Featured
പുരോഹിത വര്‍ഗം നമ്മെ നയിക്കുന്നതെങ്ങോട്ട് ?
യാത്രയുടെ വിരസത അകറ്റാന്‍ വേണ്ടിയാവണം ഡ്രൈവിങ്ങിനിടയില്‍ സുഹൃത്ത് ഒരു ചൂടന്‍ ചര്‍ച്ചയ്ക്കു തിരി കൊളുത്തി.. വിഷയവും പൊള്ളുന്നത് തന്നെ “ആത്മീയ കച്ചവടം”. ‘അവീര്‍ റൌണ്ട് എബൌട്ട്’ ചൂണ്ടിക്കാട്ടി കൊണ്ട് അവന് പറഞ്ഞു തന്ന സംഭവത്തോടെ ഞങ്ങളാ ചര്‍ച്ചയ്ക്കു തുടക്കമിട്ടു .സുഹൃത്തിനെ അവിശ്വസിക്കേണ്ട ഒരു അവസ്ഥയും എനിക്കിത് വരെ സംജാതമായിട്ടില്ല അതിനാല്‍ അവന് വിവരിച്ചു തന്ന ഈ വാര്‍ത്തയും വിശ്വസനീയം തന്നെ.
98 total views

യാത്രയുടെ വിരസത അകറ്റാന്‍ വേണ്ടിയാവണം ഡ്രൈവിങ്ങിനിടയില്‍ സുഹൃത്ത് ഒരു ചൂടന്‍ ചര്‍ച്ചയ്ക്കു തിരി കൊളുത്തി.. വിഷയവും പൊള്ളുന്നത് തന്നെ ‘ആത്മീയ കച്ചവടം’. ‘അവീര്‍ റൌണ്ട് എബൌട്ട്’ ചൂണ്ടിക്കാട്ടി കൊണ്ട് അവന് പറഞ്ഞു തന്ന സംഭവത്തോടെ ഞങ്ങളാ ചര്‍ച്ചയ്ക്കു തുടക്കമിട്ടു .സുഹൃത്തിനെ അവിശ്വസിക്കേണ്ട ഒരു അവസ്ഥയും എനിക്കിത് വരെ സംജാതമായിട്ടില്ല അതിനാല്‍ അവന് വിവരിച്ചു തന്ന ഈ വാര്‍ത്തയും വിശ്വസനീയം തന്നെ.
ഏകദേശം ഒന്ന് രണ്ടു വര്‍ഷം മുന്‍പ് നടന്നതാണ് ‘അവിര് റൌണ്ട് എബൌട്ട്’ അടുത്ത് ഒരു അത്ഭുത പ്രതിഭാസം നടക്കാന്‍ തുടങ്ങി. അവിടെ റോഡരികില്‍ ഉള്ള ഒരു മരം ആണ് കഥാപാത്രം ആ മരത്തിനു അടുത്തേക്ക് പോകുന്നവര്‍ക്കൊക്കെ ചെറിയ തോതില്‍ ശാരീരിക അസ്വസ്ഥത ഉണ്ടാവാന്‍ തുടങ്ങി.കാതില്‍ നിന്ന് കാതുകളിലേക്ക് വാര്‍ത്ത പരക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. കേട്ടവര്‍ കേട്ടവര്‍ മരത്തിനടുത്തെക്ക് ചെന്ന് സംഭവം സ്ഥിരീകരിച്ചു. മാത്രവുമല്ല കൂടുതല്‍ സമയം ആ കുഞ്ഞുമരത്തിനടുത്ത് നില്ക്കുമ്പോള് ബോധക്ഷയം അനുഭവപ്പെടാനും തുടങ്ങി.അതോടെ ഒരു തരം ഭയ ഭക്തി ബഹുമാനം ആളുകളില്‍ ഉണ്ടാവാന്‍ തുടങ്ങി. അതോടെ ആ മരത്തിനു ഒരു ദിവ്യത്വം പതിപ്പിച്ചു കിട്ടി. പോരെ പൂരം നമ്മുടെ മലയാളി മാപ്പിളമാരും പാക്കിസ്ഥാനികളും അതൊരു ‘ഔലിയ'(ദൈവത്തിന്റെ ഇഷ്ട ദാസന്. ഔലിയയോടു പ്രാര്‍ഥിച്ചാല്‍ അവര്‍ സഹായം ചെയ്തു തരുമെന്ന് ഇസ്ലാമിലെ ഒരു കൂട്ടംമൂഡ വര്‍ഗം വിശ്വസിക്കുന്നു) ചില പിന്തിരിപ്പന് അറബികളും ആ വാദത്തിനു ശക്തി പകര്‍ന്നു കൊണ്ട് രംഗത്ത് വന്നു. പിന്നെ ഭക്തന്മാരുടെ കോപ്രായങ്ങള്‍ ആയിരുന്നു അവിടെ. ഈ ‘മരം ഔലിയയെ’ മുത്താനും പച്ച പുതപ്പിക്കാനും ജനങ്ങള്‍ മത്സരിച്ചു. ‘മരം ഔലിയക്ക്’ അവര്‍ ഒരു പുതിയ നാമകരണവും നടത്തി ‘അടുത്തൂടാത്ത ഔലിയ’.
