പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 14) – ബൈജു ജോര്‍ജ്ജ്

284

Untitled-1

എന്റെ സുഹ്രത്തുക്കള്‍ക്കും .. ജീവനക്കാര്‍ക്കും ..; ആകെ അത്ഭുതമായിരുന്നു ..; എല്ലാം അവസാനിപ്പിച്ച് ഞാന്‍ നാട്ടിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ .., ആരോടും ഒന്നുംതന്നെ ഞാന്‍ പറഞ്ഞില്ല .., ചില സാങ്കേതിക കാരണങ്ങള്‍ അത്രമാത്രം …!

എന്റെ കമ്പനിയും .., സാധന സാമഗ്രികളും .., വണ്ടികളും .., ഒരു നിശ്ചിത വിലയിട്ട് .., ഞാന്‍ എന്റെ ഒരു സുഹൃത്തിന് വിറ്റു ..!, തരക്കേടില്ലാത്ത ഒരു തുക …, ഞാന്‍ പ്രതീക്ഷിച്ചതിലും അധികം എനിക്ക് ലഭിച്ചു .., അങ്ങിനെ എല്ലാം അവസാനിച്ചു … ,, അവസാനിപ്പിച്ചു ..!

ആ …, രാത്രി .., കട്ടിലില്‍ ചുരുണ്ടുകൂടി കിടക്കുമ്പോള്‍ ..,ഞാന്‍ ചിന്തിച്ചു ..; ഈ മുറിയിലെ എന്റെ അവസാന രാത്രിയാണല്ലോ …; ഇതെന്ന് …!, ഈ വാസസ്ഥലവുമായി ഇഴപിരിക്കാനാകാത്ത ബന്ധമായിരുന്നു .., എനിക്കുണ്ടായിരുന്നത് .., ഇതെന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു …, എന്റെ എത്രയോ നിശ്വാസങ്ങളും .., നെടുവീര്‍പ്പുകളും .., ഉതിര്‍ന്നു വീണിരിക്കുന്ന മുറിയാണിത് ..!, നീണ്ട വര്‍ഷങ്ങളുടെ വാസം .., ഇതിന്റെ ഓരോ മുക്കും മൂലയും .., എനിക്ക് കാണാപാഠമാണ് .

ഓര്‍മ്മകള്‍ പുറകോട്ടോടുന്നു .., അവിടെ നിന്നും .., ഇവിടെ നിന്നും കടം വാങ്ങിയ പണവും .., കൈയ്യിലുള്ള കൊച്ചു സമ്പാദ്യവും .., എല്ലാം ചേര്‍ത്തുകൂട്ടി .., സ്വന്തമായി ഒരു ചെറിയ കമ്പനി തുടങ്ങാനായി .., ഞാന്‍ ആദ്യം വാടകക്ക് എടുത്ത മുറിയാണിത് .., പിന്നെ എന്റെ ജീവിത ഭാഗം തന്നെയായി .., മാറി ..! എന്റെ താഴ്ച്ചകളും …, ഉയര്‍ച്ചകളും .., ദു:ഖങ്ങളും .., സന്തോഷങ്ങളും .., എന്നോട് ചേര്‍ന്ന് നിന്ന് നിശബ്ദമായി അനുഭവിച്ചവള്‍ .., അവളോടും കൂടെ ഞാന്‍ എന്നന്നേക്കുമായി വിടപറയുകയാണ് ..!

”എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന നിന്നോട് ഞാന്‍ വിട ചോദിക്കുകയാണ് .., എന്നന്നേക്കുമായി …!ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര …,,തമ്മില്‍ കാണപ്പെടാത്ത ദിക്കിലേക്കുള്ള ഒരു പറിച്ചു നടല്‍ .., ”!, മനസ്സില്‍ ഞാനെന്റെ വാസസ്ഥലത്തോട് .., നിശബ്ദമായി വിട ചോദിച്ചു …!

”നാളെ …, ഞാന്‍ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാല്‍ .., പഴയ നിന്റെ കുപ്പായത്തിനു മുകളില്‍ .., മറ്റൊരു പുതിയ കുപ്പായം നിനക്കണിയിച്ചു തരും .., അതിനു ശേഷം മറ്റൊരാള്‍ക്ക് നിന്നെ പരിണയിച്ചു കൊടുത്തേക്കാം …..!

പഴമയുടെ മേല്‍ പുതുവസ്ത്രമണിഞ്ഞത് പോലെ .., നിന്റെ ഓര്‍മ്മകളില്‍ നിന്ന് ഞാനും അകന്ന് പോയിക്കൊണ്ടിരിക്കും …, പക്ഷെ .., ഞാനൊരിക്കലും നിന്നെ മറക്കുകയില്ല ..; മരണം വരെ എന്റെ ഓര്‍മ്മകളില്‍ ഗ്രഹാതുരത്വം ഉണര്‍ത്തിക്കൊണ്ട് .., നീ നിറഞ്ഞു നില്‍ക്കും .., നിന്റെ മടിയില്‍ ഇരുട്ടിനെ പുതപ്പാക്കിക്കൊണ്ട് .., ഞാന്‍ ഒളിച്ചു കിടന്നതും …, നിന്റെ മടിത്തട്ടില്‍ ഞാന്‍ കൂട്ടിവെച്ചിരിക്കുന്ന പഴയ ചാക്കുകളുടെയും …, പേപ്പറുകളുടെയും ..; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന മണവും ..; എന്നും എന്റെ മനോമുകുരത്തില്‍ ഉണ്ടായിരിക്കും …, ആ .., നിന്നോട് ഞാന്‍ വിട ചോദിക്കുകയാണ് …!, ഇനി ഒരിക്കലും നിന്നിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത വിധം ..; അഗാധമായ ഗര്‍ത്തത്തിലേക്ക് .., ഞാന്‍ പതിച്ചു കഴിഞ്ഞിരിക്കുന്നു …!

”വര്‍ഷങ്ങള്‍ കഴിഞ്ഞു പോയാലും …, ?, ഞാന്‍ .., മറഞ്ഞു പോയാലും …, നിന്റെ ഓര്‍മ്മകളില്‍ .., ഞാനുണ്ടാകുമോ …?

”പടാ ”…., ഉച്ചത്തില്‍ പാത്രം വീണ ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു …..!’

**********************************************************************************

പിറ്റേന്ന് മുറിപൂട്ടി താക്കോല്‍ ഉടമസ്ഥനെ ഏല്പിച്ചു .., നടക്കുമ്പോള്‍ ഞാന്‍ ഒരിക്കലും തിരിഞ്ഞു നോക്കിയില്ല .., പറിച്ചേറിയുന്ന ആ രംഗത്തിന്റെ വേദന ..; ഇനിയും മനസ്സിന് താങ്ങാനാകില്ല …., സ്‌നേഹ നിര്‍ഭരമായ ഒരു വിടവാങ്ങല്‍ .., ഞാന്‍ തലേദിവസം തന്നെ നടത്തിയല്ലോ .., തിരിഞ്ഞു നോക്കിയാല്‍ …, ആ …, അടഞ്ഞു കിടക്കുന്ന വാതില്‍ എന്നെ തകര്‍ത്തുകളയും എന്നെനിക്കുറപ്പായിരുന്നു .., കമ്പനി സുഹ്രത്തിന് കൈമാറിയപ്പോള്‍ പോലും എനിക്ക് ഇത്ര ദു:ഖമില്ലായിരുന്നു …., എന്നാല്‍ .., ഇത് ….; ഇവിടെ നിന്നാണല്ലോ .., എന്റെ ആരംഭം .!

