ലോകമൊട്ടുക്കുള്ള സ്മാര്‍ട്ട് ഫോണ്‍ ഗെയ്മര്‍മാരുടെ ഏറ്റവും പുതിയ ഹരമാണ് – ഇന്‍ഗ്രസ്സ്. ഈ കളിയുടെ രീതിയും ഇതിന്റെ പിന്നാമ്പുറത്തുള്ള കളികളെക്കുറിച്ചും രണ്ട് ഭാഗങ്ങളായി എഴുതാനാണ് ഉദ്ദേശിക്കുന്നത്.
മറ്റ് കളികളെ അപേക്ഷിച്ച് ഇന്ഗ്രസ്സിനുള്ള വ്യത്യാസം എന്നത് കല്പിത യാഥാര്‍ത്ഥ്യത്തിലാണ് കളി നടക്കുന്നത്. ഈ ലോകം നമ്മള് കാണുന്ന ഒന്നല്ല. മറിച്ച് ഇവിടെയുള്ള ഓരോ കെട്ടിടങ്ങള്‍ക്കും മറ്റൊരു ഉദ്ദേശ്യമുണ്ട്. ഭൂമിയില്‍ നിന്ന് വിചിത്രമായ ഒരു ദ്രവ്യം ഉത്ഭവിക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തി. എക്സോട്ടിക് മാറ്റര്‍ അഥവാ എക്സ്എം എന്ന ഈ ദ്രവ്യം ഷേപ്പറുകള്‍ എന്ന അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് ലോകം മൊത്തം രണ്ടായിത്തിരിഞ്ഞു. എന്‍ലൈറ്റന്‍ഡ് എന്ന വിഭാഗം എക്സ്എം മാനവിക പുരോഗതിയിലെ നാഴികക്കല്ലാണെന്നും അത് മനുഷ്യനെ മുമ്പോട്ട് നയിക്കുകയും ചെയ്യുമെന്ന് കരുതുന്നു. എന്നാല്‍ റെസിസ്റ്റന്‍സ് എന്ന വിഭാഗം ഷേപ്പറുകളുടെ ഭൂമിയിലേക്കുള്ള വരവ് തടയാന്‍ ശ്രമിക്കുന്നു. എങ്കിലും കളിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ രണ്ടു വിഭാഗത്തിലേയും കളിക്കാര്‍ ചിലപ്പോഴെല്ലാം ഒരുമിക്കുകയും നിക്ഷ്പക്ഷ പ്രദേശങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ഓരോ കളിക്കാരനും തന്റെ മൊബൈലിലെ ആപ്പില്‍, ഒരു മാപ്പ് ദൃശ്യമാകും. അതില്‍ റോഡുകള്‍ മാത്രമാവും മാപ്പിന്റേതായി ഉള്ളത്. കെട്ടിടങ്ങളൊന്നും അടയാളപ്പെടുത്തിക്കാണിക്കാറില്ല. ഇതല്ലാതെ, എക്സൊട്ടിക്ക് മാറ്റര്‍, ലിങ്കുകള്‍, കണ്ട്രോള് ഫീല്‍ഡുകള്‍ മറ്റു കളിക്കാര്‍ ഉപേക്ഷിച്ചുപോയ ഉപായങ്ങള്‍ എന്നിവയും കാണാം. മേല്‍പ്പറഞ്ഞ വസ്തുക്കളുമായി ഇടപെടണമെങ്കില്‍, കളിക്കുന്നയാള്‍ ഭൗതികമായി അതാത് വസ്തുക്കളുടെ അരികില്‍ എത്തണം. കളിക്കാരനെ മൊബൈലില്‍ ഒരു അമ്പ് ആകൃതിയില്‍ കാണിക്കുന്നു. ആ അമ്പിനു ചുറ്റും 40 മീറ്റര്‍ ആരത്തില്‍ കാണുന്ന വൃത്തത്തിനുള്ളിലുള്ള വസ്തുക്കളുമായി കളിക്കാരനു സംവദിക്കാം. നടത്തുന്ന ഓരോ ഇടപെടലിനും (സംവേദനം) AP (ആക്സസ് പോയിന്റ്) കിട്ടും. ഈ ആക്സസ് പോയിന്റുളുടെ അടിസ്ഥാനത്തില്‍ കളിക്കാരന്റെ നിലവാരവും ഉപായങ്ങളുടെ ശക്തിയും വര്‍ദ്ധിക്കുന്നു. 1 മുതല്‍ 16 വരെ ലെവലുകളില്‍ കളിക്കാം. പുതിയ ദൗത്യങ്ങള്‍ കളിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി ഉള്ളതായി നിയാന്റക്ക് ലാബ്സ് അറിയിച്ചിട്ടുണ്ട്.
