പൊറോട്ടയും കുറെ യാഥാര്‍ത്യങ്ങളും

പൊറോട്ട എല്ലാവര്ക്കും പ്രത്യേകിച്ചു മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടഭക്ഷണമാണ്. പക്ഷെ പൊറോട്ട വളരെ മോശമായ ഭക്ഷണം ആണെന്നാണ്ഒരു വിഭാഗം ആള്‍ക്കാര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ചിന്തിക്കുന്നത് പോലെ അത്ര മോശം ഭക്ഷണമല്ല പൊറോട്ട. പൊറോട്ടയെപ്പറ്റിഇന്റെര്‍നെറ്റിലും മാധ്യമങ്ങളിലും എല്ലാം (പ്രത്യേകിച്ചു മലയാളത്തില്‍ ) വലിയ ചര്‍ച്ചയും ലേഖനങ്ങളും ഇറങ്ങുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ അല്പം ബോധവാന്മാരാകുന്നത് നല്ലത് തന്നെ.പക്ഷെ ആരോഗ്യജീവിതത്തിനു പഠിക്കേണ്ട വിഷയം സത്യത്തില്‍ പൊറോട്ടനല്ലതോ ചീത്തയോ എന്ന് മാത്രമല്ലല്ലോ. എത്രയോ കാര്യങ്ങള്‍ പഠിക്കേണ്ടി വരും. ശരീരത്തിന് അത്ര നല്ലതല്ലാത്ത എത്രയോ ഭക്ഷണങ്ങള്‍, ശീലങ്ങള്‍ ഇവയൊക്കെഒഴിവാക്കേണ്ടി വരും. ‘മൂന്നാറിലെ റിസോര്ടുകളല്ല പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകള്‍ ആണ് ഇടിച്ചു നിരത്തേണ്ടത്’ എന്ന് ഡോക്ടറും സാഹിത്യകാരനുമായ ഡോ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞതാണ് എല്ലാ പൊറോട്ട മൈദാ വിരുദ്ധരും (പ്രത്യേകിച്ച് പ്രകൃതി ചികിത്സകര്‍) എടുത്തു കാട്ടുന്നത്. എന്നാല്‍ അദ്ദേഹം തന്നെ പറയുന്നു ‘വളരെ കര്‍ശനമായി നിഷ്ടകളോടെ പ്രകൃതി ചികിത്സയും സസ്യാഹാരവും അടിച്ചേല്പ്പിക്കുന്നത് ശരിയായ രീതിയല്ല. പ്രതികരിക്കുന്ന ശരീരത്തിന് മാത്രമേ അത് അനുയോജ്യമാവുകയുള്ളൂ’ അദ്ദേഹം വീണ്ടും പറയുന്നു ‘ഒരു ക്ഷമാപണത്തോടെ പറയട്ടെ പ്രക്രിതിചികില്‌സാചാര്യനായ ഹെര്‍ബര്ടു ഷെല്ട്ടന്‍ സംസാരശേഷി നഷ്ട്ടപ്പെട്ടു കൈകാലുകള്‍ അനക്കാന്‍ വയ്യാതെ 13 വര്ഷം നരകിച്ചു കിടന്നാണ് മരിച്ചത്. യൂറോപ്യര്‍ മാത്രമല്ല കേരളീയരും ഉദാഹരണത്തിനായി ധാരാളമുണ്ട്. പ്രകൃതിചികില്‍സ ജീവിതവൃതമാക്കിയ കാക്കുവൈദ്യന്റെ അന്ത്യം ദയനീയമായിരുന്നു. കൂടാതെ മറ്റു രണ്ടു പ്രക്രിതിചികില്‌സകരുമുണ്ട്. ഇവരും കൊടിയ രോഗം വന്നാണ് മരിച്ചത്’.

ഏതായാലും ഇവിടെ ഒരു അന്നജമായ പൊറോട്ട വിഷയമായത് കൊണ്ട് പൊറോട്ടയെക്കുറിച്ച് നമുക്ക് അല്പം ചിന്തിക്കാം.