കൈയ്യിലുള്ള ബാഗ് കഴുത്തില്‍ക്കൂടി തോളിലെക്കിട്ട് .., ഞാന്‍ ധ്രിതിയില്‍ നടന്നു .., ആ ഒരു ചെറിയ ബാഗ് മാത്രമായിരുന്നു എന്റെ കൈയ്യില്‍ ഉണ്ടായിരുന്നത് …, ഞാനാദ്യം .., ഈ നഗരത്തില്‍ കാലുകുത്തിയപ്പോഴും …, ഇത് പോലൊരു ബാഗ് മാത്രമായിരുന്നു എന്റെ കൈയ്യില്‍ ..

അത്യാവശം വസ്ത്രങ്ങളും .. പിന്നെ സര്‍ട്ടിഫിക്കറ്റുകളും .., മെഡിക്കല്‍ റിപ്പോര്‍ട്ടും .., ബാങ്ക് പാസ്ബുക്കും .., മറ്റുമാണ് അതിലുണ്ടായിരുന്നത് …!
ഓട്ടോ ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചപ്പോഴാണ് …, റെയില്‍വേ സ്റ്റേഷന്‍ എത്തിയത് ഞാന്‍ അറിഞ്ഞത് …, വിശാലമായ സ്റ്റേഷനുള്ളില്‍ കടന്ന് .., ഞാന്‍ അവസാനമായി ആ മഹാനഗരത്തെ തിരിഞ്ഞു നോക്കി …, എന്റെ മുന്നില്‍ ബോംബൈ നഗരം അങ്ങിനെ പരന്നു കിടക്കുകയാണ് …!

ഞാന്‍ വന്നപ്പോഴെത്തെതില്‍ നിന്നും വളരെയധികം മാറ്റങ്ങള്‍ ഈ നഗരത്തിനു സംഭവിച്ചിരിക്കുന്നു .., പുതിയ പല കെട്ടിടങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നു .., വാഹനങ്ങളുടെ തിരക്ക് പണ്ടത്തേതിലും പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു …!

ഈ വഴികളിലൂടെ ഇത്രയും നാള്‍ സഞ്ചരിച്ചിരുന്നപ്പോള്‍ …, ഇതൊന്നും ഞാന്‍ കണ്ടിരുന്നില്ലേ .., എന്നെനിക്ക് തോന്നി .., എന്നാല്‍ ആ സമയങ്ങളില്‍ എന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം എന്റെ കാഴ്ച്ചയെ മറച്ചതായിരിക്കാം …, എന്നാല്‍ ഇപ്പോള്‍ ലക്ഷ്യമില്ലാതെ നില്‍ക്കുമ്പോള്‍ …; കാണുന്നതെല്ലാം കൗതുകമുണര്‍ത്തുന്നതായി എനിക്ക് തോന്നി …!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് …, ഇതുപോലൊരു ബാഗും തൂക്കിയാണ് …; ഞാന്‍ ആദ്യമായി ഈ പട്ടണത്തില്‍ വന്നിറങ്ങിയത് ….; എല്ലാം നേടണമെന്നുള്ള വാശിയില്‍ ..; ഒരുപാട് സ്വപ്നങ്ങളും …, പ്രതീക്ഷകളുമായി …, വന്നിറങ്ങിയ നാട് …,പലതും നേടി .. എന്നാല്‍ അവസാനം ഒന്നുമില്ലാത്തവനെപ്പോലെ .., ഒരു മടക്ക യാത്ര …, തന്നതിലധികമായി.., ജീവിതം തന്നെ പ്രതിഫലം കൊടുക്കേണ്ടി വന്ന നാട് .., ഒരു പക്ഷെ .., ഇനി ഒരിക്കലും .., ഈ .., നഗരം കാണാന്‍ ഭാഗ്യമുണ്ടാകില്ല .., ഒരു പക്ഷെ എന്നല്ല …, ഒരിക്കലും .., എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്ന ദിനങ്ങളില്‍ .., ഇനി ഒരു തിരിച്ചു വരവില്ല …!

മനസ്സിന്റെ ഉള്ളില്‍ ഞാന്‍ വെറുക്കുന്ന നഗരം … എന്റെ ജീവിതമാണ് ഇവിടെ ഹോമിക്കപ്പെട്ടത് .. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കാനിഷ്ടപെടാതെ .., ഞാന്‍ അകത്തേക്ക് കയറി …!

”എല്ലാം നേടാനായി ഒരു യാത്ര …, അവസാനം എല്ലാം നഷ്ടപ്പെടുത്തി ഒരു തിരിച്ചു പോക്ക് …!”

രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച് ..; എന്നെയും വഹിച്ചുകൊണ്ട് .., പിറന്ന നാടിനെ ലക്ഷ്യമാക്കി .., ആ .., ട്രെയിന്‍ കുതിച്ചു പായുമ്പോള്‍ ..; അതിനേക്കാളും .., ആയിരം ഇരട്ടി വേഗത്തില്‍ .., എന്റെ മനസ്സ് പലയാവര്‍ത്തി .., എന്റെ വീട്ടിലും .., നാട്ടിലും .., പോയി തിരിച്ചുവന്നു ..!

”എങ്ങിനെ .., എന്റെ ദൈവമേ .., ഞാനിതവരുടെ മുന്നില്‍ അവതരിപ്പിക്കും .., എനിക്കതിനുള്ള ശക്തി തരണമേ …..”’.., ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു ..!

അല്ലെങ്കിലും കുറച്ചു ദിവസങ്ങളായി .., പ്രാര്‍ത്ഥനയിലാണ് ഞാന്‍ അഭയം കണ്ടെത്തിയിരിക്കുന്നത് …, അത് മനസ്സിന് വല്ലാത്തൊരു ആശ്വാസം പകര്‍ന്നു തരുന്നു .., നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം .., ഞാന്‍ ദൈവത്തെ വിളിക്കുന്നത് തന്നെ ഈ അടുത്ത ദിവസങ്ങളില്‍ ആയിരുന്നു ..!, ബാല്യത്തില്‍ പഠിച്ച പ്രാര്‍ഥനകള്‍ എല്ലാംതന്നെ മറവിയുടെ കയങ്ങളിലേക്ക് ആണ്ടുപോയികഴിഞ്ഞിരിക്കുന്നു …, എങ്കിലും പ്രാര്‍ഥിക്കാന്‍ …, എഴുതിവെച്ച വാക്കുകളുടെ ആവശ്യമില്ലല്ലോ …..!

വീടിനെയും നാടിനേയും കുറിച്ച് ഓര്‍ക്കുംബോഴേക്കും .., ഉള്ളിലേക്ക് ഒരു ഭീതി തിക്കിക്കയറുന്നത് പോലെ .., എന്തായിരിക്കും .., വീട്ടുകാരുടെ പ്രതികരണം എന്നാലോചിക്കും തോറും .., ഭയം മനസ്സിലേക്ക് ചേക്കേറുന്നത് ഞാനറിഞ്ഞു ..! ഒരു സുപ്രഭാതത്തില്‍ കടന്നുവരുന്ന മകനെ കാണുമ്പോള്‍ ..;സഹോദരനെ കാണുമ്പോള്‍ അവര്‍ നല്ല രീതീയില്‍ തന്നെയായിരിക്കും .., പ്രതികരിക്കുക .., അവന്‍ ഇനി തിരിച്ചു പോകുന്നില്ല എന്നുകൂടി അറിയുമ്പോള്‍ ..; അവര്‍ കൂടുതല്‍ സന്തോഷിക്കുകയെയുള്ളൂ ….!, എന്നാല്‍ .. അവന്റെ വരവിന്റെ കാരണം അറിയുമ്പോള്‍ …?, എന്തായിരിക്കും അവരുടെ പ്രതികരണം എന്ന് .., എനിക്കൂഹിക്കാന്‍ പോലും കഴിയുന്നില്ല ..!

