1

മോര്‍ച്ചറിയില്‍ ആ ശവത്തെ കിടത്തി ഹരി അതിനെ ഒന്ന് നോക്കി..

യുവാവാണ്.. താടി വളര്‍ന്നിരിക്കുന്നു..

താമര കൂമ്പിയതു പോലുള്ള കണ്ണുകള്‍….,വരണ്ട ചുണ്ടുകള്‍..,

ലോറിയിടിച്ച് മരിച്ചതിനാല്‍ തലയുടെ ഒരു ഭാഗത്ത്‌ മുറിവുണ്ട്..

ഇയാളും തന്നെ പോലൊരു യുവാവാണ്..

എന്തെന്തു സ്വപ്നങ്ങള്‍ കണ്ടു കാണും..!

മോര്‍ച്ചറിയുടെ വാതില്‍ അടയ്ക്കവേ ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് ഒരു ഡയറിയുമായി വന്നു..

”കോണ്‍സ്റ്റബിള്‍ പപ്പേട്ടനു ആ ശവത്തീന്നു കിട്ടിയതാ..ഹരിയേട്ടന് തരാന്‍ പറഞ്ഞു..ആ ഭ്രാന്തന്‍ കൊള്ളാട്ടോ..മൊത്തം കവിതകളാ…ഹരിയേട്ടന്‍ വായനാ ശീലമുള്ള ആളല്ലേ..നൈറ്റ്‌ ഡ്യൂട്ടിക്കൊരു കമ്പനിയാകട്ടെ…..”

ഡയറി നല്‍കി വിനോദ് പോയി..

ഹരി തന്‍റെ കസേര സി.ഫൈ .ലാമ്പിന് കീഴെ ഇട്ടു..മെല്ലെ ആ ഡയറി തുറന്നു..വലത്തോട്ടു ചെരിഞ്ഞ മനോഹരമായ കയ്യക്ഷരം..

”അറിയില്ല നീയെനിക്കാരായിരുന്നെന്ന്..ഒരുവേള മുജ്ജന്മ സുകൃതമാകാം..”

”അവന്‍ പണ്ടേ കവിതകള്‍ എഴുതുമായിരുന്നു..”കണ്ണടയൂരി കണ്ണുകള്‍ തുടച്ചു മുജീബ് പറഞ്ഞു..

ഡയറിയുടെ ആരും കാണാത്തൊരു മൂലയ്ക്ക് കുറിച്ചിട്ട ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍കിട്ടിയതായിരുന്നു മുജീബിനെ…പിറ്റേന്ന് പുലര്‍ച്ചെ തന്നെ മുജീബ് ഹരിയുടെ അടുത്തെത്തി..

”പീറ്റര്‍ ,അതാണവന്‍റെ പേര്..ഒരു അനാഥ ശാലയില്‍ നിന്നും പ്രീഡിഗ്രിക്ക് വന്ന അവന്‍ എനിക്ക് നല്ല കമ്പനിയായിരുന്നില്ല..പക്ഷെ എനിക്കവനെ ഇഷ്ടമായിരുന്നു…ഞങ്ങള്‍ ഗ്യാങ്ങ് ആയി കറങ്ങുമ്പോള്‍ അവന്‍ ഒരു മൂലയ്ക്കിരുന്നു ചിന്തിക്കുന്നത് കാണാറുണ്ട്‌.. ”

മുജീബ് എന്തോ ചിന്തിച്ചു..പിന്നെതുടര്‍ന്നു..

