പ്രണയിക്കാത്തവരുണ്ടാകുമോ ..? ഈ ചോദ്യം തന്നെ ബാലിശമാണ്. ഞാനെപ്പോഴും കാല്‍പനിക പ്രണയത്തിന്റെ ലോകത്താണ്. ഇന്നലെ വീണ്ടും ഖലീല്‍ ജിബ്രാനെ വായനക്കെടുത്തു. “Broken Wings “. തീവ്ര പ്രണയത്തിന്റെ ഓരോ വരികള്‍ വായിക്കുമ്പോഴും എന്റെ മനസ്സില്‍ സെഡാര്‍ മരങ്ങള്‍ തെളിഞ്ഞു വന്നു. ലബനോണിന്റെ മണ്ണിന്റെ ഐശ്വര്യമായി വളരുന്ന ഈ ഭംഗിയുള്ള മരങ്ങള്‍ കാണണം എന്നത് എന്റെ ഭ്രാന്തമായൊരു അഭിനിവേശമാണ്. സല്‍മ കറാമി എന്ന തന്‍റെ പ്രണയിനിയോടൊന്നിച്ചുള്ള നിമിഷങ്ങള്‍ക്ക് തണലൊരുക്കി ഒരു സെഡാര്‍ മരം ഉണ്ടായിരിക്കണം ജിബ്രാന്റെ ജീവിതത്തിലും.

ആ മരങ്ങളെ തൊട്ടും തലോടിയും ആയിരിക്കണം അദ്ദേഹം പ്രണയത്തിന്റെ മാന്ത്രിക ഭാവം വരച്ചിട്ട് വായനക്കാരെ വിസ്മയിപ്പിച്ചത്. “എല്ലാ യുവാക്കളുടെ ജീവിതത്തിലും ഒരു “സല്‍മ” യുണ്ട് ജീവിത വസന്തത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട്‌ അവന്‍റെ ഏകാന്തതയെ ആഹ്ലാദ നിമിഷങ്ങളാക്കി മാറ്റുന്ന , നിശ്ശബ്ദ രാത്രികളെ സംഗീതത്താല്‍ നിറക്കുന്ന ഒരുവള്‍”, എന്ന് ജിബ്രാന്‍ പറഞ്ഞത് പോലെ , അദ്ദേഹം സൃഷ്‌ടിച്ച പ്രണയ ലോകത്തെ കടമെടുത്ത് എന്റെ മനസ്സിലും തീര്‍ക്കണം മറ്റൊരു പ്രണയലോകം.

പക്ഷെ പൈന്‍മരക്കാടുകള്‍ക്കരികില്‍ സൈപ്രസ് മരങ്ങള്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ജിബ്രാന്റെ സല്‍മ ഉറങ്ങുന്നത്. അതൊരു സെഡാര്‍ മരങ്ങള്‍ നിറഞ്ഞ ഭൂമിയിലാകാത്തത് എത്ര നന്നായി. അല്ലെങ്കില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സെഡാര്‍ മരങ്ങള്‍ക്ക് മറ്റൊരു മുഖമായേനെ. ദുഃഖത്തിന്റെയോ വിരഹത്തിന്റെയോ അടയാളം പോലെ. പക്ഷെ നിരവധി നോവലുകളിലും മറ്റും വായിച്ചറിഞ്ഞ് ഞാന്‍ കാണാന്‍ കൊതിക്കുന്ന പൈന്‍ മരങ്ങളും സൈപ്രസ് മരങ്ങളും കാണുമ്പോള്‍ എന്‍റെ മനസ്സില്‍ കടന്ന് വരുന്നത് ജിബ്രാനും സല്‍മയും അവരുടെ നഷ്ടപ്രണയവും ആയിരിക്കും.

ലബനോണിന്റെ പതാകയിലെ ചിഹ്നത്തിനുമപ്പുറം മറ്റൊരു ചരിത്രത്തിലും സെഡാര്‍ എന്ന പേര് കയറിപ്പറ്റി. പ്രധാനമന്ത്രി രഫിഖ് ഹരീരിയുടെ കൊലപാതകവും അതോടൊപ്പം സിറിയന്‍ അധിനിവേശവും നിര്‍ത്താന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ “സെഡാര്‍ റവല്യൂഷന്‍ “എന്ന പേരില്‍ ചരിത്രത്തില്‍ കുടിയേറി. പക്ഷെ എന്റെ മനസ്സില്‍ ഖലീല്‍ ജിബ്രാനും പിന്നെ പ്രണയവും പൂക്കുന്ന ലബനോന്‍ താഴ്വരകളുടെ രൂപവുമാണ് സെഡാര്‍ മരങ്ങള്‍ക്ക്.