മൈദ

മൈദ എന്നത് ഗോതമ്പ് ശുദ്ധീകരിച്ചുണ്ടാക്കുന്ന ഒരു ഭകഷ്യ വസ്തു ആണ്. പക്ഷെ അത് ബ്ലീച്ച് ചെയ്യുമ്പോള്‍ മാര്‍ദ്ദവം കൂട്ടാന്‍ വേണ്ടി ചേര്‍ക്കുന്ന

രാസവസ്തുക്കളാണ് ശരീരത്തിന് ദോഷം ചെയ്യുന്നത് എന്ന് പറയുന്നത്. എന്നാലും ആള്‍ക്കാര്‍ ഭയപ്പെടുന്നത് പോലെ അത്ര വലിയ ദോഷമില്ലാത്ത ഒന്നാണ് എന്നതാണ് സത്യം. മാര്‍ദ്ദവം ഉണ്ടാക്കാന്‍ രാസവാസ്തുക്കള്‍ പ്രശ്‌നം ഉണ്ടാക്കുന്നതാണെന്ന് പൂര്‍ണമായിതെളിയിക്കപ്പെട്ടിട്ടില്ല. കാരണം അത് വളരെ ചെറിയ അളവില്‍ ആണ് ചേര്‍ക്കുന്നത്.

പ്രധാന ഭാഗമായ ഗോതമ്പ് നല്ല ഭക്ഷണം ആണ്. മൈദയുടെ കഥ പറഞ്ഞാല്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. പണ്ട് നമ്മുടെ നാട്ടില്‍ പോസ്ടര്‍ ഒട്ടിക്കാന്‍ ആണ് മൈദാ ഉപയോഗിച്ച് കൊണ്ടിരുന്നത്. കാരണം വെള്ളം ചേര്‍ത്താല്‍ അതിനു പശിമ വരുന്നു അങ്ങിനെ ആ പശിമ ഉപയോഗപ്പെടുത്തി അത്ര തന്നെ. എന്ന് വെച്ച് അത് ഭക്ഷിക്കാന്‍ പാടില്ലാത്തത് അല്ല. അത് അന്നജം (starch or carbohydrates) ആണ്. പക്ഷെ ദഹിക്കാത്ത ഒന്നാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെ ഭക്ഷണമായി

ഉപയോഗിക്കാന്‍ തുടങ്ങി. മൈദാ ഉപയോഗിച്ച് പൊറോട്ട മാത്രമല്ലല്ലോ ഉണ്ടാക്കുന്നത്. ഗോതമ്പിനു മൂന്നു ഭാഗങ്ങള്‍

ഉണ്ട് ഏറ്റവും പുറത്തെ തവിട് (bran)അത്‌നുള്ളിലെ germഎന്ന ആവരണം ഏറ്റവും ഉള്ളില്‍ കാണുന്ന endosprmഅന്നജ ഭാഗം. ഗോതമ്പിന്റെ തവിടും പുറംആവരണവും എല്ലാം കളഞ്ഞു അകത്തെ അന്നജം കൂടുതലുള്ള ഭാഗമാണ് മൈദ.

തവിടും പുറം തോടും എല്ലാം ഉള്ള ആട്ട ഗോതമ്പ് പൊടി എന്നും അറിയപ്പെടുന്നു. റവയാണെങ്കില്‍ ആദ്യ ശുദ്ദീകരണം കഴിഞ്ഞാല്‍ കിട്ടുന്നഭാഗവും. ഇവിടെ മൈദയ്ക്ക് പ്രശ്‌നമായിരിക്കുന്നത് അവിടെ അന്നജം മാത്രം ഉള്ളു എന്നതാണ്. കാരണംമുകളില്‍ പറഞ്ഞ തവിടോ, നാരോ ഇല്ലല്ലോ. എങ്കിലും പൊറോട്ട, കേക്ക്, ബ്രെഡ്, റൊട്ടി, അങ്ങിനെ പലബേക്കറി ഐറ്റംസ് ഉണ്ടാക്കാനും മൈദ (white flour) ഉപയോഗിക്കുന്നു.

