പൂച്ചകള്‍ ഇപ്പോഴും കരയുന്നു
സുകുവേട്ടന് ഒരു പ്രത്യേക ടൈപ്പ് ആണ്. ആരോടും അധികം സംസാരിക്കില്ല. കള്ള് കുടിച്ച്, മുഷിഞ്ഞ വേഷത്തില്‍, ആടി പാടി ശബ്ദമുണ്ടാക്കാതെ ഇടവഴിയിലൂടെ അയാള്‍ നടന്നു വരുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. സുകുവേട്ടനെ എനിക്ക് വെറും ഒരു വര്‍ഷത്തെ കണ്ടു പരിചയമേ ഉള്ളൂ. നാട്ടിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപക വേഷത്തില്‍ ചിലപ്പോള്‍ കാണാം, ചിലപ്പോള്‍ ക്യാമറയും തൂക്കി പിടിച്ചു കൊണ്ട് വല്ല പാടത്തോ, മരങ്ങളുടെ ചുവട്ടിലോ, കാട് പിടിച്ച കിടക്കുന്ന കാവുകളുടെ ഭാഗത്തോ ഒക്കെ സുകുവേട്ടനെ കാണാം. അതിനുമപ്പുറം, സുകുവേട്ടനുമായി ഒരു ബന്ധവും ആദ്യ കാലത്ത് എനിക്കുണ്ടായിരുന്നില്ല.
143 total views

സുകുവേട്ടന് ഒരു പ്രത്യേക ടൈപ്പ് ആണ്. ആരോടും അധികം സംസാരിക്കില്ല. കള്ള് കുടിച്ച്, മുഷിഞ്ഞ വേഷത്തില്‍, ആടി പാടി ശബ്ദമുണ്ടാക്കാതെ ഇടവഴിയിലൂടെ അയാള്‍ നടന്നു വരുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. സുകുവേട്ടനെ എനിക്ക് വെറും ഒരു വര്‍ഷത്തെ കണ്ടു പരിചയമേ ഉള്ളൂ. നാട്ടിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപക വേഷത്തില്‍ ചിലപ്പോള്‍ കാണാം, ചിലപ്പോള്‍ ക്യാമറയും തൂക്കി പിടിച്ചു കൊണ്ട് വല്ല പാടത്തോ, മരങ്ങളുടെ ചുവട്ടിലോ, കാട് പിടിച്ച കിടക്കുന്ന കാവുകളുടെ ഭാഗത്തോ ഒക്കെ സുകുവേട്ടനെ കാണാം. അതിനുമപ്പുറം, സുകുവേട്ടനുമായി ഒരു ബന്ധവും ആദ്യ കാലത്ത് എനിക്കുണ്ടായിരുന്നില്ല.
ടൌണില്‍ തന്നെയുള്ള ഒരു ലോഡ്ജിലെ ഒറ്റ മുറിയില്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ പുള്ളിയുടെ താമസം. പിന്നീട് നാട്ടിലെ കുഞ്ഞന്‍ നായരുടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് വാടകയ്ക്ക് എടുത്ത ശേഷം ഗ്രാമത്തില്‍ വന്നപ്പോഴാണ് ആളെ മുഖാമുഖം കാണാന്‍ കിട്ടുന്നത് തന്നെ. കണ്ടിട്ടും വലിയ കാര്യമൊന്നുമില്ല, എന്നും ഒരേ കള്ള് കുടി , ഒരേ നടപ്പ് , ഒരേ മുഖഭാവം. പക്ഷെ എല്ലാവരോടും വളരെ സൌമ്യമായി മാത്രമേ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ.
പതിവ് പോലെ , സ്ക്കൂള് വിട്ട ശേഷം ഇടവഴിയിലൂടെ അങ്ങനെ നടന്നു വരുമ്പോഴാണ് പത്മിനി ചേച്ചിയെ കാണുന്നത്. പത്മിനി ചേച്ചിയുടെ ഒക്കത്ത് ഒരു കുടം വെള്ളം ഉണ്ടായിരുന്നത് കൊണ്ട് ആടി പാടിയാണ് വരവ്. അത് കണ്ടപ്പോള്‍ സുകുവേട്ടന് നടന്നു വരുന്നത് പോലെ തോന്നിയ ഞാന്‍ ചേച്ചിയോട് ചോദിച്ചു.
