പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് പഠനത്തില്‍ കണ്ടെത്തി

187

1

പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ജനിതക ബന്ധമെന്ന് ശാസ്ത്രഞ്ജന്മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 13,000 സ്കിന്‍ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെ 73,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ പൊണ്ണത്തടി എന്നത് ഗുരുതരമായ രോഗങ്ങളിലെക്കുള്ള ചൂണ്ടു പലകയാണെന്ന് വ്യക്തമായി.

പൊണ്ണത്തടിക്ക് കാരണമായ ജീന്‍ പ്രധാനമായും സ്കിന്‍ കാന്‍സര്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു എന്നാണു ശാസ്ത്രഞ്ഞന്മാരുടെ കണ്ടുപിടുത്തം. ഇതോടെ സണ്‍ബാത്തും സണ്‍ ബെഡിന്റെ ഇടയ്ക്കിടെയുള്ള ഉപയോഗവും ആണ് സ്കിന്‍ കാന്‍സറിനു കാരണം എന്ന ശാസ്ത്രഞ്ജന്‍മാരുടെ ഇതുവരെയുള്ള മിഥ്യാധാരണക്കാണ് അന്ത്യം കുറിച്ചിരിക്കുന്നത്. യുകെയിലെ കാന്‍സര്‍ റിസേര്‍ച്ചും യൂണിവേഴ്സിറ്റി ഓഫ് ലീഡ്‌സും ആണ് സുപ്രധാന കണ്ടുപിടുത്തം നടത്തിയത്. നാച്ച്വര്‍ ജെനെറ്റിക്സ് എന്ന ജേണലില്‍ ആണ് ഇവരുടെ കണ്ടുപിടുത്തം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്.

ഇത്തരം പൊണ്ണത്തടി ഉള്ളവര്‍ക്ക് മലിഗ്നന്റ് മെലനോമ എന്ന സ്കിന്‍ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയാണ് വര്‍ധിച്ചിരിക്കുന്നത്. യുകെയില്‍ കാന്‍സര്‍ രോഗികളില്‍ അഞ്ചാം സ്ഥാനമാണ് ഈ സ്കിന്‍ കാന്‍സറിനുള്ളത്. ഓരോ വര്‍ഷവും 12,800 പുതിയ കേസുകളും 2,200 മരണങ്ങളും ഇത് സംബന്ധമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മിലുള്ള ബന്ധം പഠനത്തിലൂടെ തെളിയുന്നതെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. ഭാവിയില്‍ ഇത് സംബധമായ കൂടുതല്‍ പഠനങ്ങള്‍ ഈ ജീനിന് മറ്റേതെങ്കിലും രോഗവുമായും ബന്ധമുണ്ടോ എന്നതിലേക്കും എത്തിച്ചേക്കാം.

എന്തായാലും പൊണ്ണത്തടിയും സ്കിന്‍ കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നു തെളിഞ്ഞെങ്കിലും അത് ഭാവിയില്‍ സ്കിന്‍ കാന്‍സറിനു കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചേക്കാം എന്നും ശാസ്ത്രഞ്ജന്‍മാര്‍ വിശ്വസിക്കുന്നു.