കഥയില്‍ പുകവലി രംഗങ്ങള്‍ ഉള്ളത് കൊണ്ട് നിയമപ്രകാരമുള്ള മുന്നറിയിപ്പ് : “ ശ്വാസകോശം സ്പോഞ്ച് പോലെയാണ് …….!”
ഒരു പുകവലിക്കാരനോട് ഇത്രയും ക്രൂരത പാടില്ല. പോക്കറ്റില്‍ ഉണ്ടായിരുന്ന സിഗരറ്റും ലൈറ്ററും എയര്‍പോര്‍ട്ടിലെ സെക്ക്യൂരിറ്റി പോലീസുകാരന് പിടിച്ചു വെച്ചു. സിദ്ധനണ്ണന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് മറഞ്ഞു നിന്ന് അവസാനത്തെ പുകവലിച്ച് ഊതിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. യാത്ര അയക്കാന്‍ അണ്ണനും കുടുംബവും വന്നതിനാല്‍ വീണ്ടും ഒരെണ്ണം കത്തിക്കാന്‍ കഴിഞ്ഞില്ല. ഏറെ നാളുകള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയും നീളമുള്ള ഇടവേള. ചെക്കിന് ചെയ്ത് ഡിപ്പാര്ച്ചര്ഹാളിലെ വാഷ്റൂമില്‍ ഒളിച്ചു നിന്നാണെങ്കിലും ഒന്ന് പുകയ്ക്കണം എന്ന് കരുതി. പക്ഷെ, സെക്യൂരിറ്റി ചെക്കില്‍ ആശ പുകയായി പോയി.
ആദ്യത്തെ ആകാശയാത്രയുടെ ആവേശം സിഗരറ്റ് കൊണ്ടുപോയി. വിമാനത്തിനുള്ളില്‍ തെളിഞ്ഞു നിന്ന നോസ്മോക്കിംഗ് സൈന്‍ കണ്ണില്‍ കരടായി കിടന്നു. വിമാനച്ചിറകിനു താഴെ വെള്ളി മേഘങ്ങള്‍ ആരോ വലിച്ച് ഊതിവിട്ട പുകയായി ഒഴുകി. എരിയുന്ന സിഗരറ്റ് കണക്കെ സൂര്യന് കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുനിന്നു
ചുണ്ടില്‍ തേച്ചുവെച്ച പുഞ്ചിരിയുമായി എയര്‍ ഹോസ്റ്റസുമാര്‍ ബ്രെയ്ക്ക്ഫാസ്റ്റ് വിളമ്പുകയാണ്. വഴക്കിട്ട കുട്ടിയെ പോലെ പ്രാതല്‍ നിരസിച്ച് ഞാന്‍ മുഖം തിരിച്ചിരുന്നു. ഇനിയും ഏറെനേരം പറക്കണം ഹോങ്ങ്കോങ്ങിലേക്ക്. ദില്ലിയില്‍ നിന്നും പറന്നുയരുമ്പോള്‍ തന്നെ കൂടുതല്‍ വൈകി. കണക്ഷന് ഫ്ലൈറ്റിനുള്ള ഇടവേളയില്‍ ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങണം. ജാലകം അടച്ച് സീറ്റിലേക്ക് ചാഞ്ഞ് ഞാന്‍ കണ്ണുപൂട്ടിയിരുന്നു.
