Ksenia Bubenko

സൌന്ദര്യം അത് കാണുന്നവന്റെ കണ്ണിലാണെന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലുകള്‍ക്ക് പഴഞ്ചോറിന്റെ വില കല്പിച്ചു കൊണ്ടാണ് ഇന്നത്തെ തലമുറ ‘വ്യത്യസ്ത’രാവാന്‍ ശ്രമിക്കുന്നത്. കാണുന്നവന്റെ കണ്ണിനു രസിച്ചാലും ഇല്ലെങ്കിലും തങ്ങള്‍  ഇങ്ങിനെയൊക്കെയേ ആവൂ എന്നാണു ഫോര്‍ത്ത് ജെനറേഷന്‍ യുഗത്തിലെ യുവതീ-യുവാക്കള്‍ ചിന്തിക്കുന്നത്. ശരീര സൌന്ദര്യത്തില്‍ ആരോഗ്യത്തിനു സ്ഥാനമില്ലാതായിട്ടു കാലം കുറച്ചായി. ‘വടിവൊത്ത ശരീരം’ എന്നതിന് പകരം ഈര്ക്കിലിനു റിബ്ബണ്‍ ചുറ്റിയതാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ സൌന്ദര്യ സങ്കല്‍പം മാറിയത് തന്നെ ഉദാഹരണം.

ശരീരത്തിന്‍റെ ദുര്‍മേദസ്സുകള്‍ കാണിച്ചു നൃത്തം ചെയ്തിരുന്ന മുന്‍കാല താരങ്ങളെ ഏതു വകുപ്പിലാണ് ‘മാദകത്തിടമ്പുകള്‍’ എന്ന ലേബലൊട്ടിച്ച് വിട്ടതെന്നാണ് പുത്തന്‍ ഫാഷന്‍ ഐക്കണുകളുടെ ചോദ്യം. തങ്ങളുടെ സെര്‍ച്ച്‌ ബോക്സില്‍ ഹിറ്റ്‌ ചെയ്യപ്പെടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ‘How to lose weight fast’ എന്നാണെന്ന് ഗൂഗിള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്ത് ഇത്രയധികം പൊണ്ണത്തടിച്ചികളുള്ളത് കൊണ്ടല്ല ഈ ചോദ്യമെന്ന് ഗൂഗിള്‍ തന്നെ സമ്മതിക്കുന്നു. പകരം പ്രായത്തിനും ഉയരത്തിനും ആനുപാതികമായി ശരീരത്തിനുണ്ടായിരിക്കേണ്ട വണ്ണം പോലും എങ്ങിനെ കുറയ്ക്കാം എന്നു ഗവേഷണം ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നുവെന്നതാണ് വാസ്തവം.

ഉള്ള കഞ്ഞിയും പയറും കാക്കയ്ക്ക് കൊടുത്ത് കരീന കപൂറുകളും ഹിലരി ടഫ്ഫുകളുമാവാന്‍ മിനക്കെടുന്ന കൌമാരക്കാരികളെ ‍ കേരളത്തിലെ കുഗ്രാമങ്ങളില്‍ ‍പോലും കാണാം. എന്നാലിപ്പോള്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ മുഴുവന്‍ ‘സീറോ സൈസു’കളെയും സീറോ ആക്കിക്കൊണ്ടാണ് റഷ്യയില്‍ നിന്നും ഒരു ബ്യൂട്ടി(?) ഉദയം ചെയ്തിരിക്കുന്നത്.

ഇരുപതുകാരിയായ സെനിയ ബുബെങ്കോ എന്ന റഷ്യന്‍ യുവതി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുവാന്‍ കാരണം അവളുടെ ശരീരം തന്നെ. ഇരുപതുകാരിയുടെ ശരീര തൂക്കം വെറും ഇരുപത് കിലോ മാത്രം! എല്ലുകള്‍ക്ക് ചുറ്റും ഇറച്ചി പൊതിഞ്ഞു കൊണ്ട് നടക്കുന്ന സാധാരണക്കാരോട് അവള്‍ക്കു പുച്ഛമാണത്രെ! സ്വന്തം നിലയ്ക്ക് നേടിയെടുത്ത ഈ ‘ട്വന്റി-ട്വന്റി’യെ അവള്‍ വിശേഷിപ്പിക്കുന്നത് ‘പൊബേഡ’ എന്നാണ്. പൊബേഡ എന്ന റഷ്യന്‍ വാക്കിനു വിജയമെന്നാണര്‍ത്ഥം. വല്ലാത്തൊരു വിജയം തന്നെ!

