പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

230

1

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ വനിതാ വിമോചനക്കരും അത്ര മോശമല്ല. വനിതാവിമോചനം ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു എന്നത് പരമാര്‍ത്ഥമാണെങ്കിലും ഇന്ന് അത് ശരിക്കും ഒരു സാമൂഹ്യ തിന്മയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് പറയുന്നതുകൊണ്ട് സ്ത്രീവിമോചനക്കാര്‍ പരിഭവിക്കരുത് സത്യം പറയുന്നത് ഈ പാവത്തിന്റെ ഒരു സ്വഭാവമാണ്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അവകാശവും സംരക്ഷണവും ആവശ്യമില്ല എന്ന പക്ഷക്കരനാണ് ലേഖകന്‍ എന്ന് തെറ്റിദ്ധരിക്കരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല പുരുഷന്മാര്‍ക്കും മേല്‍പറഞ്ഞ കാര്യങ്ങള്‍ ആവശ്യമാണ് എന്ന് വിശ്വസിക്കുന്ന ഒരു സാധു ജീവിയാണ് ഈയുള്ളവന്‍. സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കേണ്ടത് തന്നെയാണ്. എന്നാല്‍ കൂടുതല്‍ നീതി ആര്‍ക്കും ആവശ്യമില്ല താനും. സ്ത്രീവിമോചനക്കാര്‍ അവരുടെ ജോലി നോക്കുന്നതില്‍ ആര്‍ക്കും ഒരു വിരോധവുമില്ല. അതിന്റെ പേരില്‍ പുരുഷന്മാരുടെ നീതി നിഷേധിക്കപ്പെടാന്‍ പാടില്ലതാനും.

സ്ത്രീ വിമോചനത്തിലോ പുരുഷവിമോചനത്തിലോ ബലഹീനനായ ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യ വിമോചനത്തിലാണ് ഈയുള്ളവന് വിശ്വാസം. അപ്പോള്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കും. സ്ത്രീവിമോചനക്കരുടെ സമ്മതമില്ലാതെ നിയമം നടപ്പിലാക്കാനാകാത്ത അവസ്ഥയിലേക്കാണ് മാദ്ധ്യമങ്ങള്‍ ബഹു. കോടതികളെ നയിക്കുന്നത്. ഇത് തിരിച്ചറിയാനോ പ്രതികരിക്കാനോ കോടതികള്‍ക്കും സാധിക്കുന്നില്ല എന്നാണ് ഈയുള്ളവന്റെ വിചാരം. കാരണം മാദ്ധ്യമങ്ങള്‍ അത്രയും ശക്തരാണ് എന്നുമാത്രമല്ല മിക്കവാറും എല്ലാപ്രശ്നങ്ങളും ഇത്രയും വഷളാക്കുന്ന യഥാര്‍ത്ഥ വില്ലാന്മാരും മാദ്ധ്യമങ്ങള്‍ തന്നെയാണ് എന്ന് ഞാന്‍ ഭയപ്പെടുന്നു. അത് ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകതന്നെ ചെയ്യും. അതെന്തെങ്കിലുമാകട്ടെ.

ഈ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ചില പരിക്ഷ്കാരങ്ങള്‍ പരിശോദിച്ചല്‍ മേല്‍പരാമര്‍ശിച്ച കാര്യങ്ങള്‍ വ്യക്തമാകും. എന്തൊക്കെയോ കാര്യങ്ങള്‍ ചെയ്തുകൂട്ടി എന്ന് വരുത്തിത്തീര്‍ക്കുകയും അതുകൊണ്ട് ചില തല്‍പര കക്ഷികള്‍ക്ക് പ്രയോജനമുണ്ടാകുകയും ജനങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ഗുണവും ഇല്ലാതിരിക്കുകയും ചെയ്യുന്ന നയങ്ങളും നിയമങ്ങളുമാണ് ഭരണീയര്‍ക്കെന്നും താല്‍പര്യം. ബലാത്സംഗക്കേസുകളില്‍ ‘ഇര’യ്ക്ക് സഹായകരമായ വിധത്തില്‍ നിയമപ്രക്രിയക്ക് മാറ്റം വരുത്തുക, കൂട്ടബലാത്സംഗംപോലുള്ള കുറ്റകൃത്യങ്ങളില്‍ പ്രോസിക്യൂട്ടറെ നിശ്ചയിക്കാനുള്ള അവകാശം ഇരയായ സ്ത്രീക്ക് നല്‍കുക, ( ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട ഒരു വ്യക്തിക്ക് ചെയ്യാനാകുന്ന കാര്യങ്ങളാണോ ഇത് എന്ന് സാമാന്യ ബോധമുള്ളവര്‍ ചിന്തിക്കട്ടെ) ഇത്തരം കേസുകളില്‍ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരുമായി സ്ത്രീകളെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം ജനവരി 4 ന് വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടേയും ഡി.ജി.പി.മാരുടേയും യോഗത്തിലാണ് ഈ നിര്‍ദേശങ്ങളുയര്‍ന്നത്.

