പോലീസ്‌ സ്റേഷനിലെ ആദ്യ രാത്രി

342

പേര് കേട്ട് തെറ്റിദ്ധരിക്കരുത്. (ആദ്യ രാത്രിയും അടല്‍സ് ഒണ്‍ലി ഒന്നും അല്ല)

ഞാന്‍ ആദ്യമായി സ്റ്റേഷന്‍ കാണാന്‍ പോയ സോറി സ്റെഷനിലെത്തിയ സംഭവമാണിത്.

എല്ലാ സ്ഥലത്തെയും പോലെ ഞങ്ങളുടെ നാട്ടിലെയും പയ്യന്‍സ് എന്നും ആഗോള അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്ച്ചചെയ്യുവാനായി വട്ടമേശ സമ്മേളനം നടത്താറുണ്ട്
വട്ടത്തിലുള്ള മേശയും കസേരയും ഇല്ലെങ്കിലും നല്ല വിശാലമായ കടത്തിണ്ണയുണ്ട്
മുന്നില്‍ കൂടി പതിനാറില്‍ നിന്നും വെങ്ങോടെക്ക് (ഇത് എന്റെ നാട്ടിലെ സ്ഥലങ്ങളുടെ പേരാ കേട്ടോ.) പോകുന്ന റോഡ്‌.
പ്രധാന പയ്യന്സുകള്‍ പകലന്തിയോളം പണിയെടുത് (കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ക്ക്‌ എസ്കോര്‍ട്ട് പോകുന്നതും പണിയാണല്ലോ) വൈകുന്നേരങ്ങളില്‍ സമ്മേളന നഗരി(കടത്തിണ്ണ)യില്‍ എത്താറുണ്ട് ഒരുപാടു യോഗ്യതാ ടെസ്റ്റുകള്‍ നടത്തിയാണ് ഇവിടെ ഇവിടെ പ്രവേശനം നടത്തുന്നത്, അത് നമുക്ക് പിന്നെ പറയാം.

എന്തായാലും ഞാന്‍ അവിടെ യോഗ്യത നേടിയ ടൈം.
ഇങ്ങു താഴെ പഞ്ചായത്ത് ഭരണം മുതല്‍ അങ്ങ് യു എന്നിലെ സെക്രടറി സ്ഥാനം വരെ ഈ കടത്തിണ്ണ യില്‍ ഇരുന്നാണ് സോറി, ഓഫീസില്‍ ഇരുന്നു ഞങ്ങളാണ് തീരുമാനിക്കുന്നത്..

ഇത്രക്കും വലിയ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നത് കൊണ്ടാകാം, സ്ഥലത്തെ പോലീസുകാര്‍ക്ക്‌ നമ്മോട് ഒരല്പം ബഹുമാനമൊക്കെ തോന്നിത്തുടങ്ങിയത്. ഞങ്ങളെ നോക്കാന്‍ ഒരു നാണം. അതുകൊണ്ട് അവര്‍ സാധാരണ നൈറ്റ്‌ പട്രോളിങ്ങിനു പോണ സമയം ഞങ്ങളെയൊന്നും “ഇവിടെ കാണരുതെന്നും മര്യാദക്ക് വീട്ടില്‍ പോകണ”മെന്നും അവര്‍ താഴ്മയായി അപേക്ഷിച്ചിട്ടുണ്ട്.

ഇന്നത്തെ പോലെ ജനകീയ പോലീസ്‌ അല്ലായിരുന്നു അന്ന്. ആരെ ഇടിക്കണം, ആരെ കിട്ടിയാല്‍ കൈതരിപ്പ് തീര്‍ക്കണം എന്ന് നോക്കി നടക്കുന്നവരായിരുന്നു അധികവും, പോലീസ്‌ പിടിച്ചാല്‍ ജീവിതം തീര്‍ന്നു എന്ന് നാട്ടുകാര് മൊത്തം വിചാരിച്ചിരുന്ന കാലം (ഇതെന്താ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുള്ള കഥയാണോന്നു ചോതിച്ചാല്‍.. ആ അങ്ങനെ കരുതിക്കോ..പക്ഷെ ഇന്ത്യക്കല്ല, എനിക്ക് വീട്ടില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുള്ള കഥയാ)

