പുലിക്കാട്ട്: ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര

1

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടാവും. അത്തരം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു പോസ്റ്റാണിത്. ചെന്നൈ നഗരത്തില്‍ നിന്നും ഏതാണ്ട് അറുപതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടാവുന്ന അതിമനോഹരമായ ഒരു മുക്കുവ ഗ്രാമം. തിരുവള്ളുവര്‍ ജില്ലയിലെ പുലിക്കാട്ട്. കുടുംബ സമേതം അവിടേക്ക് ഒരു യാത്ര പോയതിന്റെ ആവേശവും ഓര്‍മയും പങ്കുവെക്കാനാണ് ഈ കുറിപ്പ്. എന്റെ നാട്ടുകാരനായ സുഹൃത്ത് വി എം ഹനീഫയാണ് ഇങ്ങനെയൊരു യാത്രയുടെ ആശയം മുന്നോട്ട് വെച്ചത്. ‘ഐസ് ക്യാപ്’ എന്ന പേരില്‍ ചെന്നൈയില്‍ ഒരു കൂള്‍ ഡ്രിങ്ക്സ് ശൃംഖല നടത്തുകയാണ് ഹനീഫ. ഞങ്ങളുടെ മിക്കവാറും യാത്രകളില്‍ അവനും കുടുംബവും കൂടെയുണ്ടാകാറുണ്ട്. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ പുലിക്കാട്ട് ചിത്രത്തിലേ ഇല്ലായിരുന്നു. ചെന്നൈയില്‍ രണ്ടോ മൂന്നോ ദിവസം കഴിയുക. വെറുതെയൊന്ന് കറങ്ങുക. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ യാത്ര ആസ്വദിക്കുക. അവധിക്കാലത്ത് കുട്ടികള്‍ക്കൊരു ചേഞ്ച്‌.. അത്രയേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ.

ചെന്നൈയിലെ കറക്കമൊക്കെ ഏതാണ്ട് അവസാനിച്ചപ്പോഴാണ് ഹനീഫ ‘പുലിക്കാട്ട്’ എടുത്തിട്ടത്. ഒറ്റയടിക്ക് തന്നെ ഞങ്ങളത് പാസ്സാക്കി. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാനും ഭാര്യയും കുട്ടികളും മാത്രമല്ല കെട്ടോ.. എന്റെ മൂന്ന് സഹോദരന്മാരും അവരുടെ നല്ല പാതികളും കുട്ടികളും. പിന്നെ ഉമ്മ, സഹോദരി നജിലയും കുടുംബവും, ജേഷ്ഠന്റെ അളിയനും കുടുംബവും. അങ്ങിനെ ഒരു പൊതുയോഗത്തിന് വേണ്ടത്രയും ആളുകളുള്ള ഒരു വലിയ ഗ്രൂപ്പാണ്. യാത്രകളില്‍ എങ്ങോട്ടു പോകുന്നു എന്നതിനേക്കാള്‍ എന്ത് മനസ്സുമായി പോകുന്നു എന്നതിനാണ് പ്രാധാന്യം. ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ഒരു കൊച്ചു ഗ്രാമം പോലും നമ്മെ അതിശയിപ്പിക്കും. അത്തരമൊരു മനസ്സില്ലെങ്കിലോ എത്രകൊടി കുത്തിയ വിനോദ കേന്ദ്രത്തിലേക്ക് പോയാലും കാശ് പോയത് മിച്ചമാവും. പുലിക്കാട്ടിനു ഗ്രീന്‍ സിഗ്നല്‍ കൊടുക്കാനുള്ള പ്രധാന കാരണം അതായിരുന്നു.കുട്ടികളുടെ കാര്യത്തില്‍ ഇത്തിരി സംശയം ഉണ്ടായിരുന്നു. ഗ്രാമവും മുക്കുവരുമൊക്കെ അവര്‍ക്കങ്ങ് ദഹിക്കുമോ എന്ന്. ടൂറെന്ന് പറഞ്ഞാല്‍ വാട്ടര്‍ തീം പാര്‍ക്കാണ് അവരുടെ പ്രധാന ടാര്‍ഗെറ്റ്. മദ്രാസില്‍ വണ്ടിയിറങ്ങിയ ഉടനെ എന്റെ ഇളയ മകന്‍ ചോദിച്ചത് ‘ഉപ്പാ ഇവിടെ വീഗാലാന്‍ഡ് ഉണ്ടോ’ എന്നാണ്. അതുകൊണ്ട് തന്നെ അവരെ തൃപ്തിപ്പെടുത്താന്‍ ഒരു ദിവസം ‘കിഷ്കിന്ദ’യിലാണ് ചിലവഴിച്ചത്. വീഗാലാന്‍ഡുമായി തട്ടിച്ചു നോക്കിയാല്‍ കിഷ്കിന്ദക്ക് മാര്‍ക്ക് അല്പം കുറയും. എന്നാലും കുട്ടികള്‍ ആസ്വദിച്ചു എന്ന് തന്നെ പറയണം. ഒരു ടൂറിസ്റ്റ് ബസ്സ്‌  വാടകക്കെടുത്താണ് പുലിക്കാട്ടേക്ക് യാത്ര. രാവിലെ തന്നെ പുറപ്പെട്ടു. ബസ്സ് ഏതാണ്ട് ഫുള്ളാണ്. പിറകിലെ സീറ്റുകള്‍ മാത്രമേ കാലിയുള്ളൂ. കാഴ്ചകള്‍ കണ്ടുള്ള യാത്രയായതിനാല്‍ ചെന്നൈയില്‍ നിന്നും ഏതാണ്ട് രണ്ട് മണിക്കൂറിലധികമെടുത്തു അവിടെയെത്താന്‍. പുലിക്കാട്ട് ഒറ്റപ്പെട്ട ഒരു ഗ്രാമമെന്ന് പറഞ്ഞു കൂട. വലിയ ചന്തയും കച്ചവടങ്ങളുമൊക്കെയുള്ള ഒരു മുക്കുവ ടൌണ്‍ഷിപ്പ് എന്ന് വിളിക്കുന്നതാവും ഉചിതം. ഞങ്ങള്‍ ബസ്സിറങ്ങുമ്പോള്‍ ശെല്‍വമണി കാത്തു നില്ക്കുന്നുണ്ട്. ഹനീഫ നേരത്തെ ചട്ടം കെട്ടി നിര്‍ത്തിയ ആളാണ്‌.

