പാര്‍വ്വതിയുടെ നേര്‍ച്ചപ്പെട്ടി – കഥ
പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..
മലബാറിലെ ഒരു പുഴയോര ഗ്രാമമായിരുന്ന മുണ്ടേരി
അന്നല്‍പ്പം പ്രശസ്തമായിരുന്നു..
പുഴക്കരയില്‍ തലയുയര്‍ത്തി നില്ക്കുന്ന റഹ്മാന് മസ്ജിദ്
ആയിരുന്നു അതിനു കാരണം…
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുസ്ലിം യുവാക്കള്‍
‘ഇസ്ലാമിക ബിരുദത്തിനായി ആ പള്ളിയിലെ മദ്രസ്സയില്‍ താമസിച്ചു പഠിക്കാറുണ്ട്.
തൂവെള്ള വസ്ത്രം ധരിച്ചു നടക്കുന്ന ആ വിദ്യാര്‍ഥികളെ നാട്ടുകാര്‍ പേരിനൊപ്പം ”ഉസ്താദ് ” എന്നോ ”മൗലവി” എന്നോ ചേര്‍ത്തിട്ടെ വിളിക്കൂ..
464 total views

പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..
മലബാറിലെ ഒരു പുഴയോര ഗ്രാമമായിരുന്ന മുണ്ടേരി
അന്നല്‍പ്പം പ്രശസ്തമായിരുന്നു..
പുഴക്കരയില്‍ തലയുയര്‍ത്തി നില്ക്കുന്ന റഹ്മാന് മസ്ജിദ്
ആയിരുന്നു അതിനു കാരണം…
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുസ്ലിം യുവാക്കള്‍
‘ഇസ്ലാമിക ബിരുദത്തിനായി ആ പള്ളിയിലെ മദ്രസ്സയില്‍ താമസിച്ചു പഠിക്കാറുണ്ട്.
തൂവെള്ള വസ്ത്രം ധരിച്ചു നടക്കുന്ന ആ വിദ്യാര്‍ഥികളെ നാട്ടുകാര്‍ പേരിനൊപ്പം ”ഉസ്താദ് ” എന്നോ ”മൗലവി” എന്നോ ചേര്‍ത്തിട്ടെ വിളിക്കൂ..
”മൊയ്തൂനെ വിളിക്കുന്നു”
”ആര്.? ”
”വല്യ ഉസ്താദ്…”
” പടച്ചോനെ…! ”
നേരെ കുറച്ചകലെയുള്ള പള്ളീടെ മുകളിലെ മുറിയിലേക്ക് നോക്കി… വല്യ ഉസ്താദ് തന്റെ പുഴയിലെ കുളി നോക്കി കൊണ്ട് ജനാലയ്ക്കല്‍ നില്ക്കുന്നു..!
ഒഴുക്കുള്ളതിനാല്‍ പുഴയിലെ കുളി ഒഴിവാക്കാന്‍ പറഞ്ഞിരുന്നു… പക്ഷെ എന്ത് ചെയ്യാം..! പുഴക്കുളി തന്റെ വീക്ക്നെസ് ആണ്..
”മഴക്കാലത്ത് ഒഴുക്കുണ്ടാകും, കുളിക്കണ്ടാന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ മടിയാ അല്ലെ…”
മൊയ്തു ഒന്നും മിണ്ടിയില്ല.ഉസ്താദ് തുടര്‍ന്നു..
”കൗമാരം മാറി യൗവനം വരുമ്പോ കിബ്ര് (അഹങ്കാരം) കൂടും,.. എല്ലാരേം ധിക്കരിക്കാനും തോന്നും..”
”ഇല്ല ഉസ്താദ് , ഇനി മഴക്കാലം കഴിയാതെ പുഴയില്‍ ഇറങ്ങില്ല… ഇത്തവണ കൂടി മാപ്പാക്കണം..”
”ഉം .. പൊയ്ക്കോളൂ…”
മുറിയുടെ പുറത്തിറങ്ങവേ മുന്നില്‍ റൂം മേറ്റ്സ് രണ്ടാളും..
”എന്തായി..മൊയ്തൂ?”
