പെണ്ണിന്റെ സൌന്ദര്യം ശരീര ഭംഗിയില്‍ മാത്രമല്ല; മനസ്സിനെ സ്നേഹിച്ച യുവാവിന്റെ കഥ

384

01

തന്റെ കാമുകിയുടെ ശരീരത്തെയാണ് ജയപ്രകാശ് സ്നേഹിച്ചിരുന്നതെങ്കില്‍ ഇന്ന് ഒരപകടത്തില്‍ പെട്ട് കാഴ്ച നഷ്ടപ്പെട്ടു മുഖം വികൃതമായ സുനിത എന്ന യുവതി ഏകയായി കഴിയേണ്ടി വന്നേനെ. ശരീരം പോലെ തന്നെ സുനിതയുടെ മനസ്സിനെയും താന്‍ സ്നേഹിച്ചിരുന്നതായി പ്രഖ്യാപിച്ചു കൊണ്ട് ഇന്നലെയാണ് ജയപ്രകാശ് സുനിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഓപറേഷനുകളുടെ പരമ്പരക്കിടയിലെ മൂന്നുമാസത്തെ ഇടവേളയിലാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.

02

കോയമ്പത്തൂര്‍ സുളൂര്‍ ആര്‍.വി.എസ് സ്കൂളില്‍ പ്ലസ്ടുവിന് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. അന്ന് മുതലാണ്‌ ഇവര്‍ക്കിടയില്‍ പ്രണയം പൊട്ടി മുളയ്ക്കുന്നത്. പിന്നീട് പ്ലസ്ടു കഴിഞ്ഞ് രണ്ടുപേരും ഉന്നത വിദ്യാഭ്യാസത്തിനായി വഴിപിരിഞ്ഞു. വല്ലപ്പോഴും മാത്രം മൊബൈല്‍ ഫോണ്‍ വഴി ആ ബന്ധം നിലനിന്നു.

ഐ.ബി.എമ്മില്‍ പ്രോബ്ളം മാനേജറായി ജോലി ചെയ്യവെയാണ് വിധി ഒരപകടത്തിന്റെ രൂപത്തില്‍ സുനിതയെ തേടിയെത്തിയത്.

3 വര്‍ഷം മുമ്പ് 2011 ആഗസ്ത് 27 ന് ഓണത്തിന് ബംഗളൂരുവില്‍ നിന്ന് കാറില്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് വരുമ്പോള്‍ ധര്‍മപുരിയില്‍വെച്ചായിരുന്നു അപകടം. സുനിതയുടെ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. തലകീഴായി മൂന്ന് തവണ മറിഞ്ഞ കാറില്‍ നിന്ന് ഗുരുതര പരിക്കേറ്റ സുനിതയെ ആശുപത്രിയിലത്തെിച്ചപ്പോള്‍ സുനിതയുടെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തിന്‍െറ പകുതി ഭാഗം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു സുനിത. മറ്റ് പരിക്കുകള്‍ വേറെയും.

സുനിതയ്ക്ക് അപകടം സംഭവിച്ച വാര്‍ത്ത ഇന്‍റര്‍നെറ്റിലൂടെയാണ് ജയപ്രകാശ് അറിയുന്നത്. ശസ്ത്രക്രിയയ്ക്ക് സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫെയ്‌സ് ബുക്കിലെ ഷെയര്‍ മെസ്സേജില്‍ അയാളുടെ കണ്ണുകളുടക്കി. ആസ്പത്രിയിലെത്തിയപ്പോള്‍ സുനിതയുടെ മുഖംകണ്ട് അയാള്‍ വിങ്ങിപ്പൊട്ടി. സുനിതയെ ഉപേക്ഷിച്ചുപോകുമെന്നായിരുന്നു ബന്ധുക്കള്‍ കരുതിയത്. പക്ഷെ, അവളുട തകര്‍ന്നുപോയ സ്വപ്നങ്ങള്‍ക്ക് പുതിയ നിറം നല്‍കി ജയപ്രകാശ് ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ മടികാട്ടിയില്ല.

മണിപ്പാല്‍ ആശുപത്രിയിലെ ചികിത്സയാണ് സുനിതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. പരിക്കുകള്‍ ഭേദമായെങ്കിലും മുഖത്തിനുണ്ടായ വൈകല്യം പരിഹരിക്കപ്പെട്ടിരുന്നില്ല. പിന്നെ മുഖം പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്ളാസ്റ്റിക് സര്‍ജറികളുടെ പരമ്പരയായി. ഏകദേശം 70 ശതമാനം പഴയ മുഖ സൗന്ദര്യം തിരിച്ചു ലഭിച്ചു. ആ കാലത്തൊക്കെ സുനിതയ്ക്ക് കൂട്ടായി ജയപ്രകാശും കൂടെ ഉണ്ടായിരുന്നു.

കോയമ്പത്തൂരില്‍ താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി പള്ളിപ്പുറത്ത് മുരളീധരന്‍െറയും ലതികയുടെയും മകള്‍ സുനിത ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ അദ്ഭുതമാണ്. അമേരിക്ക കേന്ദ്രമായുള്ള ഹെലനോഗ്രേഡി ഡ്രാമ അക്കാദമയിലെ പരിശീലകനാണ് ജെയ് എന്ന ജയപ്രകാശ്. കോയമ്പത്തൂര്‍ സൂളുര്‍ സ്വദേശി പൂര്‍ണചന്ദ്രന്‍െറ മകനാണ് ജെയ്.

ജയപ്രകാശിന്റെ വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. ഇന്ന് ബൂലോകം പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്ത‍ തന്നെ വഞ്ചിച്ച ഭര്‍ത്താവിന് ഭാര്യ കൊടുത്ത അസ്സല് പണിയെ കുറിച്ചായിരുന്നു. ഈ കാലത്ത് ഇങ്ങനെയും ചില വാര്‍ത്തകള്‍ വരുന്നുണ്ടെന്നത് നന്മകള്‍ ഇനിയും ഭൂമിയില്‍ ബാക്കി നില്‍ക്കുന്നു എന്നതിനുള്ള സൂചനയായി കരുതാം നമുക്ക്.