ശെല്‍വമണിയും കൂടെയുള്ള രണ്ട് കൂട്ടുകാരും ചേര്‍ന്ന് എല്ലാവര്‍ക്കും വെള്ളവും ജ്യൂസും കൊണ്ട് വന്നു. ശേഷം കൃത്യമായ ചില നിര്‍ദേശങ്ങളും നല്കി. പണവും ആഭരണങ്ങളും മൊബൈല്‍ ഫോണുകളുമെല്ലാം ശ്രദ്ധിക്കണം. ഭക്ഷണത്തിന് വേണ്ട അത്യാവശ്യ സാധനങ്ങള്‍ ഈ അങ്ങാടിയില്‍ നിന്ന് വാങ്ങിക്കണം. നമ്മള്‍ പോകുന്ന സ്ഥലത്ത് ഒന്നും കിട്ടില്ല. എവിടെയൊക്കെ പോകാമെന്ന് വ്യക്തമായ പ്ലാന്‍ ശെല്‍വമണിയുടെ പക്കലുണ്ട്. ആദ്യം പോകേണ്ടത് ഡച്ച് സെമിത്തേരിയിലേക്ക്..അതിനു ശേഷം പുലിക്കാട്ട് തടാകക്കരയിലേക്ക്. പിന്നെ അവിടെ നിന്ന് ബോട്ടില്‍ കയറി ഒരു ദ്വീപിലേക്ക്. ഉച്ച ഭക്ഷണം അവിടെ നിന്ന്. വൈകിട്ടത്തെ പരിപാടി പിന്നീട് പറയാം.. ശെല്‍വമണി അത്രയും പറഞ്ഞതോടെ മനസ്സില്‍ ഒന്നല്ല, ഒരായിരം ലഡ്ഡു പൊട്ടി. മനസ്സില്‍ കൊതിച്ചിരുന്ന യാത്രാപ്ലാന്‍. ഞങ്ങള്‍ രണ്ടു മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് മാര്‍ക്കറ്റിലേക്ക് ഇറങ്ങി. ഒരുമിച്ചു ഒരു ജാഥയായി പോകുന്നത് ഒഴിവാക്കാനാണ് ഗ്രൂപ്പുകളാക്കിയത്.

