പിരിവിനെത്തുന്നവരെ തല്ലിയോടിക്കും പ്രവാസികള്‍ !!

389

തമ്പ്രാക്കന്മാര്‍ എഴുന്നള്ളത്ത് തുടങ്ങിയിരിക്കുന്നു. ഇക്കാമ പുതുക്കാന്‍ വെച്ചതും പെങ്ങളുടെ കല്ല്യാണത്തിനു സ്വര്‍ണ്ണം വാങ്ങാന്‍ ഒരുക്കു കൂട്ടിയതും
പുരപ്പണിക്ക് എടുത്ത ബാങ്ക് ലോണ്‍ അടക്കാനുള്ളതും കൂട്ടുകാരന്റെ കൈയില്‍ നിന്നും കടം വാങ്ങിയതും ഓവര്‍ടൈം എടുത്തതും കാറ് കഴുകി ഉണ്ടാക്കിയതും അങ്ങനെയുണ്ടാക്കിയതും ഇങ്ങനെയുണ്ടാക്കിയതും ഒക്കെ ഇങ്ങ് പോരട്ടെ.

നമ്മുടെ കണ്ണില്‍ ഉണ്ണികളായ കണ്‍ കാണാത്ത രാഷ്ട്രീയ ദൈവങ്ങള്‍ ഓരോന്നോരോന്നായി എഴുന്നള്ളത്ത് തുടങ്ങിയിരിക്കുന്നു. മേല്പ്പറഞ്ഞെതെല്ലാം അവന്മാരുടെ അണ്ണാക്കിലേക്ക് ആഞ്ഞാഞ്ഞ് കുത്തിക്കയറ്റ്..! മറക്കരുത്.. അവന്റെ മേദസ്സ് നിറഞ്ഞ ചീര്‍ത്ത പള്ള നിറയെ ബിരിയാണിയും ഒപ്പം നാലഞ്ചു പെട്ടി ഗിഫ്റ്റുകള്‍ കുത്തിനിറച്ചതും സമ്മാനിക്കണം.

നാട്ടില്‍ ചെന്നാല്‍ ഇവമ്മാരെക്കൊണ്ടൊക്കെ ഉപകാരമുണ്ടാവുമെന്ന മൗഡ്യ ചിന്തയില്‍ ഒപ്പം നിന്ന് മൊബൈലിലെങ്കിലും ഓരോ ഫോട്ടോയും തരപ്പെടുത്തണം. ഒരു തെളിവൊക്കെ വേണ്ടേ. അല്ലെങ്കില്‍ പിന്നെ നമുക്ക് തന്നെ ഒരു വിശ്വാസം വന്നില്ലങ്കിലോ.

എന്നിട്ട് അവര്‍ ചവിട്ടിപ്പഴുപ്പിച്ച പെരുംനുണകളും വാഗ്ദാനങ്ങളും തൊണ്ട വിടാതെ വിഴുങ്ങ്. ലേബര്‍ ക്യാമ്പുകളിലെ പത്തും പന്ത്രണ്ടും മാസം ശമ്പളം കിട്ടാതെ പട്ടിണിയും പരിവെട്ടവുമായിക്കഴിയുന്ന പ്രവാസികളുടെ കഷ്ടപ്പാടും ദയനീയതയും അവര്‍ റീജെന്‍സിയിലെയും ഒബ്രോയിലേയും സ്യൂട്ടുകളില്‍ ഇരുന്ന് കോഴിക്കാലു കടിച്ച് പറിച്ച് ചങ്കു പൊട്ടിപ്പറയുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥതയില്‍ പറ്റുമെങ്കില്‍ ഒരുമ്മ കൊടുക്ക്!

എന്നിട്ട് അവന്റെ ആസനം താങ്ങി വിമാനം കയറ്റി അയച്ച് നീ വാ പ്രവാസീ..

നമുക്ക് ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും ബ്ലോഗ്ഗിലുമൊക്കെ ഇരുന്ന് പരസ്പരം കടിച്ച് കീറാം. നേതാക്കന്മാരെ തെറിവിളിക്കാം. ഫോട്ടോഷോപ്പില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പരസ്പരം പരിഹസിച്ച് പോസ്റ്റുകളിടാം. ഷെയര്‍ ചെയ്ത് നാടൊട്ടുക്ക് നാറ്റിക്കാം.

അല്ലെങ്കിലും തിരിച്ചൊന്ന് ചോദിക്കാന്‍ എല്ലില്ലാത്ത ഉളുമ്പന്മാരാണല്ലോ അണികള്‍. പ്രവാസം ഊരി വെപ്പിച്ച നട്ടെല്ലില്ലാത്ത വര്‍ഗ്ഗം പ്രവാസികളും!

ത്‌ഫൂ !!!!

Comments are closed.