യൂക്കാലിപ്സ് മരങ്ങളുടെ മണത്തെ ഞാനേറെ ഇഷ്ടപ്പെട്ടുപ്പോയി. ഊട്ടിയാത്രകളിലെ കാട്ടുവഴികളില്‍ തൊലിയുരിഞ്ഞ് നില്‍ക്കുന്ന യൂക്കാലിപ്സ് മരങ്ങള്‍ക്കിടയിലൂടെ ഔഷദക്കാറ്റും കൊണ്ട് സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതിയുണ്ട്. ഇതുവഴിപോകുമ്പോള്‍ വാഹനം നിര്‍ത്തി കുറെ സമയം ചിലവഴിക്കാറുണ്ട് ഞങ്ങള്‍. യൂക്കാലിപ്സ് മരങ്ങളെ കടന്ന് കടന്ന് കുറെ മുന്നോട്ട് പോകും തോറും അന്തരീക്ഷം കൂടുതല്‍ ഇരുളും. കൂടേ അകത്തെ ഭയവും. പലപ്പോഴും തോന്നാറുണ്ട് വന്യമായ കാടിന്റെ ഉള്ളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നാലോ എന്ന്. ഒരു തരം ഭ്രാന്തമായ അഭിനിവേശം. സത്യത്തില്‍ ഈ വഴി വരുന്നത് തന്നെ ഈ മരങ്ങളുടെ ഭംഗിയും ഈ സുഗന്ധവും എല്ലാം കൂടി ചേര്‍ന്ന അന്തരീക്ഷം ആസ്വദിക്കാനാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

മിത്തുകള്‍ ഏറെ സ്വാധീനിച്ച ഒരു സംസ്കാരമാണ് നമ്മുടേത്‌. നിത്യ ജീവിതത്തില്‍ അതൊരു സ്വാധീനമായോ ദുസ്വാധീനമായോ നിറഞ്ഞു നില്‍ക്കുന്നു നമ്മളറിയാതെ തന്നെ. വയനാട് വഴി പോകുന്നവര്‍ ഈ ആല്‍മരവും ഇതിനു പിന്നിലെ ഐതിഹ്യവും ശ്രദ്ധിക്കാതെ പോകില്ല. ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിക്കുകയും അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത ആദിവാസിയുടെ ആത്മാവ് ഈ മരത്തിലാണ് തളച്ചിടപ്പെട്ടത് എന്നാണ് ഐതിഹ്യം. വഴികാണിച്ചു കൊടുത്തു എന്നതും കൊല്ലപ്പെട്ടു എന്നതും വിശ്വാസയോഗ്യമാണെങ്കില്‍ പോലും ഉപദ്രവകാരിയായി മാറിയ ആ ആത്മാവിനെ ഇവിടെ തളക്കപ്പെടുകയും, അതിനു ശേഷമാണ് ഇത് വഴിയുള്ള യാത്രകളിലെ അനിഷ്ടങ്ങള്‍ സാധ്യമായത് എന്ന് പറയുന്നതിലെ ശരിയേയും തെറ്റിനേയും ഞാനിപ്പോള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഈ മരവും ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥയും നമ്മള്‍ ഇഷ്ടപ്പെടും. ആ ആദിവാസിയെ ഓര്‍ത്തു വേദനിച്ചെന്നും വരും. ഇതുവഴി പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്നും ഒരേ താല്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട് ഈ ആല്‍മരം.

ഒറ്റപ്പെട്ട മരുഭൂമിയില്‍ നിറഞ്ഞ പച്ചപ്പോടെ ഒരു മരം. മറ്റൊരു ആകര്‍ഷണവും ഇതിനില്ല. എന്നിട്ടും എന്തുകൊണ്ടാവും ഇത്രധികം സന്ദര്‍ശകര്‍ ഇവിടെ എത്തിപ്പെടുന്നത്..? “ട്രീ ഓഫ് ലൈഫ് ” എന്ന ഓമനപ്പേരില്‍ നാല് നൂറ്റാണ്ടിന്റെ നിറവുമായി ഇന്നും പച്ചപ്പോടെ ഇതുണ്ട്, ബഹ്‌റൈന്‍ എന്ന കൊച്ചു ദ്വീപിന്റെ വലിയൊരു ആകര്‍ഷണമായി. സാധാരണ മരുച്ചെടികളില്‍ നിന്നും വ്യത്യസ്തമായി എന്ത് പ്രതിഭാസമാണ് ഇതിന്റെ നിലനില്‍പ്പിന്റെ രഹസ്യം..? പല ദീപുകളായി ഭിന്നിച്ചു നിന്ന ഒരു സംസ്കാരത്തെ ഒന്നാക്കുകയും ഇന്ന് കാണുന്ന ബഹ്റൈന്റെ മാറിയ മുഖത്തിന്‌ പിന്നിലെ ചാലക ശക്തിയായി നിലകൊള്ളുകയും ചെയ്ത രാജാക്കന്മാരുടെ സമര്‍പ്പണത്തിന്റെ അടയാളമോ..അതോ അവരോടു ചേര്‍ന്ന് നിന്ന് രാജ്യ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ച പ്രജകളുടെ വിയര്‍പ്പോ..? എന്തായിരിക്കും ഇതിന്‌ ജീവജലമായി കാണുക…? ഏതായാലും ഇന്നും തുടരുന്ന, ഞാനടക്കമുള്ള പ്രവാസികളുടെ വിയര്‍പ്പും ഈ അത്ഭുത വൃക്ഷത്തിന്റെ അതിജീവനത്തിന് വളമായി എന്ന് പറയാന്‍ മടിക്കേണ്ടതില്ല. അങ്ങിനെ പറയാതെ പോയാല്‍ പ്രവാസി എന്ന വിളിപ്പേരില്‍ നിരവധി ദേശങ്ങളില്‍ നിന്നും വന്ന് ഇവിടെ വിയര്‍പ്പൊഴുക്കുന്നവരോട് ചെയ്യുന്ന അനീതിയാകും.

ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാര്‍ കലക്ടര്‍ ആയിരുന്നു കനോലി സായിപ്പിനോട് ഏതെങ്കിലും രീതിയില്‍ ഒരിഷ്ടം തോന്നുന്നുവെങ്കില്‍ അത് നിലമ്പൂര്‍ കാടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേക്കുകള്‍ കാണുമ്പോഴാവാണം. ലോകത്തെ തന്നെ ആദ്യത്തെ തേക്ക് കൃഷി എന്ന് പറയുന്നത് ഇവിടെ തുടങ്ങിയതാണ്‌. നിരയൊത്ത് വളര്‍ന്നു നില്‍ക്കുന്ന തേക്ക് മരങ്ങള്‍ കാണുന്നത് നല്ല ഭംഗിയാണ്. കൃത്രിമ വനങ്ങള്‍ എങ്കിലും കോടികള്‍ വിളയുന്ന ഇവിടം കാണേണ്ടത് തന്നെ. നെടുങ്കയം ഭാഗത്ത്‌ പലതവണ പോയിട്ടുണ്ട്. കാടിനോട് ചേര്‍ന്നു നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന പ്രകൃതിയും മരങ്ങളും ഒരു അനിയന്ത്രിതമായ ആവേശത്തോടെ നമ്മളെ ഉള്ളിലേക്ക് നയിക്കും. അപകടത്തെ കുറിച്ചുള്ള ഒരു ഉള്‍വിളി ഉണ്ടാകുന്നത് വരെ.