പിറകില്‍ നില്ക്കുന്ന പെണ്ണിന്റെ നോട്ടം എന്റെ പേഴ്സിലേക്കാണോന്ന്

നോക്കിയേ. ശെല്‍വ മണിയുടെ മുന്നറിയിപ്പുള്ളതാണ്

ഉച്ച ഭക്ഷണത്തിന് വേണ്ട സാധനങ്ങള്‍ വാങ്ങിക്കേണ്ട ഉത്തരവാദിത്വം ഞാനും ജേഷ്ഠന്‍ റസാഖും  ഹനീഫയും ഏറ്റെടുത്തു. ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ട പാത്രങ്ങള്‍, സ്റ്റവ്, ഗ്യാസ് സിലിണ്ടര്‍ തുടങ്ങി ആവശ്യമുള്ളതെല്ലാം വണ്ടിയില്‍ കൊണ്ടുവന്നിട്ടുണ്ട്.  ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വഴിവക്കില്‍ വില്ക്കുന്ന ഒരു ഗ്രാമീണ ചന്തയാണ് ഇവിടെ. ആദ്യം പോയത് മീന്‍ മാര്‍ക്കറ്റിലേക്ക്. സ്ത്രീകളാണ് കച്ചവടക്കാര്‍. തടാകത്തില്‍ നിന്നും പിടിക്കുന്ന മീനാണ് പ്രധാനമായും ഇവിടെ വില്പനക്കെത്തുന്നത്. ചെമ്മീന്‍, കരിമീന്‍, മാലാന്‍ തുടങ്ങി എല്ലാ തരം മീനുകളുമുണ്ട്. ഞങ്ങളെ കണ്ടതും എല്ലാവരും മാടി വിളിക്കാന്‍ തുടങ്ങി.. മത്സ്യ മാര്‍ക്കറ്റിന് എവിടെയും ഒരു പൊതുസ്വഭാവമുണ്ട്. വലിയ ബഹളങ്ങള്‍, വില പേശല്‍, മത്സരിച്ചുള്ള വില്പന.. അതിവിടെയും കാണാം. മുറുക്കിച്ചുവപ്പിച്ചു തേന്മാവിന്‍ കൊമ്പത്തെ ഇഞ്ചിമ്മൂട് ഗാന്ധാരിയുടെ മട്ടില്‍ നില്ക്കുന്ന ഒരു സ്ത്രീയുടെ പക്കല്‍ നിന്നും നല്ല ചെമ്മീന്‍ കുറഞ്ഞ വിലയ്ക്ക് കിട്ടിയപ്പോള്‍ മറ്റൊന്നും നോക്കിയില്ല. പണം പോയി പവറ് വരട്ടെ എന്ന് കരുതി ആ കുട്ടയിലുള്ളത് മുഴുവന്‍ വാങ്ങി. പിന്നെ പച്ചക്കറി മാര്‍ക്കറ്റിലേക്ക്.. സാധനങ്ങള്‍ വാങ്ങുന്നതിലുപരി അവരുടെ വേഷവിധാനവും ഭാഷയും രീതികളുമൊക്കെയായിരുന്നു ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളുമൊക്കെ വാങ്ങി. നമ്മുടെ നാട്ടിലേതുമായി തട്ടിച്ചു നോക്കുമ്പോള്‍ എല്ലാത്തിനും വളരെ വിലക്കുറവുണ്ട്. കോഴിയും അരിയും മറ്റു സാധനങ്ങളും വാങ്ങാന്‍ വലിയ ജേഷ്ഠന്റെ മകന്‍ സഹീറിനെ വിട്ടു.

ഡച്ച് സെമിത്തേരിയില്‍ വന്നപ്പോഴാണ് ഒരു വലിയ ചരിത്ര പാരമ്പര്യമുള്ള പ്രദേശത്താണ് ഞങ്ങളെത്തിയത് എന്ന ബോധമുണ്ടായത്. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഒരു ചരിത്രാവശിഷ്ടമാണ് ഈ സെമിത്തേരി. പുലിക്കാട്ടിന്റെ ചരിത്രം അധിനിവേശങ്ങളുടെ ചരിത്രം കൂടിയാണ്. പല്ലവ-ചോള രാജവംശങ്ങളുടെ കാലം മുതല്‍ ബ്രിട്ടീഷ് കാലഘട്ടം വരെ വിവിധ രാജ വംശങ്ങളും അധിനിവേശ ശക്തികളും ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ ഈ തുറമുഖ പ്രദേശത്തെ അവരുടെ പ്രധാന ഭരണ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഈ സെമിത്തേരി അത്തരമൊരു പാരമ്പര്യത്തിന്റെ കൂടി ബാക്കിപത്രമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഏതാണ്ട് രണ്ടു നൂറ്റാണ്ട്‌ കാലം ഡച്ചുകാരുടെ കീഴിലായിരുന്നു ഈ പ്രദേശം. 1606 ലാണ് ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത്‌ കരിമണല്‍ വില്ലേജില്‍ ഡച്ചുകാര്‍ കപ്പലിറങ്ങുന്നത്. കരിമണല്‍ കോറമണ്ടലായി പരിണമിച്ചു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വ്യാപാര കേന്ദ്രവും ഇവിടെയായിരുന്നു. നിരവധി രാജ വംശങ്ങളുടെയും അധിനിവേശ ശക്തികളുടെയും ഐതിഹാസിക മുന്നേറ്റങ്ങളുടെ നാള്‍ വഴികള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷം കാലത്തിന്റെ പ്രയാണത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു മുക്കുവ വില്ലേജായി പുലിക്കാട്ട് രൂപാന്തരപ്പെടുകയായിരുന്നു എന്ന് വേണമെങ്കിലും പറയാം.