നാമത്തിനു ഒരു കാരണം ഉണ്ട് .എല്ലാ സമയവും ഈ മരം ഔലിയയുടെ അടുത്തേക്ക് പോകാന്‍ ഭക്തര്‍ക്ക് കഴിയില്ല. ചില സമയങ്ങളില്‍ പോയാല്‍ ഞാന്‍ മുകളില്‍ പ്രതിപാദിച്ച അത്ഭുത പ്രതിഭാസം പ്രത്യക്ഷമാവും. അതിനും വന്നു പുതിയ ഒരു നിര്‍വ്വചനം ഔലിയ ഉറങ്ങുന്ന സമയം …ആ സമയം ശല്യപ്പെടുത്താന്‍ പോയാല്‍ ഔലിയയുടെ കോപത്തിനു അടിമപ്പെട്ടു ബോധ രഹിതനാകും. ‘കറാമത്'(ദൈവത്തിന്റെ ഇഷ്ട ദാസന്മാര് കാണിക്കുന്ന അത്ഭുതങ്ങള്‍) കേട്ടറിഞ്ഞു ദൂരെ നിന്നും ആള്ക്കാര് എത്തിച്ചേരാന്‍ തുടങ്ങി.അതോടെ ട്രാഫിക് ഡിപ്പാര്‍ട്ട് മെന്റിന് തല വേദനയായി. അവര്‍ യോഗം കൂടി ഈ അനാചാരം ഇല്ലാതാക്കാന്‍ ആ മരം വെട്ടി നശിപ്പിക്കാന്‍ തീരുമാനിച്ചു.
പക്ഷെ മരം വെട്ടുകാര്‍ക്ക് ജോലി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.ഒന്ന് രണ്ടു വെട്ടു വീണതെ ഉള്ളൂ ..അപ്പോളേക്കും അതിലോരാള്‍ക്ക് ബോധക്ഷയം.അതോടെ ഭയം കാരണം വെട്ടുകാര് പിന്മാറി. ഉദ്യോഗസ്ഥന്മാര് ‘മുശാവറ’ കൂടി.മരത്തിനെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ബോട്ടാണിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിനെ ചുമതലപ്പെടുത്തി.താല്കാലികമായി മരത്ത്തിനടുതെക്കുള്ള വഴി പോലീസ് സീല്‍ ചെയ്തു ബന്ധവസസാക്കി. ശാസ്ത്രഞ്ജന്മാര് ‘ആമസോണ്‍’ കാടുകള്‍ അരിച്ചു പെറുക്കാന്‍ തുടങ്ങി. അവസാനം അവര്‍ ‘അടിവേര്’ മാന്തിയെടുത്തു…അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രത്യേക സസ്യം..അതിന്റെ പ്രത്യേകത ചില സമയങ്ങളില്‍ അമിതമായി ‘കാര്‍ബണ്‍ ഡേ ഓക്സൈഡ് ‘ പുറം തള്ളുന്നു…..(മറ്റു സസ്യങ്ങള്‍ക്ക് നേരെ വിപരീതം)
അപ്പോള്‍ സംഗതി ക്ലീന്‍..പിന്നെ മരം അവിടുന്ന് മാറ്റി സ്ഥാപിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ഭരണാധികാരികള്‍ക്ക് …(‘അടുത്തൂടാത്ത മരം ഔലിയക്ക്’ അര്‍ഹിച്ച പരി രക്ഷണം തന്നെ നല്കി എന്നറിയാന്‍ കഴിഞ്ഞു)
ഇത് ആമുഖം :