”കടന്നുപോടാ ….., വീട്ടില്‍ നിന്ന് .., കുടുംബത്തിന് പേരുദോഷം ഉണ്ടാക്കാനായി ജനിച്ച സന്തതി ..; ”.., എന്ന് പറഞ്ഞു ആക്രോശിക്കുമോ ..? അതോ എന്റെ അവസ്ഥയില്‍ മനം നൊന്ത് എന്നെ ആശ്വസിപ്പിക്കുന്നതിന് രണ്ടു കൈയും നീട്ടി സ്വീകരിക്കുമോ ….?, അതു തന്നെയായിരിക്കും ചെയ്യുക എന്ന് എന്റെ മനസ്സ് പറഞ്ഞു …!

പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ച മകനെ …, ഏതമ്മക്കാണ് .., തള്ളിപ്പറയാന്‍ കഴിയുക ..?, ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വന്ന കൂടപ്പിറപ്പിനെ .., ഏത് .., സഹോദരിക്കാണ് ഉള്‍കൊള്ളാന്‍ കഴിയാതാവുക ..?

പ്രഷുബ്ധമായ .., എന്റെ മനസ്സില്‍ ഒരു കുളിര്‍മ്മ കൈവന്നു ….!, ഏതായാലും ഒന്ന് ഞാന്‍ തീരുമാനിച്ചുറച്ചു .., എന്തു വന്നാലും ചെന്ന ഉടനെ തന്നെ എന്റെ വരവിന്റെ കാരണം അവരെ അറിയിക്കേണ്ട …, സാവധാനം പറഞ്ഞ് മനസ്സിലാക്കുകയാണ് നല്ലത് എന്നെനിക്ക് തോന്നി …!, അതിനായി ഞാന്‍ നാട്ടില്‍ ചികിത്സക്കായി .., സമീപിക്കുന്ന ഡോക്ടര്‍ മുഖേനയോ ..?, അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം …; ഈ രോഗത്തെക്കുറിച്ച് ആധികാരികമായി വിശദീകരിക്കുവാനും .., മനസ്സിലാക്കിപ്പിക്കാനും .., കഴിവുള്ള ഒരു കൌണ്‍സിലര്‍ മുഖേനെയോ …, അവതരിപ്പിക്കുകയായിരിക്കും ഉചിതം .., കാരണം അവര്‍ക്ക് ഈ പ്രശനം വളരെ നല്ല രീതിയില്‍ത്തന്നെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുവാന്‍ സാധിക്കും …!

ആരെയും അറിയിക്കാതെ കഴിക്കാം എന്നുവെച്ചാല്‍ അതു വളരെ ദു:സ്സഹമായിരിക്കുകയെ ഉള്ളൂ ..!എപ്പോഴെങ്കിലും ഒരിക്കല്‍ അവര്‍ അറിയുക തന്നെ ചെയ്യും .., അപ്പോള്‍ ഉണ്ടാകാവുന്ന ഒരു പൊട്ടിത്തെറിയെ .., ഇപ്പോഴെ ബുദ്ധിപൂര്‍വ്വം ലഘൂകരിക്കുകയാണ് .., വേണ്ടത് ..; കൂടാതെ .., ഇനി എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ..; വീട്ടുകാരുടെ പൂര്‍ണ്ണമായ പിന്തുണയും … , സഹകരണവും ഇല്ലാതെ തരമില്ല …, എന്റെ മനസ്സിനെയും .., ശരീരത്തെയും ആശ്വസിപ്പിക്കാനും ..; ശുശ്രൂഷിക്കാനും …, ഇനി അവര്‍ മാത്രമേയുള്ളൂ …!

ചിന്തകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ട്രെയിന്‍ അതിന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു .., പതുക്കെ .., പതുക്കെ .., ആരംഭിച്ച് .., വേഗത്തില്‍ .., വളരെ വേഗത്തില്‍ .., എല്ലാത്തിനെയും തട്ടിതകര്‍ക്കുവാനുള്ള കരുത്തോടെ ..; വന്യമായി മുരണ്ടുകൊണ്ട് ..; അത് കുതിച്ചു പായുകയാണ് .., മുന്നോട്ട് പൊകുന്നതിനനുസ്രതമായി …, പുറത്തുള്ള കാഴ്ചകള്‍ അതിവേഗം പിന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു ….!

ട്രെയിനിന്റെ .., ആ പാച്ചില്‍ പോലെയാണ് എന്റേതും …, എന്നെനിക്കപ്പോള്‍ തോന്നി .., ഞാനും ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് .., ഈ തീവണ്ടിക്ക് ഒരു മടക്ക യാത്രയുണ്ട് …; എന്നാല്‍ എനിക്കതില്ല .., എന്റെ അവസാന സ്റ്റോപ്പില്‍ നിന്ന് എനിക്കൊരു തിരുച്ചുവരവ് സാദ്ധ്യമല്ല , അതോടെ എല്ലാം തീരുകയാണ് .., ഈ ലോകത്തിലെ ബന്ധങ്ങള്‍ .., സുഖങ്ങള്‍ .., ദു:ഖങ്ങള്‍ ..; എല്ലാം തന്നെ ..;അടുത്ത യാത്ര എവിടെ നിന്ന് ആരംഭിക്കുമെന്നൊ .., അത് എങ്ങിനെയായിരിക്കുമെന്നൊ …, മനുഷ്യര്‍ക്കോ …, എന്തിന് …?ജീവന്റെ തുടിപ്പുള്ള ചരാചരങ്ങള്‍ക്കോ .., അജ്ഞാതം …, അതിനെ ക്കുറിച്ച് അറിവുള്ളവന്‍ ഒരേ .., ഒരാള്‍ മാത്രം .., എന്റെ മിഴികള്‍ പതുക്കെ മുകളിലേക്കുയര്‍ന്നു …!

നീണ്ട പന്ത്രണ്ടു വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷമുള്ള മടക്കയാത്ര .., ആരോടും പറയാതെ .., നാടുവിട്ട് പോന്നതിനുശേഷം …., ഒരു ദശാബ്ദത്തിനുമേല്‍ കടന്നു പോയിരിക്കുന്നു …., എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു .., ഈ കാലയളവില്‍ എന്തെന്തു മാറ്റങ്ങളാണ് സംഭവിച്ചു കഴിഞ്ഞത് ….!

നാടുവിട്ട് വന്നതിനു ശേഷം കുറെ കഴിഞ്ഞാണ് .., വീട്ടിലേക്ക് ഒരു കത്ത് അയക്കുന്നത് തന്നെ .., അതിന്റെ മറുപടി ലഭിച്ചപ്പോള്‍ …; ഞാന്‍ ശരിക്കും കരഞ്ഞുപോയി .., സത്യത്തില്‍ ഞാന്‍ ജീവനോടെയിരിക്കുന്ന കാര്യം .., എന്റെ കത്ത് ലഭിച്ചപ്പോഴായിരുന്നു അവര്‍ അറിഞ്ഞത് തന്നെ .., ഒരുപാട് പരിഭവങ്ങളുടെയും .., പരാതികളുടെയും ഉള്ളടക്കമായിരുന്നു അതില്‍ .., അവര്‍ അനുഭവിച്ച വേദനകളുടെയും .., യാതനകളുടെയും …, നീണ്ട രോദനങ്ങള്‍ ..!

എന്നാല്‍ പിന്നീടിങ്ങോട്ട് വന്ന എഴുത്തുകളുടെ തുടര്‍ച്ചയില്‍ ആ പരിഭവങ്ങളുടെ എണ്ണം കുറഞ്ഞു .., കുറഞ്ഞു വന്നു .., അതിനു കാരണമായിതീര്‍ന്നത് ..; എന്റെ മാസം തോറുമുള്ള മണിഓര്ഡ്‌റുകള്‍ .., ആയിരുന്നു …!, ഈ നീണ്ട കാലയളവിനുള്ളില്‍ .., ,വീട് പുതുക്കി പണിതും .., സഹോദരിയുടെ വിവാഹവും …, എല്ലാം എന്റെ കഠിന അദ്ധ്വാനം കൊണ്ട് ഞാന്‍ നേടിയെടുത്തു ..!