ഓ.. ഇനി അവര്‍ക്ക്‌ പോകാന്‍ നമ്മളായി ബുധിമുട്ടുണ്ടാക്കേണ്ട എന്ന് നമ്മളും കരുതി..
ദൂരെ നിന്നെ പോലീസ്‌ ജീപ് വരുമ്പോള്‍ നമ്മള്‍ സ്കൂട്ടാവാന്‍ തുടങ്ങി..
അവര്പോയിക്കഴിഞ്ഞു വീണ്ടും സമ്മേളനം പുരോഗമിക്കാറുമുണ്ട്..

അങ്ങനെ ഒരു ദിവസം ഞാനുല്പെടുന്ന എക്സികുടിവ്‌ യോഗം നടക്കുന്ന രാത്രി,
നമ്മുടെ ചര്‍ച്ച അങ്ങ് അന്താരാഷ്ട്ര മാര്‍കെറ്റില്‍ രൂപയുടെ മൂല്യം ഇടിയുന്നതിനെതിരെയും, നമ്മുടെ ആന്റണിചായനെ കേന്ദ്ര മന്ത്രി ആക്കുന്നതിനെയും ഒക്കെ ചുറ്റിപ്പറ്റി പുരോഗമിച്ചു കൊണ്ടിരുന്നപ്പോ അതാ മുന്നില്‍ ഒരു പോലീസ്‌ ജീപ്പ്. ശെടാ.. നമ്മുടെ ചര്‍ച്ചക്ക് പോലീസ്‌ അകമ്പടിയും ഉണ്ടോ?? പെട്ടെന്ന് ചിന്തിച്ചത്‌ അതായിപ്പോയി.

ഹെന്റമ്മോ പോലീസ്‌..
എസ്കേപ് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ..

തൊട്ടു മുന്നില്‍ നമ്മുടെ സാറന്മാര്‍ ജീപ്പില്‍ നിന്ന് പുറത്തിറങ്ങുകയും “കയറെടാ എല്ലാവനും ജീപ്പിലേക്ക്” എന്ന് തൊണ്ട പൊട്ടിച്ചു അപേക്ഷിക്ക്കുകയും ചെയ്തു. കേട്ട പാതി കേള്‍ക്കാത്ത പാതി, വശങ്ങളിലൂടെ രണ്ടുമൂന്നെണ്ണം എങ്ങിനെയോ സ്കൂട്ടായി..
ദൈവമേ ചതിച്ചോ?.. ഇവന്മാര്‍ വരുന്നത് കണ്ടില്ലല്ലോ ഇനിഇപ്പോ സ്കൂട്ട് ആകാനുള്ള സാഹചര്യവുമില്ല
ഒരു നിമിഷം കൊണ്ട എന്റെ മനസ്സില്‍ പത്രങ്ങളിലും ടീവി യിലുമൊക്കെ വരുന്ന പോലീസ്‌ അനുഭവങ്ങള്‍ തീയേറ്ററിലെ സ്ക്രീനില്‍ കാണുന്ന പോലെ ത്രീD വിത്ത് DTS ആയി ഓടി..
ഉലക്ക കൊണ്ട് ഉരുട്ടുന്നതും, നഖതിനിടയില്‍ സൂചി കയറ്റുന്നതും, ഈര്‍ക്കില്‍ പരിപാടിയും, മുളക് കണ്ണില്‍ തെക്കുന്നതുമൊക്കെ എന്ത് രസമായിരിക്കും ഹെന്റമ്മോ…