അമ്മ തിന്നാലും അമ്മയെ തിന്നാലും രണ്ടാഭിപ്രായമുള്ള കാലത്ത് ഈ മെലിച്ചിലുകാരിക്കെതിരായും അനുകൂലമായും ആയിരക്കണക്കിന് കമന്റുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിറയുന്നത്. എല്ലാ വിമര്‍ശനങ്ങളോടും പക്ഷെ സെനിയക്ക്‌ കവിളൊട്ടിയ ജീവനില്ലാത്ത ഒരു ചിരി മാത്രമാണ് മറുപടി. സെനിയയുടെ സൌന്ദര്യം അവള്‍ തന്നെ തീരുമാനിക്കുന്നതാണ് എന്നാണ് അവളുടെ പക്ഷം.

കേരളത്തില്‍ അവള്‍ ജനിക്കാതിരുന്നത് ഏതായാലും നന്നായി. നമ്മുടെ ചാനലുകള്‍ അവളെ ചോദ്യങ്ങള്‍ ചോദിച്ച് കൊന്നേനെ! സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ സെനിയ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഹീറോയിന് ആയി മാറിയിരിക്കുന്നു (സന്തോഷ്‌ പണ്ഡിറ്റ് ഹീറോ ആയതിലും വലുതൊന്നുമല്ലല്ലോ ഇത്?). എന്നാല്‍ ‘സെനിയമാനിയ’ തങ്ങളുടെ പെണ്‍കുട്ടികളില്‍ പടരാതിരിക്കാന്‍ രക്ഷിതാക്കള്‍ ഭരണകൂടത്തിന്റെ സഹായം തേടിയിരിക്കുന്ന വാര്‍ത്തയും പോയ ദിവസങ്ങളില്‍ നാം കാണുകയുണ്ടായി. വിവിധ രാജ്യങ്ങളിലെ ലജിസ്ലെറ്റുകള്‍ anorexia എന്ന ഭക്ഷണ വിരക്തിയെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനു പ്രതികരണമെന്നോണം ലോകത്തിലാദ്യമായി ഇസ്രയേല്‍ എന്ന രാജ്യം നിശ്ചിത തൂക്കമില്ലാത്ത മോഡലുകളെ പരസ്യ ചിത്രങ്ങളിലും ഫാഷന് ‍റാംപുകളില്‍ ചുവടു വെക്കുന്നതില് നിന്നും വിലക്കിക്കൊണ്ടുള്ള നിയമത്തിന്റെ കരടു രൂപം രണ്ടാഴ്ചകള്‍ക്ക് മുമ്പ് അവതരിപ്പിക്കുകയുണ്ടായി.

സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കുന്നവര്‍ക്ക് ഐക്യ രാഷ്ട്ര സഭയുടെ ബോഡി മാസ് ഇന്റക്സ് അനുസരിച്ചുള്ള വണ്ണവും തൂക്കവും വേണമെന്നുള്ളതാണ് നിയമം. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന മോഡലുകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള് സമയാസമയങ്ങളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശവും കൂടി നിയമം മുന്നോട്ടു വെക്കുന്നു. ചുരുക്കത്തില്‍ സ്ലിം ബ്യൂട്ടികള്‍ക്കിനിയുള്ള കാലം കഞ്ഞി കിട്ടിയാലായി! രാഷ്ട്രങ്ങളെ ഈ തരത്തില്‍ ചിന്തിപ്പിച്ച വേറൊരു കാര്യം കൂടിയുണ്ട്. anorexia തലയ്ക്കു പിടിച്ചു നടക്കുന്ന ആളുകളുടെ വര്‍ധന രാജ്യത്തെ ആള്‍ക്കൂട്ടത്തെ അക്ഷരാര്‍ത്ഥത്തില്‍ ‘സോമാലിയക്കാര്‍’ ആക്കിത്തീര്‍ക്കുമെന്നത് തന്നെ. ജനങ്ങളുടെ കോലം കണ്ടു പട്ടിണി രാജ്യമായെങ്ങാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തീര്‍ന്നില്ലേ കാര്യം? നമ്മുടെ നിയമസഭയിലും ഇത്തരം നിയമങ്ങള്‍ പാസ്സാക്കുന്നതാണ് നല്ലത്. ഐക്യ രാഷ്ട്ര സഭയുടെ മാസ് ഇന്റക്സൊക്കെ മാറ്റി വെച്ച് ‘ഷക്കീല മാസ് ഇന്റെക്സ്‌ എന്ന തരത്തിലായാല്‍ നമ്മുടെ ഒരു വിധം താരങ്ങളെയൊക്കെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.

