‘പികെ’ എന്തിനാണ് ശ്രീ ശ്രീ രവിശങ്കര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എഴുതിക്കാണിച്ചത് ?

235

01

സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി പികെയുടെ വിജയം ആഘോഷിക്കുകയാണ്. വിവാദം ഡബിള്‍ വിജയം നല്‍കിയ സിനിമയില്‍ പ്രധാനമായും എതിര്‍ക്കപ്പെടുന്ന ഒരു വിഭാഗമാണ്‌ ആള്‍ ദൈവങ്ങള്‍. എന്നിട്ടും എന്തിനാണ് രാജ്കുമാര്‍ ഹിരാനി സിനിമ തുടങ്ങുമ്പോള്‍ ആള്‍ ദൈവമായി എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ശ്രീ ശ്രീ രവിശങ്കര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഓപ്പണിംഗ് സ്ക്രീനില്‍ എഴുതിക്കാണിച്ചത് ?

അതിനു കാരണമായി ഹിരാനി പറയുന്നത് സിനിമ മുഖ്യമായും ഷൂട്ട്‌ ചെയ്തിരിക്കുന്നത് ബെംഗളുരുവിലെ ശ്രീ ശ്രീയുടെ ആര്‍ട്ട്‌ ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ ആശ്രമത്തില്‍ വെച്ചാണ് എന്നത് കൊണ്ടാണ്. കൂടാതെ ശ്രീ ശ്രീയുടെ ആരാധകനായ ഹിരാനി പറയുന്നത് സിനിമ എതിര്‍ക്കുന്നത് ആള്‍ ദൈവങ്ങളിലെ വ്യാജന്മാരെ ആണ് എന്നാണ്. അതായത് ആള്‍ ദൈവങ്ങളില്‍ കണ്ണടച്ച് വിശ്വസിക്കുന്ന ജനങ്ങളെ കളിയാക്കുന്ന സിനിമയുടെ സംവിധായകന്‍ ആള്‍ ദൈവങ്ങളെ രണ്ടായി കാണുവാനാണ് താല്പര്യപ്പെടുന്നത്, ഒരു വിഭാഗം ഒറിജിനലും പിന്നെ ഡ്യൂപ്ലിക്കേറ്റും.

വിഷയത്തിലെ പ്രാധാന്യം മനസ്സിലാക്കി ആശ്രമത്തില്‍ വെച്ച് ഷൂട്ടിംഗ് അനുവദിച്ച രവിശങ്കറിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് സംവിധായകനും നിര്‍മ്മാതാക്കളും പ്രകടിപ്പിച്ചത്.

ഹിരാനി പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെയാണ്, “ഞാന്‍ മത ഗുരുക്കന്മാര്‍ക്ക് എതിരാണെങ്കില്‍ പിന്നെ ഞാനെന്തിനാണ് സിനിമ തുടങ്ങുമ്പോള്‍ ശ്രീ ശ്രീ രവിശങ്കറിനു നന്ദി പറഞ്ഞത് എന്നാണ് ചിലരുടെ ചോദ്യം. ഞാന്‍ എല്ലാ മത ഗുരുക്കന്മാര്‍ക്കും എതിരല്ല എന്നതാണ് എന്റെ ഉത്തരം. വ്യാജ ഗുരുക്കന്മാരോടാണ് എന്റെ എതിര്‍പ്പ്.”

“ശ്രീ ശ്രീ രവിശങ്കര്‍ ഒരു ധീരനായ മനുഷ്യനാണ്. അദ്ദേഹമെനിക്ക് ഷൂട്ട്‌ ചെയ്യാനായി ലൊക്കേഷന്‍ അനുവദിച്ചു, അതും ഇത് ദൈവത്തെ കുറിച്ചും വ്യാജ ആള്‍ ദൈവങ്ങളെ കുറിച്ചുമുള്ള സിനിമ ആണെന്ന് അറിഞ്ഞു കൊണ്ടുതന്നെ. അദ്ദേഹം മതങ്ങളിലെ അല്‍പ്പത്തരങ്ങള്‍ക്ക് മീതെയാണ്. അദ്ദേഹത്തോട് എനിക്ക് ബഹുമാനമാണ് ഉള്ളത്. ഞങ്ങള്‍ അദ്ധേഹത്തെ ഈ സിനിമ ഉടനെ കാണിക്കും ” , ഹിരാനി തുടര്‍ന്നു.

ആമിര്‍ ഖാനും അനുഷ്ക ശര്‍മ്മയും സുശാന്ത് സിംഗ് രാജ്പുത്തും സഞ്ജയ്‌ ദത്തും അഭിനയിച്ച പികെ ഇതിനകം തന്നെ ഇന്ത്യന്‍ സിനിമ മേഖലയില്‍ ലാഭം 300 കോടി നേടി മുന്‍പോട്ട് കുതിക്കുകയാണ്.