സെമിത്തേരിയുടെ കവാടം

സെമിത്തേരി പൂട്ടിക്കിടക്കുകയാണ്. പുറമേ നിന്ന് നോക്കിക്കാണാനേ പറ്റുകയുള്ളൂ എന്ന് തോന്നുന്നു. അല്പം നിരാശയോടെ പുറത്ത് നിന്നും ചില ഫോട്ടോകളെടുത്ത് നില്‍ക്കുന്നതിനിടയില്‍ ശെല്‍വമണി പ്രായം ചെന്ന ഒരാളെയും കൂട്ടിവരുന്നു. കൂനിക്കൂടിയാണ് വരവ്.. അയാള്‍ മടിശ്ശീലയില്‍ നിന്നും താക്കോലെടുത്ത് സെമിത്തേരിയുടെ ഗേറ്റ് തുറന്നു തന്നു. ഹനീഫ അയാള്‍ക്കെന്തോ കൈമടക്ക് കൊടുക്കുന്നതും കണ്ടു. ആ കൈ മടക്കിന്റെ പ്രതിഫലനം മോണ കാട്ടിയുള്ള ആ ചിരിയിലുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കൂടെ വന്ന് എല്ലായിടവും കാണിച്ചു തന്നു. കൂടെ നിന്ന് ഒരു ഫോട്ടോയുമെടുത്തതോടെ പുള്ളിയും ഹാപ്പി ഞങ്ങളും ഹാപ്പി. നിരവധി ശവ കുടീരങ്ങള്‍ ഇവിടെയുണ്ട്. അതില്‍ അടക്കം ചെയ്തവരുടെ പേരും വിവരങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ഡച്ച് ഭാഷയിലായത് കൊണ്ട് ഞാനെല്ലാവര്‍ക്കും ട്രാന്‍സ് ലേറ്റ് ചെയ്തു കൊടുത്തു. (സത്യമായിട്ടും!!).

അവിടെ നിന്നും നേരെ പുലിക്കാട്ട് തടാകക്കരയിലേക്ക്. മത്സ്യബന്ധനത്തിനുള്ള ചെറിയ തോണികള്‍ നിരനിരയായി കിടക്കുന്നുണ്ട്. മനോഹരമായ ആ തീരവും മീന്‍ പിടിച്ചെത്തിയ തോണിക്കാരെയുമൊക്കെ വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്നതിനിടയില്‍ ഞങ്ങളുടെ യാത്രക്ക് വേണ്ട മോട്ടോര്‍ ഘടിപ്പിച്ച വലിയ രണ്ട് തോണികളുമായി ശെല്‍വ മണിയും കൂട്ടുകാരും റെഡിയായി. തടാകത്തിന്റെ ഒരു മൂലയിലാണ് ഞങ്ങളുള്ളത്. ഒരു ചെറിയ പാലം കടന്നു വേണം വിശാലമായ  തടാകത്തിലേക്ക് പ്രവേശിക്കാന്‍. രണ്ട് തോണികളിലായി എല്ലാവരും കയറി.. ഗ്യാസ് കുറ്റികളും വാട്ടര്‍ ബോട്ടിലുകളും പാത്രങ്ങളും എന്ന് വേണ്ട സകല സന്നാഹങ്ങളുമായാണ് യാത്ര. തടാകത്തിന്റെ വിശാലതയിലേക്ക്‌ പ്രവേശിച്ചതോടെ കുട്ടികള്‍ക്കൊക്കെ ആവേശമായി. അത്ര മനോഹരമായിരുന്നു ആ കാഴ്ചകള്‍..