” സലമാത്തായി ”(രക്ഷപ്പെട്ടു)
മൊയ്തുവിനു 18 ആണ് പ്രായം.. മൂന്നു വയസ്സ് മൂപ്പുള്ള മജീദും , സലാമുമാണ് റൂം മേറ്റ്സ്…മജീദ് മഹാ ഭക്തനാണ് അതീവ സുന്ദരനും.. ഏതു നേരവും ചുണ്ടില്‍ ദിക്ര്( ( (((, ( ദൈവ സ്ത്രോത്രം ) ആണ്..
സലാമിന് ഇപ്പോഴും ഒരു പ്രാര്‍ത്ഥനയെ ഉള്ളൂ.. ആരുടെ മുന്നിലും കൈ നീട്ടാന്‍ ഇട വരല്ലേ എന്ന്..
ഒരു വെള്ളിയാഴ്ച , ജുമു അ നിസ്കാരം കഴിഞ്ഞതും വല്യ ഉസ്താദ് നാട്ടിലേക്ക് പോകാനിറങ്ങി….പെട്ടെന്ന് അദ്ദേഹം നിന്നു.. മുഖത്ത് ഭാവ മാറ്റം..
”എന്താ ഉസ്താദ്..?” എല്ലാരും ചോദിച്ചു
” ഒന്നുമില്ല.. ഒരു മുസീബത് ( പ്രശ്നം ) കാണുന്നു.. പക്ഷെ പടച്ചോന് കാക്കും…”
എന്നും പറഞ്ഞു നീങ്ങിയ അദ്ദേഹം പിന്നെ തിരിഞ്ഞു നോക്കി പറഞ്ഞു..
” പുഴേല് ഇറങ്ങേണ്ട ആവശ്യം വന്നാല്‍ ആരും മടിക്കരുത്.ഇറങ്ങിക്കോണം..”
വല്യ ഉസ്താദ് പോയി.. അത്ഭുതം തന്നെ വിട്ടു മാറിയില്ല… പുഴയില്‍ ഇറങ്ങാനുള്ള അനുവാദം കിട്ടി..!.. വൈകുന്നേരം ആയതും സോപ്പും, തോര്‍ത്തുമായി പുഴയിലേക്ക് ഓടി.. ഷര്‍ട്ട് ഊരാന്‍ തുടങ്ങിയതും മഴ പെയ്തു… ദൂരെ അക്കരെ നിന്നും വരുന്ന കടത്തു തോണിയില്‍ സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ .. തുറന്നിരിക്കുന്ന കുടകള്‍ … മനോഹര ദൃശ്യം…
പെട്ടന്നാണ് വയറിനകത്ത് ഒരാളല്‍ ..
റബ്ബേ ..തോണിയതാ മറിയുന്നു…!
” തോണി മറിഞ്ഞേ… ഓടി വായോ..”
അലറിവിളിച്ചു നേരെ പുഴയിലേക്ക് ചാടി , കയ്യില്‍ കിട്ടിയ ഒരു പയ്യനുമായി നീന്തി.. ഭൂരിഭാഗവും പെണ്‍കുട്ടികളാണ് … നിലവിളി കേട്ടെത്തിയ ഉസ്താദുമാരും, നാട്ടുകാരും വെള്ളത്തിലേക്ക് ചാടി.
നിലവിളികള്‍…,…നിര്‍ദ്ദേശങ്ങള്‍ ..
കറുത്തിരുണ്ട മാനം… തുരു തുരാ പെയ്യുന്ന മഴ…
”എല്ലാവരുമായോ?”
”ആയെന്നാണ് തോന്നുന്നത്..”
”ദൈവമേ എന്റെ മോളെ കാണുന്നില്ല..”
നാണു മാഷാണ് കരയുന്നത്.. മകള്‍ പാര്‍വ്വതി. പത്തില്‍ പഠിക്കുന്ന അതി സുന്ദരി.. മാഷെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കവെയാണ് സലാം അടുത്തു വന്നു പറഞ്ഞത് ..
”മൊയ്തു.. പുഴേല് ചാടിയ നമ്മുടെ മജീദിനെ കാണാനില്ല..”
”യാ അല്ലാഹ്..!
