പൂയം കുട്ടികള്‍
രാവിലെ 8.30-ന് ക്യാമറ കൈമാറാനാണ് ഞാനും ജോണും ആലുവ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റില്‍ കണ്ടുമുട്ടിയത്.
ജോണിന് 9.30-ന് എറണാകുളത്തെത്തണം. എന്നാലേ സുകുമാരന്റെ ഗുരു കാണാന്‍ പറ്റൂ. ഞാന്‍ ഏതായാലും അതു കാണുന്നില്ലെന്നു തീരുമാനിച്ചിരുന്നു. രാജശില്പിയിലെ ബലം പിടുത്തം കണ്ടതിന്റെ ചെടിപ്പ് ഇപ്പോഴും മാറിയിട്ടില്ല.
96 total views, 1 views today

രാവിലെ 8.30-ന് ക്യാമറ കൈമാറാനാണ് ഞാനും ജോണും ആലുവ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റില്‍ കണ്ടുമുട്ടിയത്.
ജോണിന് 9.30-ന് എറണാകുളത്തെത്തണം. എന്നാലേ സുകുമാരന്റെ ഗുരു കാണാന്‍ പറ്റൂ. ഞാന്‍ ഏതായാലും അതു കാണുന്നില്ലെന്നു തീരുമാനിച്ചിരുന്നു. രാജശില്പിയിലെ ബലം പിടുത്തം കണ്ടതിന്റെ ചെടിപ്പ് ഇപ്പോഴും മാറിയിട്ടില്ല.
ജോണ്‍ കാണാന്‍ തീരുമാനിച്ചത് ഗുരുവിനോടുള്ള സ്നേഹം കൊണ്ടാണ്. സുകുമാരനെ ഇഷ്ടമുണ്ടായിട്ടല്ല.
ഏതായാലും ദൈവസഹായം കൊണ്ട് 9.30-ന്റെ ഷോ മാറിപ്പോയി. അങ്ങനെ നില്ക്കുമ്പോള് വരുന്നു, കോതമംഗലം ബസ്. അതിലെവിടെയോ തട്ടേക്കാട് എന്നൊരു പോസ്റ്റര്‍. ഉടനെ ഞങ്ങളുടെ പ്ലാന്‍ ക്ലിയറായി: തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രം!
ഇന്ന് സലീം അലി കണ്ടാല്‍ ഇതു നടത്തുന്നവര്‍ക്ക് പൊട്ടിച്ചു കൊടുക്കും.
കൃഷ്ണപ്പരുന്ത്, മയില്‍, മുള്ളന്‍ പന്നി, കുരങ്ങ്, മലയണ്ണാന് – എല്ലാത്തിനേയും നിന്നുതിരിയാന്‍ ഇടമില്ലാത്ത കൂട്ടില്‍ ഇട്ടിരിക്കുന്നു. റോഡിലിട്ട് പക്ഷികളെ വില്ക്കുന്നവര് പോലും ഇതിലും മാന്യമായി അവയോടു പെരുമാറും.
കുരങ്ങുകള്‍ കൂട്ടില്‍ തിങ്ങിക്കൂടിയിരുന്ന് ഉണ്ടന്‍പൊരി തിന്നുന്നു. മലയണ്ണാന് കയറിയിറങ്ങാന്‍ 3 അടി നീളമുള്ള ഒരു കമ്പ്.
‘ആന ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാട്ടിലേയ്ക്ക് ആരെയും വിടുന്നില്ല. ഗേറ്റ് അടച്ചിരിക്കുകയാ-‘ കൗണ്ടറില്‍ ഇരിക്കുന്ന കക്ഷി പറഞ്ഞു.
ഞങ്ങള്‍ ചെന്നപ്പോള്‍ ഗേറ്റ് തുറന്നു കിടക്കുകയാണ്. അതുകൊണ്ട് അകത്തു കയറി.
