, തിയേറ്റര്‍, ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ വിവിധങ്ങളായ മേഖലകളില്‍ അന്താരാഷ്ട്രതലത്തിലുള്ള പ്രദര്‍ശനങ്ങള്‍ക്കും വേദിയാണ് വെനീസ് ബിനാലെ.

Advertisements