പ്രതിഫലം (കഥ)

കരഞ്ഞുകൊണ്ടാണ് അയാളും പിറന്നു വീണത്.
ലോകത്തിലെ ഏറ്റവും നിഷ്‌കളങ്കമായ മനസ്സോടെ..
അമ്മ അവനു അമ്മിഞ്ഞ നല്‍കി..
കണ്ണുനീര് പയ്യെ പുഞ്ചിരിയുടെ മഴവില്ലിനു വഴിമാറി..
സ്‌നേഹസമ്പന്നയായ അമ്മ അയാളെ പൊന്നുപോലെ വളര്‍ത്തി…
അച്ഛന്റെ ചൂരല്‍ കഷായത്തിന്റെ കയ്പ്പ് അമ്മയുടെ തലോടലില്‍ തേന്‍ പോലെ മധുരിച്ചു..
ഉവ്വാവു വന്നപ്പോള്‍ മരുന്ന് തന്നു ..ഉറക്കമിളച്ചു കൂട്ടിരുന്നു..
അവന്റെ നെറ്റിയില്‍ നനച്ച തുണിയുടെ തണുപ്പ് പകര്‍ന്നു ..
അമ്പലത്തില്‍ അവന്റെ ഐശ്വര്യത്തിനായി മനമുരുകി പ്രാര്‍ഥിച്ചു ..
കാലത്തിന്റെ കുത്തൊഴുക്കില്‍ അയാളിലെ കുട്ടി എവിടെയോ പോയി മറഞ്ഞു..
അമ്മയുടെ തലോടല്‍ അവനു അസുഖകരമായി തോന്നി ..ചുളിവുകള്‍ വീണ അമ്മയുടെ ദേഹം അവനു അസ്വസ്ഥത ഉളവാക്കി..

സഹപ്രവര്‍ത്തകരായ പൊങ്ങച്ചക്കാരുടെയും അവരുടെ ഭാര്യമാരുടെയും മുന്നില്‍ അമ്മ പ്രസെന്റ്‌റബില്‍ അല്ലാണ്ടായതായി അവനു തോന്നി..
ഒടുവില്‍ സഹികെട്ട് അമ്മയെ ഓള്‍ഡ് ഏജ് ഹോമില്‍ കൊണ്ടാക്കാന്‍ ഉള്ളിലെ ചെകുത്താന്റെ ഉപദേശം..
അവരെ തെരുവ് നായ കണക്കെ കൊണ്ട് ചെന്ന് തള്ളാന്‍ അവനു തെല്ലും ആലോചിക്കേണ്ടി വന്നില്ല ..
കാരണം അവനിലെ കൊച്ചു കുട്ടി പണ്ടേ മരിച്ചു പോയിരുന്നു..

വൃദ്ധസദനത്തിലെത്തിയപ്പോളും അമ്മ അവനോട് ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല ..
ധ്യാനത്തിലെന്നവണ്ണം അവര്‍ നിശബ്ദയായിരുന്നു..
അവര്‍ ആകെ തളര്‍ന്നിരുന്നു..കണ്ണില്‍ നിന്നുതിര്‍ന്ന ജലകണങ്ങള്‍ അവരെ കൂടുതല്‍ തളര്‍ത്തി..
രെജിസ്‌ട്രേഷന്‍ ഡസ്‌ക്കിലെ പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് അയാള്‍ അലസമായി എന്തൊക്കെയോ പറയുന്ന്‌നത് അവര്‍ ശ്രദ്ധിച്ചു..

‘ഇത് സാറിന്റെ അമ്മ തന്നെയല്ലേ?..’
‘ഹാ അതെ..’അയാള്‍ക്ക് ചോദ്യം തെല്ലും ഇഷ്ട്ടപ്പെട്ടില്ല ..’
അമ്മയുടെ പേര് ,വയസ്സ് ,കഴിയ്ക്കുന്ന മരുന്നുകള്‍…..അങ്ങനെ എല്ലാ വിവരങ്ങളും നല്‍കി..
‘താങ്കള്‍ മാസാമാസം തുക അടയ്ക്കുവാനാണോ അതോ മൊത്തം തുകയും ഒന്നിച്ചടയ്ക്കുകയാണോ ആഗ്രഹിക്കുന്നത്..?’
‘ഒന്നിച്ചു അടയ്ക്കാം ..ഇനി ഇങ്ങോട്ടെയ്‌ക്കൊരു വരവ് വേണ്ടാ.. ഫോര്‍മാലിറ്റികള്‍ എല്ലാം ഇപ്പോള്‍ തന്നെ തീര്‍ത്തേക്കാം.. ‘അയാള്‍ നിര്‍വികാരനായി പറഞ്ഞു..