അമ്മയും …, സഹോദരിയും കരഞ്ഞു പറഞ്ഞിട്ടും അവളുടെ വിവാഹത്തിന് ഞാന്‍ പോകാതിരുന്നത് ഒരു നല്ല തിരിച്ചുവരവ് സ്വപ്നം കണ്ടാണ് ..; എല്ലാ ബാദ്ധ്യതകളും നിറവേറ്റി .., കൈ നിറയെ പണവുമായി ഒരു രാജകീയ തിരിച്ചു വരവ് ….; എല്ലാം നടത്തി .., പക്ഷെ വിധിയുടെ തീരുമാനം മറിച്ചായിരുന്നു .., സ്വന്തം ജീവിതം നഷ്ടപ്പെടുത്തി കൊണ്ടുള്ള ഒരു തിരിച്ചുവരവിനാണ് അത് കളമൊരുക്കിയത് ..!

ബോംബൈയില്‍ .., ആദ്യം കഷ്ടപാടിന്റെയും …., പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിന്റെയും ..,കുറെ നാളുകള്‍ അവസാനം നല്ല രീതിയില്‍ ഉയര്‍ന്നു വരുമ്പോഴേക്കും വര്‍ഷങ്ങള്‍ കുറെ കടന്നുപോയി .., സമ്പാദിക്കാനുള്ള വാശിയില്‍ നാട്ടിലേക്കുള്ള തിരിച്ചുവരവും നീണ്ടു .., നീണ്ടു പോയി , പിന്നെ പണത്തിന്റെയും .., വഴിവിട്ട സുഖലോലുപതയുടെയും നാളുകള്‍ .., അവസാനം .., ഒരു തിരിച്ചു വരവിനായി ഒരുങ്ങിയപ്പോഴേക്കും ..; ജീവിതം കൈമോശം വന്നിരുന്നു
ഏറ്റവും വലിയവനായി .., എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് .., നാട്ടിലേക്കുള്ള എന്റെ വരവ് ഒരു മഹാസംഭാവമാക്കിത്തീര്‍ക്കണം .., എന്നു വിചാരിച്ചിരുന്ന ഞാന്‍ …, വിധിയുടെ വിളയാട്ടത്തില്‍ …; എന്നൊരു പക്ഷെ പറയാന്‍ കഴിയില്ല …; ,ഞാന്‍ വരുത്തിവെച്ച വിനയുടെ വിളയാട്ടത്തില്‍ ..; ഒന്നും ആയിത്തീരാതെ ..; കഠിനമായ ഭാരവും പേറി .., ഒരു മടക്കയാത്ര …!

മനസ്സിനുള്ളില്‍ കൂട്ടലുകളും .., കിഴിക്കലുകളും …, അതിന്റെ മുറക്ക് നടന്നു കൊണ്ടിരുന്നു .., പല .., പല .., തീരുമാനങ്ങള്‍ എടുക്കുകയും .., എന്നാല്‍ അടുത്ത നിമിഷത്തില്‍ തന്നെ അവയെ ഒഴിവാക്കുകയും ചെയിതു ..!

എന്റെ ചിന്തകള്‍ .., കണക്കെ വേഗത്തില്‍ ….; ട്രെയിന്‍ അതിന്റെ വഴിത്താരയിലൂടെ .., അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നു ..1

ശക്തിയായി തണുത്ത കാറ്റ് മുഖത്തടിക്കാന്‍ തുടങ്ങിയപ്പോള്‍ .., ഞാന്‍ ജനാല വലിച്ച് താഴേക്കിട്ടു .., ആ നിമിഷം തന്നെ ..; മറ്റൊരു നടുക്കുന്ന സത്യം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു ..!

എന്റെ രോഗ പ്രതിരോധ ശേഷി വളരെ ദുര്‍ബ്ബലമാണ് …, ഇതു രോഗത്തിനും .., എന്റെ ശരീരത്തെ യാതൊരു ബുദ്ധിമുട്ടും കൂടാതെ കീഴടക്കാന്‍ കഴിയുമെന്ന പരമാര്‍ത്ഥം …, അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം വേണം ഇനി മുന്നോട്ട് നീങ്ങുവാന്‍ ..!

എന്നാല്‍ ഉടന്‍ തന്നെ അതിനെ ഖണ്ഡിച്ചുകൊണ്ട് മനസ്സില്‍ ഒരു മറുചോദ്യം ഉയര്‍ന്നു ..!

ഇത്ര പെട്ടെന്നു തന്നെ എന്റെ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുമോ ..?

അതിനുള്ള ഉത്തരവും അവിടെ നിന്ന് തന്നെ ഉണ്ടായിരുന്നു .., ”രോഗം സ്ഥിതീകരിച്ചത് മുതല്‍ നീ രോഗിയാണ് …”!, അതിനാല്‍ എല്ലാ കാര്യങ്ങളിലും ഒരു പ്രത്യേക ശ്രദ്ധ .., തീര്‍ച്ചയായും ആവശ്യമാണ് ..!

കാറ്റിന്റെ ശല്യത്തെ ഒഴിവാക്കി …, ഞാനെന്റെ സീറ്റ് നിവര്‍ത്തിയിട്ടു …; കൈയ്യിലുള്ള ബാഗ് എടുത്ത് തലഭാഗത്ത് വെച്ച് .., നീണ്ട് നിവര്‍ന്നു കിടന്നു ..!

ഏതോ സ്റ്റേഷനില്‍ നിറുത്തി …., ട്രെയിന്‍ വീണ്ടും വേഗം പ്രാപിച്ചു തുടങ്ങിയിരുന്നു ..!

കലുഷിതമായ മനസ്സിനെ അതിന്റെ വഴിക്ക് മേയാന്‍ വിട്ട് .., ഞാന്‍ നിദ്രക്കായി കണ്ണുകള്‍ ഇറുക്കിയടച്ചു ..!, ട്രെയിനിന്റെ ഉച്ചത്തിലുള്ള ശബ്ദം എന്റെ കാതുകളില്‍ നേര്‍ത്തു .., നേര്‍ത്തു .., വന്നുകൊണ്ടിരുന്നു …!

വീട്ടിലേക്കുള്ള യാത്രയില്‍ ഞാന്‍ അത്ഭുതപെട്ടു പോയി …., എന്തെല്ലാം മാറ്റങ്ങള്‍ ..?, വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു തിരിച്ചുവരവ് .., ഓര്‍മ്മയില്‍ ഉണ്ടായിരുന്ന പലതും അപ്രതക്ഷ്യമായിരിക്കുന്നു …,പുതിയ .., പുതിയ….., വീഥികള്‍ .., വലിയ കെട്ടിടങ്ങള്‍ .., ആകെയൊരു മാറ്റം …., എന്റെ ഗ്രാമവും .., വളര്‍ച്ചയുടെ പടവുകളിലായിരിക്കുന്നു …!

വീട്ടിലേക്കുള്ള വഴി ….വീതിക്കൂട്ടി ടാര്‍ ചെയിതിരിക്കുന്നു ..,,വഴിയുടെ ഇരുവശത്തും ഇടതിങ്ങി…, പുതിയ ..പുതിയ .., വീടുകള്‍ .., ഞാന്‍ പോകുമ്പോള്‍ …, ആകെ രണ്ടു മൂന്നു വീടുകള്‍ മാത്രം ഉണ്ടായിരുന്ന .., സ്ഥാനത്താണിത് .., എന്തിന് .., എന്റെ വീട് തന്നെ .., ആദ്യം എനിക്ക് തിരിച്ചറിയുവാന്‍ …, കഴിഞ്ഞില്ല .., അത്രയും വലിയൊരു മാറ്റമായിരുന്നൂവത് .., ചെറ്റകുടിലിന്റെ സ്ഥാനത്ത് …, ഒരു ഇരുനില കെട്ടിടം …, അഭിമാനം …, വാനോളം ഉയരേണ്ട നിമിഷം …..!; എന്റെ പണം കൊണ്ട് ഞാന്‍ കെട്ടിപൊക്കിയ വീട് …..! പക്ഷെ .., മനസ്സ് നിര്‍ജ്ജീവമായിരുന്നു …!