സ്ത്രീസുരക്ഷ ഉറപ്പാക്കാനും ബലാത്സംഗക്കേസുകളില്‍ ശിക്ഷ ഉറപ്പാക്കാനുമുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ യോഗം മുന്നോട്ടുവെച്ചു. ബലാത്സംഗക്കേസുകളില്‍ ജാമ്യം നല്‍കാനുള്ള വിവേചനാധികാരം എടുത്തുകളയണമെന്നതാണ് മറ്റൊരു നിര്‍ദേശം. പീഡിപ്പിക്കപ്പെട്ട വ്യക്തിക്കുള്ള അവകാശങ്ങള്‍ നിര്‍വചിക്കണം, കോടതിനടപടികള്‍ ഇരയെ അപമാനിക്കുന്ന തരത്തിലാകരുത്,സ്വഭാവഹത്യ അനുവദിക്കരുത്,വിചാരണ നീട്ടിവെക്കാതെ ദൈനംദിന അടിസ്ഥാനത്തില്‍ വേണം, അതിവേഗകോടതികള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് വിചാരണയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രധാനനിര്‍ദേശങ്ങള്‍.

പോലീസ് പരിശീലനകേന്ദ്രങ്ങളില്‍ ആണ്‍, പെണ്‍ സമത്വത്തെക്കുറിച്ച് ബോധ്യമുണ്ടാക്കുന്ന പാഠ്യപദ്ധതി വേണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ജില്ലകളില്‍ ഡെപ്യൂട്ടി പോലീസ് സുപ്രണ്ടും സംസ്ഥാനത്ത് എ.ഡി.ജി.പിയുമായിരിക്കണം നോഡല്‍ ഓഫീസര്‍മാര്‍, സിവില്‍പോലീസ് സംവിധാനം വിപുലീകരിക്കണം, പോലീസില്‍ സ്ത്രീകള്‍ക്കായി പദവികള്‍ സംവരണംചെയ്യണം എന്നിവയാണ് പോലീസ് സംവിധാനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍.

ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ അന്വേഷണത്തിന് കൂടുതല്‍ വ്യക്തമായ നടപടിക്രമം ഉണ്ടാക്കുക, കുറ്റകൃത്യത്തിന്റെ സ്വഭാവത്തിനനുസരിച്ച് 30 മുതല്‍ 90വരെ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുക, കുറ്റപത്രം ഫയല്‍ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിക്കുക, ഫോറന്‍സിക്ക് പരിശോധനാസംവിധാനം കാര്യക്ഷമമാക്കുക എന്നീ നിര്‍ദേശങ്ങള്‍ അന്വേഷണപ്രക്രിയയുമായി ബന്ധപ്പെട്ടും ഉണ്ടായി.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നിയമങ്ങളില്‍ മാറ്റംവരുത്തണമെന്നും നിര്‍ദേശമുയര്‍ന്നു. മാനഭംഗംസംബന്ധിച്ച ഐ.പി.സിയിലെ 509-ം വകുപ്പ് ഭേദഗതിചെയ്യണമെന്നും കൂട്ട ബലാത്സംഗത്തിനുള്ള ശിക്ഷ കൂട്ടണമെന്നുമുണ്ട് നിര്‍ദേശം. രാജ്യത്തെ എല്ലാ പോലീസ്‌സ്റ്റേഷനുകളിലും മഹിളാ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കുക, വനിതാ ഹെല്‍പ്പ് ലൈനുകള്‍ ടോള്‍ഫ്രീയാക്കുക, ബസ്സുകളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുക, രാജ്യത്തെല്ലായിടത്തും ഒരേ ഹെല്‍പ്പ്‌ലൈന്‍ നമ്പറാക്കുക, കൂടുതല്‍ വനിതാപോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുക, പട്രോളിങ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