‘എന്താ ചേച്ചീ, സുകുവേട്ടന് പഠിക്കുകയാണോ ..ഒരു ആട്ടം..ഹി..ഹി..’
പൊതുവേ പത്മിനി ചേച്ചിക്ക് വെള്ളം കോരാന്‍ തന്നെ മടിയാണ്. അപ്പോള്‍ പിന്നെ വെള്ളം കോരി നിറച്ച്, കുടവും എടുത്ത് പ്രാകിയും പറഞ്ഞും വരുന്ന ചേച്ചിയോട് ഞാന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും എന്നോട് പറയുക.
‘ ഡാ ചെക്കാ ..ഇയ്യ് ന്റെ കയ്യീന്ന് വാങ്ങും..ഈ കൊടത്തിലെ വെള്ളം പോയാലും കുഴപ്പമില്ല, നിന്റെ മണ്ട ഞാന്‍ പൊട്ടിക്കും..’
‘എന്റമ്മോ..ഇതിനു മാത്രം പറയാന്‍ ഞാന്‍ ഇപ്പൊ എന്താ ചേച്ചിയോട് പറഞ്ഞത്..നിങ്ങളുടെ വീട്ടില്‍ എത്രേം പെട്ടന്നു ഒരു കിണറു കുത്താന്‍ ഞാന്‍ ഗോപി മാമയോടു പറയാം..ഇന്നാ പിന്നെ ചേച്ചിയുടെ ഈ കഷ്ടപ്പാടൊക്കെ മാറും ..’ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ കുടം നിലത്തു വച്ച് എനിക്ക് നേരെ ചേച്ചി തിരിഞ്ഞു എന്ന് കണ്ടപ്പോള്‍ ഞാന്‍ അവിടുന്ന് ഓടടാ ഓട്ടം ഓടി.
അതിനു ശേഷം, ചേച്ചിയെ കാണുമ്പോഴൊക്കെ ഞാന്‍ സുകുവേട്ടന്റെ പേര് പറഞ്ഞു കളിയാക്കുമായിരുന്നു. പിന്നെ പിന്നെ ചേച്ചിക്കും ആ വിളി ഇഷ്ടപ്പെടാന്‍ തുടങ്ങി. ഒരു അവധിക്കാലത്ത്, ഉച്ച സമയം . ചേച്ചിയുടെ വീട്ടിലെ പറമ്പിലുള്ള മാവിന് ചുവട്ടില്‍ ഞങ്ങള്‍ ഒന്നിച്ചു മാങ്ങ പെറുക്കാന്‍ വേണ്ടി പോയ നേരത്ത് സുകുവേട്ടന് ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടു. പക്ഷെ, അന്നെന്തോ ആടിയാടിയല്ല വരുന്നത്.
‘ ദെ ചേച്ചിയുടെ ആള് വരുണ്ടല്ലോ…’ ഞാന്‍ ചേച്ചിയെ കളിയാക്കി കൊണ്ട് പറഞ്ഞു.
‘നീ പോടാ ചെക്കാ …വെറുതെ അതും ഇതും പറഞ്ഞാലുണ്ടല്ലോ. എന്റെ ആള് ഇങ്ങനെ കള്ള് കുടിയനോന്നും ആവില്ല ‘ ചേച്ചി പതിവില്ലാത്ത ഒരു നാണത്തോട് കൂടി അത് പറഞ്ഞിരിക്കാം. എന്തോ ഞാന്‍ അത് ശ്രദ്ധിച്ചില്ല.
അന്ന് വൈകീട്ട് വീട്ടില്‍ പോകുന്ന വഴി ഞാന്‍ സുകുവേട്ടന് താമസിക്കുന്ന വീടിനടുത്ത് കൂടിയാണ് പോയത് . ആ വീട് കണ്ടാല്‍ തന്നെ പേടിയാകും. മുറ്റത്ത് നിറച്ചും കരിയിലകള്‍ വീണു കിടക്കുന്നു. അയയില്‍ അയാളുടെ കുറച്ചു തുണികള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ കോഴികള്‍ ആ വീടിനു ചുറ്റും എന്തൊക്കെയോ പരതി നടക്കുന്നു.