കുറച്ചു ചെന്നപ്പോള്‍ ധാരാളം സായ്പുമാരും മദാമ്മമാരും പക്ഷി നിരീക്ഷണം കഴിഞ്ഞ് തിരിച്ചുവരുന്നു. സായ്പുമാരെ കണ്ടാല്‍ ആന കവാത്തു മറക്കും എന്ന് നമ്മുടെ ഉദ്യോഗസ്ഥരെ ആരെങ്കിലും പഠിപ്പിച്ചു കൊടുക്കണോ?
‘അകത്തേക്കു പോകണ്ട. ആനയുണ്ട്. ഗേറ്റ് വരെയേ വരാവൂ എന്നാ-‘ ഗൈഡ് ഓര്‍മ്മിപ്പിച്ചിട്ടു പോയി.
ഞങ്ങള്‍ അവിടെ നിന്ന് നേരേ പൂയം കുട്ടിക്കു വിട്ടു. തട്ടേക്കാടു നിന്ന് 20 കിലോമീറ്റര്‍ വരും. നല്ല പൊടിയുള്ള റോഡ്.
രസമുള്ള സ്ഥലം. നല്ല ഇല്ലിക്കൂട്ടം. അതിനിടയ്ക്ക് കാട്ടുതീ വരാതിരിക്കാന്‍ ഫയര്‍ ലൈന്‍ തെളിച്ചിട്ടിരിക്കുന്നു. ഇല്ലിക്കൂട്ടത്തിന്റെ ഇടയിലൂടെ വരുന്ന സൂര്യപ്രകാശം നിലത്ത് രസമുള്ള പാറ്റേണുകള്‍ വരച്ചിട്ടിരിക്കുന്നു.
കുറച്ചു ചെല്ലുമ്പോള്‍ ഭൂപ്രകൃതി പാടേ മാറുന്നു. പാറക്കൂട്ടം. അതിലൂടെ ഒഴുകി വരുന്ന തെളിഞ്ഞ വെള്ളം. പാറയില്‍ ചവിട്ടി ചാടിച്ചാടി കാല് നനയാതെ വേണമെങ്കില്‍ അക്കരെ കടക്കാം.
അങ്ങനെ ചെന്നപ്പോഴുണ്ട് രണ്ടു പയ്യന്മാര് തിമിര്‍ത്തു കുളിക്കുന്നു. ഞങ്ങള്‍ അവരുമായി ചങ്ങാത്തം കൂടി.
അടിമാലിയ്ക്ക് അടുത്തുള്ള മാമലക്കണ്ടത്തുനിന്ന് ഈറ്റ വെട്ടാന്‍ വന്നു താമസിക്കുന്നവരാണ്. രാധാകൃഷ്ണന്, 20 വയസ്സ്. രതീഷ്, 18 വയസ്സ്.
രതീഷ് കുറേ വര്‍ഷങ്ങളായി ഈ പണി ചെയ്യുന്നയാളാണ്. കൂടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. എല്ലാവരും കൂടി കുടില്‍ വച്ചുകെട്ടി അതിലാണ് താമസം. രാധാകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ ഒപ്പമില്ല. രണ്ടുപേരും നാട്ടിലും ഉറ്റ സുഹൃത്തുക്കളാണ്.
ജോണിന് അവരുടെ കുളിച്ചു തിമിര്ക്കല് കണ്ട് അധികനേരം കരയ്ക്ക് ഇരിക്കാന്‍ പറ്റിയില്ല. ഷര്‍ട്ടും മുണ്ടുമൊക്കെ ഊരിക്കളഞ്ഞ് വെള്ളത്തിലേയ്ക്കിറങ്ങി.
‘ഞാന്‍ ഷഡ്ഡിയിട്ട് ഇറങ്ങുന്നത് വീഡിയോ എടുക്കരുത് കേട്ടോ-‘ എന്നൊരു വാണിംഗും.