പാവം മൈദയെ എന്തിനു കുറ്റപ്പെടുത്തണം

തവിടും നാരുകളും എല്ലാം കളഞ്ഞ പോളിഷു ചെയ്ത അരി എത്രയോ ജനങ്ങള്‍ കഴിക്കുന്നു. കപ്പ എത്ര പേര്‍ കഴിക്കുന്നു. അതുപോലെ തന്നെയുള്ള മൈദ എന്ന അന്നജം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇതിലെല്ലാം കാണുന്നത് അന്നജം ആണ്. ഇത് കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് ആയി ശരീരത്തിന് ഊര്‍ജം തരുന്നു. കഴിഞ്ഞ വര്ഷം പ്രകൃതി ചികിത്സകര്‍ മൈദയുടെ ദോഷങ്ങളെക്കുറിച്ച് ഇറക്കിയ ലെഖുലേഖയില്‍ അതിന്റെ ദോഷങ്ങളെക്കുറിച്ച് വര്ണിച്ചിരിന്നു. MBBS(Bachelor of Medicine and Bachelor of Surgery)ഡോക്ടര്‍മാര്‍ ചെയ്യുന്നതുപോലെ ശരീരം കീറിമുറിച്ചു പഠിക്കുകയും, ഓരോ അവയവങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും പഠിക്കുകയും, രോഗങ്ങള്‍ വരുന്ന വഴിയും, ഒരു മരുന്ന് ശരീരത്തില്‍ രോഗങ്ങള്‍ക്കെതിരെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നും കൂടി പഠിക്കുകയായിരുന്നെങ്കില്‍ പ്രകൃതി ചികിത്സകര്‍ ഇങ്ങിനെ വാദിക്കില്ലായിരുന്നു. എല്ലാ രോഗങ്ങള്‍ക്കും ആഹാരം മാത്രമാണ് പ്രകൃതി ചികിത്സയിലെ മരുന്ന്. പിന്നെ എങ്ങിനെ ഇവര്‍ ഇതൊക്കെ പറയുന്നു. ഇതിനു മറുപടിയെന്നോണം ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഡോക്ടര്‍ സുരജ് രാജനും സങ്ഖവും മൈദയെക്കുറിച്ച് ചില വസ്തുതകള്‍ അവരുടെ ബ്ലോഗില്‍ (Suraj,Robi,Suresh, 2011) പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു ഗോതമ്പിന്റെ അന്നജ ഭാഗം വേര്‍തിരിച്ചു പൊടിച്ചു റൊട്ടിയും മറ്റും ഉണ്ടാക്കുകയും, കുറെ നാള്‍ സൂക്ഷിച്ചു വെയ്ക്കുമ്പോള്‍ ഓക്‌സീകരണം സംഭവിച്ചു ഗ്ലൂടനിന്‍ പോലുള്ള പ്രോടീനുമായി പ്രതിപ്രവര്‍ത്തിച്ച് അതിനു പശിമ വരികയും, വീണ്ടും ഓക്‌സീകരണം സംഭവിച്ചു സന്തോഫില്‍ പോലുള്ള വര്‍ണകങ്ങളുമായി പ്രവര്‍ത്തിച്ചു അതിന്റെ സ്വാഭാവിക മഞ്ഞനിറം മാറി വെളുത്തു വരികയും ചെയ്യുന്നു. ആദ്യമൊക്കെ ഇങ്ങിനെ ചെയ്തിരുന്നു, പിന്നെ പിന്നെ പല ഉപയോഗങ്ങള്‍ക്കായി വ്യാവസായികമായി മൈദ ഉണ്ടാക്കാന്‍ തുടങ്ങി. അതിനു മാര്‍ദ്ദവം ഉണ്ടാക്കാന്‍ ചേര്‍ക്കുന്ന അലോക്‌സന്‍ എന്ന കെമിക്കലും ബെന്‍സോയില്‍ പെറോക്‌സൈഡ് ബ്ലീച്ചിംഗ് കെമിക്കലും ആണ് പ്രശ്‌നക്കാര്‍ എന്ന് പ്രകൃതി ചികിത്സകര്‍ വാദിക്കുന്നു. ആലോക്‌സന്‍, മൈദ, കൃത്രിമ നിറങ്ങള്‍, പ്രിസേര്‍വടീവുകള്‍ തുടങ്ങിയവയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പ്രക്രിതിചികില്‌സകര്‍ക്കുള്ള മറുപടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും ഉള്ള ഡോക്ടര്‍മാരുടെ സ്ഥിരീകരണങ്ങളും വേണമെങ്കില്‍ വായിക്കാം, ചെറിയ അളവില്‍ Alloxan , Benzoyle Peroxide, Ascorbic Acid, Calcium Peroxide, Nitrogen Dioxide, Chlorine Dioxide, Chlorineഎന്നിവയൊക്കെ ബ്രെഡ്, കേക്ക് ഉള്‍പ്പെടെ പല ആഹാരസാധനങ്ങല്‍ക്കുവേണ്ടിയും ഉപയോഗിക്കുന്നുണ്ട്. അത് ചെറിയ അളവില്‍ ചേര്‍ത്താല്‍ ശരീരത്തിന് യാതൊരു വിധ ദോഷവുംഉണ്ടാകില്ല. മറിച്ചു അതിന്റെ അളവ് കൂടിയാല്‍ പല രോഗങ്ങളും ഉണ്ടായെന്നും വരും. നാരും, തോടും കളഞ്ഞുള്ളിലുള്ള 85 % വരുന്ന അന്നജ ഭാഗമാണ് മൈദ. ഒരു ഗോതമ്പ് മണിയുടെ മൊത്തം ഭാഗം തിന്നാല്‍ പല ഗുണമുണ്ട്. എന്നാല്‍ അന്നജം ശരീരത്തിന്റെ ഊര്ജത്തിനാവശ്വമാണ്. അപ്പോള്‍ മൈദാ കൊണ്ടുള്ള ഭക്ഷണങ്ങളും വല്ലപ്പോഴും കഴിക്കുന്നതില്‍ പ്രശ്‌നമില്ല.

അലോക്‌സനും ബെന്‍സോയില്‍ പെരോക്‌സൈടും

അലോക്‌സന്‍ എന്ന രാസസംയുക്തം ആണ് എല്ലാ തെറ്റിദ്ധാരന്യ്ക്കും കാരണം. കാരണം ഇത് ആഗ്‌നേയഗ്രന്ഥി(pancreas) യിലെ ഇന്‍സുലിന്‍ ഉത്പാദക ബീറ്റാ കോശങ്ങളെ കൊല്ലുന്നു എന്നത് സത്യമാണ്. പക്ഷെ അത് വളരെ കൂടുതലുന്‌ടെന്കിലെ കോശത്തിനകത്ത് കയറി രോഗം ഉണ്ടാക്കൂ. ബ്ലീച് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വളരെ ചെറിയ അളവിലുള്ള അലോക്‌സന്‍ മാവ് പുളിക്കുമ്പോഴും സ്വാഭാവികമായി ഉണ്ടാകുന്നുണ്ട്. എത്രയോ ആഹാര സാധനങ്ങള്‍ മാവ് പുളിപ്പിച്ചുണ്ടാക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ മാവ് പുളിച്ചു നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും പ്രമേഹമുണ്ടാകണമല്ലോ. പിന്നെങ്ങിനെ ചെറിയ അളവില്‍ മാര്‍ദ്ദവം ഉണ്ടാക്കാന്‍ വേണ്ടി ചേര്‍ക്കുന്ന അലോക്‌സന്‍ പ്രമേഹം ഉണ്ടാക്കും? പൊറോട്ട തിന്നുന്നവര്‍ക്കൊക്കെ പ്രമേഹം ഉണ്ടാകുമായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇന്നത്തേതിന്റെ പത്തിരട്ടി പ്രമേഹരോഗികള്‍ ഉണ്ടാകുമായിരുന്നു. പൊറോട്ട കഴിക്കാത്ത, റൊട്ടി (ചപ്പാത്തി) യും, വെജ് ആഹാരം ഉള്‍പെടുന്ന താലിയും കഴിക്കുന്ന ഗുജറാത്താണ് ഇന്ത്യയിലെ പ്രമേഹരോഗികളില്‍, തമിള്‍ നാട് കഴിഞ്ഞാല്‍ ഒന്നാം സ്ഥാനത്തു എന്നത് ഓര്‍ക്കുക. പ്രമേഹം ഉണ്ടാകാന്‍ എത്രയോ വേറെ കാരണങ്ങള്‍ ഉണ്ട്.

ബെന്‍സോയില്‍ പെറോക്‌സൈടും ബ്ലീച് ചെയ്യാന്‍ ഉപയോഗിക്കുന്നു. പക്ഷെ ഇതും നിശ്ചിത അല്ലവില്‍ മാത്രം ആണ് ഉപയോഗിക്കുന്നത്. ഭക്ഷണങ്ങളില്‍ മാര്‍ദ്ദവം, രുചി, നിറം ഇവ ഉണ്ടാക്കാന്‍ ചേര്‍ക്കുന്ന രാസ സംയുക്തങ്ങള്‍ ശരീരത്തിന് രോഗം ഉണ്ടാകാത്ത രീതിയില്‍ WHO (World Health Organization)അംഗീകരിച്ച നിശ്ചിത അളവില്‍ മാത്രമേ ലോകത്തെവിടെയും ചെര്‍ക്കുന്നുള്ളൂ. അല്ലെങ്കില്‍ അത് നിയമത്തിനു എതിരാണ്.

പൊറോട്ട എങ്ങിനെ പ്രശ്‌നക്കാരന്‍ ആകുന്നു.

 1. പൊറോട്ട കുഴയ്ക്കുന്നത്തിനും ചുടുന്നതിനും ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ട്. എണ്ണ കൂടുതല്‍ ശരീരത്തിന് നല്ലതല്ല.
 2. മൈദയില്‍ നാരുകള്‍ (fiber) കുറവാണ്
 3. ഇത് സാധാരണ വീട്ടില്‍ ഉണ്ടാക്കാറില്ല. കടയിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അത് പ്രശ്‌നമാകുന്നു.
 4. മൈദയില്‍ നാരു കുറവായതിനാല്‍ ദഹനം സാവധാനത്തില്‍ ആകുന്നു.
 5. പൊറോട്ടയുടെ കൂടെ കഴിക്കുന്ന മാംസം, അതിലും നാരില്ല. മാംസങ്ങളില്‍ സാധാരണ നാര് (fiber)കാണാറില്ല.

