പ്രകാശ് കാരാട്ട്, കസബിനെയും ഗുരുവിനെയും മേമനെയും മുസ്ലിം അക്കൌണ്ടില്‍ പെടുത്തേണ്ട

186

01

ഫേസ്‌ബുക്ക്‌ ആക്ടിവിസ്റ്റ് ഷഹീന്‍ എംസി എഴുതിയ ലേഖനം

ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വധ ശിക്ഷ മാത്രം നടപ്പാവുന്നു എന്ന സി പി എമ്മിന്റെ പ്രസ്ഥാവന ആ പാര്‍ടിക്കും സമൂഹത്തിനും ദോഷം മാത്രമേ ചെയ്യുകയുള്ളൂ. കസബും അഫ്‌സല്‍ ഗുരുവം യാഖൂബ് മേമനും മുസ്ലിം അക്കൌണ്ടില്‍ വന്നു വീഴുന്നത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. യാഖൂബ് മേമന്റെ ഉസ്താദ് ദാവൂദ് ഇബ്രാഹീമും മുസ്ലിങ്ങളുടെ കണക്കില്‍ തന്നെയാകും ഉണ്ടാവുക. മദ്യവും മദിരാക്ഷിയുമായി അധോലകത്ത് വിലസുന്നവരൊക്കെ മുസ്ലിം കണക്കില്‍ തന്നെ വിലസട്ടെ.

ഇനി പേരുകൊണ്ടും റേഷന്‍ കാര്‍ഡിലെ മാര്‍ക്ക് അനുസരിച്ചും മുസ്ലിം എന്ന കോളത്തിലായവരുടെ കണക്ക് നോക്കിയാല്‍ തന്നെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആകെ തൂക്കിക്കൊന്ന 1442 പേരില്‍ 72 പേര് മാത്രമാണ് മുസ്ലീങ്ങള്‍. പിന്നെ, എങ്ങനെയാണ് മുസ്ലിങ്ങളോട് ഇന്ത്യയില്‍ വധ ശിക്ഷയുടെ കാര്യത്തില്‍ വിവേചനം കാണിക്കുന്നു എന്ന് പറയുന്നത്?

ഹിന്ദുത്വ ഭീകരവാദികളുടെ പല കേസുകളും അന്വേഷണത്തില്‍ തന്നെ അട്ടിമറിക്കപ്പെടുന്നതും പ്രതികള്‍ രക്ഷപ്പെട്ട് പോകുന്നതുമാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. മക്കാ മസ്ജിദ്, മലേഗാവ് സ്‌ഫോടനങ്ങളും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. നമ്മുടെ അന്വേഷണോദ്യോഗസ്ഥ തലത്തിലും ജുഡീഷ്യറിയിലും രൂപം കൊള്ളുന്ന ‘പൊതുബോധം’ രാജ്യ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ളതാണോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കട്ടെ. നീണ്ട 21 വര്‍ഷക്കാലം തടവില്‍ വെച്ച ഒരാളെ അവസാനം തൂക്കികൊല്ലുന്നതിനെ പറ്റിയുള്ള തുറന്ന ചര്‍ച്ചകളും ഉയര്‍ന്നു വരണം.

ആ രീതിയിലുള്ള സംവാദം ഉയര്‍ത്തി കൊണ്ടുവരികയാണ് സി പി എം പോലെയുള്ള പാര്‍ടി ചെയ്യേണ്ടത്. മുസ്ലിങ്ങളെ മാത്രം തൂക്കി കൊല്ലുന്നു എന്ന സി പി എം പ്രസ്താവന ഇന്ത്യയിലെ മുസ്ലിം ചെറുപ്പക്കാര്‍ക്ക് ഇട്ടു തന്ന ഒരു ചൂണ്ടയാണ്. അതില്‍ അബദ്ദത്തില്‍ പോലും കൊത്തിപോകരുത്. ഇന്ത്യന്‍ മുസ്ലിങ്ങളുടെ ഇടയില്‍ അരക്ഷിതാവസ്ഥ ബോധം വളര്‍ത്താന്‍ മാത്രമേ ഇത്തരം പ്രസ്ഥാവനകള്‍ ഉപകരിക്കൂ. നന്ദിഗ്രാമിലും നാദാപുരത്തും സി പി എം കാണിച്ച മുസ്ലിം സ്‌നേഹം എല്ലാവരും കണ്ടതാണ്.