ഞാനത് എടുത്തിട്ടേ വെള്ളത്തില്‍ ഇറങ്ങിയുള്ളൂ.
വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ അതുവരെയുള്ള സര്‍വ്വ മടുപ്പും ക്ഷീണവും വിയര്‍പ്പുമൊക്കെ ഒറ്റയടിക്കു പോയി. നട്ടുച്ചയാണെങ്കിലും നല്ല തണുപ്പ്. കുടിക്കാന്‍ തോന്നുന്ന തെളിനീര്.
നമ്മുടെ നാട്ടില്‍ എല്ലാ പിള്ളേര്‍ക്കും ബൈക്ക് ഉള്ളതുപോലെ രാധാകൃഷ്ണനും രതീഷിനും ഉള്ളതൊരു ചങ്ങാടമാണ്. അത് കരയില്‍ നിന്ന് കുറച്ചു ദൂരെ ഒരു പാറയില്‍ കെട്ടിയിരിക്കുകയാണ്.
‘ഇവിടെ ഇട്ടാല്‍ ആരെങ്കിലും എടുത്തുകൊണ്ടു പോകും. പിന്നെ കെട്ടിയിടുകയുമില്ല. ഒഴുകിപ്പോകും-‘
ഞങ്ങള്‍ക്ക് കൂട്ടുകാര്‍ കയത്തിലൂടെ ഒരു ചങ്ങാട സവാരി ഓഫര്‍ ചെയ്തു.
വളരെ ലളിതമാണ് ചങ്ങാടത്തിന്റെ നിര്‍മ്മാണ രീതി. 10 – 18 അടി നീളമുള്ള നല്ല വണ്ണമുള്ള നാലഞ്ചു മുള. അത് ആനവക്ക എന്ന മരത്തോലുകൊണ്ട് രണ്ടിടത്ത് കൂട്ടിക്കെട്ടിയിട്ടുണ്ട്. സുഖമായി കേറിയിരിക്കാം. വെള്ളത്തില്‍ ഇരിക്കുന്നതുപോലെ തന്നെ. മറിയുകയുമില്ല, മുങ്ങുകയുമില്ല. കുത്താന്‍ നല്ല നീളമുള്ള ഒരു ഈറ്റ.
രതീഷ് തുഴക്കാരനായി. ഞാനും ജോണും കയറിയിരുന്നു. രാധാകൃഷ്ണന് കയറാന്‍ നോക്കുമ്പോള്‍ ചങ്ങാടത്തിന് ഭാരം താങ്ങാന്‍ പറ്റുന്നില്ല.
‘അതു കുഴപ്പമില്ല. ഞാന്‍ വന്നോളാം-‘ രാധാകൃഷ്ണന് ചങ്ങാടത്തിന്റെ പിന്നില്‍ പിടിച്ച് നീന്താന്‍ തുടങ്ങി.
അതുകൊണ്ട് ഒരു ഗുണം ഉണ്ടായി. കാല് എത്തുന്ന സ്ഥലത്ത് കക്ഷി ചവിട്ടിത്തള്ളും. ചങ്ങാടം യമഹ എഞ്ചിന് പിടിപ്പിച്ചതുപോലെ കുതിച്ചു നീങ്ങും. എന്നാല്‍ കയത്തിന്റെ നടുക്ക് ഈറ്റക്കോല് പോലും എത്താത്തത്ര ആഴമാണ്.
അര മണിക്കൂര്‍ രസകരമായ സവാരി. അതോടെ ഞങ്ങളുടെ പകുതി പ്രായം പോലുമില്ലാത്ത രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി മാറി.
‘എങ്ങനേണ്ടായിരുന്നു സെറ്റപ്പല്ലേ?’ ചങ്ങാടത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ രാധാകൃഷ്ണന് ചോദിച്ചു.
സെറ്റപ്പ് രാധാകൃഷ്ണന്റെ ഇഷ്ടപ്പെട്ട വാക്കാണ്.
‘രാത്രി ഞങ്ങള്‍ ചിലപ്പൊ ചൂണ്ടിയിടും. വലിയ മീനൊക്കെ കിട്ടാറുണ്ട്. മിക്കപ്പോഴും മീനും ചോറുമാണ്. നിങ്ങളു വാ. നമുക്കൊരു ദിവസം ഇവിടെ സെറ്റപ്പായിട്ടു കൂടാം-‘
‘ചായ കുടിച്ചിട്ടു പിരിയാം-‘ എന്നു പറഞ്ഞെങ്കിലും അവര്‍ വന്നില്ല.
ചായക്കടയിലേയ്ക്ക് കുറേ ദൂരം നടക്കണം. അവര്‍ക്ക് തേക്കിന്റെ വിറക് പെറുക്കി വയ്ക്കേണ്ടതാണ്. രാത്രി ആനയിറങ്ങുന്ന സ്ഥലമാണ്. തേക്കിന്റെ വിറകാണെങ്കില്‍ കുറേ നേരം കത്തും.
കാര്യങ്ങള്‍ പറയുന്നതിനിടയ്ക്കും അവരുടെ സല്‍ക്കാരം നടക്കുന്നുണ്ടായിരുന്നു. ചെറിയ മധുരമുള്ള ഒരു കായ. അരിപ്പഴം എന്നോ മറ്റോ ആണ് പേര്. അതു പഴുത്തിട്ടില്ല. എന്നാലും ചെറിയ മധുരമുണ്ട്.
‘മാമലക്കണ്ടത്തേയ്ക്കു വാ. നമുക്കു സെറ്റപ്പാക്കാം.
‘കുറച്ചു നാള് കഴിഞ്ഞാല്‍ നല്ല തേന്‍ തരാം. ഇപ്പൊ പിഞ്ചുതേനായിരിക്കും. കുറേ നാള് കഴിഞ്ഞാല്‍ നല്ല മൂത്ത തേന്‍ കിട്ടും. അത് എത്ര നാളിരുന്നാലും ചീത്തയാവില്ല.’
‘ഈ നില്‍ക്കുന്നതെന്താണെന്നറിയാമോ? ആറ്റുവഞ്ചി. ഇത് ഉണക്കി വച്ചിട്ട് വെള്ളം തിളപ്പിക്കുമ്പോള്‍ ഇട്ടുകൊടുക്കണം. കുടിച്ചാല്‍ ശരീരത്തിനു വളരെ നല്ലതാ.’
ആറ്റുവഞ്ചിയുടെ രണ്ടു കട നട്ടുപിടിപ്പിക്കാന്‍ പറിച്ചു തന്നു.
അവരുടെ കൂടെ ഏതായാലും ഒരു ദിവസം താമസിക്കണമെന്ന് ജോണ്‍ അപ്പോഴേ ഉറപ്പിച്ചു.
ചെറിയ പ്രായമേ ഉള്ളൂ. കാര്യമായി പഠിക്കാന്‍ പറ്റിയിട്ടില്ല. എന്നാലും മനുഷ്യര്‍ എന്ന നിലയ്ക്ക് എത്രയോ ഉയര്‍ന്നവര്‍. ജോണ്‍ പറഞ്ഞതുപോലെ ‘എന്റെ അഹങ്കാരമൊക്കെ പോയി-‘
യാതൊരു പ്ലാനിംഗുമില്ലാത്ത യാത്ര. തട്ടേക്കാട് കുറേ നേരം ബസ് കാത്തുനില്‍ക്കേണ്ടി വന്നതുകൊണ്ടാവും പൂയം കുട്ടികളെ കണ്ടതു തന്നെ.
എവിടെയോ ആരോ ഇരുന്ന് കാര്യങ്ങളൊക്കെ കൂട്ടിക്കെട്ടുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന അനുഭവം.
97 total views, 2 views today