പോര്‍ട്ടലുകള്‍ ഹാക്ക് ചെയ്യാന്‍ ഭൗതികമായി അതിനടുത്ത് വേണം എന്ന് ഒറ്റവാക്കില്‍ പറഞ്ഞതിനെ ഇത്തിരി വിശദീകരിക്കാം. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന പോര്‍ട്ടലാണ് കിഴക്കേക്കോട്ട. കിഴക്കേക്കോട്ട പോര്‍ട്ടലിനെ ഹാക്ക് ചെയ്യണെമെങ്കില്‍ ആ കോട്ടയുടെ 40 മീറ്റര്‍ അടുത്ത് നമ്മള് ഉണ്ടാവണം. എന്നാലേ ഹാക്കിങ്ങ് നടക്കൂ.
ഹാക്കിങ്ങ് എന്ന പ്രക്രിയ കൊണ്ട്, ആ പോര്‍ട്ടലില്‍ നിന്നും നമുക്ക് ചില വിശിഷ്ട വസ്തുക്കള്‍ ലഭിക്കും. അവയെ പലതായി തിരിക്കാം.
- റെസൊണേറ്ററുകള്‍
- മോഡുകള്‍
- ആയുധങ്ങള്‍ (വെപ്പണ്‍സ്)
- പോര്‍ട്ടല്‍ കീ
- പവര്‍ ക്യൂബുകള്‍
- കാപ്സൂളുകള്‍
ഇവ ലഭിക്കുന്നത് ക്രമമില്ലാതെയായിരിക്കും. എല്ലായ്പ്പോഴും ഒരു പോലെ കിട്ടില്ല. ചിലപ്പോള്‍ ഒന്നോ രണ്ടോ റെസൊണേറ്ററും പള്‍സറും മാത്രം കിട്ടും. ചിലപ്പോള്‍ ചാകരയായിരിക്കും.
കളിക്കാന്‍ ചേരുന്നതിനു മുന്‍പ് ഇന്‍ഗ്രസ്സ് നമ്മളോട് ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിക്കും. ഏത് ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്ന്. എന്‍ലൈറ്റന്‍ഡ് അല്ലെങ്കില്‍ റെസിസ്റ്റന്‍സ് എന്ന് അപ്പോള്‍ നമ്മള് തീരുമാനിക്കണം. പോര്‍ട്ടലുകളില്‍ ആര് റെസൊണേറ്റര്‍ സ്ഥാപിച്ചിരിക്കുന്നോ ആ ചേരിയുടെ പോര്ട്ടലാകും അത്.
പോര്‍ട്ടലുകള്‍ എക്സെം പുറത്ത് വിട്ടുകൊണ്ടിരിക്കും. അവയെ ഫോക്കസ് ചെയ്യുക്കുന്ന ഉപകരണമാണ് റെസൊണേറ്ററുകള്‍. ഉടയന് ഇല്ലാത്ത പോര്‍ട്ടലുകളില്‍ റെസൊണേറ്ററുകള്‍ സ്ഥാപിച്ച് (ഡിപ്ലോയ്) പോര്‍ട്ടലുകള്‍ സ്വന്തമാക്കാം. എതിര് ഭാഗത്തിന്റെ പോര്‍ട്ടലുകളെ എക്സോട്ടിക്ക് മാറ്റര്‍ പള്‍സര്‍ (എക്സ് എം പി)ഉപയോഗിച്ച് അവരുടെ റെസൊണേറ്ററുകളെ തകര്‍ത്ത് പകരം സ്വന്തം റെസൊണേറ്ററുകള്‍ സ്ഥാപിച്ചാലും പോര്‍ട്ടലുകള്‍ സ്വന്തമാക്കാം. കളിക്കാരന്റെ പക്കലുള്ള എക്സെമ്മുകള് ചേര്‍ത്ത് ഒരു സ്ഫുരണം ഉണ്ടാക്കി റെസൊണേറ്ററുകള്‍ തകര്‍ക്കലാണ് രീതി.
