പിശാചിനറിയാത്ത പെങ്ങള്‍ (കഥ)

0
1078

”പ്രമുഖ എക്സ്പോര്‍ട്ടിംഗ് കമ്പനിയിലേക്ക് ഫീമെയില്‍ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്..ബയോഡാറ്റ, ഫോട്ടോ, പ്രതീക്ഷിക്കുന്ന ശമ്പളം, സഹിതം അപേക്ഷിക്കുക.. ബോക്സ്‌ നമ്പര്‍ ….”

മഴക്കാലമായതോണ്ട് മുറ്റത്ത്‌ നല്ല പച്ചപ്പുണ്ട്‌…

” ഷാഫീ… വൈകീട്ടത്തെ ഫ്ലൈറ്റിനു ഞാന്‍ ബാംഗ്ലൂര്‍ക്ക് പോകും.. ആ റോസാച്ചെടി വിരിയുന്നത് കണ്ടിട്ട് പോകാന്നാ കരുതിയെ..ഇത്ര മഴ പെയ്തിട്ടും ചെടിക്ക് അനക്കമില്ല.. അതും കാത്തു നിന്നാ ഇക്കാന്‍റെ വിളി വരും…”

ഒറ്റ ശ്വാസത്തില്‍ ഷാഹിന പറഞ്ഞു തീര്‍ത്തു. ബാംഗ്ലൂരില്‍ നിന്നും അവള്‍ കൊണ്ട് വന്ന റോസാച്ചെടി ഇതുവരെ മൊട്ടിട്ടില്ല… അവളിന്ന് തിരിച്ചു പോകും..

മൊബൈല്‍ റിംഗ് ചെയ്തു..

പത്രമോഫീസിന്നാണ്

ഒരു ചാക്ക് നിറച്ചും അപേക്ഷകള്‍..!

വീട്ടിലെത്തി ഒന്നൊന്നായി പരിശോധിച്ചു

എത്ര പേരാ അപേക്ഷിച്ചിരിക്കുന്നത്…! ഇത്രയ്ക്ക് രൂക്ഷമാണോ തൊഴിലില്ലായ്മ ?

പത്താം ക്ലാസ് വരെ പഠിച്ച ജാനകിക്ക് പത്തായിരം ശമ്പളം വേണം.. ഫോട്ടോ ആണെങ്കില്‍ തീവണ്ടിക്കു കുടുങ്ങിയ തവള മാതിരി…

പുരുഷോത്തമന്‍ നായര്‍… ഇവനെപ്പോഴാ ഫീമയില്‍ ആയത്..! ഇനീപ്പോ ചാന്തു പൊട്ടോ മറ്റോ ആണോ..?

വന്ന അപേക്ഷകളില്‍ പകുതി പരിശോധിച്ചിട്ടും പറ്റിയ ആളെ കണ്ടെത്താനായില്ല..

അടുത്ത കവര്‍ തുറന്നതും… പുറത്തു ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങി…

ഒരു സുന്ദരിയുടെ ഫോട്ടോ… പ്രിയ.. Bsc ..

പ്രതീക്ഷിക്കുന്ന ശമ്പളം നാലായിരം.. മഴ ശക്തി പൂകുകയാണ്‌……

അയാള്‍ മെല്ലെ കപ്പിലെ കോഫീ സിപ് ചെയ്തു..

സത്യത്തില്‍ ഒരു സ്റ്റാഫിനെ ആവശ്യമില്ലായിരുന്നു . വയസ്സ് 27 . ഒരു രണ്ടു വര്‍ഷം കഴിഞ്ഞു കല്യാണം. പക്ഷെ അതുവരെ ശരീരത്തിന്‍റെ ആഗ്രഹങ്ങളെ തടുക്കാനാകുമോ..? തിളച്ചു മറിയുന്ന യുവത്വം ഒരു ശരീരം തേടുന്നുണ്ട്.. ഇത്ര നാളും ബിസിനസ് ഒന്ന് ലെവല്‍ ആകാനുള്ള ഓട്ടമായിരുന്നു.. ഇനി ഒരാളെ വേണം.. എങ്ങനെ കണ്ടെത്തും.? പാതിരാത്രി വരെ ഫോണില്‍ സൊള്ളാനൊന്നും താല്‍പ്പര്യമില്ല.. ഫോട്ടോ എടുത്തു ബ്ലാക്ക് മൈലിനുമില്ല…ഒരു ബാധ്യതയുമില്ലാതെ ഒരു പുരുഷനെ ആഗ്രഹിക്കുന്ന പെണ്ണില്ലേ ഈ ലോകത്ത് ? ഒരു പരസ്പര ധാരണ?

” ഉണ്ട് മകനെ… നീയൊരു ഓഫീസിട്.. ഒരു സുന്ദരി സ്റ്റാഫിനെ വെക്ക്… ആറ് മാസത്തേക്ക് മതി..അതിനിടയില്‍ വളച്ചു കാര്യം നടത്ത്.. പിന്നെ അടുത്ത സ്റ്റാഫ്.. ഇതൊക്കെയല്ലേ ഇവിടെ എല്ലാ മാന്യന്മാരും ചെയ്യുന്നേ..”

മനസ്സിനകത്ത് നിന്നും ശബ്ദം… പിശാചാവണം..

ഇതാ കിട്ടി ഒരെണ്ണം.. നാലായിരം രൂപയ്ക്ക്.. പ്രിയ.. എത്ര നിഷ്കളങ്കമായ മുഖം..!

അയാള്‍ക്ക് ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല

”പ്രിയ വേറെ ജോലിക്കൊന്നും ശ്രമിച്ചില്ലേ..?”

”ശ്രമിച്ചു സര്‍.. പക്ഷെ കിട്ടിയില്ല..”

”നാലായിരം മതിയോ ശമ്പളം?”

”മതി സര്‍… വൈകീട്ട് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്… ആയിരം രൂപ കിട്ടും..”

നല്ല ചുണ്ടാണിവള്‍ക്ക്… ചുണ്ടിലറിയാം പെണ്ണിന്‍റെ ശാസ്ത്രം..

” പ്രിയേടെ വീട്ടിലാരൊക്കെയുണ്ട്‌?”

”അച്ഛന്‍, അമ്മ.. അച്ഛന്‍ മുന്‍പ് ഗള്‍ഫിലായിരുന്നു.. പിന്നെ ഏട്ടനുണ്ട്.. രോഗിയാണ്..”

സാഹചര്യം അനുകൂലമാണെന്നു ഷാഫിക്കു മനസ്സിലായി

”നാളെ മുതല്‍ ജോലിക്ക് വന്നോളൂ… സാരിയാണ് ഇവിടുത്തെ വേഷം..”

” ശരി സര്‍..” അവള്‍ അര്‍ദ്ധമനസ്സോടെ തലയാട്ടി…

അവള്‍ പോയതും പിശാചു മന്ത്രിച്ചു.. ഫ്രഷാണ്.. അതോണ്ട് മാസം പതിനായിരം കൊടുത്താലും നഷ്ടമില്ല..

വില കുറഞ്ഞ സാരിയുടുത്താണ് അവള്‍ വന്നതെങ്കിലും ആ സൗന്ദര്യത്തില്‍ ഷാഫി മതി മറന്നു നിന്ന് പോയി.. എന്നാല്‍ വയറു ഭാഗം അവള്‍ കഷ്ടപ്പെട്ട് മറച്ചതു കണ്ടു അവനു നീരസമായി..

”ക്ഷമിക്കുക.. ധൃതി പാടില്ല.. കാര്യം നടക്കും..” പിശാചു ഉപദേശിച്ചു.. ഇത്തരം കാര്യങ്ങളില്‍ അവന്‍റെ ഉപദേശം സൂപ്പറാണ്..!

ഒരാഴ്ച കൊണ്ട് തന്നെ പ്രിയയുമായി നല്ല കൂട്ടായി.. പറയുന്നതനുസരിച്ച് അല്‍പ്പം മോഡേണ്‍ ആയി പെരുമാറാനൊക്കെ അവള്‍ പഠിച്ചു.

ഒരു മാസമായതും അവള്‍ക്കു ശമ്പളം നല്‍കി.. പതിനായിരം രൂപ..!

അവള്‍ അമ്പരന്നു.. ”സര്‍, ഇത്രേം രൂപ..?”

”ഓണമല്ലേ ”പ്രിയയ്ക്കും, വീട്ടുകാര്‍ക്കും ഇപ്പ്രാവശ്യത്തെ ഓണം എന്‍റെ വകയാകട്ടെ..”.

അവള്‍ക്കമ്പരപ്പു മാറിയില്ല..

”ഞാനൊന്നു ചെന്നൈ പോയിട്ട് വരാം.. വ്യാഴായ്ച്ച നേരത്തെ വരണം.. ഒരു കാര്യമുണ്ട്… ഞാന്‍ രാവിലെ വിളിച്ചുപറയാം..”

”ശരി സര്‍..”