നമ്മുടെ നാടുകളില്‍ പ്രചരിപ്പിക്കുന്ന പല അത്ഭുത കഥകള്‍ക്കും പിന്നില്‍ ഇത് പോലുള്ള ശാസ്ത്രീയ അടിത്തറകള്‍ ഒളിച്ചിരിക്കുന്നുണ്ട്.അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ അത്തരം കഥകളെ പൊടിപ്പും തൊങ്ങലും വെച്ച് സമൂഹത്തില്‍ പ്രചരിപ്പിച്ചു പാമര ജനങ്ങളെ ചൂഷണം ചെയ്യാനാണ് ഇന്ന് വെള്ളയും കാഷായവും കുരിശും ധരിച്ച അഭിനവ പുരോഹിത വര്‍ഗങ്ങള്‍ ശ്രമിക്കുന്നത്. അവര്‍ക്കതിനു പല ഗൂഡ ലക്ഷ്യങ്ങളും ഉണ്ട്. പണ്ട് കാലത്ത് ഓരോ സമുദായത്തിലെയും ജനങള്‍ക്ക് നന്മ ഉപദേശിക്കാനും അവരെ സല്മാര്ഗതിലേക്ക് നയിക്കാനുമായിരുന്നു അതാതു സമുദായ നേതാക്കന്മാരും പണ്ഡിതന്മാരും ശ്രമിച്ചിരുന്നത്. അവര്‍ അവരുടെ ലളിത ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായി നില നിന്ന്..ഇന്നോ? ഏതു സമുദായ നേതാക്കന്മാരിലെക്കും ഒന്നിറങ്ങി ചെന്ന് നോക്ക്… പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും മാത്രമല്ല പുറത്ത് പറയാന്‍ പോലും പറ്റാത്തവൃത്തികെടുകളുടെയും കണക്കുകള്‍ ചികഞ്ഞു പുറത്തു ഇടേണ്ടി വരും.
ഇന്ന് പലരും പണ്ഡിത വേഷം കെട്ടി സമുദായ നേതാക്കന്മാരായി വേഷം കെട്ടി ആടുകയാണ്..അവര്‍ക്ക് സ്വന്തം സമുദായത്തോട് യാതൊരു കൂറും ഇല്ല എന്ന് മാത്രമല്ലഅണികള്ക്കിടയില് സാമുദായികമായും വര്‍ഗ്ഗീയമായും പരസ്പരം സ്പര്‍ധ വളര്‍ത്തി അവരെ തമ്മില്‍ അടുപ്പിച്ചു മുതലെടുക്കുകയാണ്… എന്തിനു വേണ്ടി?…
ഇന്ന് ഏതു അന്വേഷണത്തെയും നിയമത്തെയും നേരിടാന്‍ ഏറ്റവും നല്ല പരിച മതം ആണ്..മതത്തിന്റെ മേലങ്കി അണിഞ്ഞു മത മേലദ്ധ്യക്ഷനായി ഇരുന്നാല്‍ ഒരു നിയമത്തിനും തൊടാന്‍ ആവില്ല .തൊട്ടാല്‍ കൈ പൊള്ളും അത്ര തന്നെ.ഇന്ധ്യയില് രാഷ്ട്രീയക്കാരേക്കാള്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നത് ഇത്തരം കപട ആത്മീയ കച്ചവടക്കാര്‍ ആണ് ..ഈ കാര്യത്തില്‍ ബാബമാരും ഉലമമാരും മെത്രാന്മാരും എല്ലാം ഒന്നിനൊന്നു മെച്ചം. മരണ ശേഷം ആ സ്വത്ത് വകകള്‍ക്ക് വേണ്ടി ഈ നാട്ടില്‍ കടി പിടി കൂടുന്ന കാഴ്ചയ്ക്കും നമ്മള് സാക്ഷ്യം വഹിച്ചതാണല്ലോ ..എന്നിട്ടും നാം മാറി ചിന്തിച്ചുവോ?..ഇല്ല…
