അങ്ങനെ മലയാളത്തിലെ മഹാനടന്‍ ഓര്‍മകളിലേക്ക് മടങ്ങി. വല്ലാതെ വിഷമം തോന്നുന്നു.

മലയാളത്തിന്റെ താരരാജാവായ വേഷങ്ങളൊന്നും തിലകന് തലപ്പാവായുണ്ടയിരുന്നില്ല. അച്ഛനായും, യാചകനായും, തെരുവ് തെണ്ടിയായും ഈ മഹാപ്രതിഭ നമ്മെ ഊറ്റം കൊള്ളിച്ചു. മെഗാ താരങ്ങള്‍ക്ക് പോലും അവകാശപ്പെടാനില്ലാത്ത അഭിനയത്തിന്റെ കുലപതിയായിരുന്നു തിലകന്‍. ഓരോ വേഷവും വിരസമായ തനിയാവര്‍ത്തനം ആയിരുന്നില്ല. ഓരോ ഭാവങ്ങളും പ്രേക്ഷകനിലേക്ക് വികാരങ്ങളുടെ വേലിയേറ്റമുണ്ടാക്കാന്‍ പ്രാപ്തമായിരുന്നു. തിലകന്‍ വിങ്ങിപ്പൊട്ടുമ്പോള്‍ കാണികള്‍ കണ്ണ് തുടക്കുകയും, ശകാരിക്കുമ്പോള്‍ ഭയപ്പെടുകയും ചെയ്യുന്നു. അങ്ങനെ തിലകന്‍ അച്ഛനാവുന്നു, ഉപ്പാപ്പയാവുന്നു, കര്‍ക്കശക്കാരനായ കാരണവര്‍ ആകുന്നു.

മനസ്സ് ഓര്‍മകളിലേക്ക് പായുകയാണ്. ഉളിയുടെതിനെക്കാളും മൂര്‍ച്ചയുള്ള പെരുന്തച്ചന്‍. മൂന്നാം പക്കത്തില്‍ എന്റെ ബാല്യത്തെ വേട്ടയാടിയ തമ്പി വക്കീല്‍ എന്ന കഥാപാത്രം. മകന്റെയും ചെറുമകന്‍ന്റെയും നഷ്ടങ്ങള്‍ക്ക് മുന്നില്‍ കടലിനു മുന്നില്‍ നിന്ന് പൊട്ടിക്കരയുന്ന മുത്തച്ഛനെ ആര്‍ക്കാണ് മറക്കാനാവുക. കിരീടത്തില്‍, മകന്റെ വിധിക്കു മുന്നില്‍ നിശബ്ദനായി, കാണിയായി നില്‍ക്കേണ്ടി വരുന്ന തിലകന്‍ എന്ന അച്ഛന്റെ വൈകാരികത മുഴവന്‍ എന്റെ കണ്ണ് നിറച്ചിരുന്നു.

ഓര്‍മിക്കാന്‍ ഒരായിരം ഭാവങ്ങളുടെ ഒരു ഫ്‌ലാഷ് ബാക്ക് തന്നെ എന്റെ മുന്നിലൂടെ കടന്നു പോവുന്നുണ്ട്. ഒടുവില്‍ ഈയടുത്ത കാലത്ത് തിലകന്‍ അവതരിപ്പിച്ച ഇന്ത്യന്‍ റുപീയിലെ അച്യുതമേനോന്‍ നമ്മുടെയൊക്കെ ആരോ ആകുന്നതും വേറൊന്നും കൊണ്ടല്ല. ഉസ്താദ് ഹോട്ടലിലെ കരീം ഭായി എന്ന നമ്മുടെയൊക്കെ ഉപ്പുപ്പയെ അവതരിപ്പിക്കുവാന്‍ തിലകനല്ലാതെ ഇന്ന് മലയാളസിനിമയില്‍ മറ്റൊരു നടനില്ല.

ദുഖവും നിരാശയും മാറി മാറി ഞങ്ങളെ കീഴ്‌പെടുത്തുന്നു തിലകന്‍ സര്‍. ഒരു മരണത്തെക്കുറിച്ചുള്ള ആകുലത മാത്രമല്ല. അങ്ങ് ഒഴിച്ചിടുന്ന സിംഹാസനത്തിന്റെ പടികള്‍ കയറാന്‍ പോലും ഇവിടോരാളില്ലല്ലോ എന്നതും, വികാരങ്ങളുടെ വേലിയേറ്റത്തില്‍ ഞങ്ങളെ ഇളക്കി മറിക്കാന്‍ അഭിനയത്തിന്റെ പെരുംതച്ച്ചനായ അങ്ങ് ഇവിടെങ്ങും ഉണ്ടാവില്ല എന്നതും വല്ലാത്തൊരു നിര്‍വികാരത ഉണ്ടാക്കുന്നു.

അങ്ങേയ്ക്ക് പലപ്പോഴായി ദേശീയ അവാര്‍ഡ് നിരസിച്ച,സിനിമയുടെ തല തൊട്ടപ്പന്‍മാരെന്നഹങ്കരിക്കുന്ന ആ മേലാളവര്‍ഗത്തോട് ആത്മ രോഷത്ത്‌തോട് കൂടി ഞാന്‍ പറയട്ടെ ‘ഒരു കലാകാരന്‍ ആദരിക്കപ്പെടെണ്ടതും അന്ഗീകരിക്കപ്പെടെണ്ടതും പ്രേക്ഷക സമൂഹത്തിനിടക്കാണെങ്കില്‍, തിലകന്‍ സര്‍, അങ്ങേക്കൊരായിരം ജനകീയതയുടെ നിറം ചാലിച്ച സ്‌നേഹപുരസ്‌കാരങ്ങള്‍ ‘

മരിക്കാത്ത ഓര്‍മകളുമായി

Advertisements