പൊറോട്ട എങ്ങിനെ കഴിക്കാം

 1. എന്ത് എണ്ണയാണെന്നോ എത്ര വൃത്തിയിലാണെന്നോ അറിയാത്ത സ്ഥിതിക്ക് പൊറോട്ട കുറച്ചു മാത്രം കഴിക്കുക.
 2. നാരുകള്‍ കുറവായതിനാല്‍ പൊറോട്ടയുടെ കൂടെ കഴിക്കുന്ന ഇറച്ചിയുടെ സ്ഥാനത്തു പട്ടാണി പോലുള്ള കറി കഴിച്ചാല്‍ പോഷക ദാരിദ്ര്യവും നില്‍ക്കും, അല്ലെങ്കില്‍ പൊറോട്ടയും ഇറച്ചിയും കഴിച്ചതിനു ശേഷം ഒരു ഫ്രൂട്ട് ജ്യുസ് കഴിക്കുക. കൂടെ പറ്റുമെങ്കില്‍ സാലഡും കഴിക്കുക. അത് നാരിന്റെ കുറവ് നികത്തും. ഫ്രൂട്ട് ജ്യൂസ് വൈടമിന്റെയും ആന്റി ഒക്‌സിടന്റിന്റെയും കുറവ് നികത്തും. കഴിവതും കോഴി ഇറച്ചി (പക്ഷികള്‍) കഴിക്കുക, ചുവന്ന മാംസത്തിനേക്കാള്‍ നല്ലത് പക്ഷികളുടെത് പോലെ വെള്ളമാംസവും, മീനുമാണ്.
 3. കഴിക്കുമ്പോള്‍ ചവച്ചരച്ചു സാവകാശം കഴിക്കുക. കുടലില്‍ ഒട്ടിപ്പിടിക്കാതിരിക്കാനും, ദഹനം വേഗത്തിലാക്കാനും ഇത് സഹായിക്കും.
 4. പൊറോട്ട എന്നും കഴിക്കുന്നവരാനെങ്കില്‍ അത് വല്ലപ്പോഴും ആക്കുക. കാരണം ദഹിക്കാന്‍ സമയം എടുക്കുന്നതിനാലും പോഷണങ്ങള്‍ കുറവായതിനാലും. ഈ ഞാനും വല്ലപ്പോഴും കഴിക്കാറുണ്ട്.
 5. സതോഷത്തോട് കഴിക്കുക. സന്തോഷത്തോടു എന്ത് കഴിച്ചാലും അതിനു കൂടുതല്‍ ഗുണം ഉണ്ടാകുന്ന മാനസികവ്യാപാരങ്ങള്‍ നടക്കുമ്പോള്‍ ദഹനം വേഗത്തിലാകും.
 6. വൃത്തിയുള്ള സ്ഥലത്ത് നിന്ന് മാത്രം കഴിക്കുക.

പൊറോട്ട പ്രമേഹമോ, അര്‍ബുദമോ ഉണ്ടാക്കുന്നില്ല

പൊറോട്ട കഴിച്ചിട്ട് ആര്‍ക്കും പ്രമേഹമോ ക്യാന്‍സറോ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. കൂടെയുള്ള എണ്ണ, മുട്ട, വൃത്തിയില്ലായ്മ, ഇവയൊക്കെ കൂടാതെ അതിന്റെ കൂടെ മാംസം കൂടുതല്‍ കഴിക്കല്‍ ഇവയൊക്കെ ആണ് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഉദാ: എണ്ണ പല പ്രാവശ്യം ചൂടാക്കുമ്പോള്‍ അതില്‍ ഉണ്ടാകുന്ന രാസമാറ്റം വഴി അക്രോലിന്‍ (Acrolein) പോലുള്ള വിഷ വസ്തുക്കള്‍ സൃഷ്ടിക്കപെടുന്നു. ഇത് ത്വക്ക്, കണ്ണ്, മൂക്ക് മുതലായ ഭാഗങ്ങളില്‍ ചൊറിച്ചില്‍ വരുത്തുന്നു. ഏതു എണ്ണ ആയാലും ചൂടാക്കിയാലും ഇല്ലെങ്കിലും കൂടുതല്‍ ഉപയോഗിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

American Cancer Society, Mayo Clinic, World Health Organization (WHO), Tata Institute of Cancerഇവയുടെ ഒക്കെ അഭിപ്രായത്തില്‍ കാന്‍സറിനു പൊതുവേ ഉള്ള കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്;

 1. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസങ്ങള്‍, വറ, പൊരി, പുകയില്‍ ചുട്ട വിഭവം, ഉപ്പിലിട്ട മത്സ്യം, മാംസം, അച്ചാറുകള്‍, ടിന്നിലടച്ച മാംസങ്ങള്‍, കൊഴുപ്പ് വളരെ കൂടിയ നെയ്യ് ഇവ പതിവായി ഉപയോഗിക്കുക.
 2. പുകവലി, ലഹരി പഥാര്ധങ്ങള്‍, എന്നിവ പതിവായി ഉപയോഗിക്കുക.
 3. വ്യായാമമോ ജോലിയോ ഇല്ലാതെ ഇരിക്കുക, ഇതിന്റെ കൂടെ പ്രമേഹം ഉണ്ടായിരിക്കുക, ദുര്‍മേദസ്സ് അടിഞ്ഞുകൂടുക
 4. ഡീ എന്‍ എ യിലെ ജനിതക കലകളിലെ കോഡ് നമ്പര്‍ (DNA Genetic Code No.), ജീവിക്കുന്ന അന്തരീക്ഷം ഇവയും ഒരു കാരണമാണ്.
 5. വിവിധ തരം radiationsഎല്ക്കുക.