രണ്ട് ബോട്ടുകളിലായി സഞ്ചരിക്കുമ്പോള്‍ ആവേശം ഇത്തിരി കൂടും. മറ്റേ ബോട്ടിലുള്ളവരെ കാണാനും കൈവീശാനും കളിയാക്കാനുമൊക്കെ പറ്റിയ അവസരമാണത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. തടാകത്തിന്റെ ഒരറ്റത്ത് നിന്ന് അതിന്റെ വിശാലതയിലേക്ക്‌ കടന്നതോടെ മുന്‍ ധാരണകളെല്ലാം പമ്പ കടന്നു. ഒരു ചെറിയ തടാകം എന്നതായിരുന്നു  മനസ്സില്‍ കരുതിയിരുന്നത്.  പക്ഷേ ഇപ്പോളത് നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുതടാകമാണത്രേ (Brackish water Lagoon) ഇത്. സമുദ്രത്തോട്‌ ചേര്‍ന്ന് കരയിലേക്ക് ഒരു ചെറിയ കൈവഴിയിലൂടെ കടന്ന് പരന്നു കിടക്കുന്ന വന്‍ ജലാശയം. അറുപത് കിലോമീറ്റര്‍ നീളത്തിലാണ് ഈ തടാകം സമുദ്രത്തോടു ചേര്‍ന്ന് കിടക്കുന്നത്. ഏതാണ്ട് നാന്നൂറ്റി അമ്പത് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകൃതി മനസ്സ് തുറന്ന് നല്കിയ ജല – മത്സ്യ – ജൈവ സമ്പത്ത്. അപൂര്‍വയിനം പക്ഷികളുടെ സങ്കേതം. വിദേശങ്ങളില്‍ നിന്ന് പോലുമെത്തുന്ന വിവിധയിനം പെലിക്കണുകള്‍, നൂറ്റി അറുപതോളം മത്സ്യയിനങ്ങള്‍. തടാകത്തിന്റെ കുറച്ച് ഭാഗം തമിഴ്നാട്ടില്‍. ബാക്കി ആന്ധ്രപ്രദേശിലാണ്. അരണി, കലംഗി, സ്വര്‍ണമുഖി നദികള്‍ ഈ തടാകത്തില്‍ ലയിച്ചു ചേരുന്നു. ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കി ഒരു കൂറ്റന്‍ പെലിക്കണ്‍ ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു. ഒരു ചെന്നൈ യാത്രയുടെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഞങ്ങളറിയാതെ എത്തിപ്പെട്ടിരിക്കുന്നത്  വിസ്മയങ്ങളുടെ ഒരു ലോകത്താണ്.

അര മണിക്കൂര്‍ സഞ്ചരിച്ചു കാണും. ഒരു വലിയ തുരുത്തില്‍ ശെല്‍വമണി തോണിയടുപ്പിച്ചു. തുരുത്തെന്ന് പറഞ്ഞു കൂടാ. കാറ്റാടി മരങ്ങള്‍ തിങ്ങി നിറഞ്ഞ കാടെന്ന് വിളിക്കുകയാവും ഉചിതം. കുട്ടികള്‍ തോണിയില്‍ നിന്ന് ചാടിയിറങ്ങിയോടി..താഴെ പഞ്ചാര മണല്‍.. മുകളില്‍ തണല്‍ വിരിച്ച് മരങ്ങള്‍.. തടാകത്തില്‍ നിന്ന് വീശുന്ന തണുത്ത കാറ്റ്. ഏത് മുരടനും വയലാറിന്റെ നാല് വരിക്കവിത മൂളിപ്പോകുന്ന അന്തരീക്ഷം. ഞാന്‍ മനസ്സിലോര്‍ത്തതും ഹനീഫ പാടിത്തുടങ്ങി. “ചിക്ക് പുക്ക് ചിക്ക് പുക്ക് റെയിലേ..” പറ്റിയ പാട്ടാണ്.. വേറെയാരെങ്കിലും ആയിരുന്നെങ്കില്‍ ഒറ്റയടിക്ക് കൊന്ന് ഞാനവനെ ഈ തടാകത്തില്‍ താഴ്ത്തിയേനെ.. വിജനമായ ആ ‘കാട്ടി’നുള്ളിലേക്ക് ഞങ്ങള്‍ ഊളിയിട്ടു. ഓടിക്കളിക്കുന്നതിനിടയില്‍ കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണ്ടി വന്നു. മരച്ചില്ലകളില്‍ നിന്നും കിളികള്‍ കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു. അവരുടെ ആവാസകേന്ദ്രത്തിലേക്ക് അതിക്രമിച്ചെത്തിയ ഞങ്ങളെ ഇഷ്ടപ്പെട്ടില്ലെന്നു ആ കലപിലകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.  സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഞങ്ങള്‍ തമ്പടിച്ചു. എല്ലാവര്‍ക്കും വിശന്ന് തുടങ്ങിയിട്ടുണ്ട്. ഹനീഫ അവന്റെ കടയില്‍ നിന്ന് കൊണ്ടുവന്നതും ഞങ്ങള്‍ അങ്ങാടിയില്‍ നിന്ന് വാങ്ങിയതുമായ പഴവര്‍ഗങ്ങളൊക്കെ നിമിഷനേരം കൊണ്ട് കാലിയായി.