********************
കൈകാലുകള്‍. തളരുന്നു..കണ്ണുകളില്‍ പുഴ വെള്ളം അടിച്ചു കയറുന്ന വേദന.. കൂരാകൂരിരുട്ടില്‍ കയ്യിലൊരു പെണ്‍കുട്ടിയുമായി എത്ര നേരം നീന്തും..? തന്റെ മരണം അടുത്തതായി മജീദിന് തോന്നി..
പെട്ടെന്നാണ് ഒരു വരമ്പില്‍ പിടി കിട്ടിയത്.. സര്‍വ്വശക്തിയും എടുത്തു പിടിച്ചു കയറി..പെണ്‍കുട്ടിയെ കരയിലേക്ക് വലിച്ചിട്ടു.. പെട്ടെന്ന് മാനത്ത് ഒരു മിന്നല്‍ .. ആ വെളിച്ചത്തില്‍ കണ്ടു..
ഒരു അപ്സരസ്സ്…! അര്‍ദ്ധ നഗ്ന..!
അവള്‍ക്കു തീരെ അനക്കമില്ല. പാവം ഒരുപാട് വെള്ളം കുടിച്ചിട്ടുണ്ട്.. വയര്‍ അമര്‍ത്തി വെള്ളം പുറത്തു കളഞ്ഞു .. അവളില്‍ ഞെരക്കം
” അമ്മേ..”
*********************
”മോളെ ഇതാരാ വന്നതെന്ന് നോക്കിയേ”
‘പാര്‍വ്വതി കണ്ണ് തുറന്നു.. മുന്നില്‍ രണ്ടു ചെറുപ്പക്കാര്‍ ….അവളുടനെ ആശുപത്രി ബെഡ്ഡില്‍ ചാരിയിരുന്നു…
”ഇതാണ് മോളെ രക്ഷിച്ച മജീദ് ഉസ്താദ്..”
അവള് എഴുന്നെട്ടിരിക്കാന് ശ്രമിച്ചു.. മജീദ് തടഞ്ഞു..
”വേണ്ട.. കിടന്നോളൂ…”
അവള് പുഞ്ചിരിക്കാന്‍ ശ്രമിച്ചു..
സ്വന്തം നഗ്നത കണ്ട ആദ്യത്തെ പുരുഷന് ….. അവള്‍ക്കു ലജ്ജ തോന്നി.. ഇയാള്‍ തന്നെപ്പറ്റി എന്താകും കരുതിയിട്ടുണ്ടാവുക…?
മുറിയുടെ പുറത്തിറങ്ങിയപ്പോള്‍ മൊയ്തു പറഞ്ഞു..
”മജീദേ, ആ പെണ്ണിന്റെ കണ്ണില്‍ നിങ്ങളോട് മുഹബ്ബത് ഉണ്ട്..”
” വായടക്കൂ മോയ്തൂ.. നീ മുസ്ല്യാരല്ല , വല്ല കവിയും ആകേണ്ടവനാണ്..
*******************
വലിയ ഉസ്താദ് വന്നതും നാട്ടുകാര്‍ ഒരു സ്വീകരണ യോഗം ഒരുക്കി.. ദുരന്തം അദ്ദേഹം പ്രവചിച്ചത് എല്ലാരുമറിഞ്ഞിരുന്നു.. ഉസ്താദുമാരെ നാട്ടുകാര്‍ ഏറെ പുകഴ്ത്തി.. യോഗത്തിനിടയിലും പാര്‍വ്വതിയുടെ കണ്ണുകള്‍ മജീദിനെ അനുരാഗ പൂര്‍വ്വം നോക്കുന്നുണ്ടായിരുന്നു.. മാജീദാവട്ടെ അത് അറിയാത്ത ഭാവം നടിച്ചു..
ഇങ്ങേരുടെ ഒരു കാര്യം..!
അന്നുമുതല്‍ , വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരവെ, തന്റെ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ നിന്നും നാണയങ്ങള്‍ എടുത്തു പള്ളി ഭണ്ടാരത്തില്‍ ഇടുന്ന പാര്‍വ്വതി ഒരു സ്ഥിരം കാഴ്ച്ചയായി..
അപ്പോഴെല്ലാം അവളുടെ കണ്ണുകള്‍ മജീദിനെ പരതിയിരുന്നു..ഒരിക്കല്‍ അവളെ കയ്യോടെ പിടിച്ചു..
