‘പെറ്റ’യുടെ ‘റണ്‍വേ റിവേഴ്സല്‍’ വീഡിയോ വൈറല്‍ ആകുന്നു

0
606

02

ബാലരമയില്‍ പണ്ട് ഒരു പംക്തി ഉണ്ടായിരുന്നു. ‘മൃഗാധിപത്യം വന്നാല്‍’ എന്ന ആ പംക്തി മനുഷ്യര്‍ക്ക്‌ പകരം മൃഗങ്ങള്‍ നയിക്കുന്ന ഒരു ലോകം നിലവില്‍ വന്നാല്‍ എന്തൊക്കെയാവും സംഭവിക്കുക എന്ന് രസകരമായി പറഞ്ഞുവെച്ചിരുന്നു. ഇപ്പോള്‍ OGILVY AND MATHER എന്ന ലോക പ്രശസ്ത പരസ്യ കമ്പനി പെറ്റ(PETA)യ്ക്ക് വേണ്ടി അങ്ങനെ ഒരു വീഡിയോ നിര്‍മിച്ചിരിക്കുകയാണ്. പെറ്റ ലോകപ്രശസ്തമായ ഒരു മൃഗ സംരക്ഷണ പ്രസ്ഥാനം ആണ്. വ്യത്യസ്തങ്ങളായ സമര രീതികളിലൂടെ ആണ് പെറ്റ തങ്ങളുടെ ആശയങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിക്കുന്നത്. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് എന്നാണ് പെറ്റയുടെ മുഴുവന്‍ പേര്.

03

ഫാഷന്റെ പേരില്‍ ഓരോ വര്‍ഷവും അനേകലക്ഷം മൃഗങ്ങള്‍ കൊലചെയ്യപെടുന്നുണ്ട്. മൃഗങ്ങളുടെ തോലുകള്‍ക്ക് വലിയ ഡിമാന്‍ണ്ട്‌ ആണ് അന്താരാഷ്‌ട്ര വിപണിയില്‍ ഉള്ളത്. തോലിന് വേണ്ടിയുള്ള മൃഗവേട്ട പല ജീവി വര്‍ഗങ്ങളെയും വംശനാശത്തിന്റെ വക്കില്‍ എത്തിച്ചിട്ടുണ്ട്. ഈ അവസ്ഥ ഒന്ന് നേരെ തിരിച്ചു വെച്ചാല്‍ എന്താവും സംഭവിക്കുക എന്നാണ് ഈ ചെറു വീഡിയോയിലൂടെ പെറ്റ പറയാന്‍ ശ്രമിക്കുന്നത്.

04

കുറുക്കന്‍മാരാണ് ഈ കഥയിലെ നായകന്മാര്‍. ഒരു റാംപിലെയ്ക്ക് ആണ് നാം കടന്നു ചെല്ലുന്നത്. എന്നാല്‍ അവിടെ മോഡലുകള്‍ മനുഷ്യര്‍ അല്ല, കുറുക്കന്മാര്‍ ആണ്. അവരുടെ വസ്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് മനുഷ്യരുടെ ശരീരഭാഗങ്ങള്‍ കൊണ്ടാണ്. അമേരിക്കയില്‍ തോലിനും രോമത്തിനും വേണ്ടി കുറുക്കന്മാരെ വലിയ അളവില്‍ വളര്‍ത്താറുണ്ട്. ഇടുങ്ങിയ ചെറിയ കൂടുകളിലാണ് അവയെ ഇടുക. ഇത്തരം സ്ഥലങ്ങളില്‍ അവര്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ അതിക്രൂരമാണ്. ഇതുപോലെ തന്നെയാണ് മറ്റു പല മിണ്ടാപ്രാണികളുടെയും അവസ്ഥ. പാമ്പുകളെ ജീവനോടെ മരത്തില്‍ തറച്ചു തോല്‍ ഉരിഞ്ഞെടുക്കുക, ബോധം കെടുത്താതെ മൃഗങ്ങളുടെ കൊമ്പ് മുറിച്ചെടുക്കുക തുടങ്ങി അത്യന്തം കിരാതമായ പ്രവര്‍ത്തികള്‍ക്കാണ് ഈ സാധുജീവികള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒരു ബോധവല്കരണം ആണ് പെറ്റയുടെ ഈ നീക്കത്തിന് പിന്നില്‍. മനുഷ്യന്‍ ഈ ജീവികളെ കൂടുകളില്‍ തോല് എടുക്കാനും മറ്റുമായി അടച്ചിട്ടിരിക്കുന്നത് പോലെ, കുറുക്കന്മാരാല്‍ കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യരുടെ ദൃശ്യങ്ങളോടെ ആണ് ഈ വീഡിയോ അവസാനിക്കുക.

ഇനി തുകല്‍ ഉപയോഗിക്കേണ്ടി വന്നാല്‍ അതിനുവേണ്ടി കൊലചെയ്യപ്പെട്ട മൃഗങ്ങളുടെ സ്ഥാനത്ത് നമ്മെ തന്നെ സങ്കല്പിച്ചു അതിനോട് മറുത്തു പറയണം എന്നാണ് പെറ്റ ഇതിലൂടെ ആവശ്യപ്പെടുന്നത്. www.Peta.org എന്ന വെബ്‌ സൈറ്റില്‍ പോയി നിങ്ങളുടെ പിന്തുണ രേഖപ്പെടുത്തുകയും ആവാം. ചിന്തിക്കുക. മനുഷ്യരായി ജീവിക്കുക.