ഇത്തരക്കാര്‍ മാനവികത ഉണര്‍ത്താനും ഐക്യ ദാര്ട്യം പ്രകടിപ്പിക്കാനും എന്നൊക്കെ പറഞ്ഞു നടത്തുന്ന യാത്രയുടെയും ഉപവാസത്തിന്റെയും പേരില്‍ പൊടിച്ചു തള്ളുന്ന കോടികളുടെ കണക്കു എടുക്കാന്‍ ഒരു ഇന്‍കം ടാക്സുകാരനും മിനക്കെടാറില്ല എന്നതാണ് വാസ്തവം…അരപ്പട്ടിനിക്കാരന് മുണ്ട് മുറുക്കി കഷ്ടപ്പെട്ട് ഒരു വീടുണ്ടാക്കിയാല്‍ അതിനു ഇത്തിരി സ്ക്വയര്‍ ഫീറ്റ് കൂടിപ്പോയെന്നും പറഞ്ഞു അവന്റെ അടി വസ്ത്രം വരെ പിയിഞ്ഞൂറ്റുന്ന അധികാര വര്‍ഗം ഇത്തരം സ്വാമിമാര്‍ക്കും മോല്ലാമാര്ക്കും അച്ചന്മാര്ക്കും ഓശാന പാടുകയാണ്.
എന്ത് കൊണ്ട് നാം ഈ പുരോഹിത വര്‍ഗ്ഗത്തിന് അടിമപ്പെട്ടു പോകുന്നു?…
അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല… മതത്തെ കുറിച്ച് പഠിച്ചാല്‍ കാര്യം വ്യക്തമാണ് ഒരു മതവും ഇത്തരം ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. കാലക്രമേണ മതത്തിന്റെ മേലാലന്മാരായി സ്വയം അവരോധിച്ച പുരോഹിത വര്‍ഗം മത ഗ്രന്ഥങ്ങളെ അവരുടെ ദുഷ് ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നതിനായി ദുര് വ്യഘ്യാനിക്കുകയും ഇല്ലാത്ത ചില ആചാരങ്ങള്‍ വിശ്വാസികളുടെ മേല്‍ അടിചെല്പിക്കുകയും ചെയ്തു…ദൈവത്തിനു പണത്തിന്റെ ആവശ്യമില്ല.ഒരു മത ഗ്രന്ഥവും പണം കൊണ്ട് ദൈവ പ്രീതി നല്കപ്പെടുമെന്നു വാഗ്ദാനം നല്‍കുന്നില്ല ..എങ്കില്‍ പിന്നെ പണം ആര്‍ക്കു വേണ്ടി? …ഇത്തരം ഇത്തിള്‍ കണ്ണികള്‍ക്ക് തന്നെ…’ന തസ്യ പ്രതിമാസ്തി’ എന്ന് ഹിന്ദു വേദങ്ങളില്‍ കാണാം (ദൈവത്തിനു പ്രതിമയില്ല)…
ആകാശത്തിലെ പറവകലുടെയോ.. ഭൂമിയിലെ ഉരഗ വര്‍ഗങ്ങളുടെയോ..ആഴിയിലെമത്സ്യാദികളുടെയോ രൂപമുണ്ടാക്കി നീ ദൂശ്യതനാവരുത് ..ബൈബിള്‍ പറയുന്നു ‘നീ വിളിച്ചുപ്രാര്ഥിക്കുന്നവരൊന്നും നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല അഥവാ കേട്ടാല്‍ തന്നെ ഒരു ഈന്തപ്പഴത്തിന്റെ കുരുവിന്റെ മുകളിലുള്ള പാട പോലും നീക്കം ചെയ്യാന്‍ അവര്‍ക്കാവില്ല’ഖുര്‍ ആനിലെ വാചകം .