”ഇതിപ്പം സ്ഥിരം പരിപാടിയാണല്ലോ… എന്താ ദിവസവും നേര്‍ച്ചയിട്ടു നീ പ്രാര്‍ഥിക്കുന്നത്..?”
”അങ്ങനെ ഒന്നുമില്ല… എല്ലാര്ക്കും നല്ലത് വരുത്തണേന്നു..”
”മജീദിന് നന്മ വരുത്തണേ എന്നാണല്ലോ ഞാന്‍ കേട്ടത്..”
തന്റെ പ്രണയം പിടിക്കപ്പെട്ട ചമ്മലോടെ പാര്‍വ്വതി ഓടി മറഞ്ഞു… എന്നാല്‍ പിന്നെ അവള് തന്നോട് മജീദിനെ പറ്റി അന്വേഷിക്കാന്‍ തുടങ്ങി.. മജീദിന് പലഹാരങ്ങളൊക്കെ കൊടുക്കാന്‍ തന്നെ ഏല്‍പ്പിച്ചു.. മജീദിനെ നന്നായി അറിയാവുന്നതിനാല്‍ ഒക്കെ ഞാന്‍ തന്നെ തിന്നു തീര്‍ത്തു.
രസകരമായ അനുഭവങ്ങള്‍ … ഇതിനിടെ കാലം കുറെ കഴിഞ്ഞു പോയി.. ഉസ്താദുമാര്‍ പലരും പല വഴിക്ക് പോയി.. ഓര്‍മ്മകള്‍ മാത്രം ബാക്കിയായി..
********************
വര്‍ഷങ്ങള്‍ക്കു ശേഷം മജീദും മൊയ്ദുവും കണ്ടുമുട്ടി. മജീദ് കാഞ്ഞങ്ങാട് പള്ളിയില്‍ മുഖ്യ കര്‍മ്മിയായി ജോലി നോക്കുന്നു.. മൊയ്ദു ദാരിദ്ര്യം കാരണം പഠനം ഉപേക്ഷിച്ചു മാഹിയിലെ ഒരു കോണ്ട്രാക്ടര്ക്കൊപ്പം സഹായി ആയി കൂടി..
”ഞാന്‍ മാഹിയിലാണ് കെട്ടിയത്.. രണ്ട് ആണ് മക്കള്‍.. .. നിങ്ങള്‍ പഴയ വല്ലോരേം കണ്ടിരുന്നോ മജീദേ .?”
”സലാം വന്നിരുന്നു..മൂപരുടെ മോള്‍ക്ക് ക്യാന്‍സര്‍ ആണ്.. ധന സഹായം ചോദിച്ചു വന്നതാണ്..ജുമുഅക്കു വന്ന ആള്ക്കാരീന്നായി കുറച്ചു പൈസ പിരിച്ചു കൊടുത്തു.. പോകാന്‍ നേരം അവനെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു…”
ആരുടെ മുന്നിലും കൈ നീട്ടരുതെന്നു ആഗ്രഹിച്ച സലാം…! വല്ലാത്ത വേദന തോന്നി.. അല്‍പ്പ നേരം ആരും ഒന്നും മിണ്ടിയില്ല..
”മുണ്ടേരീന്നു എപ്പോ പിരിഞ്ഞു..?”
” മൊയ്ദു പോയിട്ട് ആര് മാസം കഴിഞ്ഞപ്പൊ”
വെറുതെ ഒരു ആകാംക്ഷ.. പഴയൊരു ഓര്‍മ്മ..
” പാര്‍വതി..?”
മജീദ് ഒന്നും മിണ്ടാതെ ഇരുന്നു.. താന്‍ സംശയിച്ചത് ശരി തന്നെ.. പ്രണയം മറച്ചു പിടിക്കയായിരുന്നു ഈ പാവവും ..
”അവള് വന്നിരുന്നു.. അവസാനമായി കാണാന്‍…… ഒരു പൊതി ഹല്വയുമായിട്ട്..”
”നിങളെ അവള്‍ക്കു വലിയ ഇഷ്ടമായിരുന്നു..”