ഇതിലും രസകരമാണ് ചുള്ളന്‍സിന്റെ കാര്യങ്ങള്‍. ശരപഞ്ജരത്തിലെ കുതിരക്കാരനില്‍ നിന്നും നമ്മുടെ യൂത്തുകള്‍ നടന്നു കയറിയത് ബോളിവുഡിലെ മസില്‍ ഖാന്മാരുടെ മള്‍ട്ടി പായ്ക്കുകളിലേക്കായിരുന്നു. നാട്ടിലെ സ്പോര്‍ട്സ് ക്ലബ്ബുകളുടെയും പാര്‍ട്ടി ഓഫീസുകളുടെയും സ്ഥാനം ജിംനേഷ്യങ്ങള്‍ കയ്യടക്കുന്ന കാഴ്ചയും നാം കണ്ടു കഴിഞ്ഞു. ബോഡി ഫാറ്റുകള്‍ ഉരുട്ടി സിമന്റ് ചാക്കുകള്‍ അട്ടിയിട്ടത് പോലെ ഒരു സ്ഥലത്ത് കൂട്ടി വെക്കുന്നതിനു കണ്ടു പിടിച്ച പേര് ‘സിക്സ് പാക്ക്’ എന്നാണ്. വര്‍ഷങ്ങളോളം മേലനങ്ങി കൂലിപ്പണി എടുത്താലും കിട്ടാത്ത ‘സിക്സ് പാക്ക്’ രണ്ടു മാസം ‘മലബന്ധമുള്ളവന്‍ കക്കൂസില്‍ പോയത് പോലെ’യുള്ള വിക്രിയകള്‍ ജിമ്മിലെ വെയ്റ്റ് ബെഞ്ചിലിരുന്ന് കാണിച്ചാല്‍ കൈപ്പിടിയിലാക്കാമെന്ന അവസ്ഥ വന്നു.

ജിമ്മില്‍ കഷ്ടപ്പെടുന്ന മിനി മസിലന്മാര്‍ പക്ഷെ ക്രിക്കറ്റ് കളിക്കുമ്പോള്‍ റണ്ണറെ വെച്ചാണ് ബോഡി മാസ് കീപ്‌ അപ്പ് ചെയ്തത്. കാര്യം മുടങ്ങേണ്ടി വന്നാലും മിസ്‌ ആയ ബസ്സിനു പിറകെ ഒടാനും ജിമ്മന്മാരെ കിട്ടില്ല. ചായ കുടിക്കാന്‍ മറന്നാലും പ്രോട്ടീന്‍ പൌഡര്‍ പാലില്‍ കലക്കി ദിനം നാലു നേരം ടെര്‍മിനേറ്റര്‍ സിനിമയുടെ സിഡി കണ്ടു കുടിച്ചു. അര്‍നോള്‍ഡ്‌  ‘ദറജ’യിലേക്കെത്തുന്നതും സ്വപ്നം കണ്ട് കണ്ണാടിക്കു മുമ്പില്‍ നിന്ന് ബൈസെപ്സും മസില്സും നോക്കി കാലം കഴിക്കാനേ നമ്മുടെ മിസ്റ്റര്‍ ലോക്കലുകള്‍ക്ക് തല്‍ക്കാലം നിവൃത്തിയുള്ളൂ. യൂത്ത്‌ പെര്സപ്ഷന്‍സ്‌  മാറിക്കൊണ്ടേയിരിക്കുകയാണ്. ഫ്രീക്ക്-യോയോകള്‍ മാറി തിന്‍ ഹാന്‍ഡ്‌സം ട്രെന്‍ഡ്സ് നാട്ടിന്‍ പുറങ്ങളിലുമെത്തിയിരിക്കുന്നു. ഇനി ഇരുപത് കിലോ മാത്രം തൂക്കമുള്ള ഇരുപതുകാരനെ ഉണക്കാനിട്ട കന്തൂറ (അറബികളുടെ നീളന്‍ കുപ്പായം) പോലെ ഗ്രാമ വീഥികളിലൂടെ നടക്കുന്നത് കണ്ടാലും എടുത്ത് അയലില്‍ ഇട്ടേക്കരുത്. നിയോ യൂത്ത്‌ സിംബല്സിനെ നാറ്റിക്കരുത്.

ലാസ്റ്റ്‌ ബോള്‍: സത്യത്തില്‍..ഗൂഗിളില്‍ പരതിയാല്‍ കിട്ടാത്ത വല്ല വഴിയും മെലിയാനുണ്ടോ? നാടോടുമ്പോള്‍ നാട്ടുകാരെ പറ്റിച്ചോടണം എന്നല്ലേ.. ?

You May Also Like

നവജാത ശിശുക്കളിലെ തൂക്ക കുറവ്: നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍

മുപ്പത്തിമൂന്നിനും മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.

ബെല്‍ജിയവും യോഗ ചെയ്യാന്‍ ഒരുങ്ങുന്നു.

അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കുവാന്‍ ബെല്‍ജിയവും ഒരുങ്ങുന്നു.

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ? എന്നാല്‍ ഈ മണ്ടന്‍ ചോദ്യങ്ങളെ നിങ്ങളും നേരിട്ടിട്ടുണ്ടാകും

ലോകത്ത് ദശലക്ഷത്തിന് മേല്‍ ആളുകള്‍ പ്രമേഹ ബാധിതരാണ്. പ്രമേഹം ഉള്ളവരോട് പതിവായി പലരും ചോദിക്കുന്ന വിവേക ശൂന്യമായ ചില ചോദ്യങ്ങളുണ്ട്

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു,