പൊതുശ്മശാനത്തില്‍ പ്രകാശനത്തിന് ഒരുങ്ങുന്ന മലയാള നോവല്‍

355

ഫേസ്ബുക്കില്‍ എഴുതപ്പെട്ട ആദ്യ മലയാള നോവല്‍ ഒരു പൊതുശ്മശാനത്തില്‍ പ്രകാശനത്തിന് ഒരുങ്ങുന്നു!

Ouija Board
ഓജോ ബോര്‍ഡ് നോവല്‍

ഞങ്ങളുടെ കാലത്താണ് സാഹിത്യമൊക്കെ വളര്‍ന്ന്, പടര്‍ന്ന് പണ്ടാരമാടങ്ങിയത്. നിങ്ങളുടെ കാലത്ത് അതെല്ലാം പോയില്ലേ എന്ന് വിലപിക്കുന്നവര്‍ ഒരിക്കലെങ്കിലും അഖില്‍ പി ധര്‍മജന്‍ എന്ന യുവഎഴുത്തുകാരന്റെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഒന്ന് പോയി നോക്കുക. ഏതൊരു വ്യക്തിയെപ്പോലെയും ഫേസ് ബുക്ക് ഉപയോഗിച്ച് തുടങ്ങിയതാണ്‌, എഴുത്തില്‍ തീവ്രമായ താല്പര്യം ഉണ്ടായിരുന്നതിനാല്‍ സ്വന്തം അങ്കത്തട്ട് ഫേസ് ബുക്ക് തന്നെയാക്കി. ഫേസ് ബുക്ക് പോസ്റ്റായി തന്റെ ആദ്യ നോവല്‍ (ഓജോ ബോര്‍ഡ്) എഴുതിത്തുടങ്ങി, ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ല, പതിയെ പതിയെ മാധ്യമ പ്രവര്‍ത്തകരും സഹൃദയരും അഖിലിനെ വായിച്ചു തുടങ്ങി. ഓരോ ദിവസവും വായനക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളുടെ സ്നേഹനിര്‍ബന്ധങ്ങള്‍ ഒടുവില്‍ അഖിലിന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ വിരിഞ്ഞ നോവല്‍ പുസ്തകമാക്കുകയാണ്. പുസ്തകമാക്കുന്നതിനു വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതും ഈ ഓണ്‍ലൈന്‍ സുഹൃത്തുക്കളാണ്. പുസ്തകം ഇറക്കാനുള്ള സാമ്പത്തികത്തെക്കുറിച്ചുള്ള സന്ദേഹം ഓണ്‍ലൈല്‍ സുഹൃത്തുക്കളോട് അഖില്‍ പങ്കുവെച്ചപ്പോള്‍,അവരാണ് അഖിലിനെ ധൈര്യപ്പെടുത്തിയത്‌. 35,000 ത്തിലധികം രൂപ ഒരിക്കലും പോലും നേരിട്ട് കാണാത്തവര്‍ ഇതിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്, അതിലൊരു വായനക്കാരി മാത്രം 10,000 രൂപയാണ് നല്‍കിയത്.

 


ഫേസ് ബുക്കില്‍ സജീവമായ സിജോയിയാണ് കവര്‍ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തന്‍റെ കഥയുമായി ഏറ്റവും ബന്ധപ്പെട്ട ഒരു സ്ഥലത്ത് തന്നെ പ്രകാശനം ചെയ്യണമെന്ന വാശിയില്‍ പ്രകാശന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു പൊതു ശ്മശാനമാണ്! (അഖിലിന്റെ സ്റ്റാറ്റസ് ഇങ്ങനെ:”കീഴ്വഴക്കങ്ങളൊക്കെ തെറ്റിച്ചുകൊണ്ട് ജീവിതത്തില്‍ വലിയൊരു റിസ്ക്ക് ഏറ്റെടുക്കുകയാണ്…ആരൊക്കെ കൂടെ നില്‍ക്കും എന്ന് ഒരു പിടിയുമില്ല..”) പൊതുശ്മശാനത്തില്‍ വെച്ച് പ്രകാശനം ചെയ്യുന്ന ലോകത്തെ ആദ്യ നോവലായിരിക്കും അഖിലിന്‍റെത്. ഓജോ ബോര്‍ഡുമായി ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്നത് ചുടുകാടല്ലാതെ മറ്റെന്താണ്? ചാത്തനാട് പൊതുശ്മശാനത്തില്‍ (ആലപ്പുഴ) വെച്ചു ഓഗസ്റ്റ് രണ്ടാം തീയതിയാണ് പ്രകാശനം. പ്രകാശനം ചെയ്യുന്ന വ്യക്തിയുടെ പേരും പുറത്തു വിട്ടിട്ടില്ല, അതും വെറൈറ്റി ആവാനാണ് സാധ്യത! ശ്മശാനത്തില്‍ പ്രകാശനം നടത്താനുള്ള അനുമതി അധികൃതര്‍ നല്കിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞത് (എന്താവുമോ എന്തോ!). എന്ത് വന്നാലും ഫേസ് ബുക്കിന്‍റെ നെഞ്ചത്ത് കയറി,ഇവിടെ മൊത്തം ഉടായിപ്പാണ്, നിയന്ത്രണം വേണമെന്നൊക്കെ പറയുന്നവര്‍ ഇതൊക്കെ ഒന്ന് കണ്ണ് തുറന്നു കാണുക. അഖിലിന് എല്ലാവിധ ആശംസകളും.

 

അഖില്‍ പി ധര്‍മജന്‍

 

വാല്‍: സോഷ്യല്‍  മീഡിയയില്‍ ഞാനേറ്റവും പോസിറ്റീവ് ആയി കാണുന്നതും ഈ പിന്തുണയാണ്. ഒരിക്കലും ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്തെ ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണ നമ്മുക്ക് ലഭിക്കാറുണ്ട്. അഖിലിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അഖിലിന്‍റെ കഴിവിനെ തിരിച്ചറിഞ്ഞ് വിപിന്‍ പാണപ്പുഴ  ഫേസ് ബുക്കില്‍ എഴുതിയ ഒരു സ്റ്റാറ്റസ് അഖിലിന് നല്കിയ പ്രചോദനം വളരെ വലുതായിരുന്നു. വിപിനും അഭിനന്ദനങ്ങള്‍. ഇതുപോലെ ഒട്ടനേകം പേര് അധികമാരും അറിയാതെ ഫേസ് ബുക്കിലുണ്ട്, അവരെയൊക്കെ ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ശ്രദ്ധിക്കുമല്ലോ!