ഞാന്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി .., എന്റെ ശരീരം പ്രകമ്പനം കൊള്ളാനാരംഭിച്ചു .., ഉല്‍കണ്ഠകുലമായ നിമിഷങ്ങള്‍ …., നിമിഷങ്ങള്‍ക്ക് .., യുഗങ്ങളുടെ നീളമുണ്ടെന്നിനിക്ക് തോന്നി .., !

വാതില്‍ തുറക്കുന്ന ശബ്ദം .., എന്റെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിലായിക്കഴിഞ്ഞിരുന്നു .., ശരീരത്തിലെ രക്തപ്രവാഹം ഉയര്‍ന്നു .., കൈകാലുകള്‍ വിറകൊള്ളുന്നു .., ആകാംക്ഷകൊണ്ട് ശരീരത്തിന്റെ ഭാരമെല്ലാം .., എങ്ങോ പോയി മറഞ്ഞപോലെ .., അപ്പൂപ്പന്താടിയുടെ ലാഘവത്വം .., ശരീരത്തിന് …!

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച്ച …, ആരാവും കതകു തുറക്കുക …?, അമ്മ …, സഹോദരി .., മറ്റൊരാള്‍ …?, ഹൃദയം വിങ്ങുന്നു …, ദാഹം അധികരിച്ച് തൊണ്ട വരളുന്നത് പോലെ .. എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി .., തളര്‍ന്നു വീഴാതിരിക്കാനായി …, ഞാന്‍ കൈകള്‍ കൊണ്ട് ഭിത്തി ചാരി …; കതകു തുറക്കപ്പെടുന്നതിനായി .., കാത്തുനിന്നു ….!

വാതില്‍ തുറന്നുവന്ന ആ മുഖത്തേക്ക് ..; ഒരു നിമിഷം എന്റെ കണ്ണുകള്‍ തറഞ്ഞു നിന്നു ..!

”അമ്മ ..”! , എന്റെ ചുണ്ടുകള്‍ പതുക്കെ മന്ത്രിച്ചു …!, കാലം അവരില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു ….!, ഒന്നുകൂടി തടിച്ചിരിക്കുന്നു .., പ്രായത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിനരകള്‍ …, മുഖത്തിന് ഒരാഡത്വം നല്‍കിയിരിക്കുന്നു …!

ഒരു നിമിഷം അവര്‍ എന്റെ മുഖത്തേക്ക് .., സൂക്ഷിച്ചു നോക്കുന്നത് ഞാന്‍ കണ്ടു ..!, ഒരു ഞെട്ടല്‍ .., ഒരു പകപ്പ് .., ഒരാശ്ചര്യം .., അതിനു തുടര്‍ച്ചയായി പല ഭാവങ്ങള്‍ ആ മുഖത്ത് മിന്നി മറഞ്ഞു …, അടുത്ത നിമിഷം …” എന്റെ മോനേന്നു ….”, അലറി വിളിച്ചു കൊണ്ട് അവര്‍ എന്റെ മാറിലേക്ക് വീണു .., നീണ്ട പന്ത്രണ്ടു വര്‍ഷത്തെ ദൂരം .., ഒറ്റ നിമിഷത്തിലെക്കൊതുങ്ങി …!

ഉറക്കെ കരയുകയായിരുന്നു എന്റ അമ്മ ..!.., എന്നെ കെട്ടിപ്പിടിച്ച് .., മുത്തങ്ങള്‍ കൊണ്ട് എന്റെ മുഖം മൂടി …!, ആ ചുംബനങ്ങളില്‍ കൂടി മാത്രസ്‌നേഹത്തിന്റെ ഒടുങ്ങാത്ത ധാര എന്നിലേക്ക് പ്രവഹിക്കുന്നത് .., ഞാനറിഞ്ഞു .. അത് എന്റെ സിരകളിലൂടെ .., എന്റെ ആത്മാവിലേക്ക് പടര്‍ന്നു കയറുകയായിരുന്നു …!

ഞാനും അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു …, രക്തം .., രക്തത്തെ തൊട്ടറിയുന്ന നിമിഷം .., സ്‌നേഹം …, സ്‌നേഹത്തെ .., തിരിച്ചറിയുന്ന നിമിഷം .., ആ പുത്രസമാഗമത്തില്‍ .., മാത്രസ്‌നേഹം .., അണപൊട്ടി ഒഴുകുകയായിരുന്നു ….!

കരച്ചിലിനിടയിലും .., അമ്മയുടെ സ്‌നേഹ ജല്‍പനങ്ങള്‍ ഇടമുറിഞ്ഞ് പുറത്തേക്ക് വന്നുകൊണ്ടിരുന്നു ….!

”എന്തോരം നാളായി മോനെ …, അമ്മ നിന്നെ കണ്ടിട്ട് …?, ഇപ്പോഴെങ്കിലും നിനക്ക് വരാന്‍ തോന്നിയല്ലോ …?, ഈ അമ്മ നിന്നെയോര്‍ത്ത് .., എന്തോരം കരഞ്ഞിരിക്കുന്നു …!, ഒന്ന് കാണാനായി എന്തോരം കൊതിച്ചിരിക്കുന്നു …., ഏതായാലും അവസാനം നീ വന്നല്ലോ …!…, എന്റെ കണ്ണുകള്‍ അടയുന്നതിനു മുന്‍പ് …, എനിക്ക് നിന്നെയൊന്ന് കാണാന്‍ കഴിഞ്ഞല്ലോ .., എന്റെ ജന്മം സുക്രതമായി ….”’!

”എടീ .., ജാന്‍സീ …, ആരാ …, വന്നിരിക്കുന്നതെന്ന് .. നോക്കിയേടി …?

അമ്മയുടെ വിളി അവസാനിക്കുന്നതിനു മുന്‍പുതന്നെ ..; ഒരാര്‍ത്തനാധത്തോടെ അവളും എന്റെ മാറിലേക്ക് വീണു കഴിഞ്ഞിരുന്നു …..!, ഞങ്ങള്‍ മൂന്നു പേരും കരഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ….!, ആരു പറയുന്നതും .., ആര്‍ക്കും പൂര്‍ണ്ണമായും .., മനസ്സിലാകുന്നില്ല .., എന്നാലും പറഞ്ഞുകൊണ്ടിരുന്നു …, വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്‌നേഹപ്രകടനമായിരുന്നൂവത് …!, ബന്ധങ്ങളുടെ ഒരു കൂടിച്ചേരലായിരുന്നൂവത് …!

പന്ത്രണ്ടു വര്‍ഷത്തെ .., നീണ്ട ഇടവേളയ്ക്കു ശേഷമുള്ള സമാഗമം … ,, എല്ലാവരിലും ഒരുപാട് മാറ്റങ്ങള്‍ ദൃശ്യമായിരുന്നു …, കാലം വരുത്തിയ മാറ്റങ്ങള്‍ …, ഞാന്‍ പോകുമ്പോള്‍ കണ്ട കൊലുന്നനേയുള്ള കൊച്ചു പെണ്ണല്ല …, ഇവളിപ്പോള്‍ …, ഭര്‍ത്രുമതിയായിരിക്കുന്നു .., രണ്ടു കുട്ടികളുടെ അമ്മയായിരിക്കുന്നു .., ആ ശാരീരിക മാറ്റങ്ങള്‍ ..; അവളില്‍ വളരെ പ്രകടമായിരുന്നു .., അമ്മയും മാറിയിരിക്കുന്നു .., തലയില്‍ പകുതിയിലേറെ വെള്ളിനരകള്‍ …, അവരില്‍ വാര്‍ദ്ധക്യ ലക്ഷണമായി തെളിഞ്ഞു നിന്നിരുന്നു ….!