നീളമുള്ള മുള് വേലിയുടെ ചെറിയ ഓട്ടകള്‍ക്കിടയില്‍ കൂടി ആ വീട്ടുമുറ്റവും നോക്കി കൊണ്ട് ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോഴാണ് അകത്തു നിന്ന് ഒരു പൂച്ച കുഞ്ഞിന്റെ കരച്ചില് ഞാന്‍ കേട്ടത്. പൂച്ചകളെ വളരെ ഇഷ്ടമുള്ള ഞാന്‍ ആ വീടിന്റെ ഉമ്മറത്തേക്ക് ഓടി ചെന്ന് നോക്കി. എനിക്ക് സന്തോഷം അടക്കാന്‍ പറ്റിയില്ല. ഒരു കുഞ്ഞു കടലാസ് പെട്ടിക്കുള്ളില്‍ മൂന്നു ഭംഗിയുള്ള പൂച്ചക്കുട്ടികള്‍ അതിന്റെ അമ്മപ്പൂച്ചയുടെ പാല് കുടിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പൂച്ചയുടെ അടുത്തു ചെന്ന് ഇരിക്കുകയായിരുന്നു.
‘എന്താ പൂച്ചക്കുട്ടികളെ ഇഷ്ടമായോ …’ പിന്നില്‍ നിന്ന് സുകുവേട്ടന് പെട്ടെന്ന് ആ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയി.
‘ ആ ഇഷ്ടായി …നല്ല രസമുണ്ട്..എനിക്കിതിനെ തൊട്ടു നോക്കാന്‍ പറ്റ്വാ…’
‘ ഏയ് ..ഇപ്പൊ ചെറിയ കുട്ടികളല്ലേ..തൊടാന്‍ പറ്റില്ല. ഒരിത്തിരി കൂടി വലുതാവട്ടെ ..അപ്പൊ നീ തൊടുകയോ , കളിപ്പിക്കുകയോ എന്ത് വേണച്ചാല്‍ ചെയ്തോ ട്ടോ ‘ വളരെ സ്നേഹത്തോടെ സുകുവേട്ടന് എന്നെ ഉപദേശിച്ചു.
പിന്നീട് ഞാന്‍ എന്നും സുകുവേട്ടന്റെ വീട്ടില്‍ പോയി പൂച്ചക്കുട്ടികള്‍ വലുതായോ എന്ന് നോക്കുമായിരുന്നു. ഒരിക്കല്‍ പത്മിനി ചേച്ചിയും എന്റെ കൂടെ വന്നു. അന്ന് സുകുവേട്ടന് ആ വീട്ടില്‍ ഇല്ലായിരുന്നത് കൊണ്ട് ചുറ്റുപാട് മുഴുവന്‍ ഞങ്ങള്‍ നന്നായി നിരീക്ഷിച്ചു. വീടിന്റെ പിന്‍ഭാഗത്ത് ഒരു ചാക്ക് നിറയെ കാലിയായ കള്ള് കുപ്പികള്‍ ഉണ്ടായിരുന്നു. വാതിലില്‍ ഞാന്‍ വെറുതെ തൊട്ടു നോക്കിയപ്പോള്‍ , അത് പൂട്ടിയിട്ടും ഇല്ലായിരുന്നു.
ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം അവസാനം വീടിനകത്ത് കടന്നു. വീട് ആകെ അലങ്കോലാവസ്ഥയിലാണ്. അടുക്കും ചിട്ടയുമില്ലാതെ എല്ലാം ചിന്നി ചിതറി കിടക്കുന്നു. അവിടെ കിടന്നിരുന്ന ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി എടുത്തു നോക്കുന്നത് ഞാന്‍ കണ്ടു. അതെല്ലാം സുകുവേട്ടന് എഴുതിയ പുസ്തകങ്ങള്‍ ആണെന്ന് മനസിലായി. ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരു കള്ള് കുടിയന് പെട്ടെന്നൊരു സാഹിത്യകാരന് എങ്ങിനെയാണ് ആയതെന്ന ആശ്ചര്യത്തില്‍ ഞങ്ങള്‍ പരസ്പ്പരം നോക്കി. അതിലെ ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി കൈയ്യിലെടുത്തു കൊണ്ട് വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.