അങ്ങിനെ ഒന്നോ രണ്ടോ കാരണങ്ങള്‍ അല്ല കാന്‍സര്‍ ഉണ്ടാക്കുന്നത്. ഈയടുത്ത ഇടയ്ക്ക് വ്‌ഹോ തിരുവനന്തപുരത്ത് ഒരു പഠനം നടത്തിയതില്‍, മുകളില്‍ പറഞ്ഞത് കൂടാതെ മസാല ഭക്ഷണം, ഫാസ്റ്റ് ഫുഡ്, മുളക്, ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്തു കഴിക്കല്‍ ഇവയൊക്കെ വയറ്റിലെ കാന്‍സര്‍ ഉണ്ടാകാന്‍ കാരണമായെന്ന് കണ്ടു.

ബ്രെഡ്, ബിസ്‌കട്‌സ്, നാന്‍, പാസ്ട്രി, കേക്ക്, അങ്ങിനെ എത്രയോ ഭക്ഷണ സാധനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഇതെല്ലാം മൈദാ വഴിയാണ് ഉണ്ടാക്കുന്നത്. മൈദയും ഗോതമ്പും മിക്‌സ് ചെയ്തു ശുദ്ധ ഗോതമ്പ് ബ്രെഡ് ആണെന്ന് പറഞ്ഞു എത്രയോ സ്ഥലത്ത് വില്‍ക്കുന്നു. ഇപ്പോള്‍ ഇറങ്ങുന്ന വീറ്റ് ബ്രെഡ് (whole wheat bread) ഗോതമ്പിന്റെ ആണെന്നും കരുതി എത്രയോ പേര്‍ വാങ്ങി കഴിക്കുന്നു. ആള്‍കാര്‍ കരുതുന്നത് പോലെ അത് മുഴുവന്‍ ഗോതമ്പ് പൊടി അല്ല. അത് മൈദാ + ഗോതമ്പ് ബ്രെഡ് ആണ്.

നല്ല അധ്വാനം അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് പൊറോട്ട അടക്കം ഉള്ള മൈദാ ഭക്ഷണം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. കാരണം അവര്‍ക്ക് കൂടുതല്‍ എനര്‍ജി ആവശ്യമാണ്. മൈദ അന്നജം ആണ്. അന്നജം ഊര്ജദായകം ആണ്.

അതിന്റെ കൂടെ അല്പം പോഷകാഹാരവും കൂടി കഴിച്ചാല്‍ വളരെ നല്ലതാണ്. എങ്കിലും ഏറ്റവും നല്ല ഭക്ഷണം, ഏറ്റവും നല്ല വെള്ളം, അണുക്കള്‍ ഇല്ലാത്ത അന്ധരീക്ഷം, എല്ലാം നോക്കി ആര്‍ക്കും ജീവിക്കാന്‍ പറ്റില്ല. കുറച്ചൊക്കെ ശ്രദ്ധിക്കണം. അത്രേയുള്ളൂ. എല്ലാറ്റിനും ഉപരി രോഗങ്ങള്‍ ഒരു പരിധി വരെ വരാതെ തടയുന്നത് നമ്മുടെ ശരീര പ്രതിരോധ ശക്തി (immunity power) ആണ്.

മൈദ ഉത്പന്നങ്ങള്‍ ഉപേക്ഷിച്ചാല്‍ എന്ത് കഴിക്കും?

