പിന്‍ഗാമിയില്‍ നിന്നും രസതന്ത്രത്തിലേയ്ക്കുള്ള 12 വര്‍ഷങ്ങളുടെ കഥ

235

mohanla_sathyan
1994-ലാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ‘പിന്‍ഗാമി’ സംവിധാനം ചെയ്യുന്നത്. എന്നാല്‍, ഇവര്‍ ഇരുവരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുവാന്‍ 12 വര്‍ഷങ്ങള്‍ വേണ്ടി വന്നു. 2006ല്‍ രസതന്ത്രം ആയിരുന്നു ആ ചിത്രം. ഉറ്റസുഹൃത്തുക്കള്‍ ആയിരുന്നിട്ടും എങ്ങനെയാണ് ഇഹ്ട്രയും വലിയ ഒരു ഇടവേള ഉണ്ടായത്? ഒരു അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് ഇതിനുള്ള മറുപടി നല്‍കിയത് അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ നമ്മുക്ക് കേള്‍ക്കാം.

“പിണങ്ങാന്‍ സമ്മതിക്കാത്ത സുഹൃത്താണ് മോഹന്‍ലാല്‍. വെറുതെയല്ല, എന്റെ അനുഭവത്തില്‍നിന്നാണ്പറയുന്നതാണ്. ആദ്യകാലങ്ങളില്‍ ഞാനും ശ്രീനിവാസനും മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെഒരു കുടുംബംപോലെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കഥകള്‍ പരസ്പരം ചര്‍ച്ചചെയ്യും; ജീവിതാനുഭവങ്ങള്‍ പങ്കിടും. മിക്കവാറും എല്ലാ സിനിമകളിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍.

എണ്‍പതുകളുടെ ആദ്യപകുതിയാണ്. ലാല്‍ അന്ന് താരപദവിയിലേക്കെത്തിയിട്ടില്ല. ഒരുദിവസം മദ്രാസിലെ ന്യൂവുഡ്‌ലാന്റ്‌സ് ഹോട്ടലില്‍ ഞാനും ശ്രീനിവാസനും താമസിക്കുന്ന മുറിയില്‍ വെച്ച് ലാലിന്റെ തോളില്‍ കൈയിട്ട് പ്രിയന്‍ പറഞ്ഞു:

”ഇവനൊരു സൂപ്പര്‍സ്റ്റാറായാല്‍ നമ്മള്‍ രക്ഷപ്പെട്ടില്ലേ സത്യാ. പിന്നെ താരത്തിന്റെ ഡേറ്റും റേറ്റുമൊന്നും പ്രശ്‌നമല്ലല്ലോ. എപ്പോവേണമെങ്കിലുംപടം ചെയ്യാം.”

പിന്‍ഗാമി (1994)

നോക്കിനോക്കിയിരിക്കെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി. താരംമാത്രമല്ല; അതിശയിപ്പിക്കുന്നഅഭിനേതാവും. മലയാള സിനിമയുടെ ശ്രദ്ധമുഴുവന്‍ മോഹന്‍ലാല്‍ എന്ന യുവ പ്രതിഭയിലേക്കു തിരിഞ്ഞു. ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാന്‍ എഴുത്തുകാരും സംവിധായകരും മത്സരിച്ചു.

വലിയ നിര്‍മാതാക്കളുടെ സൗഹൃദവലയത്തിനു നടുവിലായി മോഹന്‍ലാല്‍. സ്വാഭാവികമായും ഒരു സ്വാര്‍ഥചിന്ത എന്റെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടാകും. ഞാനാഗ്രഹിക്കുന്ന ദിവസങ്ങള്‍ ഷൂട്ടിങ്ങിനായി നല്‍കാന്‍ ലാലിനു കഴിയാതെവന്നു. ഡേറ്റുകള്‍ പലതും മാറി. എന്റെ സിനിമ എന്ന് തുടങ്ങുമെന്ന് എനിക്കുപോലും പറയാന്‍ പറ്റാത്ത അവസ്ഥ. ഞാന്‍ ശ്രീനിവാസനോടു പറഞ്ഞു

”നമുക്ക് മോഹന്‍ലാല്‍ ഇല്ലാത്ത കഥകള്‍ ആലോചിക്കാം”

നിശ്ശബ്ദമായ ഒരു പിന്‍വാങ്ങലായിരുന്നു.അത്. സൗഹൃദം ഒരു ശല്യമായി മാറാന്‍ പാടില്ലല്ലോ. ഡേറ്റുചോദിച്ച് ലാലിനെ ബുദ്ധിമുട്ടിക്കണ്ട എന്നങ്ങു തീരുമാനിച്ചു.

മോഹന്‍ലാല്‍ അഭിനയിക്കേണ്ട വേഷങ്ങള്‍ മറ്റൊരു നടനെവെച്ച് പരീക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. അത് ആത്മഹത്യാപരമാകും എന്ന് അറിയാമായിരുന്നു. കാരണം മോഹന്‍ലാലിനു പകരം മറ്റൊരാളില്ല എന്ന് ആ സൗന്ദര്യപ്പിണക്കത്തിനിടയിലും എനിക്ക് ബോധ്യമുണ്ടായിരുന്നു.
തലയണമന്ത്രം, സന്ദേശം, സസ്‌നേഹം, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി അങ്ങനെ വ്യത്യസ്തമായ പലസിനിമകളും ഉണ്ടായത് ആ മാറ്റത്തില്‍ നിന്നാണ്. അവയൊക്കെ വലിയ വിജയമായതോടെ മനസ്സിലെ പരിഭവവും പിണക്കവുമൊക്കെ തനിയെ മാഞ്ഞുപോയി. പക്ഷേ, സിനിമകള്‍ മാത്രം ഒന്നിച്ചു ചെയ്തില്ല.