”അധികവും ഏതോ ലോകത്തായിരുന്നു അവന്‍.,..അവന്‍റെ ഈ തരിപ്പ് മാറ്റാന്‍ ഞാനൊരു വഴി കണ്ടു..അവനെ പ്രേമിപ്പിക്കുക..അതിനൊത്ത ഒരാളെ കിട്ടണമല്ലോ..അവളെ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്.. സനില..ഞങ്ങടെ ക്ലാസ്സില്‍ തന്നെയായിരുന്നു..ഒരു പാവം പെണ്‍കുട്ടി..അവള്‍ ക്ലാസ്സില്‍ ഉണ്ടെന്നു പോലും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല..അവള്‍ടെ കണ്ണുകളില്‍ എപ്പോഴും ഒരു ഭയം ഉണ്ടായിരുന്നു..”ഞാനവളോട് പറഞ്ഞു ”പീറ്ററിന് നിന്നെ ഇഷ്ടമാണ്..മറുപടി നാളെ പറയണം”എന്ന്….എനിക്കൊരു ഒരു വില്ലന്‍ ഇമേജ് ഉണ്ടായതിനാലാവണം,അവള്‍ വല്ലാതെ ഭയന്നു ..”

ഹരി എല്ലാം മനസ്സില്‍ കാണുകയായിരുന്നു..ആ പാവം പെണ്‍കുട്ടിയെ..പീറ്ററിനെ…ആ കോളേജിനെ…

”അവള്‍ രണ്ടു ദിവസം കോളേജില്‍ വന്നില്ല…പിന്നെ വന്നപ്പോള്‍ അവള്‍ ധൈര്യം സംഭരിച്ചു ഞാനും പീറ്ററും ഇരിക്കുന്നിടത്ത്‌ വന്നു അവനോടു പറഞ്ഞു:

”എന്നെ ഉപദ്രവിക്കരുത്…ഞാനൊരു പാവം പെണ്‍കുട്ടിയാണ്…ഒരാളെ സ്നേഹിക്കുമ്പോ ജീവിതാവസാനംവരെ സ്നേഹിക്കണ്ടേ..? നമ്മള്‍…,…നമ്മള്‍…,….രണ്ടു മതമല്ലേ..ഒരിക്കലും ഒന്നിക്കില്ലല്ലോ…എന്തിനാ പിന്നെ വേദനിക്കാന്‍ വേണ്ടി ഇപ്പൊ ഇങ്ങനെ…”

പീറ്റര്‍ അമ്പരന്നു നിന്നു..”നീയെന്താ ഈ പറേന്നെ..?

”അവന്‍ അങ്ങനെ ചോദിച്ചതും ഞാന്‍ പൊട്ടിച്ചിരിച്ചു…പിന്നെ സംഗതി പറഞ്ഞു..രണ്ടു പേരും നന്നായി ചമ്മി…കണ്ടാല്‍ മിണ്ടാതിരുന്ന രണ്ടു പേരും പിന്നെ ചമ്മി നടക്കാന്‍ തുടങ്ങി..പിന്നെ ഞാന്‍ പോലും അറിയാതെ മെല്ലെ അവര്‍ അടുത്തു..അവന്‍റെ അതെ സ്വഭാവം..അവന്‍റെ അതേ രീതികള്‍…..,…അതായിരുന്നു അവള്‍..,..”

പ്രീ ഡിഗ്രി,ഡിഗ്രി എല്ലാം കഴിയവെ ഒരു ദിനം അവള്‍ എന്നോട് പറഞ്ഞു ‘എനിക്ക് പേടിയാകുന്നു മുജീബ്..പീറ്ററിനെ പിരിയേണ്ടി വര്വോ..?എനിക്കത് സഹിക്കാനാവില്ല..പക്ഷെ എന്‍റെ അച്ഛന്‍ ഇതറിഞ്ഞാല്‍…,..എനിക്ക്..എനിക്ക് പേടിയാകുന്നു..ഒന്നും വേണ്ടായിരുന്നു….ഒന്നും.”