ഹോങ്ങ്കോങ്ങ് രണ്ടര മണിക്കൂര്‍ മുന്നിലാണ്. വാച്ചില്‍ ഞാന്‍ സമയം കൂട്ടി വെച്ചു. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴേക്കും ഫ്യൂചോയിലേക്കു പോകുന്ന വിമാനത്തില്‍ ബോര്‍ഡിംഗ് തുടങ്ങിയിരുന്നു. സിഗരറ്റ് തേടി നടന്നാല്‍ ഫ്ലൈറ്റ് അതിന്റെ വഴിക്ക് പോകും. പുകവലിക്കാര്‍ക്കുള്ള മുറി കണ്ടെത്തിയിരുന്നു എങ്കില്‍ ആരോടെങ്കിലും ഒന്ന് ഇരന്നു വാങ്ങി വലിക്കാം. അടുത്തെങ്ങും അങ്ങിനെ ഒരു സംവിധാനം ഉള്ളതായി തോന്നിയില്ല. വിമാനത്തില്‍ കയറികൂടി ചീനക്കാരുടെ ചിലമ്പലുകള്ക്കിടയിലൂടെ നീന്തി സീറ്റില്‍ കടന്നിരിക്കുമ്പോള്‍ അടുത്തിരുന്ന മഞ്ഞനിറമുള്ള മഹതിയുടെ കാലില്‍ അറിയാതെ ചവിട്ടി. ചൈനീസ് ഭാഷയില്‍ പുലമ്പി കൊണ്ട് അവര്‍ എന്നെ രൂക്ഷമായി നോക്കി. യാത്രയില്‍ ഉടനീളം എന്നോടുള്ള ദേഷ്യം അവരുടെ ഇടുങ്ങിയ കണ്ണുകളില്‍ എരിഞ്ഞു നിന്നു.
ഫ്യൂചോ വിമാനത്താവളം പുതിയതാണ്. വിദേശികള്‍ക്കായി പ്രത്യകം എമിഗ്രേഷന്‍ കൌണ്ടര്‍ ഉള്ളത് കൊണ്ട് ഏറെ നേരം നില്‍ക്കേണ്ടി വന്നില്ല. കൌണ്ടറില്‍ ഇരുന്ന പതിഞ്ഞ മൂക്കുള്ള പോലീസുകാരന് പാസ്സ്പോര്ട്ടിലെക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി; പിന്നെ ഇഷ്ടമാകാത്ത വണ്ണം എന്‍ട്രി സീല്‍ ആഞ്ഞടിച്ചു. ബാഗ്ഗേജ് എടുത്ത് പുറത്ത് വരുമ്പോള്‍ എന്റെ പേരെഴുതിയ പ്ലക്കാര്‍ഡുമായി സുമുഖനായ ഒരു ചെറുപ്പക്കാരന്.
പേര്‍സണല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ജോലിക്കാരനായ യങ്ങ്ഫാനോടൊപ്പം പുറത്ത് കാത്തു കിടന്ന കാറിനരികിലേക്ക് നടക്കുമ്പോള്‍ മുഖത്ത് ഐസുപോലെ തണുത്ത കാറ്റടിച്ചു. ശൈത്യകാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കുളിര്‍ന്നു വിറയ്ക്കുകയാണ് ഫ്യൂചോ. തണുപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞു തല വിന്റര്‍ ക്യാപ്പിനകത്താക്കിയ ചീനക്കാര്‍ ശൂന്യാകാശ സഞ്ചാരികളെ പോലെ നടന്നു. തുളച്ചു കയറുന്ന കുളിരില്‍ ഞാന്‍ വിറച്ചു; ശിശിരത്തിന്റെ ശരമുനകള്‍ രോമകൂപങ്ങളിലൂടെ തുളച്ചു കയറി. ഒരു സിഗരറ്റ് വലിച്ചില്ലെങ്കില്‍ മരവിച്ച് മരിച്ചു പോകും എന്നെനിക്ക് തോന്നി.
കാറിന്റെ ഡിക്കിയില്‍ ഡ്രൈവര്‍ ലഗ്ഗേജ് കയറ്റി വയ്ക്കുകയാണ്. യങ്ങ്ഫാന് ചുവന്ന നിറമുള്ള സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്ന് ഒന്ന് എന്റെ നേരെ നീട്ടി. പട്ടിണി കിടന്ന നായ എല്ലിന് തുണ്ട് കണ്ടത് പോലെ ഞാനത് പിടിച്ചെടുത്തു. ഒന്നു മണപ്പിച്ച് ചുണ്ടില്‍ പിടിപ്പിച്ചപ്പോള്‍ യങ്ങ്ഫാന് ലൈറ്റര്‍ തെളിച്ച് തീ പകര്‍ന്നു. ഉള്ളിലേക്ക് ആഞ്ഞു വലിച്ചു കയറ്റിയ പുക നെഞ്ചില്‍ ചൂടു നിറച്ച് ധമനികളിലൂടെ ഒഴുകി. ഒരു മണിക്കൂറില്‍ അധികം യാത്രയുണ്ട് ഹോട്ടലിലേക്ക്. കാറില്‍ പുക വലിക്കുന്നതിന് വിരോധം ഇല്ല എന്ന് യങ്ങ്ഫാന് അറിയിച്ചു. ചില്ലുകള്‍ പകുതി താഴ്ത്തി വെച്ച് യാത്രയില്‍ ഉടനീളം ഞങ്ങള്‍ തുടര്‍ച്ചയായി സിഗരറ്റ് വലിച്ചു. കാറില്‍ നിറഞ്ഞ പുകയില ഗന്ധത്തില്‍ ലയിച്ചിരുന്ന് ഞങ്ങള്‍ സൗഹൃദം വളര്‍ത്തി.
