പുതിയ വെളിച്ചം – കഥ
ജീവിതത്തിലെ വളരെ രസകരമായ ഒരു അവസ്ഥ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ ഭാവികാലം വര്‍ത്തമാന കാലത്തിലേക്കും അവിടെ നിന്ന് ഭൂത കാലത്തിലേക്കും തള്ളപ്പെടുന്നു. കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളായി മാറുന്നു. അങ്ങനെ ഓര്‍മകളുടെ ലക്ഷക്കണക്കിന് പാളികള്‍ കൊണ്ട് തീര്‍ത്ത മനസ്സ്. ഒരായിരം സംഭവങ്ങള്‍…….അനുഭവങ്ങള്‍….ചിന്തകള്‍ ….അവയൊക്കെയും എവിടെയെങ്കിലും പകര്‍ത്തി എഴുതുമ്പോള്‍ അത് ഓര്‍മ്മക്കുറിപ്പുകള്‍ ആയി മാറുന്നു.
91 total views, 2 views today
ജീവിതത്തിലെ വളരെ രസകരമായ ഒരു അവസ്ഥ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ ഭാവികാലം വര്‍ത്തമാന കാലത്തിലേക്കും അവിടെ നിന്ന് ഭൂത കാലത്തിലേക്കും തള്ളപ്പെടുന്നു. കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളായി മാറുന്നു. അങ്ങനെ ഓര്‍മകളുടെ ലക്ഷക്കണക്കിന് പാളികള്‍ കൊണ്ട് തീര്‍ത്ത മനസ്സ്. ഒരായിരം സംഭവങ്ങള്‍…….അനുഭവങ്ങള്‍….ചിന്തകള്‍ ….അവയൊക്കെയും എവിടെയെങ്കിലും പകര്‍ത്തി എഴുതുമ്പോള്‍ അത് ഓര്‍മ്മക്കുറിപ്പുകള്‍ ആയി മാറുന്നു.
ഓര്‍മ്മക്കുറിപ്പുകള്‍ ……….
ഇന്ന് ഞാന്‍ വളരെയേറെ ദുഖിതനാണ്. കാരണം ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ മനസിന്റെ ഭൂതകാലത്തിലേക്ക് തള്ളിയ ഒരു വസ്തുത. അത് വീണ്ടും വീണ്ടും മനസ്സിന്റെ ഉള്ളറകളില്‍ നിന്ന് മറനീക്കി പുറത്തു വരുന്നത് പോലെ.
ഇന്ന് വായിച്ച ഒരു നോവല്‍ ആയിരുന്നു എന്നെ ഇളക്കി മറിച്ചത്. ബെന്യാമിന്റെ ”ആടുജീവിതം ”. ഒരുപക്ഷെ എന്റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ജീവിത കഥകളില്‍ ഒന്ന്. അതിലെ നജീബിന്റെയും ഹക്കീമിന്റെയും മുഖങ്ങള്‍ മനസ്സില്‍ നിന്ന് മായാതെ കിടക്കുന്നു. കഥയുടെ സാരാംശം വളരെ ചുരുക്കി പറയാം.
നജീബിന്റെയും ഹക്കീമിന്റെയും കഥ. ഗള്‍ഫില്‍ ജോലി തേടി ഒടുവില്‍ വഞ്ചിക്കപ്പെട്ടു മരുഭുമിയില്‍ ആടുകളെ പരിപാലിച്ചു ഏകാന്ത ജീവിതം നടത്തിയ നജീബും ഹക്കീമും. കുബൂസും പച്ചവെള്ളവും കുടിച്ചു ആടുകള്കൊപ്പം കിടന്നു ഉറങ്ങിയ നീണ്ട മൂന്നു വര്‍ഷങ്ങള്‍. ഒടുവില്‍ അവര്‍ ആടുകളായി മാറുന്നു. മരുഭുമിയിലെ രണ്ടു കൂടാരങ്ങളില്‍ അറബിയുടെ ചാട്ടവാരടികള് ഏറ്റു മരുഭുമിയിലെ ചൂടേറിയ പൂഴിമണ്ണില് ചുരുണ്ട് കൂടി ഉറങ്ങിയ രാത്രികള്‍. മനുഷ്യര്‍ നഗരങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളില്‍ ആടി തിമിര്‍ക്കുമ്പോള്‍ അവര്‍ മരുഭുമിയില്‍ ആടുകളായി ജീവിക്കുന്നു.