ഇരുവര്‍

ആയിടയ്ക്കാണ് മണിരത്‌നത്തിന്റെ ‘ഇരുവര്‍’ റിലീസ്‌ചെയ്യുന്നത്. തൃശ്ശൂരിലെ തിയേറ്ററില്‍ പടം കണ്ട് പുറത്തിറങ്ങിയ എനിക്ക് മോഹന്‍ലാലുമായി ഉടനെ സംസാരിക്കണമെന്ന് തോന്നി. സൂക്ഷ്മാഭിനയത്തിന്റെ സൗന്ദര്യംകണ്ട് ഞാനാകെ അതിശയിച്ചുപോയിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ പറഞ്ഞു: ”വീട്ടിലെത്തിയിട്ടു വിളിക്കാം”
തൃശ്ശൂരില്‍നിന്ന് അന്തിക്കാട്ടേക്ക് അരമണിക്കൂറിന്റെ ദൂരമുണ്ട്. അത്രയും കാത്തിരിക്കാനെനിക്കു ക്ഷമയില്ല. ടൗണില്‍ ഒരു STD ബൂത്ത് കണ്ടുപിടിച്ച് ഞാനാദ്യം ശ്രീനിവാസനെ വിളിച്ചു. ശ്രീനി അന്ന് ഗോവയില്‍ പ്രിയദര്‍ശന്റെ ഒരു സിനിമയുടെ ലൊക്കേഷനിലാണ്. ഉറക്കച്ചടവോടെ ശ്രീനിവാസന്‍ ഫോണെടുത്തു.
”എനിക്ക് ലാലിനോടൊന്ന് സംസാരിക്കണം. ഏതു നമ്പറില്‍ വിളിച്ചാലാണ് കിട്ടുക?”
സെക്കന്റ്‌ഷോ കഴിഞ്ഞ സമയമാണെന്നും അര്‍ധരാത്രിയായെന്നും ഞാന്‍ ഓര്‍ത്തില്ല. അടുത്ത മുറിയില്‍ നിന്ന് ലാലിനെ വിളിച്ചുകൊണ്ടുവന്ന് ശ്രീനി ഫോണ്‍ കൊടുത്തു.
”നാളെ രാവിലെ പറഞ്ഞാല്‍ ഇപ്പോഴത്തെ ഈ ആവേശം ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണ് തിയേറ്ററില്‍ നിന്നു പുറത്തിറങ്ങിയ ഉടനെ വിളിക്കുന്നത്”

ഭരത് ഗോപിയോടൊപ്പം രസതന്ത്രത്തില്‍

പാതിരാത്രിയിലെ ആ അഭിനന്ദനം ലാലിനേയും ഒരുപാടു സന്തോഷിപ്പിച്ചുവെന്ന് പിന്നീട് ശ്രീനിവാസന്‍ എന്നോടു പറഞ്ഞു. ഒരുപാടു നാളുകള്‍ക്കുശേഷമായിരുന്നു ഞാനും ലാലും തമ്മില്‍ സംസാരിച്ചത്. പിന്നെ പലയിടത്തുംവെച്ച് കണ്ടു. സൗഹൃദവും പരദൂഷണവും പങ്കിട്ടു. സിനിമാ മാത്രം ചെയ്തില്ല. ഇന്നസെന്റാണ് പറഞ്ഞത് ‘ലാലിനെവെച്ച് പടം ചെയ്യണം’ ഞാനടക്കം പലരും അത് ആഗ്രഹിക്കുന്നുണ്ട് എന്ന്. ആന്റണി പെരുമ്പാവൂരിനോടും ഇന്നസെന്റ് അത് പറഞ്ഞു. ആന്റണിയും ഞാനും തമ്മില്‍ സംസാരിച്ചു. അങ്ങനെ പന്ത്രണ്ട് വര്‍ഷത്തിനുശേഷം ‘രസതന്ത്രം’ എന്ന സിനിമയുടെ സെറ്റില്‍ മോഹന്‍ലാല്‍ വീണ്ടും എന്റെ കഥാപാത്രമായി വന്നു.

പന്ത്രണ്ടുവര്‍ഷത്തെ ഇടവേള എനിക്കും ലാലിനും അനുഭവപ്പെട്ടില്ല എന്നതാണ് സത്യം. ഇന്നലെ ഷൂട്ടിങ് കഴിഞ്ഞ് പിരിഞ്ഞതേയുള്ളൂ എന്നാണ് തോന്നിയത്. ഞാന്‍ ഇടയ്‌െക്കാന്നു പിണങ്ങിയത് ലാല്‍ അറിഞ്ഞതേയില്ല. പിന്നീട് പലപ്പോഴും ഞങ്ങള്‍ തമാശയോടെ ചിന്തിച്ചിട്ടുണ്ട്.
”എന്തിനായിരുന്നു ഇത്ര വലിയൊരു ഗ്യാപ്പ്?”

”എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്ന ശ്രീനിവാസവാക്യം തന്നെയാണ് അതിനുള്ള ഉത്തരം.”

Advertisements