ഇതിനു പ്രകൃതി ചികിത്സകര്‍ ശുപാര്‍ശ ചെയ്യുന്ന പലഹാരങ്ങള്‍ കൊഴിക്കട്ട, ഉണ്ണിയപ്പം, അരിയുണ്ട തുടങ്ങി 36 ഐറ്റംസ് ആണ് അവരുടെ ലേഖുലേഖയില്‍ പറയുന്നത്. ഇതില്‍ മിക്കതും അരി കൊണ്ടുള്ളതാണ്. കൂടാതെ എണ്ണയില്‍ ആണുണ്ടാക്കുന്നത്. അരിയും അരി ഉല്പന്നങ്ങളും കൂടുതല്‍ കഴിച്ചാലും പ്രമേഹമുണ്ടാകുമെന്നു ഇന്ന് എല്ലാ മലയാളികള്‍ക്കും അറിയാം. കൂടുതല്‍ എന്നാ എതുപയോഗിച്ചാലും പ്രെഷര്‍, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, സ്‌ട്രോക്ക് ഇവ ഉണ്ടാകാനുള്ള സാധ്യത, ഇത് കുറച്ചുപയോഗിക്കുന്നവരേക്കാള്‍ വളരെ കൂടുതല്‍ ആണ്. എണ്ണ, നെയ്യ, ഡാല്‍ഡ ഇവയൊക്കെ കൊഴുപ്പിന്റെ സംഭരണികള്‍ ആണ്.

ഇനി ചിന്തിക്കൂ പ്രകൃതി ചികിത്സകര്‍ പറയുന്നത് പോലെ, പൊറോട്ട കഴിക്കുന്നത് കൊണ്ടാണോ, കാന്‍സര്‍, പ്രമേഹം, രക്തസ്സമര്‍ദ്ദം ഇങ്ങിനെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നത്? വല്ലപ്പോഴും രണ്ടു പൊറോട്ടയും ഇറച്ചിക്കറിയും കഴിക്കുന്നത്‌കൊണ്ട് ഒരു കുഴപ്പവുമില്ല. അല്ലാതെ പൊറോട്ടയെ മാത്രം ബലിയാടക്കരുതെ. അതുകൊണ്ട് നമുക്ക് പൊറോട്ട കഴിക്കാം അല്പം അളവ് കുറയ്ക്കണമെന്ന് മാത്രം. വളരെ കാര്യം ഇനിയും എഴുതാനുണ്ടെങ്കിലും, നീണ്ടു പോകുന്നതിനാലും, എന്നാല്‍ അത്യാവശ്യം ചേര്‍ത്തിരിക്കുന്നതിനാലും ലേഖനം ചുരുക്കുന്നു.

ചുരുക്കം

പൊറോട്ട വല്ലപ്പോഴും കഴിക്കുന്നത് വലിയ പ്രശ്‌നം ഉണ്ടാക്കുന്നില്ല. പൊറോട്ട മാത്രം അല്ല മറ്റുള്ള പല ആഹാര സാധനങ്ങളുടെയും സൈഡ് എഫെക്റ്റ് ആണ് പല രോഗങ്ങളുടെയും കാരണം, അധ്വാനം അല്ലെങ്കില്‍, വ്യായാമം ചെയ്യുക, നല്ല ചിന്തയില്‍ ഇരിക്കുക, സന്തോഷത്തോട് കഴിയുക,

പിരിമുറുക്കം മാറാന്‍ എന്തങ്കിലും നല്ല ഹോബി ശീലിക്കുക, പച്ചക്കറി, പഴങ്ങള്‍ എന്നും കഴിക്കുക, മറ്റുള്ള ഭക്ഷണങ്ങളെല്ലാം കുറേശെ കഴിക്കുക, കൂട്ടത്തില്‍ എന്നും മഞ്ഞള്‍,ഇഞ്ചി, വാഴപ്പഴം (ഇവ കാന്‍സ!റിനെ കൊല്ലുന്നു) ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

References;

 1. Manushyashareeram Oru Mahathbhutham – Dr. P.S. Vasudevan, 2007
 2. Various Health Magazines (English & Malayalam)
 3. WHO, Mayo Clinic, American Cancer Society, Tata Institute of Cancer – websites
 4. Medicinatboolokam.blogspot.com
 5. Medindia.net