ഇ കഥ വായിച്ചു അസ്വസ്ഥത തോന്നാന്‍ കാരണമുണ്ട്. കാരണം ഞാനും ഗള്‍ഫിലാണ്. ഓഫീസി മുറിയിലെ കറങ്ങുന്ന കസേരയില്‍ ഇരുന്നു ജോലി ചെയ്യുമ്പോളും മൂന്നു നേരം സുഭിഷമായി ഭക്ഷണം കഴിച്ചു രാതികാലങ്ങളില്‍ സുഖമായി ഉറങ്ങുമ്പോഴും മനസ്സില്‍ ഒരു വേദന നിഴലിച്ചു കിടന്നിരുന്നു ഏകാന്തതയുടെ……..വിരഹത്തിന്റെ ……..വേദന. നഗരം എന്നെ അത്രെക്കു ശ്വാസം മുട്ടിച്ചിരുന്നു. നഗരത്തിന്റെ വൃത്തികെട്ട മുഖത്തോട് എനിക്ക് വെറുപ്പ് ആയിരുന്നു. ആ ശ്വാസം മുട്ടലിന്റെ അവസാനം സ്വയം കുറ്റപ്പെടുത്തലിലും ഒരു ദീര്‍ക്ക നിശ്വാസത്തിലും ചെന്ന് അവസാനിക്കും. ഓരോ ഗള്‍ഫ് കാരന്റെയും ജീവിതം അങ്ങനെയാണ്.അവന് ഏതെങ്കിലും ഒരു ഫ്ലാറ്റിലെ ഏതെങ്കിലും ഒരു മുറിയുടെ കോണില്‍ ഒതുങ്ങിക്കൂടുന്നു.
കണ്ണുകളിലൂടെ നജീബും ഹക്കീമും വീണ്ടും വീണ്ടും ഓടിമറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ മരുഭുമിയിലെ അവരുടെ രക്ഷകനായി ദൈവദൂതനായി ഇബ്രാഹിം എത്തുന്നു. നജീബിനെയും ഹക്കീമിനെയും തോളിലേന്തി ഇബ്രാഹിമിന്റെ യാത്ര മരുഭുമിയിലൂടെ. കഥയുടെ അവസാനം നജീബ് ജീവിതത്തിലേക്ക് മടങ്ങി വരുന്നു. നജീബിനെ അവന്റെ ജന്മനാട് വരവേല്ക്കുമ്പോള് പക്ഷെ ഹക്കീമിന്റെ ജീവിതം മരുഭുമിയിലെ കൊടും ചൂടില്‍ ദാഹിച്ചു വലഞ്ഞ് രക്തം ചര്ദിച്ചു ഒരു മണല്‍ കാറ്റില്‍ അവസാനിക്കുന്നു.
ഞാന്‍ എഴുനേറ്റു ഓഫീസ് മുറിയിലെ ജനാലയിലൂടെ താഴേക്ക് നോക്കി. മനസ്സ് ഇപ്പോള്‍ ശാന്തം ആണ്. പക്ഷെ .ലോകം തിരക്കിലാണ്. വാഹനങ്ങള്‍ ചീറി പായുന്നു. എങ്ങും ബഹളം. നഗരം അതിന്റെ വികൃത രൂപം പുറത്തു എടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു നിമിഷം ………മുടിയിഴകളെ തഴുകി ഒരു ഇളം കാറ്റ് കടന്നു പോയി. ഞാന്‍ അപ്പോഴാണ് ഓര്‍ത്തത് എനിക്ക് ഇ കഥ അയച്ചുതന്ന എന്റെ പ്രിയ സുഹൃത്തിനെപ്പറ്റി…..ജോവിന് …….അവന് ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും. ഫോണ്‍ വിളിച്ചു ഞാന്‍ അവനോടു ചോദിച്ചു (അവന് ക്രിക്കറ്റ് മാച്ച് കാണുകയാണ്).
” ഇന്നലെ രാത്രി കഥ വായിച്ചു കഴിഞ്ഞു എന്തായിരുന്നു നിന്റെ അനുഭൂതി. നീ നിന്റെ ജനാലക്കരികില്‍ നിന്ന് പുറത്തേക്കു നോക്കിയിരുന്നോ. പതുപതുത്ത സോഫയില്‍ ചാരി കിടന്നു ക്രിക്കറ്റ് മാച്ച് കാണുമ്പോള്‍ നിനക്ക് തോന്നുന്നുണ്ടോ ഈ അനുഭൂതി ..?
”മുടിയിഴകളെ തഴുകി ഒരു ഇളം കാറ്റ്……….? ”
ഉം എന്നൊരു മൂളല്‍ . പിന്നെ ഒരു ദീര്കനിശ്വാസത്തിനു ശേഷം ഒരു കൂട്ടിചേര്‍ക്കലും….
“”അത് വായിക്കുമ്പോള്‍ പലപ്പോഴും നീയായിരുന്നു എന്റെ മനസ്സില്‍ ……….നോവല്‍ മനസിനെ വല്ലാതെ ഉലച്ചു…..””