ഹോട്ടല്‍ മുറിയിലെ നോട്ട് പാഡില്‍ യങ്ങ്ഫാന് മൊബൈല്‍ നമ്പര്‍ കുറിച്ചു. ഹോട്ടലില്‍ ഇംഗ്ലീഷ് അറിയുന്നവര്‍ അപൂര്‍വ്വമാണ്; എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാന്‍ മടി വേണ്ട എന്നവന് പറഞ്ഞു. യാത്ര പറഞ്ഞു പോകുമ്പോള്‍ യങ്ങ്ഫാന് കയ്യില്‍ ഉണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് മേശയില്‍ വച്ചു.
ലവന്റ് എന്ന് പേരുള്ള തുര്ക്കികാരനായ അസിസ്റ്റന്റ് മാനേജര്‍ അത്താഴം കഴിക്കാന്‍ ക്ഷണിച്ചു. ഒന്നാം നിലയിലെ ചൈനീസ് റെസ്റ്റോറന്റില്‍ ബഫെറ്റ് സംവിധാനമാണ്. ഞൊറിവുകള്‍ ഇട്ട ചുവന്ന പാവാട ഉടുപ്പിച്ച നീളന്‍ മേശയില്‍ വിഭവങ്ങള്‍ നിരന്നിരുന്നു. പളുങ്ക് പാത്രങ്ങളില്‍ കുന്നുപോലെ ഭക്ഷണം നിറച്ചെടുത്ത് ചീനക്കാര്‍ കോലുകള്‍ കൊണ്ട് തോണ്ടി കഴിക്കുകയാണ്. ഭക്ഷണത്തിന്റെ ഇടവേളകളില്‍ സിഗരറ്റ് കത്തിച്ച് പുക ഊതിവിട്ട് അവര്‍ ഉറക്കെ സംസാരിച്ചു. നീല യൂണിഫോം അണിഞ്ഞ വെയ്റ്റര്‍ പെണ്‍കുട്ടികള്‍ ചാരവും സിഗരറ്റ് കുറ്റികളും നിറഞ്ഞ ആഷ്ട്രെകള്‍ മാറ്റി പുതിയവ വച്ചുകൊണ്ടിരുന്നു.
ദില്ലിയില്‍ നിന്ന് വിമാനം കയറിയതിനു ശേഷം ഒരു കാപ്പി മാത്രമാണ് കഴിച്ചത്. വയറ്റില്‍ വിശപ്പ് എരിഞ്ഞു കത്തുന്നു. കാര്യമായി എന്തെങ്കിലും അകത്താക്കണം. മേശയില്‍ നിരത്തിയ ഭക്ഷണങ്ങള്‍ക്ക് മുന്നില്‍ പേര് എഴുതി വച്ചിരിക്കുന്നത് ചീനഭാഷയില്‍ മാത്രം. ഓരോ പാത്രങ്ങളുടെയും അടപ്പ് ഉയര്‍ത്തി ലവന്റ് ഭക്ഷണത്തിന്റെ കൂട്ട് പറഞ്ഞു. കാളയുടെ വാല്, കോഴിയുടെ പാദം, പന്നിയുടെ ചെവി എന്നൊക്കെ കേട്ട് ഒരു പരിഷ്കൃത സമൂഹത്തില്‍ തന്നെയാണോ എത്തിയിരിക്കുന്നത് എന്നെനിക്ക് സംശയമായി. വിശന്നു മരിച്ചാലും അങ്ങിനെ ഒന്നും കഴിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പ്രത്യകമായുള്ള ഗ്രില്‍ കോര്‍ണറില്‍ കനം കുറച്ച് മുറിച്ച പോത്തിറച്ചി ആവശ്യക്കാര്‍ക്ക് പൊരിച്ചു നല്‍കുന്നുണ്ട്. ഒരു വശത്ത് ഫ്രൈഡ് റൈസും കടല്‍ വിഭവങ്ങളും; പഴ വര്‍ഗ്ഗങ്ങള്‍ മറ്റൊരു ഭാഗത്ത്. എരിവും പുളിയും ഇല്ലാതെ പുഴുങ്ങിയ ചെമ്മീനും കുറച്ച് ചോറും എടുത്ത് ലവന്റിനോപ്പം ഞാന്‍ തീന് മേശയില്‍ ചെന്നിരുന്നു.
ലവന്റ് ഫ്യൂചോക്കാരുടെ സവിശേഷതകളെ കുറിച്ച് തമാശ പറഞ്ഞു. ഇവര്‍ക്ക് ശബ്ദം കുറച്ച് സംസാരിക്കാന്‍ അറിയില്ല. രണ്ടുപേര്‍ തമ്മില്‍ സൌഹൃദ സംഭാക്ഷണം നടത്തുന്നത് കണ്ടാല്‍ അടി കൂടുകയാണെന്ന് തോന്നും. പുകവലിക്കാരുടെ തലസ്ഥാനമാണ് ഫ്യൂചോ. പുകവലിക്ക് നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഇവിടെ ലേബര്‍ റൂമില്‍ വരെ വലിക്കാം! അച്ഛനും മകനും ചിലപ്പോള്‍ അമ്മയും ഒരുമിച്ചിരുന്ന് പുകയ്ക്കും. പരിചയക്കാരെ കാണുമ്പോള്‍ സൗഹൃദം പുതുക്കുന്നത് സിഗരറ്റ് നല്‍കിയാണ്. ഒരാള്‍ എടുത്തു നീട്ടിയ സിഗരറ്റ് നിരസിക്കുന്നത് അയാളെ അപമാനിക്കുന്നതിനു തുല്യമാണ്.
എയര്‍പോര്‍ട്ടില്‍ കൂട്ടികൊണ്ടു വാരാന്‍ എത്തിയ യങ്ങ്ഫാനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. അവനുമായി കൂടുതല്‍ ചങ്ങാത്തം വേണ്ട എന്ന് ലവന്റ് ഉപദേശിച്ചു. ഫ്യൂചോയിലെ പേരുകേട്ട ഗുണ്ട ആയിരുന്ന യങ്ങ്ഫാന് നിരവധി അടിപിടി കേസുകളിലെ പ്രതിയാണ്. അവന്റെ കൂട്ടുകാരില്‍ പലരും ഇപ്പോഴും ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ ആണ്. യങ്ങ്ഫാനെ കുറിച്ച് മനസ്സില്‍ രൂപപ്പെട്ടിരുന്ന സൗഹൃദം പൊടുന്നനെ തകര്‍ന്നു വീണു. ഇനി അവനെ കാണുമ്പോള്‍ അടുപ്പം കാണിക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.
നീണ്ട യാത്രയുടെ തളര്‍ച്ചയിലും ഉറക്കം പിടിതരാതെ നിന്നു. ഹോട്ടല്‍ മുറിയിലെ ഹീറ്ററില്‍ നിന്ന് ചൂടുകാറ്റ് മുഖത്ത് അടിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷണം കഴിഞ്ഞപ്പോള്‍ മുതല്‍ വയറ്റില്‍ വല്ലാത്ത അസ്വസ്ഥത. ചീനക്കാരുടെ ഭക്ഷണം പണി തുടങ്ങിയിരിക്കുന്നു. ചെറുതായി വന്ന വേദന വയറില്‍ ആകെ നിറഞ്ഞു; കൂട്ടത്തില്‍ ഛര്‍ദ്ദിയും. വയറ്റിനുള്ളില്‍ യുദ്ധം നടക്കുകയാണ്. വാളും പരിചയും ഗദയും ശൂലവും നന്നായി പ്രയോഗിക്കുന്നുണ്ട്. കട്ടിലില്‍ കിടന്നു ഞാന്‍ പുളഞ്ഞു. സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. സഹായത്തിനു ആരെയാണ് വിളിക്കുക. ചികിത്സ കിട്ടാതെ അന്യ നാട്ടില്‍ കിടന്നു മരിക്കാനാണ് എന്റെ വിധി!