പണം എണ്ണി കൊടുക്കൊമ്പോള്‍ അമ്മ ഒന്നുമാത്രം പറഞ്ഞു … ‘ഞാന്‍ നിന്റെ അമ്മയാണ്..അങ്ങനെ കരുതാന്‍ വയ്യെങ്കില്‍ വീട്ടിലെ നായയായി കരുതിയെങ്കിലും എന്നെ തിരിച്ചു കൊണ്ടുപോയിക്കൂടെ? ‘
അവരുടെ ശബ്ദം ഇടറിയിരുന്നു ..
അയാള്‍ അതിനു മറുപടി നല്‍കിയില്ല..

ഒന്നുകൂടി അപേക്ഷിക്കാന്‍ അവരുടെ ശബ്ദം പുറത്തു വന്നില്ല ..
അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങി ..
ചെയ്ത പ്രവര്‍ത്തിയില്‍ അയാള്‍ക്ക് ലവലേശം കുറ്റബോധം തോന്നിയില്ല..
ആ കണ്ണുകളില്‍ ആ പഴയ കൊച്ചുകുട്ടിയുടെ ലാഞ്ചന പോലും ഉണ്ടായില്ല..
പ്രായം ചെന്ന തള്ളയെ കൂട്ടത്തില്‍ നിന്നും ആട്ടിപ്പായിച്ച വന്യമൃഗത്തെപ്പോലെ അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.. അവിടത്തെ പ്രാര്‍ഥനാമുറിയിലെ മണ്‍പ്രതിമകളുടെ മുഖം പതിവില്‍കൂടുതല്‍ വാടിയിരുന്നു..

പിന്നിലെ മുറികളില്‍ നിന്നും രോദനങ്ങളും വിങ്ങലുകളും അമ്മ കേട്ടു..
അവ, തന്റെ മനസ്സ് തന്നോട് പറയുന്ന വാക്കുകള്‍ ആണെന്ന് അമ്മയ്ക്ക് തോന്നി..
ഗെയിറ്റിലെ കാവല്‍ പട്ടി ഒന്നുറക്കെ കുരച്ചപ്പോള്‍ ആ രോദനങ്ങള്‍ നേര്‍ത്ത ഞരക്കങ്ങളായി…, പിന്നെയത് നിശബ്ദതയായി മാറി..
കൊടുത്ത പണം ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു രെജിസ്‌ട്രേഷന്‍ ഡസ്‌ക്കിലെ പെണ്‍കുട്ടി..
ആ അമ്മ ആ നോട്ടുകളിലേക്കു നോക്കി നിന്നു..
‘പത്തു മാസത്തിന്റെ ചുമട്ടുകൂലി..എന്റെ മകന്‍ എനിക്ക് തരുന്ന പ്രതിഫലം..അതോ ഭിക്ഷയോ?..’
പിന്നീട് , വൃദ്ധസദനത്തിലെ മറ്റു അന്തെവാസികള്‍ക്കൊപ്പം അലിഞ്ഞു ചേരുമ്പോളും ആ അമ്മ തന്നെത്താന്‍ പറയുന്നുണ്ടായിരുന്നു..
‘ഞാന്‍ എന്റെ പ്രതിഫലം പറ്റിയിരിക്കുന്നു..’
ആ വാക്കുകള്‍ ചുവരുകളില്‍ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.. ..
അവിടത്തെ മറ്റു പല അമ്മമാരും അത് ഏറ്റു പറയുന്നുണ്ടായിരുന്നു..
പയ്യെപ്പയ്യെ ആ ശബ്ദങ്ങള്‍, അവിടത്തെ കാവല്‍ പട്ടിയുടെ ശൌര്യമേറിയ കുരയുടെ ഒച്ചയ്ക്കു പിന്നില്‍ നേര്‍ത്ത ഞരക്കങ്ങള്‍ മാത്രമായി മാറിക്കൊണ്ടിരുന്നു..
പിന്നെ അത് നിശബ്ദതയായി തീര്‍ന്നുകൊണ്ടിരുന്നു….

Comments are closed.