ഹ ഹ ഹ………..ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു പോയി.
“ഞാന്‍ എവിടെ ..?…………അവര്‍ എവിടെ………….? ”
എന്റെ ചിരി അവനെ അത്ഭുദപ്പെടുത്തി.
“നീ ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഇത്ര ഉച്ചത്തില്‍ ചിരിച്ചു കാണുന്നത്……”
ഞാനും അപ്പോളാണ് അതിനെപ്പറ്റി ചിന്തിക്കുന്നത്. ശരിയാണ് ഇത്രെയും ഉച്ചത്തില്‍ ചിരിക്കുന്നത് ഞാന്‍ ആദ്യമായാണ്. എന്റെ ഗള്‍ഫ് ജീവിതത്തിലെ ആദ്യത്തെ സംഭവം.
ചിരിയുടെ അവസാനം ഇരുവശത്തും മൌനം. മൌനത്തിനു ഒരു അറുതി വരുത്തിക്കൊണ്ട് ഞാന്‍ അവനോടു ചോദിച്ചു.
“എന്റെ മനസ്സില്‍ ഒരു ബലമായ സംശയം. ചിലപ്പോള്‍ അത് എന്റെ അറിവുകേട് കൊണ്ട് ആവാം. കഥയിലുടെനീളം കഥാകാരന് പരമ കാരുണ്യവാനായ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു. നജീബിനെ മരുഭൂമിയിലെ തടവറയില്‍ നിന്ന് രക്ഷിച്ചത് ദൈവം ആണെന്ന് സമര്‍ഥിക്കുന്നു. അപ്പോള്‍ സുഹൃത്തേ എന്റെ സംശയം ഇത് ആണ്…………
നജീബിനെ രക്ഷിച്ച ദൈവം എന്ത് കൊണ്ട് ഹക്കീമിനെ രക്ഷിച്ചില്ല. മരുഭുമിയിലെ തടവറയില്‍ അവര്‍ അനുഭവിച്ചത് ഒരേ യാതനകള്‍. പക്ഷെ നജീബിന് ജീവിതവും ഹക്കീമിന് മരണവും. അപ്പോള്‍ ഇ കഥയില്‍ ദൈവത്തിന്റെ വേഷം എന്താണ്……….?”
നിശബ്ധത……….ഏകദേശം അഞ്ചു മിനിറ്റ് നേരത്തെ നിശബ്ധതക്ക് ശേഷം മറുതലക്കല്‍ നിന്നും ഉത്തരമെത്തി.
“‘ഞാന്‍ ഒന്ന് ആലോചിക്കട്ടെ……..”
ഫോണ്‍ കട്ട് ചെയ്തു ടേബിളില്‍ മുഖം പൂഴ്ത്തി കിടന്നു. മനസ്സില്‍ ഹക്കീമിന്റെ മുഖമാണ്. മുടിയും നഖവും നീണ്ടു വളര്‍ന്നു വളരെ വികൃതമായ ഒരു രൂപം. മരുഭുമിയില്‍ ഒരു തുള്ളി വെള്ളത്തിനായുള്ള അവന്റെ നിലവിളി കാതുകളില്‍ അലയടിക്കുന്നു. ദാഹിച്ചു തൊണ്ട വരണ്ടു രക്തം ചര്ദിച്ചു ഒടുവില്‍ ശക്തമായ മണല്‍ കാറ്റില്‍ പെട്ട് പിടയുന്ന അവന്റെ ആതമാവ്. മനസ് ഹക്കീമായി മാറുകയാണ്…..
“‘അള്ളാ…..എന്റെ നിലവിളി നീ കേള്‍ക്കുന്നില്ലേ. പിന്നെ എന്തുകൊണ്ടാണ് നീ എന്നെ മാത്രം …………….”‘
ഉത്തരമില്ല. മനസ് വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വൈകുന്നേരങ്ങളിലെ പതിവുകളെല്ലാം തെറ്റി കഴിഞ്ഞു. ഓഫീസില്‍ നിന്നും ഇറങ്ങി അലസമായി നടന്നു. ഞാന്‍ ഇന്നലെവരെ കണ്ട ലോകമല്ല ഇത്. ആയിരക്കണക്കിന് മനുഷ്യര്‍ക്ക് നടുവില്‍ ഒരു പുഴുവിനെപ്പോലെ നടന്നു നീങ്ങുകയാണ്. സുരക്ഷിതനാണ് എന്ന് ഒരു തോന്നല്‍. എന്റെ ചുറ്റും ഒരുപാട് സുരക്ഷാ കവചങ്ങള്‍ ഉണ്ട്. ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് മുന്പില് ഒരു വിലങ്ങുതടിയായി ഒരു വാതില്‍. ഒരു ജയിലില്‍ നിന്നും മറ്റൊരു ജയിലിലേക്ക് പ്രവേശിക്കുകയാണ്. ഭക്ഷണം കഴിച്ചു എന്ന് വരുത്തി കട്ടിലില്‍ മുഖം കുനിച്ചു ഇരുന്നു. മനസ്സില്‍ നൂറു നൂറു ചോദ്യങ്ങള്‍. ഹക്കീം എന്നെ അവന്റെ വരുതിയില്‍ എത്തിച്ചു കഴിഞ്ഞിരിക്കുന്നു. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ഒരു ശബ്ദം എന്നെ ഉണര്‍ത്തി. മുറിയിലെ എന്റെ സഹോദരന്റെ അല്പം തമാശ കലര്‍ന്ന ചോദ്യം……….