അവള്‍ പറഞ്ഞത് തന്നെ സംഭവിച്ചു..അവള്‍ടെ അച്ഛന്‍ പീറ്ററിനെ തേടി വന്നു…ഒരു പാവം മനുഷ്യന്‍ ‘ന്‍റെ മൂത്ത മോളാ സനില,അവളൊരു ക്രിസ്ത്യാനിയുടെ കൂടെ പോയാല്‍,പിന്നെ ഇളേതുങ്ങള്‍ക്ക് വിഷം വാങ്ങിക്കൊടുത്തു ചാകും ഞാന്‍….,ഒരു പൈസ വേണ്ടെന്നും പറഞ്ഞു എന്‍റെ ബന്ധൂന്‍റെ മോന്‍ ഇവളെ കെട്ടാന്‍ വന്നിരിക്കുകയാ..അവനിതെങ്ങാന്‍ അറിഞ്ഞാ..മോനെ നിങ്ങള്‍ ഒരേ വയസ്സാ…വെവ്വേറെ മതക്കാര്‍,ന്‍റെ കുട്ട്യൊരു പാവം പെണ്ണാ..അതിനു സ്നേഹിക്കാനെ അറിയൂ..അതിന്‍റെ ഭാവി നശിപ്പിക്കരുത്…”

”ആ മനുഷ്യന്‍ വിതുമ്പി കരയുകയായിരുന്നു..സനിലയും..എത്ര സ്നേഹിച്ചിട്ടും കാര്യമില്ല, വിധി വേണം എന്ന് ഞാന്‍ അന്ന് മനസ്സിലാക്കി..”

‘ഞാനന്നേ പറഞ്ഞതല്ലേ..ഒന്നും വേണ്ടാന്നു..ഇപ്പൊ..എന്തിനാ…വെറുതേ..കരയാനായി..” അതും പറഞ്ഞു ഏറെ കരഞ്ഞ് അവള്‍ പോയി…

അവളുടെ കല്യാണ രാത്രി അവനെന്നെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു..

”അവളെപ്പോലെ ഇനി ഒരാള്‍ ആവില്ലെടാ…അത്രയ്ക്കും എനിക്കിഷ്ടാ അവളെ..എന്‍റെ സനിലയെ..ന്‍റെ പാവം പെണ്ണാ അവള്‍…”

”അന്ന് പോയതാണ് അവന്‍..,പിന്നെ ഒരു വിവരവുമില്ല..ഇപ്പൊ ദേ,അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ രൂപത്തില്‍…,..അല്ലാഹ്..! ”മുജീബ് വിതുമ്പി…ഹരി വല്ലാതായി..

”സനിലയെ ഒരിക്കല്‍ ഞാന്‍ കണ്ടു..അവളെന്നെ കണ്ടിരുന്നില്ല…അവളാകെ മാറിയിരിക്കുന്നു..

ക്ഷീണിച്ചൊരു പേക്കോലം,..എന്തോ ഒരു മരവിപ്പിലാണ് നടത്തം..

സനിലയുടെ നമ്പര്‍ അവള്‍ടെ ഒരു ബന്ധു വഴി എനിക്ക് കിട്ടിയിരുന്നു..എന്നെങ്കിലും അവനു നല്‍കാമെന്നു ഞാന്‍ കരുതി..എല്ലാം വെറുതെയായല്ലോ…! ”മുജീബ് വല്ലാതെ കരഞ്ഞു…അല്‍പ നേരം കഴിഞ്ഞു അവന്‍ തുടര്‍ന്നു..

”ഹരീ..നിങ്ങള്‍ സനിലയെ വിളിക്കണം,വിവരം പറയണം…എനിക്ക്..എനിക്കിതു പറയാന്‍ ആവില്ല…നിങ്ങള്‍…,.നിങ്ങള്‍ തന്നെ പറയണം..അവന്‍ നാളെ എരിഞ്ഞടങ്ങും മുന്‍പ് അവളൊന്നു കണ്ടോട്ടെ….”

അല്‍പനേരം അവിടെ നിന്നതിനു ശേഷം മുജീബ് പോയി..

 

ഹരി അന്ന് ലീവ് എടുത്തു..ആ പ്രണയം ഓര്‍ത്തു നടന്നു..

വൈകീട്ടായതും ഹരി ഫോണില്‍ സനിലയുടെ നമ്പര്‍ അടിച്ചു..

മറുവശത്ത്‌ റിംഗ് ചെയ്യുന്നുണ്ട്..ഹരിയുടെ തൊണ്ട വരണ്ടു…

എന്ത് പറയണം..?പീറ്റര്‍ മരിച്ചുവെന്നോ..?

അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം..വളരെ പതിഞ്ഞ…ഒരു പ്രതീക്ഷയുമില്ലാത്ത ശബ്ദം.

”ഹലോ”

”സനിലയാണോ..? ‘

‘അതെ…”

ഈശ്വരാ,സനില..പീറ്ററിന്‍റെ സനില..

”നിങ്ങള്‍ ആരാണ്..?”

ഞാനൊരു പാവം പെണ്ണ് എന്ന് പറഞ്ഞ സനില..

”’ഹലോ..”അവളുടെ ശബ്ദം വീണ്ടും..

ഹരി ചെറുതായി പതറി..ഫോണ്‍ കട്ട്‌ ചെയ്തു..

വേണ്ട,അവള്‍ അറിയേണ്ട…അവളുടെ മനസ്സില്‍ പീറ്റര്‍ ഇപ്പോഴും ജീവിച്ചിരിക്കട്ടെ….ഒരു പക്ഷെ എന്നെങ്കിലും അവനെ കണ്ടു മുട്ടുമെന്ന പ്രതീക്ഷയില്‍ ആയിരിക്കും ആ പാവം ഇപ്പോഴും ജീവിക്കുന്നത്..!

അന്ന് രാത്രി ഹരി സുഖമായുറങ്ങി… 

അപ്പോള്‍ അങ്ങകലെ സനില തന്‍റെ ബെഡ്ഡില്‍ മലര്‍ന്നു കിടയ്ക്കുകയായിരുന്നു.

പത്രത്തില്‍ വന്ന അജ്ഞാത ജഡത്തിന്‍റെ ഫോട്ടോ നെഞ്ചോട്‌ ചേര്‍ത്ത്…

അവള്‍ കരഞ്ഞില്ല…

ഒന്നും അറിഞ്ഞില്ല…

കണ്ണ് തുറന്നങ്ങനെ കിടന്നു,

കണ്ണ് തുറന്നങ്ങനെ…

You May Also Like

ഇവരും പുലികളാണ് കേട്ടോ…

മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്കുമുണ്ട് ഒരുപാട് കഴിവുകള്‍. കരയിലും വെള്ളത്തിലും പല പല നമ്പറുകള്‍ കാണിക്കുന്ന ജീവികളുടെ ദൃശ്യങ്ങള്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ യൂടുബില്‍ തരംഗമാകുന്നു .

നാടനും വിദേശിയും ചേർന്ന് പുതിയ അവതാരം

ഇന്ന് സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു ജീവിതം അസഹ്യം ആയ ഒരു അവസ്ഥ ആയി മാറിയിരിക്കുകയാണ്. നമ്മുടെ അഭിപ്രായങ്ങൾ സ്വാതന്ത്ര്യം ആയി

മാനിനെ വെടിവെച്ചയാള്‍ക്ക് കിട്ടിയ പണിയെ … : വീഡിയോ

മാനിനെ വെടിവെച്ച ശേഷം മാനിറച്ചി തിന്നുന്നതും സ്വപ്നം കണ്ടു ചെന്ന മനുഷ്യന് കിട്ടിയൊരു പണിയെ …

സൂര്യ ടിവി സീരിയല്‍ താരം സിനിയെ കള്ളിയാക്കിയ പണി !

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗുലുമാല്‍ എന്നാ ആളെ വട്ടക്കുന്ന പരിപാടി ഇപ്പോള്‍ സെലിബ്രെറ്റികളെ തേടി നടപ്പാണ്