ഭക്ഷണമുണ്ടാക്കാനുള്ള തയ്യാറെടുപ്പായിരുന്നു പിന്നെ. കിളികളുടെ ശല്യമുണ്ടാകാതിരിക്കാനും കാറ്റില്‍ മണല്‍ പാറിവീഴാതിരിക്കാനും തുണി കൊണ്ട് അല്‍പ സ്ഥലം വളച്ചു കെട്ടി. പെട്ടെന്നുണ്ടാക്കാന്‍ കഴിയുന്നത്‌ നെയ്ച്ചോറും കോഴിക്കറിയുമാണ്‌. കുക്കിംഗ് പൂര്‍ണമായും ഞങ്ങള്‍ പുരുഷന്മാര്‍ ഏറ്റെടുത്തു. ഇത്തരം വേളകളിലെങ്കിലും സ്ത്രീകള്‍ക്കൊരു വിശ്രമം വേണമല്ലോ. ഏപ്രണ്‍ ധരിച്ച് ഹനീഫ റെഡിയായപ്പോള്‍ ഒരന്താരാഷ്ട്ര കുക്കിന്റെ കെട്ടും മട്ടുമുണ്ട്. ചിക്കണ്‍ കറിയുണ്ടാക്കുന്ന കാര്യം ഞാനേറ്റെടുത്തു. നെയ്ച്ചോര്‍ ഹനീഫയും. അതിനിടയില്‍ സ്ത്രീകളെ തേടി  അവരുടെ പരമ്പരാഗത പണിയെത്തി. മീന്‍ വൃത്തിയാക്കുക.

ചെമ്മീന്‍ മസാല ജേഷ്ഠന്‍  റസാഖാണ് ഏറ്റെടുത്തത്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷണം ഉണ്ടാക്കുന്നത്‌ തന്നെ രസകരമായ അനുഭവമാണ്. ചുറ്റുപാടും മനോഹരമായ തടാകം വലയം ചെയ്ത തുരുത്തിനുള്ളില്‍ വെച്ചാകുമ്പോള്‍ അത് പതിന്മടങ്ങ്‌ വര്‍ദ്ധിക്കും.

ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുന്നതിനിടയില്‍ എവിടെ നിന്നോ അല്പം മുരിങ്ങയിലയുമായി ഹനീഫയെത്തി. അത് കണ്ടതും ഉമ്മയ്ക്ക് വലിയ സന്തോഷം. അതിന്റെ കുക്കിംഗ് ഉമ്മ തന്നെ ഏറ്റെടുത്തു. ഇല ശരിയാക്കാന്‍ ഉമ്മയുടെ കൂടെ പെണ്‍കുട്ടികളും. ചുരുക്കത്തില്‍ വിശന്നിരിക്കുന്ന സമയത്ത് ഒരടിപൊളി ലഞ്ച്.. നിലത്ത് ഷീറ്റ് വിരിച്ച് കുശാലായ ശാപ്പാട്. ചിക്കണ്‍ കറിക്കാണ് കൂടുതല്‍ വോട്ടു കിട്ടിയത് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ തവണ ഇതുപോലൊരു യാത്രയില്‍ ഊട്ടിയില്‍ വെച്ച് ഞാനുണ്ടാക്കിയ ചിക്കണ്‍ കറിയേയും ഇന്നത്തെ കറി കടത്തിവെട്ടി എന്ന് ആരോ പറയുന്നത് കേട്ടു. പൊതുവേ ഇത്തരം പ്രശംസകളൊന്നും ഇഷ്ടപ്പെടാത്ത ആളായത് കൊണ്ട് ഞാനവയ്ക്കൊന്നും ചെവി കൊടുത്തില്ല.