“കിടന്നു ഉറങ്ങണ്ടേ ….? ഇരിപ്പ് കണ്ടിട്ട് നാളെ പാതിരാത്രിക്ക് ഡ്യൂട്ടിക്ക് പോയാല്‍ മതിയെന്ന് തോന്നുന്നു…!!!!!”
ഞാന്‍ പതിയെ ഒന്ന് പുഞ്ചിരിച്ചു. അതെ ഗള്‍ഫ് കാരെല്ലാം ഡ്യൂട്ടി ചെയ്യാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണ്.
പതിയെ കട്ടിലില്‍ കിടന്നു മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കണ്ടു………ഒരു മെസേജു….
അതെന്റെ സുഹൃത്ത് ആണ്.
“ചിലപ്പോള്‍ അത് അവന്റെ വിധി ആയിരിക്കും അല്ലെങ്കില്‍………..എനിക്ക് അറിയില്ല…..എന്ത് കൊണ്ടാണ് ദൈവം അവനെ പാതി വഴിയില്‍ ഉപേക്ഷിച്ചതെന്ന് ….അവനെയും രക്ഷിക്കാമായിരുന്നു അല്ലെ………..??””
മെസേജു വായിച്ചു കഴിഞ്ഞു ഞാന്‍ എന്റെ മനസിനോട് ചോദിച്ചു. എല്ലാം നിന്റെ വിധി ആണെങ്കില്‍ പിന്നെ നീ എന്തിനു ആരാധനാലയങ്ങളില്‍ പോകണം. നീ എന്തിനു പ്രാര്‍ത്ഥിക്കണം. നിന്റെ വിധി മാറ്റി എഴുതിക്കാനോ………….?????
മുറിയില്‍ പെട്ടെന്ന് അന്ധകാരം വ്യാപിച്ചു. ആരോ ലൈറ്റ് ഓഫ് ചെയ്തതാണ്. ഇപ്പോള്‍ ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ എനിക്ക് വിശാലമായി പരന്നു കിടക്കുന്ന ആകാശം കാണാം. അതില്‍ ഒരായിരം നക്ഷത്രങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. പണ്ട് കുട്ടിക്കാലത്ത് ആരോ പറഞ്ഞു തന്നിട്ടുണ്ട് മരിച്ചവരെല്ലാം ആകാശത്ത് നക്ഷത്രങ്ങള്‍ അയി വരുമെന്ന്. അതില്‍ ഒന്ന് ചിലപ്പോള്‍ ഹക്കീം ആയിരിക്കാം . എന്റെ പ്രിയപ്പെട്ട സഹോദരാ എന്റെ മനസ്സില്‍ ഒരു നൂറു ചോദ്യങ്ങള്‍ തന്നിട്ട് നീ അവിടെ നിന്ന് പുഞ്ചിരിക്കുന്നു. ഒരുപക്ഷെ എന്റെ അറിവുകേട് ആയിരിക്കാം. ആരെങ്കിലും ഒരാള്‍ അതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്തി തന്നേക്കാം….തീര്‍ച്ച …..തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞു കിടന്നു. ഇപ്പോള്‍ എന്റെ മനസ്സില്‍ നഗരത്തിന്റെ ശ്വാസം മുട്ടിക്കലില്ല. ഭാവിയുടെ ആകുലതകളില്ല ……മനസു ശാന്തം…….എന്നെയും പ്രതീക്ഷിച്ചു ഒരു പ്രഭാതം കാത്തു നില്ക്കുന്നു പുതിയ വെളിച്ചവുമായി.ഞാന്‍ ഉറങ്ങട്ടെ….നാളത്തെ പ്രഭാതത്തിലെ പുതിയ വെളിച്ചത്തെ വരവേല്‍ക്കാന്‍.
92 total views, 3 views today