കണ്ണുനീര്‍ കുറച്ചൊന്നു തൊര്‍ന്നപ്പൊഴാണ് .., കാര്യമറിയാതെ പകച്ചുനില്‍ക്കുന്ന ..ആ രണ്ട് കൊച്ചു കുട്ടികളേയും ..; അവരുടെ പിന്നില്‍ നില്ക്കുന്ന അവളുടെ ഭര്‍ത്താവും .., എന്റെ ശ്രദ്ധയില്‍ പെട്ടത് …!

എന്നെ നോക്കി ചിരിച്ചുകൊണ്ട് സൈമണ്‍ .., അടുത്തേക്ക് വന്നു .., അമ്മയെയും .., സഹോദരിയേയും അടര്‍ത്തിമാറ്റി .., ഞാനും സൈമണിനെ നോക്കി ചിരിച്ചു .., ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും .., നേരിലുള്ള കാഴ്ച്ച .., ആദ്യമായാണ് …!

”കൊള്ളാം .., സുമുഖന്‍ …, ഇവള്‍ക്ക് ചേര്‍ന്നവന്‍ തന്നെ ..,’!, എന്റെ മനസ്സ് മന്ത്രിച്ചു …!

”കല്യാണം കഴിഞ്ഞ് .., അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് .., എനിക്ക് അളിയാ എന്ന് വിളിക്കാനുള്ള ഭാഗ്യം സിദ്ദിച്ചത് ..’!, സൈമണിന്റെ നര്‍മമം കലര്‍ത്തിയുള്ള ആ വാക്കുകള്‍ .., കരച്ചിലുകള്‍ക്കിടയില്‍ കനപ്പെട്ട് നിന്നിരുന്ന .., ആ അന്തരീക്ഷത്തിന് അല്പമൊരു ലാഘവത്വം നല്‍കി …!

ഇത് എന്റെ മനസ്സില്‍ .., സൈമണിനോട് ഒരു പ്രത്യേക അടുപ്പം തോന്നുന്നതിന് കാരണമാക്കി …..!

ഒരാളുടെ സംഭാക്ഷണ ശൈലിയാണല്ലോ .., അയാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതിനുള്ള എളുപ്പവഴി …, ഒരു വാചകം മാത്രം മതി ..; ഒരാളുടെ സ്വഭാവ സവിശേഷതകളെകുറിച്ച് മനസ്സിലാക്കുവാന്‍ ..!

”അതെ എനിക്കും .., അളിയാ എന്ന് വിളിക്കുവാനുള്ള ഭാഗ്യം സിദ്ദിച്ചത് …, മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് …”!, എന്റെ ഈ മറുപടി അവിടെ പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത് ..!

പകച്ചു മാറി നില്‍ക്കുന്ന കുട്ടികളെ ഞാന്‍ അടുത്തേക്ക് വിളിച്ചു ….., പക്ഷെ അവര്‍ മടിച്ചു .., മടിച്ചു .., നില്‍ക്കുകയാണ് ചെയ്തത് …, അവരെ കുറ്റം പറയാന്‍ സാധിക്കുകയില്ല …; കാരണം അവര്‍ .., ആദ്യമായാണല്ലോ .., എന്നെ കാണുന്നത് .., അതിന്റെ ഒരപരിചിതൊത്വം …., അവരുടെ ചലനങ്ങളില്‍ കാണാമായിരുന്നു ..!, ചേച്ചിയാണ് ഈ സമയത്ത് എന്റെ രക്ഷക്കെത്തിയത് ….!

”മക്കളെ .. ഇത് .., നിങ്ങളുടെ …, അങ്കിളാണ് .., ഒരേ …, ഒരു അങ്കിള്‍ .., അങ്കിളിനോട് .., മക്കള്‍ പേരു പറഞ്ഞേ…!”

ഞാനും അവരെ പ്രോത്സാഹിപ്പിച്ചു …, ”പേര് പറയെടാ .., മക്കളെ ….”!

ഞാന്‍ ..,ബാഗ് തുറന്ന് .., രണ്ട് ചോക്കളേറ്റ് എടുത്ത് അവര്‍ക്ക് നേരെ നീട്ടി …, അതവരുടെ സങ്കോചത്തെ കുറച്ചൊക്കെ മാറ്റി .

”പേര് പറഞ്ഞാല്‍ ഇനിയും തരാം ….”!

മടിച്ചു മടിച്ചാണ് ആദ്യത്തെയാള്‍ .. പേര് പറഞ്ഞത് …!

”എന്റെ പേര് …., ജൊസ്റ്റിന്‍ …, ഇവളുടെ പേര് ….,പിന്നോട്ട് നില്‍ക്കുകയായിരുന്ന .., മറ്റവളെ എന്റെ മുന്നിലേക്ക് ഉന്തി തള്ളിക്കൊണ്ട് .., അവന്‍ അവളോട് പറഞ്ഞു ..!

”ടീ …, അങ്കിളിനോട് ..പേര് പറയ് …!”

”മോളുടെ പേര് ..പറയെടാ ….”!,ഞാനും നിര്‍ബന്ധിച്ചു …!

”എന്റെ പേര് …, എന്റെ ..പേര് …,ജോയ്‌സി …, !” , എന്ന് പറഞ്ഞതും .., അവള്‍ ഓടിപ്പോയി അമ്മയുടെ സാരിയില്‍ മുഖം പൂഴ്ത്തിക്കളഞ്ഞതും ഒന്നിച്ചായിരുന്നു …!

”അവള്‍ക്ക് നാണം വന്നു …!”, ചേച്ചിയുടെ കമന്റ് ആയിരുന്നൂവത് …!

ഞങ്ങള്‍ എല്ലാവരും ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്നു …, പ്രകാശം മുറ്റി നില്‍ക്കുന്ന ട്യൂബിന്റെ വെളിച്ചത്തില്‍ …., അമ്മ ..; എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നത് .. ഞാന്‍ ശ്രദ്ധിച്ചു ..!

”എന്തൊരു കോലമാണ് …, മോനെ നിന്റെയിത് ..?, നീയവിടെ ഭക്ഷണമൊന്നും കഴിക്കുന്നില്ലേ …?”, എന്റെ രൂപത്തില്‍ അമ്മക്ക് സങ്കടം തോന്നിക്കാണണം .., ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ …, എങ്കിലും .., അത് കോടിപ്പോയതായി .., എനിക്ക് തോന്നി ..!

”രണ്ട് ദിവസത്തെ ട്രെയിന്‍ യാത്രയല്ലേ …, അമ്മേ .., ക്ഷീണം കാണും …, അത് മാറിക്കൊള്ളും …, ”!, സൈമണാണ് എന്നെ രക്ഷിച്ചത് …!

അമ്മയും .., സഹോദരിയും എന്റെ അരികില്‍ നിന്ന് മാറിയതെയില്ല …, പറഞ്ഞാലും .., പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ കെട്ടഴിക്കുകയായിരുന്നൂ …; അവര്‍ ..!

”എന്താ അമ്മേ …, അളിയന്റെ ഈ വരവ് .., നമ്മുക്ക് അടിച്ചു പോളിക്കെണ്ടേ …, അതിന് എല്ലാവരും ഇങ്ങനെ നിന്നാല്‍ മതിയോ ….!” , സൈമണിന്റെ ഈ നിര്‍ദേശമാണ് .., എല്ലാവരിലും സ്ഥലകാല ബോധം ഉണ്ടാക്കിയത് ..!

” പിന്നേ …വേണ്ടേ …”’!, സഹോദരിയാണ് മറുപടി പറഞ്ഞത് .., ,. എന്റെ മനസ്സ് നിറയെ സന്തോഷം തിരതള്ളുകയായിരുന്നു …സത്യത്തില്‍ എന്നിലെ രോഗാവസ്ഥ .., ഞാന്‍ മറന്നു കഴിഞ്ഞു ..,, എല്ലാവരും ചേര്‍ന്ന് എന്നെ ആനന്ദത്തില്‍ ആറാടിക്കുകയായിരുന്നു …!