ഞാന്‍ ഹോട്ടലിലെ റിസപ്ഷനിലേക്ക് വിളിച്ചു. ഫോണെടുത്ത പെണ്‍കുട്ടി ചൈനീസില്‍ എന്തോ പറഞ്ഞ് പെട്ടെന്ന് ഫോന് വെച്ചു. അവര്‍ക്ക് ഇംഗ്ലീഷ് മനസ്സിലായിട്ടുണ്ടാകില്ല. ലവന്റ് തന്ന നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. നോട്ട്പാഡില് കുറിച്ചുവെച്ച യങ്ങ്ഫാന്റെ ഫോണിലേക്ക് ഞാന്‍ വിളിച്ചു. രണ്ടാമത്തെ റിങ്ങിന് യങ്ങ്ഫാന് ഫോണെടുത്തു. ഞാന്‍ കാര്യം പറഞ്ഞു. എനിക്ക് ആശുപത്രിയില്‍ പോകണം. വേദന സഹിക്കാന്‍ കഴിയുന്നില്ല. സഹായത്തിനായി ഇവിടെ ആരും ഇല്ല.
യങ്ങ്ഫാന് ഏറെ ദൂരെയാണ്. കാമുകിയോടൊപ്പം മൂന്ന് മണിക്കൂറില്‍ അധികം യാത്ര ചെയ്ത് ഷാമന്‍ എന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ വാരാന്ത്യം ആഘോഷിക്കുകയാണ് തിരിച്ചുവരാന്‍ സമയം എടുക്കും. എന്നാലും ഭയപ്പെടേണ്ട എന്നവന് പറഞ്ഞു. മുറിയില്‍ തന്നെ ഇരിക്കുക. കെറ്റിലില്‍ വെള്ളം തിളപ്പിച്ച് കൂടുതല്‍ കുടിക്കുക. പിന്നെ ഒരു സിഗരറ്റ് വലിക്കുക. യങ്ങ്ഫാന് ഫോണ്‍ വച്ചു.
ഞാന്‍ ചൂടുവെള്ളം കുടിച്ചു. പിന്നെ ഒരു സിഗരറ്റ് കത്തിച്ചു. വേദന കൂടി വരുന്നു. ആരോ വാതിലില്‍ മുട്ടി; മരണമായിരിക്കും! വാതില്‍ തുറക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്. യങ്ങ്ഫാന്റെ കൂട്ടുകാരനാണ്. ഉടനെ ആശുപത്രിയില്‍ പോകണം. എന്നെ പിടിച്ചു നടത്തി കാറില്‍ കയറ്റി ടിന്സെന് ഒരു ക്ലിനിക്കില്‍ എത്തിച്ചു.
ചൈനീസ് മാത്രം സംസാരിക്കുന്ന ഡോക്ടറോട് ടിന്സെന് വിവരങ്ങള്‍ പറഞ്ഞു. ചില മരുന്നുകള്‍ തന്ന് ഡോകടര്‍ എന്നെ കട്ടിലില്‍ ചാരി ഇരുത്തി; ഡ്രിപ്പ് തൂക്കി കയ്യില്‍ സൂചി കുത്തി കയറ്റി. ഡോക്ടര്‍ ഒരു സിഗരറ്റ് എടുത്തു നീട്ടി. വേദനയ്ക്കിടയിലും എനിക്ക് ചിരിവന്നു; ഫ്യൂചോക്കാരുടെ ഒരുകാര്യം! ഞാനും ടിന്സെനും ഡോക്ടറും കൂട്ടായി കാഷ്വാലിറ്റി പുക കൊണ്ട് നിറച്ചു.