ഓര്‍മ്മകളുടെ മാമ്പഴക്കാലം എന്ന് ഒരു മരത്തെ വിളിക്കാന്‍ പറഞ്ഞാല്‍ ഞാനീ മാവിനെ എന്നിലേക്ക്‌ ചേര്‍ത്തു നിര്‍ത്തും. കാരണം ഇതിന്റെ ചില്ലകള്‍ ആഥിത്യമൊരുക്കാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. സച്ചിന്റെ സെഞ്ച്വറികളും പുതിയ സിനിമകളും വായിച്ച പുസ്തകങ്ങളും തുടങ്ങി ഇവിടെ ഞങ്ങള്‍ പറഞ്ഞു തീര്‍ക്കാത്ത വിശേഷങ്ങള്‍ ഇല്ല. അതിന്‍റെ ചില്ലകളില്‍ എവിടെയെങ്കിലും കാണും മാങ്ങകള്‍ പൂണ്ട്‌ കഴിക്കാന്‍ പണ്ട് ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ ചെറിയ കത്തി. തുരുമ്പെടുക്കാത്ത ഓര്‍മ്മകളുടെ പ്രതീകമായി. ഇതിന്റെ ഇലകളുടെ മറവു പിടിച്ചാണ് ഞാന്‍ ആദ്യത്തെയും അവസാനത്തെയും പ്രണയ കത്ത് എഴുതിയത്. പ്രണയിനിക്കെത്താതെ എന്റെ ബാല്യ ചാപല്ല്യതിന്റെ തമാശയായ ആ കത്ത് താഴെ ഒഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍ . എന്റെ അക്ഷരങ്ങളുടെ ചിതാഭസ്മം ആ തോടോഴുക്കി ഇരുവഴിഞ്ഞി പുഴയില്‍ ചേര്‍ത്തു കാണും. അത് വായിച്ച്‌ ഇരുവഴിഞ്ഞി പുഴപ്പോലും നാണിക്കുകയോ ആര്‍ത്തു ചിരിക്കുകയോ ചെയ്തു കാണണം. പിന്നെ ഇതിന്‍റെ തീരത്തിരിക്കുമ്പോഴെല്ലാം പൊങ്ങി വരുന്ന കുഞ്ഞോളങ്ങള്‍ എന്നെ പരിഹസിക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. കാലം ആ തമാശയെയും ഒഴുക്കിക്കളഞ്ഞു.

പലതവണ പറഞ്ഞതെങ്കിലും ഈ മരത്തെ പറ്റി ഒരിക്കല്‍ കൂടേ ഞാനൊന്ന് പറഞ്ഞോട്ടെ. മരങ്ങളെ കുറിച്ച് പറയുമ്പോള്‍ എനിക്കിഷ്ടപ്പെട്ട ആ ആല്‍മരത്തെ ഒഴിവാക്കാന്‍ പറ്റില്ല. ഒരു ഗ്രാമത്തിന്റെ വിശ്വാസത്തിന്റെ , പ്രതീക്ഷയുടെ, നന്മയുടെ അടയാളമായി ഈ ആല്‍മരവും അതിനു താഴെയുള്ള പ്രതിഷ്ടയും ഉണ്ട്. അനേകം യാത്രകളില്‍ ഞങ്ങള്‍ പലപ്പോഴും വിശ്രമിച്ചിട്ടുണ്ട് ഇതിന്റെ തണലില്‍. നോക്കിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്..? മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.

സമാധാനത്തെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സില്‍ ഓടിയെത്തുക ഒരു ഒലീവ് മരമല്ലേ…? ഇന്ന് കിട്ടുന്ന ഒലീവ് എണ്ണകളും അതിന്റെ സ്വാദിഷ്ടമായ ഫലവും അല്ല എന്നെ ഒരു ഒലീവ് മരം കാണാന്‍ പ്രേരിപ്പിക്കുന്നത്. പകരം അതിന് അവകാശപ്പെടാനുള്ള മറ്റു പ്രത്യേകതകള്‍ കൊണ്ടാണ്. അതാണെങ്കില്‍ പറയാന്‍ ഒരുപാടുണ്ടുതാനും.
ഗ്രീസിന്റെ, പഴയ രാജഭരണത്തിന്റെ , ഒളിംപിക്സിന്റെ ചരിത്രങ്ങളിലെല്ലാം ഒലീവ് ഇലകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ആ ചരിത്രവും പാരമ്പര്യവും തന്നെയാവണം ഒരു ഒലീവ് മരം കണ്ട് , അതിന്റെ ഇലകള്‍ ചേര്‍ത്തൊരു കിരീടം തലയില്‍ വെക്കാന്‍ എന്നെ കൊതിപ്പിക്കുന്നത്. ഓരോ ഒലീവ് മരങ്ങള്‍ കാണുമ്പോഴും ഒരായിരം പ്രാര്‍ത്ഥനകള്‍ നിറയും എന്നില്‍. ഫലസ്തീന് വേണ്ടി, മത സൗഹാര്‍ദ്ധത്തിന് വേണ്ടി, എന്‍റെ ഭാരതത്തിന് വേണ്ടി .

പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്…!

The trees are God’s great alphabet:
With them He writes in shining green
Across the world His thoughts serene.
~Leonora Speyer

(ചിത്രങ്ങള്‍ – ഗൂഗിള്‍)

Advertisements