ഇങ്ങനെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതല്ലാതെ പ്രശ്നപരിഹാരത്തിന് ഒന്നും ആവിഷ്കരിച്ചിട്ടില്ല. ഇപ്പോഴും പ്രശ്നമുണ്ടായാല്‍ എന്ത് ചെയ്യാം എന്നല്ലാതെ പ്രശ്നമുണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യാം എന്ന് ആരും ആലോചിക്കുന്നില്ല. അതിന്റെ അര്‍ത്ഥം പ്രശ്നം ഉണ്ടാകണമെന്ന് ആരോക്കെയോ ഗൂഢമായി ആഗ്രഹിക്കുന്നുണ്ട് എന്നുതന്നെ. പ്രശ്നപരിഹാരം മേല്‍പരാമര്‍ശിച്ച എല്ലാ നിര്‍ദ്ദേശങ്ങളേക്കാള്‍ ലളിതവും കാര്യക്ഷമവും സാമ്പത്തികമായി ചെലവ് കുറഞ്ഞതും മനുഷ്യവിഭവശേഷി കുറവ് മതിയായിരുന്നിട്ടും അത് നടപ്പിലാക്കാത്തതിന്റെ കാരണവും അജ്ഞാതമാണ്. ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് ജനങ്ങളോട് തുറന്നുപറയാന്‍ കോടതികള്‍ പോലും ഭയപ്പെടുന്നതോ അതോ അവര്‍ക്കും അറിവില്ലെന്നാണോ ആവോ!

രോഗശമനത്തിന് പൂര്‍ണ്ണ പരിഹാരം ഉണ്ടായിരിക്കെ അതിന് ശ്രമിക്കാതെ താല്‍ക്കാലിക ശമനം മതിയെന്ന് പറയുന്ന നാറാണത്തുഭ്രാന്തന്റെ അടവുനയം നമ്മുടെ ഭരണാധികാരികള്‍ എന്ന് നിര്‍ത്തലാക്കുമെന്നതും അജ്ഞാതവുമാണ്. രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ മത-സാംസ്കാരിക നേതാക്കന്മാര്‍ വനിതാവിമോചനക്കാര്‍ ഇവരെയൊക്കെ ഭരണകര്‍ത്താക്കള്‍ ഭയപ്പെടുന്നതിന്റെ കാരണം സുവ്യക്തമാണ്. എന്നാല്‍ ബഹു കോടതികള്‍ ഇവരെയൊക്കെ ഭയപ്പെടുന്നതിന്റെ കാരണം അനന്തവും അജ്ഞാതവുമാണ്.

തലവേദനയുമായി വരുന്നവന്റെ കാലിന്റെ പുല്ലൂരിക്ക് കമ്പിവടിക്ക് അടിച്ച് തലവേദനയ്ക്ക് ശമനം ഉണ്ടാക്കുന്നതുപോലെ ഒരു സംവിധാനമാണ് ലൈഗീകപീഡനങ്ങളുടെ പരിഹാരത്തിന് നമ്മുടെ ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിച്ചുവരുന്നത് എന്നത് പച്ചയായ പരമാര്‍ത്ഥം മാത്രമാണ്. കാലിന് നല്ല അടികിട്ടുമ്പോള്‍ കൂടുതല്‍ വേദന കാലില്‍ ഉണ്ടാകുന്നതിനാല്‍ അത്രയും വലുതല്ലാത്ത തലവേദന വിസ്മരിക്കപ്പെടും. ഒരിക്കലും തലവേദന പരിഹരിക്കപ്പെടുന്നില്ല എന്നുമാത്രമല്ല കാലുവേദനകൂടി ഉണ്ടാകുകയും ചെയ്യും. അതുപോലുള്ള കുറേ നിയമ നടപടികളാണ് പലപ്പോഴും ഭരണീയര്‍ ചെയ്തുകൂട്ടുന്നത് എന്നത് വാസ്തവം മാത്രം.

Advertisements
Previous articleനിറം മാറ്റം – കഥ
Next articleശകുന്തളേ നിന്നെ ഓര്‍മ്മ വരും …
ഞാന്‍ ഫാദര്‍ ജോണ്‍ സഖറിയ. മനഃശാസ്ത്രം, സാമൂഹ്യ ശാസ്ത്രം ലൈംഗീക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ചെറിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, തത്വശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, ദൈവശാസ്ത്രം, മുതലായവ ഇഷ്ട വിഷയങ്ങള്‍. ലൈംഗിക ശാസ്ത്രത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. കാരണം നമ്മുടെ രാജ്യവും ജനങ്ങളും ഈ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. മേല്‍പരാമര്‍ശിച്ച മേഖലകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ക്ലാസുകള്‍, കൗണ്‍സലിംഗ് എന്നിങ്ങനെയുള്ള സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക [email protected]