വായിച്ച പുസ്തകങ്ങള്‍ ചേച്ചി എന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചേല്‍പ്പിച്ചു. പകരം, ബാക്കിയുള്ള പുസ്തകങ്ങളും ഇത് പോലെ വായിക്കാന്‍ കൊണ്ട് തരാന്‍ എന്നോട് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല എന്താണ് നടക്കുന്നതെന്ന്. എന്തായാലും, വീട് സുകുവേട്ടന് പൂട്ടി പോകാറില്ല എന്നുള്ളത് കൊണ്ട് ഈ പുസ്തക കൈമാറ്റം തകൃതിയായി നടന്നു.
ഒടുക്കം സുകുവേട്ടന് എഴുതിയ പുസ്തകങ്ങളും , സുകുവേട്ടന് വായിച്ച പുസ്തകങ്ങളും എല്ലാം പത്മിനി ചേച്ചി വായിച്ചു കഴിഞ്ഞു എന്ന അവസ്ഥ വന്നപ്പോള്‍, ഒരിക്കല്‍ കൂടി ആ ഭാര്‍ഗവീ നിലയത്തിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ എനിക്ക് സ്ക്കൂള് തുറക്കും, അപ്പോള്‍ ഇതിനൊന്നും എന്നെ കിട്ടില്ല എന്ന് തമാശയില്‍ ഞാന്‍ ചേച്ചിയോട് പറയുകയും ചെയ്തു. വീടിനകത്ത് കയറി ശേഷം ഞങ്ങള്‍ കണ്ടത് വിശ്വസിക്കാനേ പറ്റിയില്ല. അടുക്കും ചിട്ടയോടും മുറികളെല്ലാം വൃത്തിയാക്കിയിരിക്കുന്നു.
സുകുവേട്ടന്റെ മുറിയില്‍ മേശ പുറത്ത് കുറെ പേപ്പറുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്തോ എഴുതി പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടുകള്‍ ആ പേനക്കും ആ പേപ്പറിനും ഉള്ള പോലെ തോന്നി പോയി. സുകുവേട്ടന് എഴുതിയ കടലാസിലെ ചില വരികള്‍ ചേച്ചി എന്നെ വായിച്ചു കേള്‍പ്പിച്ചു.
‘ഒരു വര്‍ഷത്തോളമായി ഞാന്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം. ഇന്ന് മാറും നാളെ മാറും എന്ന് കരുതി ഞാന്‍ എന്റെ പേന പോലും ചലിപ്പിച്ചില്ല. ഈ ദാരിദ്ര്യം ഇനി മാറില്ല. ഇതെന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. കണ്ണുകള്‍ അടച്ചൊന്നു സുഖമായി ഉറങ്ങാന്‍ പോലും പറ്റാതെ മദ്യത്തിന് അടിമപ്പെട്ട്, അടുക്കും ചിട്ടയുമില്ലതെയുള്ള ഈ ജീവിത രീതിയില്‍ ഞാന്‍ വ്യസനിക്കുന്നു. എന്റെ ആശയ ദാരിദ്ര്യം തീരാന്‍ പോകുന്നു. എന്റെ ജീവിത രീതി മാറ്റി കുറിക്കപ്പെടാന്‍ പോകുന്നു. ……’
അത്ര മാത്രമേ , ആ കടലാസില്‍ എഴുതിയിട്ടുള്ളൂ. ബാക്കി എഴുതാനുണ്ട് എന്നര്‍ത്ഥത്തില്‍ അപൂര്‍ണമായി എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നു. കടലാസിനെ പഴയ പോലെ അവിടെ തന്നെ വച്ച ശേഷം ഞങ്ങള്‍ പുറത്തു കടന്നു. പക്ഷെ ചേച്ചി ആകെ അസ്വസ്ഥയായി കാണപ്പെട്ടു. ഞാന്‍ വഴി നീളെ ചേച്ചിയോട് സംസാരിച്ചപ്പോഴും എന്നോട് മൂളുക മാത്രം ചെയ്തപ്പോള്‍ എനിക്കത് മനസിലായിരുന്നു.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം , എന്റെ സ്ക്കൂള് തുറന്നു. അന്ന് വൈകീട്ട് ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ വല്ലാത്തൊരു ദുര്‍ഗന്ധം തോന്നി. വഴിയില്‍ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് സുകുവേട്ടന്റെ വീട്ടിലെ അമ്മപ്പൂച്ച ചത്ത് കിടക്കുന്നത് കണ്ടത്. അതിനെ ഏതോ നായ്ക്കള്‍ കടിച്ചു കൊന്നതാണെന്ന് തോന്നും വിധം വിരൂപമായിരുന്നു. അതിന്റെ പാല് കുടിച്ചു നടന്ന കുട്ടികളെ ഞാന്‍ ഒരു നിമിഷം ഓര്‍ത്ത് പോയി. വീട്ടില്‍ പോയി വേഷം മാറിയ ശേഷം , വേഗം സുകുവേട്ടന്റെ പൂച്ചക്കുട്ടികളെ കാണാന്‍ വേണ്ടി ഞാന്‍ ഓടി.
