പൊന്നോമനകളെ നോക്കാനും ഒരു ആപ്പ്..

476

Kunjuvava

നിങ്ങള്‍ക്കൊരു കുഞ്ഞുവാവ ജനിച്ചിട്ടുണ്ടോ ?. ഈ കുഞ്ഞുവാവയുടെ കളിചിരികള്‍ക്കിടയില്‍ ജീവിതം ആസ്വദിക്കുന്ന നിങ്ങള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഓരോ പടവുകളെപ്പറ്റിയും ബോധവാനാണോ?. ഏതൊക്കെ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം ?, അവരുടെ വസ്ത്രങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം?, കുട്ടികള്‍ക്ക് വരുന്ന അസുഖങ്ങള്‍ ഏതൊക്കെ?, ഏതൊക്കെ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കണം തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സംശയങ്ങള്‍ ഇല്ലേ?. ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും മൊബൈലുകള്‍ സ്ഥാനം പിടിച്ച ഇക്കാലത്ത് പൊന്നോമനകളുടെ വളര്‍ച്ചയുടെ കാര്യത്തിലും നിങ്ങളെ സഹായിക്കാനായി ഒരു മൊബൈല്‍ ആപ് ‘കുഞ്ഞുവാവ’ പുറത്തിറങ്ങിയിരിക്കുന്നു.

ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന എല്ലാ സംശയങ്ങള്‍ക്കും ഈ ആപ്പ് മറുപടി നല്‍കുന്നു. കുഞ്ഞുങ്ങളുടെ ജനനതീയതി രേഖപ്പെടുത്തിയാല്‍ ഇപ്പോഴത്തെ പ്രായത്തില്‍ കുഞ്ഞിന് സംഭവിക്കാവുന്ന മാറ്റങ്ങളും അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിര്‍ദേശങ്ങളും ആപ് നല്‍കുന്നു. ഉദാഹരണത്തിന് കുഞ്ഞിന് നല്‍കേണ്ട ഭക്ഷണം, തിരഞ്ഞെടുക്കേണ്ട വസ്ത്രങ്ങള്‍, ഉറക്കം, വരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ എന്നിവയിലെല്ലാം ആപ്പ് നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഒരു വയസ്സുവരെയാണ് കുട്ടികള്‍ക്ക് ഇങ്ങനെ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ഇതുകൂടാതെ കുഞ്ഞിന്റെ ചര്‍മ്മം, കണ്ണുകള്‍, പല്ലുകള്‍, ഓരോ പ്രായത്തിലും ഉണ്ടാവേണ്ടുന്ന തൂക്കം നീളം എന്നിവയെക്കുറിച്ചെല്ലാം ആപ്പ് വിവരങ്ങള്‍ നല്‍കുന്നു. പൊന്നോമനകള്‍ക്ക് വരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍, ഓരോ മാസത്തിലും നല്‍കേണ്ടുന്ന പ്രതിരോധ കുത്തിവെപ്പുകള്‍, തിരഞ്ഞെടുക്കേണ്ടുന്ന കളിപ്പാട്ടങ്ങള്‍, രുചിക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയിലെല്ലാം നിങ്ങളുടെ സംശയങ്ങള്‍ക്ക് ‘കുഞ്ഞുവാവ’ ആപ്പ് പരിഹാരം നിര്‍ദേശിക്കുന്നു.

ഇതിന് പുറമേ കുഞ്ഞിന് നല്‍കാവുന്ന പേരുകളും കുഞ്ഞുങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി ഷെയര്‍ ചെയ്യാനും സംശയങ്ങള്‍ തീര്‍ക്കാനുമുള്ള അവസരവും ആപ് നല്‍കുന്നു.

താഴെ കാണുന്ന ഈ ലിങ്കില്‍ നിന്ന് കുഞ്ഞുവാവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മലയാളത്തിലാണ് ഈ ആപ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലിയോ സോഫ്റ്റ്‌വെയര്‍ ആണ് ഈ സംരഭത്തിന് പിന്നില്‍.