ഓണമൊക്കെ കഴിഞ്ഞ ബുധന്‍ രാത്രി അയാള്‍ക്ക്‌ ചിന്തയായിരുന്നു.. നാളെ അവളെ ഉപയോഗിക്കണം..പതിനായിരം കൊടുത്തത് കാരണം വല്യ എതിര്‍പ്പുണ്ടാവില്ല.. രാവിലെ വിളിച്ചു വീട്ടിലേക്കു വരാന്‍ പറയാം.. ഇവിടാരുമില്ലല്ലോ..

പിറ്റേന്ന് തന്നെ വിളിച്ചു

”ഹലോ.. പ്രിയയല്ലേ..?”

”അല്ല സാറെ.. ഞാന്‍ അവടെ അമ്മയാ..”

നാശം..! ഇവരെന്തിനാ ഇടയ്ക്ക് കയറിയത്..?

” സാറിനെ ദൈവം രക്ഷിക്കും സാറേ..”

”ങേ..!”

” എത്രയോ നാളുകള്‍ക്കു ശേഷമാ ഞങ്ങള്‍ വയറു നിറച്ചു ഭക്ഷണം കഴിച്ചത്.. പലിശയും, മരുന്നും കഴിച്ച് ഒന്നിനും പണമില്ലാതെ നട്ടം തിരിഞ്ഞ ഞങ്ങക്ക് ദൈവായിട്ടാ സാറിനെ തന്നത്..മറക്കൂലാ സാര്‍ .ഒരു കാലത്തും ഈ ഉപകാരം മറക്കൂല..” വിങ്ങിപ്പൊട്ടിയാണ് അവരിത് പറഞ്ഞത്…

ഹൃദയത്തിലെവിടെയോ ഒരു നനവ്‌ പരക്കുന്നത് ഷാഫി അറിഞ്ഞു… പിശാച് ഒന്നും മിണ്ടുന്നില്ലെന്നും…

ആ സ്ത്രീ വിതുമ്പലടക്കി… ” ഞാന്‍ മോള്‍ക്ക്‌ കൊടുക്കാം ”

മറുവശത്ത്‌ പ്രിയേടെ അടഞ്ഞ ശബ്ദം… കുറെ കരഞ്ഞത് പോലെ..

” ഹലോ..”

”എന്താ പ്രിയേ.. ഇതൊക്കെ..?”

”ഞാന്‍ പറഞ്ഞില്ലെന്നെ ഉള്ളൂ സര്‍….. അത്രയ്ക്കും കഷ്ടപ്പാടാ.. അച്ഛനു ജോലിയില്ല.. ചേട്ടന്‍ ജനിച്ചതെ ശരീരം തളര്‍ന്ന്.. ചികിത്സ, മരുന്ന്, കടം വാങ്ങിയതിന്‍റെ പലിശ.. എല്ലാം പെണ്ണായ ഞാന്‍ തന്നെ കണ്ടെത്തണം … ജീവിക്കണ്ടേ സര്‍….”

പതിഞ്ഞ ശബ്ദത്തില്‍ , ചെറുതായി തേങ്ങി അവള്‍ തുടര്‍ന്നു.

” ഇന്നലെ രാത്രി ഇവരെല്ലാം കരഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു സാറിനു വേണ്ടി…സംസാരിക്കാത്ത എന്‍റെ ഏട്ടന്‍ പോലും നെഞ്ചില്‍ കൈ വെച്ച് കരയുകയായിരുന്നു….സാറ് തന്ന കാശ് അത്രേം ഞങ്ങള്‍ക്കു ഉപകാരപ്പെട്ടു..സിനിമയിലൊക്കെ നല്ല ഏട്ടന്മാരെ കണ്ടു ഒരുപാട് കൊതിച്ചിട്ടുണ്ട്.. ഇപ്പൊ ദൈവം സാറിന്‍റെ രൂപത്തില്‍ എനിക്കൊരു ഏട്ടനെ തന്നു… ഞാന്‍………. …. ഞാനെന്‍റെ ഏട്ടനായി കരുതിക്കോട്ടെ സാറിനെ..?”

അയാള്‍ ഫോണ്‍ കട്ട് ചെയ്തു..

കവിളില്‍ കണ്ണീരിന്‍റെ ഇളം ചൂട്..

നിറ കണ്ണുമായി ജനലിലൂടെ പുറത്തേക്ക് നോക്കിയ അയാള്‍ കണ്ടു ..

ഷാഹിന നട്ട ആ റോസാ ചെടിയില്‍ ഒരു ചെറിയ മൊട്ട്…!