വിഭവസമ്രദ്ധമായ സദ്യക്ക് ശേഷം …, ,എല്ലാവരും കൂട്ടുകൂടിയിരുന്നു .., വര്‍ത്തമാനങ്ങള്‍ ..,.പരിഭവങ്ങള്‍ .., വിശേഷങ്ങള്‍ …, കരച്ചിലുകള്‍ …, സ്വാന്തനങ്ങള്‍ .., അങ്ങിനെ നേരം വളര്‍ന്നു ..!

”ദേ .., നോക്കൂ അമ്മേ .., സമയം കുറെയായി …, അവന്‍ ദൂര യാത്ര കഴിഞ്ഞു വന്നതല്ലേ .., ക്ഷീണം കാണും .., നന്നായിട്ടൊന്ന് വിശ്രമിക്കട്ടെ ….!” ,അവസരോചിതമായ സൈമണിന്റെ ആ പെരുമാറ്റം .., എനിക്കും വളരെ നന്നായി തോന്നി …!

”ഞാനെന്റെ മകന്റെയടുത്ത് കുറച്ചു നേരമിരിക്കട്ടെടാ …….”!

”അതൊക്കെ ..,പിന്നെയാകാം .., അമ്മേ …, അവനിപ്പോള്‍ എങ്ങോട്ടും പോകുന്നില്ലല്ലോ ..”!

”എന്നാ ശരി …, മോന്‍ പോയി കിടക്ക് …, നാളെ രാവിലെ മോന് കഴിക്കാന്‍ എന്താണ് അമ്മ ഉണ്ടാക്കേണ്ടത് ….”?

”എന്തായാലും മതി അമ്മേ .., ഇവിടെ നിന്ന് എന്ത് കഴിച്ചാലും അത് അമ്രതുമാതിരിയാണ് ..!”

”അത് അളിയന് ആദ്യം തോന്നുന്നതാ …, കുറച്ചു ദിവസം കഴിയട്ടെ .., ഇപ്പോള്‍ അമ്രതെന്ന് പറഞ്ഞത് അളിയന്‍ തന്നെ തിരുത്തും ..”!

സൈമണിന്റെ ഈ മറുപടി …,ഒരു കൂട്ടചിരിക്ക് വഴിയൊരുക്കി ..!
കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ .., ഞാന്‍ ഏറെ സന്തോഷവാനായിരുന്നു .., ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ .., ഞാനാണെന്ന് എനിക്ക് തോന്നി .., കുറച്ചുകൂടി മുമ്പേ വീട്ടിലേക്ക് വരേണ്ടതായിരുന്നു .., ഈ സ്‌നേഹപരിലാളനങ്ങള്‍ .., വളരെക്കാലം നഷ്ടപെടുത്തികളഞ്ഞതില്‍ …; എനിക്ക് അതിയായ ആത്മനിന്ദ തോന്നി ….!

എന്നാല്‍ അടുത്ത നിമിഷം ..; ആ നടുക്കുന്ന സത്യം എന്നിലേക്ക് തിരിച്ചിറങ്ങി .., ഒറ്റ നിമിഷ നേരം കൊണ്ട് എന്റെ സന്തോഷമെല്ലാം ആവിയായിപ്പോയി ., ആനന്ദത്തിന്റെ കൊടുമുടിയില്‍ നിന്ന് ദുഖത്തിന്റെ താഴ്വരയിലേക്കുള്ള .., എന്റെ ഇറങ്ങിവരവ് വളരെ പെട്ടെന്നായിരുന്നു ..,. സന്തോഷവും .., സമാധാനവും കളിയാടിയിരുന്ന .., ഈ കുടുംബത്തിലേക്ക് .., ഒരു അശിനിപാതമാകുവാനാണോ .., ഞാന്‍ ഇറങ്ങിത്തിരിച്ചത് ..?വലിയൊരു ബോംബുമായാണ് .., ഞാന്‍ വന്നിരിക്കുന്നത് .., അത് പൊട്ടാനായി അധികം താമസമില്ല .., അഹ്ലാദത്തിന്റെ .., ഈ നിമിഷങ്ങള്‍ …, തോരാത്ത കണ്ണീരിന്റെതായി മാറാന്‍ …, ഒരു ഇടിത്തീ ആയി ഞാന്‍ വരണമായിരുന്നുവോ …?

എപ്പോഴാണ് ഞാനിതെല്ലാം ഇവരോട് തുറന്ന് പറയേണ്ടത് …?അതിനുള്ള ശക്തി എനിക്കെവിടെനിന്ന് കിട്ടും …?

അടച്ചിട്ടിരിക്കുന്ന മുറിക്കുള്ളിലിരുന്നു .., ഞാന്‍ മൂകമായി കരഞ്ഞു …, എന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകി .., മുറിയുടെ ഭിത്തിയില്‍ ഫ്രയിം ചെയ്തു വെച്ചിരിക്കുന്ന .., ക്രൂശിത രൂപത്തിന്റെ മുന്നില്‍ നിന്ന് ….; ഞാന്‍ എനിക്ക് ശക്തി തരണമേയെന്ന് കേണു …!

ക്ഷീണമുണ്ടായിട്ടുമും …; ലഭിക്കാത്ത നിദ്രയുടെ .., ദാനത്തിനായി .., ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു .., പക്ഷെ …, ഉറക്കം എന്നില്‍ നിന്നും വളരെയധികം കാതങ്ങള്‍ അകലെയായിരുന്നു …!

”എങ്ങിനെയാണ് .., ഈ രോഗവിവരം.., ഞാനിവടെ അവതരിപ്പിക്കുക ..?അത് എപ്പോള്‍ .., ആരുമൂലം …?, ഇനി എന്റെ ചികിത്സയുടെ മുന്നോട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ..?തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ .., എന്റെ തലക്കുള്ളില്‍ വട്ടമിട്ടു പറക്കാന്‍ ആരംഭിച്ചു …!

മുന്‍പോട്ടുള്ള വഴികള്‍ അടഞ്ഞു പോയിരിക്കുന്നത് പോലെയൊരു സംശയം എനിക്കനുഭവപ്പെട്ടു ..!

എന്തു സന്തോഷത്തിലാണ് .., അമ്മയും .., സഹോദരിയും .., കുടുംബവും ജീവിക്കുന്നതെന്ന് ആലോചിച്ചപ്പോള്‍ മനസ്സിന് കുറെയൊക്കെ ആശ്വാസം തോന്നി .., ഇതെല്ലാം ഞാനയച്ച പണം കൊണ്ടാണല്ലോ എന്നോര്‍ത്തപ്പോള്‍ …, എന്നില്‍ അഭിമാനം വാനോളമുയര്‍ന്നു ..!, എന്റെ അധ്വാനം മൂലം ..; അമ്മക്ക് സമാധാനപൂര്‍ണ്ണമായ ജീവിതമുണ്ടായി …, സഹോദരിക്ക് നല്ലൊരു കുടുംബമുണ്ടായി .., നല്ലൊരു വീടായി .., എല്ലാ സുഖസൌകര്യങ്ങളും .., എല്ലാവര്‍ക്കും നല്‍കുവാന്‍ .., ഞാന്‍ കഷ്ട്ടപ്പെട്ടാലും .., കഴിഞ്ഞല്ലോ …, എന്നോര്‍ത്തപ്പോള്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥമായി ..!

ചിന്തകളുടെ കയത്തിലാണ്ട് കിടന്ന എന്നെ …; നിദ്രാ ദേവി .., രാത്രിയുടെ ഏതോ യാമത്തില്‍ .., അനുഗ്രഹിച്ചു കഴിഞ്ഞു …!

ദിവസങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു .., ഉത്സവത്തിമിര്‍പ്പിന്റെയും .., ആഹ്ലാദത്തിന്റെയും ദിവസങ്ങളായിരുന്നു ..വീട്ടിലെങ്ങും .., എല്ലാവരും എന്റെ അടുക്കല്‍ നിന്ന് അണുവിട നേരം പോലും മാറിയില്ല .., എനിക്കിഷ്ട്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍ അമ്മയും .., സഹോദരിയും ചേര്‍ന്ന് മത്സരിക്കുകയായിരുന്നു ..!.., കുട്ടികള്‍ ആണെങ്കില്‍ മുഴുവന്‍ സമയവും എന്റെ കൂടെത്തന്നെയായിരുന്നു .., നടപ്പും .., ഇരിപ്പും .., കിടപ്പും …, എല്ലാം എന്റെ അരികില്‍ തന്നെ

ബന്ധുക്കളുടെയും .., അയല്‍ പക്കത്തുള്ളവരുടെയും .., സന്ദര്‍ശനത്തിന്റെയും .., പരിചയം പുതുക്കലുകളുടെയും ..ദിവസങ്ങള്‍ ..!, സ്വന്തം പ്രയത്‌നത്താല്‍ .., നാലു കാശ് സമ്പാദിച്ചവന്‍ .., എന്നുള്ള അര്‍ത്ഥത്തില്‍ …, എല്ലാവരുടേയും മുന്നില്‍ ഞാനൊരു മാര്‍ഗ്ഗദര്‍ശ്ശി ആയിരുന്നു ….,മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ കാണുമ്പോള്‍ .., അമ്മയുടേയും .., സഹോദരിയുടെയും മുഖം അഭിമാനം കൊണ്ട് വിടരുമായിരുന്നു …, എന്നാല്‍ ഇതെല്ലാം ക്ഷണ നേരം കൊണ്ട് മാറി മറിയാന്‍ പോകുകയാണെന്ന് .., എനിക്കുമാത്രം അറിയാമായിരുന്നു ..!

മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ പ്രസ്സന്ന ഭാവം നടിച്ചുവെങ്കിലും .., എന്റെ ഉള്ളു നീറുകയായിരുന്നു …, എപ്പോഴും .., ഏകാന്തമായി ഇരിക്കുവാനായി ഞാനാഗ്രഹിച്ചു .., അടച്ചിട്ട മുറിയില്‍ ഞാന്‍ .., നിശബ്ദമായി .., കരഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു ..!

എന്റെ ഈ ഉത്സാഹമില്ലായിമ …, അമ്മയും സഹോദരിയും ശ്രദ്ധിച്ചിരുന്നു …, ഒരു ദിവസം .., അവര്‍ .., എന്നോടിത് ചോദിക്കുകയും ചെയ്തു …!

” നിനക്ക് എന്തുപെറ്റി മോനെ .., എപ്പോഴും ഒരു ഉത്സാഹവുമില്ലാതെ ഇരിക്കുന്നത് …”?

”ഒന്നുമില്ലമ്മേ .., എല്ലാം നിങ്ങള്‍ക്ക് തോന്നുന്നതാ ….”!, ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും .., അവര്‍ വിട്ടില്ല …!

”എന്താണെങ്കിലും .., അമ്മയോടു പറയൂ …, നിനക്ക് അസുഖം എന്തെങ്കിലും …?” , അമ്മ അങ്ങനെ ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി .., അതെന്റെ മുഖത്ത് കാണാതിരിക്കാന്‍ .. ഞാന്‍ പ്രസന്ന ഭാവം വരുത്തിത്തീര്‍ത്തു …!

”എനിക്കൊന്നുമില്ല അമ്മേ ..പത്തു പന്ത്രണ്ടു വര്‍ഷമായില്ലേ ഞാന്‍ എല്ലാവരേയും കണ്ടിട്ട് .., അതിന്റെ ഒരു ചമ്മലാണ് …!” , ആ മറുപടിയില്‍ അവര്‍ വിശ്വസിചെന്ന് എനിക്ക് തോന്നി .., പിന്നീടവരൊന്നും ചോദിച്ചില്ല …!

രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ അമ്മയോട് പറഞ്ഞു ..!

” ഞാനിനി ബോംബൈയിലേക്ക് പോകുന്നില്ല അമ്മേ …!, ഇവിടെ എവിടെയെങ്കിലും ഒരു ചെറിയ ബിസിനെസ്സ് തുടങ്ങണമെന്നാണ് ആലോചിക്കുന്നത് …!”

എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ .., അവര്‍ക്കുണ്ടായ സന്തോഷം വര്‍ണ്ണനാധീതമായിരുന്നു ..!

”ഞാനിത് .., നിന്നോട് പറയണം ..,എന്ന് വിചാരിച്ചാണ് ഇരുന്നത് .., ഇനി നീ ഒരിടത്തേക്കും പോകേണ്ട …, നിന്നെ ഞാന്‍ വിടില്ല .., എന്റെ മകനെ എനിക്കെന്നും കാണണം ..!”, അത് പറഞ്ഞുകൊണ്ട് അവര്‍ എന്റെ തോളിലേക്ക് തല ചായിച്ചു …!

ഞാന്‍ വന്നിട്ട് ഏകദേശം ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു .., ഇനിയും വൈകാന്‍ പാടില്ല .., നല്ലൊരു ഡോക്ടറെ കാണണം .., അതുപോലെ തന്നെ വീട്ടുകാരെ അറിയിക്കുവാനും വേണ്ട സമയമായിരിക്കുന്നു …!., കാരണം ഇനിയും വൈകിയാല്‍ ..; എന്റെ രോഗാവസ്ഥ പെട്ടെന്ന് ഗുരുതരമായിത്തീര്‍ന്നാല്‍ .., അവര്‍ക്ക് അതുമായി പോരുത്തപ്പെടുവാന്‍ സാധിക്കുകയില്ല .., ആയതിനാല്‍ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളണമെന്ന് എന്റെ മനസ്സ് ഉറച്ചു ….!

പിറ്റേ ദിവസം രാവിലെത്തന്നെ കുറച്ചു സുഹൃത്തുക്കളെ കാണാനുണ്ടെന്ന് പറഞ്ഞ് .., ഞാന്‍ വീട്ടില്‍ നിന്നിറങ്ങി …., അധികം അകലെയല്ലാതെ ഉള്ള ടൌണിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍ ആയിരുന്നു എന്റെ ലക്ഷ്യം .., ആരെയാണ് കാണേണ്ടതെന്ന സംശയം മനസ്സില്‍ കിടന്നു …!ഒടുവില്‍ ജനറല്‍ ഡോക്ടറെ തന്നെ കാണുവാന്‍ തീരുമാനിച്ചു .., എനിക്ക് ശരിയായ ഒരു മാര്‍ഗ്ഗരേഖ തെളിച്ചു തരാന്‍ അദ്ദേഹത്തിന് കഴിയുമെന്നെനിക്ക് തോന്നി …!

ഡോക്ടറെ കാണുന്നതിനുള്ള ഓ .പി . കാര്‍ഡും വാങ്ങി ഞാനെന്റെ ഊഴവും കാത്തുനിന്നു ….!, ഏതാണ്ട് അവസാനത്തെ ആളായിരുന്നു ഞാന്‍ …,അതേതായാലും ഒരുഅനുഗ്രഹമായി എനിക്ക് തോന്നി .., കാരണം എല്ലാം വളരെ വിശദമായി തന്നെ എനിക്ക് അദ്ദേഹത്തോട് അവതരിപ്പിക്കാമല്ലൊ …!

എന്റെ ഊഴത്തില്‍ ..,വിറകൊള്ളുന്ന മനസ്സും .., ശരീരവുമായി .., ഡോക്ടറുടെ കാബിനിലേക്ക് കടന്നു ….!