”ചില ഇഷ്ടങ്ങള്‍ , ഇഷ്ടങ്ങളായി തന്നെ അവശേഷിക്കും മൊയ്തൂ.. ജീവിതം അതാണ്.. .,.. .മൂന്നു പെങ്ങമ്മാരുള്ള ഞാന്‍ ഒരു അന്യ മതസ്ഥയെ പ്രേമിച്ചാല്‍…! ,..!എന്റെ സഹോദരിമാരെ ഓര്‍ത്ത് ആ പ്രണയം കണ്ടില്ലെന്നു നടിച്ചു ഞാന്‍… എങ്കിലും.. ഞാന്‍ നാട്ടിലേക്ക് ബസ് കയറുമ്പോള്‍ കണ്ണ് നിറഞ്ഞു, കൈ വീശി, യാത്ര പറഞ്ഞു കരഞ്ഞ ആ പാവത്തിന്റെ മുഖം ഇപ്പോഴും മനസ്സിലെവിടെയോ…..”
പറഞ്ഞു വന്നത് തുടരാനാവാതെ മജീദ് നിര്‍ത്തി.. കണ്ണീര് തുളുമ്പാതിരിക്കാനായി വിരലുകളാല്‍ കണ്‍കോണുകള്‍ തുടച്ചു മജീദ് എഴുന്നേറ്റു..യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നേരം സന്ധ്യയായി..
മനസ്സിലെ പ്രണയം മറച്ചു വെച്ചു മജീദ് അമ്മാവന്റെ മകളെ ഭാര്യയാക്കി.. രണ്ട് പെണ്മക്കള്…,..
*********************
കാലം മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റം അത്ഭുതകരം തന്നെ… എല്ലാരും മാറിപ്പോയി.. എന്തിനേറെ, താനും മാറിപ്പോയില്ലേ..? ഇന്ന് പുഴ കണ്ടാല്‍ ഒന്ന് കുളിക്കാന്‍ തോന്നാത്തത് എന്താണ്..?
മജീദും പാര്‍വതിയും… ഒന്നിക്കാതെ പോയ നല്ല രണ്ടാത്മാക്കള്… കാലത്തിനു പോലും മാറ്റം വരുത്തനാകാതെ ആ പരിശുദ്ധ പ്രണയം… മജീദ് ഇന്നും പാര്‍വതിയെ ഓര്‍ക്കുന്നു…
അവളോ…അറിയില്ല.. പെണ് മനസ്സല്ലേ… എല്ലാം മറന്നു കാണും..
കാലം മുണ്ടേരി ഗ്രാമത്തിനും ഏറെ മാറ്റം വരുത്തി…മുണ്ടേരി പുഴയിലിപ്പൊ വെള്ളം തീരെ കുറവ്… പുഴയ്ക്കു കുറുകെ പാലം വന്നപ്പോള്‍ പഴയ കടത്തു വള്ളം ഓര്‍മ്മയായി… റഹ്മാന് മസ്ജിദ് വല്യ കോണ്‍ക്രീറ്റ് കെട്ടിടമായി മാറി.. നാട്ടില്‍ ഇന്റര്‍നെറ്റ് കഫെ , മസ്സാജ് സെന്റര്‍, ഗള്‍ഫ് ബസാര്‍ .. അതെ പഴയ മുണ്ടേരിയെന്ന നിഷ്കളങ്ക ഗ്രാമം പാടെ മാറിപ്പോയി..
പാര്‍വ്വതി ?
അവള് ഒരു കോളേജ് അധ്യാപകന്റെ ഭാര്യയായി .. മൂന്ന് കുട്ടികളുടെ അമ്മയായി.. അച്ഛന് നാണു മാഷ് മരിച്ചതിനാല്‍ അവള് അമ്മയ്ക്കും, മക്കള്‍ക്കുമൊപ്പം മുണ്ടേരിയില്‍ തന്നെയാണ് താമസം..
ഭര്‍ത്താവ് ഏറെ നിര്‍ബന്ധിച്ചിട്ടും അവള് മുണ്ടേരി വിട്ടു പോകാന്‍ കൂട്ടാക്കിയില്ലത്രേ,..
ഈയിടെ ആരോ പറഞ്ഞറിഞ്ഞു…
പാര്‍വതി…
അവളിപ്പോഴും ആ പള്ളി ഭണ്ടാരത്തില്‍ നേര്ച്ചയിടാറുണ്ടെന്ന്..!
465 total views, 1 views today