ആ ഓട്ടം ചെന്ന് നിന്നത് ഒരുപാട് ആളുകള്‍ കൂടി നില്ക്കുന്ന ഒരു വീട്ടു മുറ്റത്താണ്. അത് സുകുവേട്ടന്റെ വീട് തന്നെയായിരുന്നു. പിന്നെന്താ പോലീസുകാരെല്ലാം വന്നു നില്‍ക്കുന്നത് ? അകത്തു നിന്ന് ആളുകള്‍ സുകുവേട്ടനെ വെള്ളപുതപ്പിച്ചു എടുത്തു വരുന്നത് കണ്ടതോട് കൂടി എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസിലായി തുടങ്ങി.
മൃത ദേഹം വണ്ടിയില്‍ കയറ്റി കൊണ്ട് പോയ ശേഷവും ആളുകള്‍ അവിടവിടെയായി നില്ക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ കരഞ്ഞു കണ്ണ് കലങ്ങിയ പത്മിനി ചേച്ചിയെ താങ്ങി പിടിച്ചു കൊണ്ട് ഗോപി മാമയും അമ്മായിയും നില്‍ക്കുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്. എന്റെ മനസ്സ് ശൂന്യമായി. ഒന്നുമറിയാതെ പകച്ചു നിന്ന എന്റെ കാലില്‍ തൊട്ടു തഴുകി കൊണ്ട് പൂച്ചക്കുട്ടികള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു.
എന്തിനായിരിക്കും സുകുവേട്ടന് ആത്മഹത്യ ചെയ്തത് ? ആശയ ദാരിദ്ര്യം ഒരു എഴുത്തുകാരനെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തരത്തില്‍ ശല്യം ചെയ്തിട്ടുണ്ടാകുമോ? വിഷാദരോഗം വരാന്‍ മാത്രം സുകുവേട്ടനുണ്ടായിരുന്ന പ്രശ്നങ്ങള്‍ എന്തായിരുന്നു ? പത്മിനി ചേച്ചി എന്ത് കൊണ്ട് പിന്നെ വിവാഹം കഴിച്ചില്ല?അവര്‍ തമ്മില്‍ സംസാരിച്ചിട്ടില്ലായിരുന്നു, പ്രണയിച്ചിട്ടില്ലായിരുന്നു എന്ന് ആരെക്കാളും കൂടുതല്‍ എനിക്കറിയാമായിരുന്നു.പിന്നെന്തിനു, നാട്ടുകാര്‍ ആ പാവത്തിന്റെ പേരില്‍ ഒരു ഇല്ലാത്ത പ്രണയ കഥ പാടി നടന്നു. ഒന്നിനും വ്യക്തമായ ഒരുത്തരം ഇന്നും എനിക്ക് കിട്ടിയിട്ടില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും, ഇന്നും പൂച്ചകള്‍ കരയുമ്പോള്‍ എനിക്ക് ഓര്മ വരുന്നത് മരണത്തിന്റെ വീട്ടുമുറ്റത്ത് ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കുന്ന എന്റെ പഴയ ബാല്യമാണ്. ഇന്ന് പത്മിനി ചേച്ചിയെ എന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടി പോയപ്പോഴും , അവിടെ വളര്‍ത്തുന്ന പൂച്ചകള്‍ എന്റെ കാലില്‍ തഴുകി കൊണ്ട് കരഞ്ഞു. പൂച്ചകളുടെ കരച്ചിലില്‍ മരണത്തിന്റെ മുഴക്കമുണ്ട് , താളമുണ്ട് , ഓര്‍മപ്പെടുത്തലുകളുണ്ട്. എന്നിട്ടും പൂച്ചകളെ ഇന്നും ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു പക്ഷെ പണ്ടത്തെക്കാളും കൂടുതല്‍….
144 total views, 1 views today