ഊണ് കഴിഞ്ഞ് ഉറക്കം വരാതിരിക്കാന്‍ ചില കലാപരിപാടികള്‍.. ഇത്തരം യാത്രകളില്‍ അത് പതിവുണ്ട്. പെങ്ങളുടെ  മകള്‍ നിശമോളുടെ പാട്ടായിരുന്നു ഏറ്റവും കയ്യടി കിട്ടിയ ഇനം. കവിതാ പാരായണത്തിനു ജില്ലാ തലത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട് അവള്‍ക്ക്. അത് കഴിഞ്ഞ് പ്രശ്നോത്തരി..എല്ലാ യാത്രകളിലും അതിന്റെ ചുമതല എനിക്കാണ് ഉണ്ടാകാറുള്ളത്. ചോദ്യം ചോദിക്കാന്‍ വലിയ വിവരമൊന്നും വേണ്ടല്ലോ.. Any Fool can ask, No fool can answer എന്നാണല്ലോ ചൊല്ല്.  വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അപ്പപ്പോള്‍ തന്നെ വിതരണം ചെയ്തു. സമ്മാനങ്ങളെല്ലാം യാത്രയുടെ തുടക്കത്തിലേ കരുതിയിരുന്നതാണ്.

ചുരുക്കത്തില്‍ നാല് മണിയായത് അറിഞ്ഞില്ല. നാലരക്ക് തിരിച്ചു പോകണമെന്ന് ശെല്‍വമണി പറഞ്ഞിട്ടുണ്ട്. നമസ്കാരമൊക്കെ കഴിച്ച് എല്ലാവരും റെഡിയായി തോണിക്കരികിലെത്തി. അപ്പോഴാണ്‌ ഞങ്ങളുടെ പിറകില്‍ നാലഞ്ച് തടിമാടന്മാര്‍ നടന്ന് വരുന്നത് കണ്ടത്. അവരെ കണ്ടതും എന്റെ ഉള്ളൊന്ന് കാളി.. കള്ളന്മാരോ മറ്റോ ആയിരിക്കുമോ?. എന്റെ മുഖത്തെ പരിഭ്രമം കണ്ട് ഹനീഫ പറഞ്ഞു. പേടിക്കേണ്ട.. ശെല്‍വമണിയുടെ കൂട്ടുകാരാണ്. ഇവിടെ വെള്ളമടിക്കാനെത്തുന്നവരുടെ ശല്യമുണ്ടാകാറുണ്ട്. സ്ത്രീകളും കുട്ടികളുമൊക്കെ ഉള്ളത് കൊണ്ട് ശ്രദ്ധിക്കാന്‍ വേണ്ടി അവന്‍ ഏര്‍പ്പാട് ചെയ്തവരാണ്. നമ്മള്‍ വരുന്നതിന് മുമ്പേ അവര്‍ ഇവിടെ വന്നു കാവലിരിപ്പുണ്ട്. അത് കേട്ടപ്പോള്‍ സമാധാനമായി.. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ചോറു കൊടുക്കാമായിരുന്നു എന്ന് ഉമ്മ.

എല്ലാവരും തോണിയില്‍ കയറിയ ഉടനെ ശെല്‍വ മണി പ്രഖ്യാപിച്ചു. ഇനി നമ്മള്‍ പോകുന്നത് ശ്രീഹരിക്കോട്ടയിലേക്കാണ്.. ശ്രീഹരിക്കോട്ടയോ?.. ഞങ്ങള്‍ വാ പൊളിച്ചു. അത് റോക്കറ്റ് വിക്ഷേപണ കേന്ദ്രമല്ലേ.. അതേ, ഈ തടാകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വേര്‍തിരിക്കുന്നത് ശ്രീഹരിക്കോട്ട ദ്വീപാണ്.. അതാണ് ആ കാണുന്നത്.. അങ്ങകലെ കടല്‍ തീരത്തേക്ക് ചൂണ്ടി അയാള്‍ പറഞ്ഞു. അതോടെ വീണ്ടും ആവേശം കയറി.. ഏതാണ്ട് ഒന്നേകാല്‍ മണിക്കൂറോളം സഞ്ചരിച്ചു കാണണം. ശ്രീഹരിക്കോട്ട ദ്വീപിന്റെ പഞ്ചാര മണലില്‍ ഞങ്ങളിറങ്ങി.. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ച നിരവധി വിക്ഷേപണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആ മണ്ണില്‍ കാല്‍ ചവിട്ടിയപ്പോള്‍ ഒരു വല്ലാത്ത അനുഭൂതിയായിരുന്നു.