പ്രധാനപ്പെട്ട പോര്‍ട്ടലുകളുടെ സംരക്ഷണത്തിനായി മോഡുകള്ഉപയോഗിക്കുന്നു. പോര്‍ട്ടല്‍ ഷീല്‍ഡ്, റ്റിയൂരറ്റ് തുടങ്ങി പല തരം മോഡുകള്‍ ഉണ്ട്. ചില മോഡുകള്‍ പോര്‍ട്ടല്‍ തകരാതെ നോക്കുന്നവയാണെങ്കില് ചിലത് എതിരാളിയെ ആക്രമിക്കുന്നവയാണ്.
ഒരു പോര്‍ട്ടലില്‍ എട്ട് റെസൊണേറ്ററുകള്‍ ഘടിപ്പിക്കാം. എട്ടും ഘടിപ്പിച്ചവയെ Fully Powered up എന്ന് പറയും. ഫുള്ളി പവേര്‍ഡ് ആയ പോര്‍ട്ടലുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ലിങ്കുകള്‍ ഉണ്ടാക്കാം. ലിങ്കുണ്ടാക്കാനുള്ള ചില നിയമങ്ങള്‍ ഉണ്ട്.
ഒരു ലിങ്ക് മറ്റൊരു ലിങ്കിനെ മുറിച്ച് കടക്കാന്‍ കഴിയില്ല. ലിങ്കിന്റെ ഉത്ഭവപോര്ട്ടലിന്റെ അരികില്‍ (റേഞ്ചില്‍) നിന്നാലേ ലിങ്ക് ഉണ്ടാക്കാന്‍ കഴിയൂ. ലിങ്കിന്റെ മറ്റേ അറ്റത്തുള്ള പോര്‍ട്ടലിന്റെ ‘പോര്‍ട്ടല്‍ കീ’ കളിക്കാരന്റെ പക്കല്‍ വേണം.
മൂന്ന് പോര്‍ട്ടലുകള്‍ തമ്മില്‍ ബന്ധിപ്പിച്ചാല്‍ അത് ഒരു കണ്ട്രോള് ഫീല്‍ഡ് ആയി മാറും. കണ്ട്രോള് ഫീല്‍ഡുകളുടെ വ്യാസം മൈന്‍ഡ് യൂണിറ്റുകള്‍ ഉണ്ടാക്കുന്നു. മൈന്‍ഡ് യൂണിറ്റുകളാണ് ഇരു റ്റീമുകളുടെയും സ്കോര്‍.
റെസൊണേറ്ററുകള്‍ ദിനം പ്രതി ശോഷിക്കും. അങ്ങനെ ശോഷിക്കുന്ന റെസൊണേറ്ററുകളെ റീച്ചാര്‍ജ്ജ് ചെയ്ത് പാലിക്കണം. എല്ലാ റെസൊണേറ്ററുകളും ശോഷിച്ചുകഴിഞ്ഞാല് ടീമിനു പോര്‍ട്ടല്‍ നഷ്ടപ്പെടും. കൂടാതെ പ്രസ്തുത പോര്‍ട്ടലില്‍ ഉള്ള ലിങ്കുകളും മുറിയും.
കഴിയുന്നത്ര പോര്‍ട്ടലുകളും ലിങ്കുകളും കണ്ട്രോള് ഫീല്‍ഡുകളും ഉണ്ടാക്കുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം. കൂടാതെ, സമയാസമയങ്ങളില്‍ ‘അനോമലികള്‍’ എന്ന പേരില്‍ ലോകമൊട്ടാകെ മല്‍സരങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. മൂന്നോനാലോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചെക്ക്പോയിന്റുള് അവസാനിക്കുമ്പോഴാണ് മൈന്‍ഡ് യൂണിറ്റുകള്‍ എണ്ണുക. ഓരോ ചെക്ക്പോയിന്റിലും ജയിച്ചു നില്ക്കുന്ന ചേരിയേതെന്ന് അറിയാന്‍ കഴിയും.
ആന്‍ഡ്രോയ്ഡിലും ആപ്പിള്‍ ഐ ഫോണിലും മാത്രമേ ഈ കളി കളിക്കാന്‍ പറ്റൂ. വിന്‍ഡോസ് ഫോണുകള്‍ക്ക് ഈ കളി ലഭ്യമല്ല.
ഇവിടെ ക്ലിക്ക് ചെയ്താല്‍ ആന്‍ഡ്രോയ്ഡില്‍ ഇന്‍ഗ്രസ്സ് ഇന്‍സ്റ്റാള്‍ ചെയ്യാം.
*ഇറ്റാലിക്സില്‍ എഴുതിയ ഭാഗങ്ങള്‍ വിക്കിയില്‍ നിന്നും ചൂണ്ടിയത്.