നേരം പുലരുമ്പോള്‍ തന്നെ യങ്ങ്ഫാന് എത്തി. കൂടെയുള്ള സുന്ദരി കാമുകിയാണ്. എന്റെ ഫോണ്‍ കിട്ടിയപ്പോള്‍ അവര്‍ തിരിച്ചു പോന്നു. ടിന്സെനോടൊപ്പം കാമുകിയെ പറഞ്ഞുവിട്ട് യങ്ങ്ഫാന് എന്റെ അരികില്‍ ഇരുന്നു.
ഞാന്‍ ലവന്റ് പറഞ്ഞത് ഓര്‍ത്തു. ഫ്യൂച്ചോ നഗരം വിറപ്പിച്ച ഗുണ്ടയാണ് അരികില്‍ ഇരിക്കുന്നത്. ഒരു ദിവസത്തെ പരിചയം മാത്രമുള്ള എനിക്ക് വേണ്ടി കാമുകിയോടൊത്തുള്ള ഒഴിവു ദിവസം വേണ്ടെന്നു വെച്ച് നൂറു കണക്കിന് മൈലുകള്‍ യാത്ര ചെയ്തു വന്നിരിക്കുന്നു ഇവന്. യങ്ങ്ഫാന് ഒരിക്കലും ഒരു ഗുണ്ട ആകാന്‍ കഴിയില്ല.
യങ്ങ്ഫാന് സംസാരിച്ചു കൊണ്ടിരുന്നു; ജോലിയെ കുറിച്ചും കാമുകിയെ കുറിച്ചും കുടുംബത്തെ കുറിച്ചും. യങ്ങ്ഫാന്റെ മുതുമുത്തച്ഛന് വിദേശി ആയിരുന്നു. മറ്റു ചൈനാക്കാരില്‍ നിന്നും വിഭിന്നമായി അവന് വലിയ കണ്ണുകള്‍ കിട്ടിയത് അങ്ങിനെയാണ്. ഒരു പെണ്ണ് അവനെ ഗുണ്ടയാക്കി; മറ്റൊരു പെണ്ണ് അങ്ങനെ അല്ലാതെയും ആക്കി !
മാതാപിതാക്കളുടെ ഏക മകനാണ് യങ്ങ്ഫാന്; ചൈനയുടെ ഒറ്റകുട്ടി നയത്തിന്റെ സൃഷ്ടി. ദൂരെ ജോലി ചെയ്യുന്ന പിതാവ് വീട്ടില്‍ എത്തുന്നത് ആണ്ടില്‍ രണ്ടു പ്രാവശ്യം വരുന്ന ഉത്സവ കാലത്ത് മാത്രം. മാജാ എന്ന് വിളിക്കുന്ന പണംവെച്ചുള്ള ചൂത്കളിക്ക് അടിമയായ മാതാവിന് യങ്ങ്ഫാനെ ശ്രദ്ധിക്കാന്‍ സമയമില്ല. പണം നഷ്ടപ്പെട്ട് വീട്ടില്‍ വൈകിയെത്തുന്ന മിക്കവാറും ദിവസങ്ങളില്‍ അവര്‍ മകനെ ശത്രുവിനെ പോലെ മര്‍ദ്ദിച്ചു. ഭാരോദ്യോഹന മത്സരത്തില്‍ ജില്ലാതലത്തില്‍ വരെ വിജയിയായ യങ്ങ്ഫാന് കൂട്ടുകാരോടൊപ്പം താമസമാക്കി; അവര്‍ക്ക് വേണ്ടി തല്ലാനും തല്ലു കൊള്ളാനും അവന് മടിച്ചില്ല.
ഒരു ആശുപത്രിയില്‍ വെച്ചാണ് യങ്ങ്ഫാന്, ഷിന്ഷ്യാ എന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി; ഷിന്ഷ്യ അവന് അമ്മയും സഹോദരിയും കാമുകിയുമായി. അവളുടെ സ്നേഹത്തില്‍ യങ്ങ്ഫാന് ഗുണ്ടാ ജീവിതത്തിന് തിരശ്ശീലയിട്ടു. അവിവാഹിതരായ യുവദമ്പതികള്‍ ഒരു വീട്ടില്‍ ഒരുമിച്ചു താമസിച്ചു.