മത ഗ്രന്ഥങ്ങളില്‍ വ്യക്തമായി ഈ കാര്യങ്ങള്‍ പ്രതി പാദിക്കുന്നു എന്നിട്ടും നമ്മള് പഠിച്ചില്ല ..പഠിക്കാന്‍ പുരോഹിത വര്‍ഗം സമ്മതിച്ചില്ല എന്ന് വേണം പറയാന്‍..
പല അനാചാരങ്ങളും ഇവര്‍ വേദ ഗ്രന്ഥങ്ങളില്‍ കൈ കടത്തി കൂട്ടി ഉണ്ടാക്കിയതാണ് ..സമൂഹത്തില്‍ മുന്‍പുണ്ടായിരുന്നതും പരിഷ്കര്‍ത്താക്കളുടെ ശ്രമ ഫലമായി നിര്‍ത്തലാക്കാന്‍ കഴിഞ്ഞതുമായ പല മ്ലേച്ചമായ ആചാരങ്ങളും പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാവും ‘അഗ്രേ ഗമിച്ചാലും…’ എന്ന് തുടങ്ങുന്ന ശ്ലോകത്തിനു പകരം (സഹോദരീ മുന്പോട്ടെക്ക് ഗമിചാലും) ‘ആഗ്നേ ഗമിചാലും’ (അഗ്നിയുടെ കൂടെ പോന്നോളൂ) എന്ന് തിരുതിഴെയുതി ആ കാലഘട്ടത്തിലെ പുരോഹിത വര്‍ഗം.. എന്തിനു വേണ്ടി? ഭര്‍ത്താവ് മരണപ്പെട്ട ഭാര്യയെ ‘സതി’ ആചരിപ്പിച്ചു അഗ്നിയിലേക്ക് തള്ളിയിട്ടു കൊണ്ട് അവളുടെ പാരമ്പര്യ സ്വത്ത് കൈക്കലാക്കാന്‍..
നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ പോലും ഇത്തരം ചൂഷകരുടെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുന്നു എന്ന വാസ്തവം നമുക്ക് തള്ളി കളയാന്‍ പറ്റില്ല.ഇവിടെയും ഇന്ന് ദൈവത്തിന്റെ പേരും പറഞ്ഞു പരസ്പരം തല്ലിക്കുന്ന ഏര്‍പ്പാടുകളാണ് കാണുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ട യുവത്വം പ്രകൃതിയിലെ ആകാശത്തും മരത്തിലും പാമ്പിലും എന്ന് വേണ്ട തക്കാളിയില്‍ പോലും ദൈവത്തെ വരച്ചു ചേര്‍ത്ത് ദൈവ സാന്നിധ്യം അന്യ മതസ്ഥരിലേക്ക് അടിച്ചേല്പിക്കാന് ശ്രമിക്കുന്നു….
നമുക്ക് ഇനിയും പ്രതീക്ഷിക്കാം ഇത്തരം ഔലിയ മാരുടെയും സ്വാമിമാരുടെയും കാറാമതുകളും അത്ഭുത കഥകളും ..
കാരണം നാം ഇന്നും ഇവരുടെയൊക്കെ വിശ്വാസത്തിന്റെ കീഴില്‍ മൂഡ സ്വര്‍ഗത്തില്‍ ഇരിക്കുകയാണല്ലോ…
(മുകളില്‍ വിവരിച്ച സംഭവം ചെറിയൊരു ബീജ തന്തുവില്‍ നിന്നും ഞാന്‍ രൂപപ്പെടുത്തിയെടുതതാണ്..ചിലപ്പോള്‍ യാതാര്ത്യവുമായി പൂര്‍ണമായും യോജിച്ചു വന്നേക്കാം)
99 total views, 1 views today