പോലീസിനെ കണ്ടു ആസനം ഉറച്ചു പോയോ എന്നൊരു സംശയം ഇല്ലതെയില്ല, ഇതിപ്പോ ഞാന്‍ രാജകീയമായി ഇരുന്ന സ്ഥലത്തുനിന്നും അനങ്ങാന്‍ വയ്യാതെ ഇരിക്കുകയാ. അവന്മാര്‍ കൊണ്ട് മുന്നില്‍ നിര്‍ത്തിയപ്പോ സ്ടക്ക് ആയിപ്പോയതാകാം..
എഴുന്നേറ്റു ഓടാനുള്ള ശ്രമം മനസ്സ് കൊണ്ട് നടത്തിയെങ്കിലും ആ “കേറെടാ” ഓര്‍ഡര്‍ ചെയ്ത സാറിന്റെ അരയില്‍ തൂങ്ങണ തോക്ക് കണ്ടപ്പോ പല സിനിമാ രംഗങ്ങളും മനസ്സില്‍ ഓടിയെത്തി..
വേണ്ടാ… ഇടി കൊണ്ടാലും വേണ്ടില്ല വെടി കൊള്ളില്ലല്ലോ..

ഞാന്‍ ഒറ്റയ്ക്കാണോ എന്നറിയാന്‍ തല ബുദ്ധിമുട്ടി ഒന്ന് തിരിച്ചു നോക്കി.. ഹോ ഭാഗ്യം.. ഞാന്‍ ഒറ്റക്കല്ല മീറ്റിംഗ് അംഗങ്ങള്‍ അഞ്ചുപേര്‍ വേറെയും ഉണ്ട്. കേറെടാ ഓര്‍ഡര്‍ ചെയ്തപ്പോ തന്നെ അവന്മാര്‍ കേറാന്‍ റെഡി ആയി നിക്കുന്നു.. സ്ടക്ക് ആയിപ്പോയ ആസനം ഇളക്കി ഞാനും അവന്മാരോടൊപ്പം കേറാന്‍ നിന്നു അല്ലാതെ എന്ത് ചെയ്യാന്‍..
ഇനി ഇപ്പൊ സാറന്മാര്‍ സ്റേഷനില്‍ കൊണ്ടുപോയാല്‍…… ഹമ്മോ…
ഞാന്‍ എന്റെ സഹ പ്രതികളെ നോക്കിയപ്പോ ഞാന്‍ പേടിച്ചത് പോലെ അവന്മാരുടെ മുഖത്തു പേടിയുടെ ഒരു ലക്ഷണവും ഇല്ല

“ആ കയറ് കയറ് നിന്നോടോന്നും സമയത്ത് വീട്ടില്‍ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ”

നമ്മളോടുള്ള ബഹുമാനം കൊണ്ടാകും അകത്തിരുന്ന ഒരു കൊന്‍സ്ടബിള്‍ നമുക്ക് കയറാനായി ജീപിനു പിന്നിലെ ഡോര്‍ തുറന്നു പിടിച്ചു.. (ഹോ.. എനിക്ക് വയ്യ..)

എസ്സൈ താറാവിന്‍ കൂട്ടത്തെ നിയന്ത്രിക്കും പോലെ ലാത്തി കൊണ്ട് നമ്മെ നിയന്ത്രിച്ചു അകത്തു കയറ്റാന്‍ നോക്കുവാ.
അങ്ങേരു പറയുന്നതിനിടയ്ക്ക് ഒരുത്തന്‍ സീറ്റിലേക്ക് ചാടിക്കയറി. “അളിയാ വാ അളിയാ ഇവിടെ ഇരിക്കാം” എന്ന് പറയുന്നതോടൊപ്പം തന്നെ അവിടെ ഇരുന്ന കൊന്‍സ്ടബിലിനെ ഹൗസിംഗ് കൊണ്ട് ഒരു തള്ളല്‍ കൊടുത്തു. അങ്ങേരു പോയി ഡ്രൈവര്‍ സീറ്റിന്റെ പിന്നില്‍ ഇടിച്ചു നിന്നു (അതെന്തായാലും നന്നായി) ആ പോലീസുകാരന്‍ പാവമാനെന്നു തോന്നുന്നു.. അല്ലെങ്കില്‍ ഇവനെ ചവിട്ടിക്കൂട്ടി അവിടെ ഇട്ടേനെ

ഈ ഈര്‍ക്കില്‍ കയട്ടുന്നതൊക്കെ നല്ല രസമുള്ള കാര്യമായത് കൊണ്ടാവും ഇവന് ഇത്ര ധൈര്യം ഇത്ര കൂള്‍,
പോലീസ്‌ ജീപ്പില്‍ ഓവര്‍ലോടിനു പെറ്റി ഇല്ലാത്തതു നന്നായി, അല്ലെങ്കില്‍ നാല് പേര്‍ക്കിരിക്കാവുന്ന ജീപിന്റെ ബാക്ക ഏരിയയില്‍ ഞങ്ങള്‍ ആറും ഒരു കൊന്‍സ്ടബിലും കൂടി ഏഴു പേരെ അങ്ങേരു കയറ്റില്ലല്ലോ

എന്തായാലും ജീവിതത്തില്‍ ആദ്യ സംഭവമായത് കൊണ്ടാവും ഈ പേടിയൊക്കെ, ഇതിപ്പോ നാട്ടുകാര്‍ മുഴുവനും അറിയും അയ്യേ നാണക്കേട് തന്നെ, അല്ലെങ്കില്‍ തന്നെ നാട്ടില്‍ നല്ല പേരാ (കറാംകുട്ടികള്‍ എന്നാ അവര് ഞങ്ങളെ സ്നേഹത്തോടെ വിളിക്കുന്നെ)

പോലീസ്‌ ജീപ്പിനകത്ത്, ഞങ്ങളെ അപ് ലോഡ്‌ ചെയ്തതും ജീപ്പ് നേരെ സ്റെഷനിലേക്ക് വിട്ടു രാജകീയ യാത്രയില്‍ ചെറിയ ഒരു റിക്വസ്റ്റ് കൊടുക്കനോന്നും പേടി തോന്നിയില്ല…
“സാറേ ഞങ്ങള്‍ ഇനി അവിടെ ഇരിക്കില്ല സാറേ.. ഞങ്ങള്‍ വീട്ടില്‍ പോയ്ക്കോളാം സാറേ.. ഇവിടെ അങ്ങ് ഇറക്കി വിട്ടാല്‍ മതി സാറേ” (അന്നേരം എന്തൊരു ഭയഭക്തി ബഹുമാനതോടെയനെന്നോ ഞങ്ങള്‍ പറഞ്ഞത്‌…)
അതിനെ സ്റ്റോപ്പ്‌ ചെയ്യിച്ചു കൊണ്ട് അങ്ങേരുടെ ‘മിണ്ടാതിരിക്കിനെടാ അവിടെ..” ഓര്‍ഡര്‍ വന്നതോടെ തീര്‍ന്നു…
(ഇതിനിടയില്‍ ഞാന്‍ കുറച്ചു ഫൌള്‍ കളിച്ചെന്നു സഹ പ്രതികള്‍‍..
എല്ലാവനും ഇരിക്കുമ്പോ “സാറേ സാറേ ഞാന്‍ ഇപ്പൊ അവിടെ വന്നിരുന്നതാ സാറേ, ഞാന്‍ ആദ്യമായാ സാറേ അവിടെ ഇരിക്കുന്നത്. എന്നെ ‘മാത്രം’ അങ്ങ് വിട് സാറേ,, ഞാന്‍ അങ്ങ് പോയ്ക്കോളാം സാറേ..
“ച്ചുംമാതെയാ..”.
“ഞാന്‍ അങ്ങനെ ചെയ്യുമോ”
നമ്മള്‍ ആറു പേരുള്ളപ്പോള്‍ എന്നെ ‘മാത്രം’ അങ്ങ് വിടാന്‍ ഞാന്‍ പറയുമോ.
“ഹേയ് ഞാന്‍ അങ്ങനെ പറയില്ല”.
എന്റെ സാര്‍ വിളി സഹിക്കതെയാണ് അങ്ങേരു ‘മിണ്ടാതിരി’ ഓര്‍ഡര്‍ ചെയ്തതെന്ന് ലവന്മാര്‍)

എന്തായാലും ജീപ്പ് നേരെ സ്റേഷന്റെ മുന്നില്‍ ഞങ്ങളെ ടൌണ്‍ലോട് ചെയ്തു സ്റേഷന്റെ ഉള്ളിലേക്ക് ആനയിച്ചു..

അങ്ങനെയതാ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പോലീസ്‌ സ്റെഷനകത്തേക്ക്

“ആ വരീം വരീം… ”
നടയടി പ്രതീക്ഷിച്ച് സ്റേഷന്റെ പടിയിലേക്ക് കാലെടുത്തു വച്ചതും അകത്തു നിന്നും വെല്‍കം കേട്ടതാ..

പൂച്ചയുടെ മുന്നില്‍ പെട്ട എലിയെപ്പോലെ നിക്കുന്ന നമ്മളെ നോക്കി ഒരു കൊമ്പന്‍ മീശക്കാരന്റെ ചോദ്യം “എവിടന്നാ സാറേ ഇവന്മാരെ കിട്ടിയത്‌”

“ഇവന്മാര് രാത്രിയായാല്‍ വീട്ടില്‍ പോകില്ല അവിടെ കുത്തിയിരിപ്പാ പണി. ഇന്ന് ഇവന്മാര്‍ ഇവിടെ ഇരിക്കട്ടെ”

“അളിയോ സെല്ല് കാലിയാ, ഇന്നത്തെ ഉറക്കം ഇതില്‍ തന്നെയാ.”..(കൂട്ട് പ്രതിയുടെ അടക്കം പറച്ചില്‍)

“എപ്പോഴാണാവോ ഈ ഉലക്കയും മുളക് പൊടിയുമൊക്കെ വരുന്നത്” മനസ്സില്‍ പേടികൊണ്ട് കൂടെയുല്ലവന്മാരോട് ചോതിക്കാന്‍ പോലും പറ്റുന്നില്ല

“അവിടെ ഇരുന്ന പോലെ അങ്ങോട്ട്‌ പോയി ആ സോഫയില്‍ ഇരിക്കിനെടാ” എസ്സൈ ഓര്‍ഡര്‍ ചെയ്തു
ദൈവമേ തീര്‍ന്നു അങ്ങേരു ചൂണ്ടിക്കാണിച്ച സ്ഥലത്ത് സോഫ പോയിട്ട് ഒരു സ്ടൂള് പോലും ഇല്ലായിരുന്നു…
അതെ.. അത് തന്നെ അങ്ങേരു പറഞ്ഞത്‌ “സങ്കല്‍പ സോഫാസനം”

“അളിയാ നമുക്ക്‌ ഇറങ്ങി ഓടിയാലോ??” സഹ-പ്രതിയുടെ ഒടുക്കത്തെ ഒരു ബുദ്ധി,
ജീപ്പ് കൊണ്ട് നിര്‍ത്തിയപ്പോ തോന്നാതിരുന്നത് ഇപ്പൊ തോന്നിയിട്ടെന്തു കാര്യം..

ഏതൊക്കെയോ പുതിയ സാറന്മാര് കൂടി ഇപ്പൊ രംഗത്ത് വന്നു. എല്ലാവനും ഇരയെ കിട്ടിയ സന്തോഷത്തിലാ… (എലിക്കു പ്രാണ വേദന പൂച്ചക്ക് വീണ വായന)

“ആ ആ എല്ലാരും ഇരുന്നേ, ഇരുന്നേ” മറ്റൊരു സാറിന്റെ ഓര്‍ഡര്‍.
ഇനി ഈ ഇരിക്കുന്ന ഇരിപ്പില്‍ ആസനതിനു വല്ലതും തോന്നുമോ ആവോ എന്നാല്‍ സ്റേഷന്‍ ആകെ വൃത്തികേടാകും, ഒരു സ്റേഷന്‍ ക്ലീന്‍ ചെയ്യാനുള്ള അവസരം ഉണ്ടാകുമോ ആവൊ..
രണ്ടും കല്പിച് സന്കല്പ സിംഹാസനത്തില്‍ ആറെണ്ണം ഇരുന്നു…
ഭാഗ്യം ഇതുവരെ ആസനതിനു ഒന്നും തോന്നിയില്ല, കാല്‍ മുഴുവനും വേദനിക്കുന്നുണ്ട്
കണ്ടു രസിക്കാന്‍ കുറെ സാറന്മാരും, ദുഷ്ടന്മാര്‍.

എന്തായാലും കൂടുതല്‍ നേരം ഇരിക്കേണ്ടി വന്നില്ല അതിനു മുന്‍പേ തന്നെ നമ്മുടെ കൂടെ ഇരുന്നിട്റ്റ്‌ സ്കൂട്ടയാവന്മാരുടെ കുറെ തലകള്‍ പുറത്തു കണ്ടു..

അവരുടെ പിന്നിലായി വേറെയും തലകള്‍, നമ്മള്‍ സ്റേഷനില്‍ കിടക്കുന്നത് കണ്ടു രസിക്കാന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതവരെക്കൂടി കൊണ്ട് വന്നിരിക്കുന്നു ദുഷ്ടന്മാര്‍.

എന്തായാലും അവരെ കണ്ടതോടെ ഞങ്ങളുടെ ഇരിപ്പിടം നിവര്‍ത്തി ഞങ്ങള്‍ എഴുന്നേറ്റു.
എന്താ ഒരു ആശ്വാസം എഴുന്നേറ്റപ്പോ..

അവര്‍ നേരെ തലമൂത്ത സാറിനെ കണ്ടതോടെ അങ്ങേരുടെ മനസ്സ്‌ അലിഞ്ഞു.
ഇനി വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സമ്മേളനം കൂടരുത്‌ എന്നും കൂടിയാല്‍ ഇനി സെല്ലിന്റെ ഉള്ളില്‍ ശവാസനം നടത്തേണ്ടി വരും എന്നാ ഭീഷണി സൌജന്യമായി തന്നു ഞങ്ങളെ പോകാന്‍ അനുവദിച്ചു,

രക്ഷപ്പെട്ടു..
ആരെടാ പറഞ്ഞത്‌ പോലീസ്‌ സ്റേഷനില്‍ ചെന്നാല്‍ ഇടിക്കും ഉരുട്ടുമെന്നൊക്കെ, ഈ സിനിമ കണ്ടത് കൊണ്ടാണ് ഇങ്ങനെ പേടിച്ചതെന്നു തോന്നുന്നു..
നിര്‍ത്തി.. എല്ലാം നിര്‍ത്തി. പോലീസ്‌ പടങ്ങള്‍ കാണുന്നത് നിര്‍ത്തി എന്നല്ല. പോലീസിനെ കാണുമ്പോ ഓടുന്ന പരിപാടി നിര്‍ത്തി.. ഹല്ലാ പിന്നെ. ഇത്രേയുള്ളൂ പോലീസ്‌ സ്റേഷന്‍.

ഒരു വന്‍ ജനാവലി തന്നെ ഞങ്ങളെ സ്റേഷനില്‍ നിന്നും ഇറക്കാന്‍ ഉണ്ടായിരുന്നുവെന്ന് പുറത്തിറങ്ങിയ ശേഷമാ മനസ്സിലായത്‌.
ഞങ്ങള്‍ പ്രതികളും സ്കൂട്ട് പ്രതികളും പ്രേക്ഷകരുമായി എന്തായാലും ഒരു ജാഥക്കുള്ള ആളുകള്‍ വണ്ടി പിടിച്ചു സമ്മേളന നഗരിയിലെതിയപ്പോ (ഞങ്ങളുടെ സ്വന്തം കടത്തിണ്ണ) അവിടെ അതിലും വലിയ ജനാവലിയാണ് ഞങ്ങളെ വരവേറ്റത്‌.
ഉദ്ദേശം മറ്റൊന്നുമല്ലായിരുന്നു.
എവിടെയൊക്കെ ഒടിവും ചതവും കിട്ടിയെന്നും ഇടികൊണ്ട് ആരെങ്കിലും ആശുപത്രിയില്‍ ആയോ എന്നറിയാനുമായിരുന്നു.

എന്തൊരു സ്നേഹമുള്ള നാട്ടുകാര്‍….

ഈ നര്‍മ്മം കലര്‍ന്ന അനുഭവം ഇവിടെയും വായിക്കാം.

Advertisements