കാലം ഏറെ കഴിഞ്ഞു. ഫ്യൂചൊയില് നിന്ന് ഷാമനിലേക്കും അവിടെനിന്ന് ചാങ്ങ്ഷയിലേക്കും വുഹാനിലേക്കും ഗോങ്ങ്ചൊയിലേക്കും പിന്നെ ഷാങ്ങ്ഹായിലേക്കും ഞാന്‍ മാറിമാറി പോയി. ആറു മാസത്തേക്ക് മാത്രമായി വന്ന ഞാന്‍ നീണ്ട പന്ത്രണ്ടു വര്‍ഷമായി ചൈനയില്‍ ജീവിക്കുന്നു. കാലത്തിന്റെ പ്രയാണത്തില്‍ ഫ്യൂചൊയും യങ്ങ്ഫാനും സിഗരറ്റിന്റെ പുകയും ഓര്‍മ്മയില്‍ മാത്രമായി ഒതുങ്ങി.
ഗോങ്ങ്ചൊ നഗരത്തിന് അടുത്തുള്ള ഫോഷാന്‍ എന്ന സ്ഥലത്ത് ബിസ്സിനസ്സ് ചെയ്യുന്ന തമിഴ് നാട്ടുകാരനായ ചങ്ങാതിയെ കാണാന്‍ കഴിഞ്ഞ ദിവസം ഞാന്‍ എത്തി. റസ്റ്റോറന്റില്‍ ഉച്ച ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ച സുമുഖനായ ചെറുപ്പക്കാരന് തീന്മേശക്ക് അരികിലേക്ക് വന്നു. ചുവന്ന നിറമുള്ള സിഗരറ്റ് പാക്കറ്റ് തുറന്ന് ഒന്നെടുത്ത് എന്റെ നേരെ നീട്ടി അയാള്‍ പുഞ്ചിരിച്ചു. സിഗരറ്റ് നിരസിച്ച് ഞാന്‍ വലിക്കുന്ന ആളല്ല എന്ന് പറഞ്ഞപ്പോള്‍ കല്ല് വെച്ച നുണ കേട്ടഭാവം അയാളുടെ മുഖത്ത്. ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി. യങ്ങ്ഫാന്; ഫ്യുചൊയിലെ എന്റെ പ്രിയ മിത്രം ! ഞാന്‍ എഴുന്നേറ്റ് അവനെ ആലിംഗനം ചെയ്തു.
എട്ടു വര്‍ഷത്തില്‍ അധികമായി വലി നിര്‍ത്തിയിട്ട് എന്ന് ഞാന്‍ പറഞ്ഞു. എങ്കിലും യങ്ങ്ഫാന് വച്ചു നീട്ടിയ സിഗരറ്റ് വേണ്ടെന്നു പറഞ്ഞ് അവനെ അപമാനിക്കാന്‍ ഞാന്‍ തയ്യാറല്ല; ഊഷ്മളമായ സൗഹൃദത്തിന്റെ ഉറപ്പിന് ഇത് ഞാന്‍ വലിക്കും.
പൊടുന്നനെ സിഗരറ്റ് തിരിച്ചു വാങ്ങി പാക്കറ്റും ലൈറ്ററും അടുത്തുള്ള വെയ്സ്റ്റ് പെട്ടിയിലേക്ക് എറിഞ്ഞു യങ്ങ്ഫാന്. ഞാന്‍ സിഗരറ്റ് വലിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു എങ്കില്‍ അവനും ഇന്നു മുതല്‍ പുകവലിയോട് വിട പറയുകയാണ്. പുകയില മണമില്ലാത്ത പുതുക്കിയ സൗഹൃദം ജീവിതകാലം മുഴുവന്‍ തളിര്‍ത്തു നില്ക്കാന് ഓരോ കപ്പ് കാപ്പി കഴിച്ച് പഴയ കഥകള്‍ അയവിറക്കി ഞങ്ങള്‍ റസ്റ്റോറന്റില്‍ ഇരുന്നു.