ബൂലോകം 2013 അവാര്‍ഡുകള്‍
ബൂലോകം കഴിഞ്ഞ നാല് വര്‍ഷമായി എഴുത്തുകാര്‍ക്കായി നടത്തിവരുന്ന അവാര്‍ഡുകള്‍ ഈ വര്‍ഷവും പ്രഖ്യാപിക്കുകയാണ്. ഈ വര്‍ഷത്തെ അവാര്‍ഡ് അല്പം പരിഷ്കരണത്തിന് വിധേയമായിട്ടുണ്ട് എന്ന വിവരവും സന്തോഷപൂര്‍വം അറിയിക്കുകയാണ്. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.
സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് നിര്‍ത്തി വെയ്ക്കുന്നു
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ നടത്തി വന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്.അതില്‍ വിജയികളായ എഴുത്തുകാര്‍ ഇന്ന് മലയാളം ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖര്‍ ആയി നിലനില്ക്കുന്നതില് ബൂലോകം അഭിമാനിക്കുന്നു.
സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ് തുടങ്ങുന്നു.
ഇന്റര്‍നെറ്റില്‍ മലയാളം എഴുതിയിരുന്നത് ബ്ലോഗറന്മാര്‍ എന്ന ഒരു വിഭാഗം മാത്രമായിരുന്നു. മലയാളം ഇ എഴുത്തുകാര്‍ക്കായി ബൂലോകം ആദ്യമായി അവാര്‍ഡ് നടപ്പിലാക്കിയപ്പോള്‍ സൂപ്പര്‍ ബ്ലോഗര്‍ എന്ന പേര് തിരഞ്ഞെടുക്കുവാന്‍ ഉണ്ടായ കാരണം ഇതായിരുന്നു. എന്നാല്‍ ഇന്ന് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഗൂഗിള്‍ പ്ലസ് തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകള് ഇന്റര്‍നെറ്റില്‍ മലയാളം എഴുതുവാനായി നമ്മള് ഉപയോഗിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അവാര്‍ഡിന് പുതിയ പേര് നല്‍കിയിരിക്കുന്നത്.
ബൂലോകം ബോബന് ജോസഫ് അച്ചീവ്മെന്റ് അവാര്‍ഡ്
അടുത്തിടെ അന്തരിച്ച പ്രമുഖ ഇന്റര്‍നെറ്റ് എഴുത്തുകാരന് ആയിരുന്ന ശ്രീ ബോബന് ജോസഫിന്റെ സ്മരണക്കായി ബൂലോകം. കോം ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ആണ് ബൂലോകം ബോബന് ജോസഫ് അച്ചീവ്മെന്റ് അവാര്‍ഡ്. ഇന്റര്‍നെറ്റിലെയും മറ്റു മാധ്യമങ്ങളിലെയും പ്രതിഭാധനരായ എഴുത്തുകാരെയാവും ഇതിനായി പരിഗണിക്കുക. മുന്‍ കാലങ്ങളില്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളവരെയും നിങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാം.
ബൂലോകം ഷോര്‍ട്ട് ഫിലിം അവാര്‍ഡ്
ഈ വര്‍ഷം ബൂലോകം. കോമില് പ്രസിദ്ധീകരിച്ചിട്ടുള്ളതും അല്ലാത്തതുമായ ഷോര്‍ട്ട് ഫിലിമുകളെ ഇതിനായി പരിഗണിക്കും. ഈ വര്‍ഷം റിലീസ് ചെയ്തവ ആയിരിക്കണം ഫിലിമുകള്‍. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് അവാര്‍ഡുകള്‍ ലഭിക്കും .
ഈ വര്‍ഷത്തെ മറ്റ് തെരഞ്ഞെടുപ്പുകള്‍
ഏറ്റവും നല്ല സിനിമാ നടന്, നല്ല സിനിമ, ഏറ്റവും നല്ല മലയാളം വെബ് സൈറ്റുകള്‍ തുടങ്ങിയവും വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്നതാണ്
എങ്ങിനെ നിങ്ങള്‍ക്ക് ഈ അവാര്‍ഡുകള്‍ക്കായി അപേക്ഷിക്കാം?
നിങ്ങള്‍ക്ക് നിങ്ങളുടെ പേര് സ്വയം നോമിനേറ്റ് ചെയ്യാം. അതുപോലെ വായനക്കാര്‍ക്ക് ആരെ വേണമെങ്കിലും ഈ അവാര്‍ഡുകള്‍ക്കായി നോമിനേറ്റ് ചെയ്യാവുന്നതാണ്. ഈ പോസ്റ്റിന്റെ അടിയില്‍ കമന്റായും, മെയിലായും, ഫേസ്ബുക്ക് മെസ്സേജായും നോമിനേഷനുകള്‍ സ്വീകരിക്കപ്പെടും.
എങ്ങിനെയാണ് വിജയികളെ കണ്ടെത്തുന്നത് ?
എല്ലാ വിജയികളെയും വോട്ടിങ്ങിലൂടെയാവും കണ്ടെത്തുക. ബൂലോകം പാനലിന്റെ തീരുമാനവും നിര്‍ണ്ണായകമായിരിക്കും.
എന്നാണ് നോമിനേഷന് നല്കേണ്ടുന്ന അവസാന തീയതി ?
ഡിസംബര്‍ പത്താം തീയതിക്കകം നോമിനേഷനുകള്‍ നല്‍കണം. വോട്ടിംഗ് തീയതി ഉടനെ അറിയിക്കുന്നതാണ്.