>

വിക്ഷേപണത്തറയും സതീഷ്‌ ധവാന്‍ സ്പേസ് സെന്ററും വളരെ അകലെയാണ്. ഒരു തോണി പോലെ നീണ്ടു കിടക്കുന്ന ഈ ദ്വീപിന്റെ മറ്റൊരു അറ്റത്ത്‌. വിക്ഷേപണത്തറയോട് ചേര്‍ന്ന കൂറ്റന്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇവിടെ നിന്ന് കാണുന്നുണ്ട്.  നേരം വൈകിയത് കൊണ്ട് അങ്ങോട്ട്‌ പോകാന്‍ കഴിയില്ല. മാത്രമല്ല പ്രത്യേകമായി അവിടെ കാണാന്‍ ഒന്നുമില്ല എന്നും ശെല്‍വമണി പറഞ്ഞു. എന്നാല്‍ പിന്നെ അസ്തമയം വരെ ഈ പഞ്ചാര മണലില്‍ ഫുട്ബാള്‍ കളിക്കാമെന്നായി കുട്ടികള്‍.. രണ്ടു ടീമായി കളി തുടങ്ങി..  ആരും ഗോളടിച്ചില്ല. പന്തുമായി രണ്ടടി ഓടുമ്പോഴേക്ക് പൂഴിയില്‍ മറിഞ്ഞു വീഴും. ഇരുട്ടും വരെ ആ കളി തുടര്‍ന്നു.

രാത്രിയില്‍ നിശ്ശബ്ദമായ തടാകത്തിലൂടെ തിരിച്ചു വരുമ്പോള്‍ അങ്ങിങ്ങായി മീനുകള്‍ ചാടിക്കളിക്കുന്നുണ്ട്. പ്രത്യേക തരം ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പറന്ന് പോകുന്ന കിളികള്‍.. ശെല്‍വ മണിയും നല്ല മൂഡിലാണെന്ന് തോന്നുന്നു. പഴയ എം ജി ആര്‍ സിനിമയിലെ ഗാനം ഉറക്കെ പാടുന്നുണ്ട്.. “അതോ അന്ത പറവൈ പോലെ വാഴ വേണ്ടും.. ഒരേ വാനിലേ.. ഒരേ മണ്ണിലേ…”. കുട്ടികള്‍ ആ പാട്ടിന് കയ്യടിക്കുന്നുമുണ്ട്. ഒറ്റ ദിവസത്തെ പരിചയം കൊണ്ട് ശെല്‍വമണി എല്ലാവര്‍ക്കും പ്രിയങ്കരനായി. ഓര്‍മയില്‍ എന്നും മായാതെ നില്ക്കുന്ന ഒരു ദിനമാണ് കടന്ന് പോയത്. ചെന്നൈ യാത്രയുടെ അവിചാരിതമായ ഈ ട്വിസ്റ്റ്‌ എന്തുകൊണ്ടും ഗംഭീരമായി. വലിയ മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന യാത്രകള്‍ ചിലപ്പോള്‍ ഇതുപോലെ മനോഹരമായ അനുഭവങ്ങള്‍ നല്കും. ഏറെ പ്രതീക്ഷയോടെ പോകുന്ന ചില സ്ഥലങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്യും. ബസ്സില്‍ കയറുമ്പോള്‍ രാത്രി ഒമ്പത് മണി. ഗ്യാസ് കുറ്റികളും പാത്രങ്ങളുമൊക്കെ കയറ്റി വെച്ച ശേഷം ശെല്‍വമണി കൈ വീശി.. മുനിഞ്ഞ് കത്തുന്ന വിളക്കുകളുടെ വെളിച്ചത്തില്‍ ഒരു പൊട്ടു പോലെ കാണുന്ന മുക്കുവ കുടിലുകളിലൊന്നിലേക്ക് അയാള്‍ നടന്നു പോകുന്നത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ആ രൂപം കാഴ്ചയില്‍ നിന്ന് മറയും വരെ കുട്ടികള്‍ കൈവീശിക്കൊണ്ടേയിരുന്നു.

(കൂടുതല്‍ യാത്രകളിലേക്ക് ഈ വഴി പോകാം )

Related Posts
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഗുല്‍മാര്‍ഗിലെ മഞ്ഞുമലയില്‍
ഹിറാ ഗുഹയില്‍ ഒരു രാത്രി
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