പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം (ഡോ.മനോജ്‌ വെള്ളനാട്)

981

Polio-vaccination-in-Mumb-008

നമുക്കുണ്ടാകുന്ന അസുഖങ്ങളെയെല്ലാം പൊതുവേ സാംക്രമികരോഗങ്ങളെന്നും പകരാത്തരോഗങ്ങളെന്നും രണ്ടായി തിരിക്കാം. സാംക്രമിക രോഗങ്ങള്‍ ഉണ്ടാക്കുന്നത് രോഗാണുക്കള്‍ ആണ്. അത് ബാക്റ്റീരിയയോ വൈറസോ ഫംഗസോ ചിലയിനം വിരകളോ ആകാം. ഇതില്‍ ഏറ്റവുമധികം രോഗങ്ങള്‍ ഉണ്ടാക്കുന്നത് വൈറസ്‌ ആണ്. ഈ രോഗാണുക്കളെല്ലാം നമ്മുടെ അന്തരീക്ഷത്തിലും മണ്ണിലും അഴുക്കുകളിലും എന്തിന് പലതും നമ്മുടെ ശരീരത്തില്‍ തന്നെ എപ്പോഴും ഉള്ളതുമാണ്. നിരന്തരം നമ്മള്‍ അവയോടു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥ നിരന്തരയുദ്ധത്തിലൂടെയാണ് ഇവയില്‍നിന്നും നമ്മെയൊക്കെ രക്ഷിച്ചുപിടിക്കുന്നത്. ആ പ്രതിരോധകവചത്തിന് ഏതെങ്കിലും വിധത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമുക്കീവക രോഗങ്ങള്‍ വരുന്നു.

ജലദോഷം, ഫ്ലൂ, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ഹെപ്പറ്റൈറ്റിസ്, പോളിയോ, ചിക്കന്‍പോക്സ് തുടങ്ങി എയിഡ്സ് വരെയുള്ള എണ്ണമില്ലാത്തത്രയും രോഗങ്ങള്‍ വൈറസ്‌ മൂലം ഉണ്ടാകുന്നു. എലിപ്പനി, ക്ഷയം, ടൈഫോയിഡ്, ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ചുമ തുടങ്ങിയവയെല്ലാം ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളാണ്. ഇവയെല്ലാംതന്നെ വിവിധരീതിയില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നവയാണ്.

ജലദോഷം വന്നാല്‍ ‘മരുന്ന് കഴിച്ചാല്‍ ഒരാഴ്ചകൊണ്ടും ഇല്ലെങ്കില്‍ ഏഴുദിവസം കൊണ്ടും മാറു’മെന്നൊരു ചൊല്ല് പണ്ടേ ഉണ്ട്. എന്നുവച്ചാല്‍ ജലദോഷം ഉണ്ടാക്കുന്ന വൈറസിനെതിരെ ആരോഗ്യമുള്ള ശരീരം ഒരാഴ്ചകൊണ്ട് യുദ്ധം ജയിക്കുമെന്ന്. മരുന്നിന്‍റെ ആവശ്യമില്ലായെന്ന്. പക്ഷെ എല്ലാ വൈറസുകള്‍ക്കെതിരെയും ശരീരത്തിന് ഇതുപോലെപ്രതിരോധിക്കാന്‍ കഴിയില്ല. മാത്രമല്ല വൈറസുകള്‍ നിരന്തരം ജനിതകമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടും ഇരിക്കുന്നു. അതുകൊണ്ടുതന്നെ പല വൈറല്‍ രോഗങ്ങള്‍ക്കെതിരെയും പൂര്‍ണ്ണസൗഖ്യം തരുന്ന മരുന്നുപോലും കണ്ടുപിടിക്കാന്‍ കഴിയാറില്ല. വൈറല്‍ രോഗങ്ങളെപ്പോലെ ശരീരത്തിലെ പ്രതിരോധസംവിധാനത്തിന്‍റെ യുദ്ധമുറകള്‍ക്കുമുന്നില്‍ തോല്‍ക്കുന്നവരല്ല, പല ബാക്റ്റീരിയല്‍ രോഗങ്ങളും. അവവന്നുകഴിഞ്ഞാല്‍ മിക്കപ്പോഴും ആന്റിബയോട്ടിക്സ് ആവശ്യമായി വരും. ആദ്യമേ കണ്ടെത്തി ചികിത്സതുടങ്ങിയാല്‍ മിക്കവാറും ബാക്റ്റീരിയല്‍ രോഗങ്ങളിലും മറ്റൊന്നും പേടിക്കാനില്ലാ.

ഈ പറഞ്ഞതെല്ലാം ഒരു സാധാരണ ആരോഗ്യവാനായ ആളിനെ സംബന്ധിച്ചാണ്. എന്നാല്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് ഈ പറയുന്ന രോഗപ്രതിരോധശേഷിയുടെ നാലിലൊന്നേയുള്ളൂ. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈവക രോഗങ്ങള്‍ വരാനുള്ള സാധ്യതയും നാലുമടങ്ങാണ്. മാത്രമല്ലാ, ഡിഫ്തീരിയ, വില്ലന്‍ ചുമ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കുട്ടികളെ കൂടുതലായി ബാധിക്കുന്നവയുമാണ്. ഇതിന്‍റെയൊക്കെ യഥാര്‍ഥ പ്രശ്നം എന്താണെന്ന് വച്ചാല്‍, വന്നുകഴിഞ്ഞാല്‍ ചികിത്സിക്കാന്‍ പ്രയാസവും വേഗത്തില്‍ പകരുന്നതുമായ രോഗങ്ങളാണ് ഈ ഡിഫ്തീരിയയും വില്ലന്‍ചുമയും പോളിയോയും ക്ഷയവുമൊക്കെ. പോളിയോയൊക്കെ വന്നാല്‍ ചികിത്സയെ ഇല്ല. രോഗം വരാതിരിക്കുക എന്നത് മാത്രമാണ് പലപ്പോഴും പ്രതിവിധി. അതിന് അത്രയും ശക്തമായ ഒരു പ്രതിരോധകവചം അത്യാവശ്യം. അവിടെയാണ് പ്രതിരോധകുത്തിവയ്പ്പുകളുടെ പ്രസക്തി.

പ്രതിരോധകുത്തിവയ്പ്പുകളിലും തുള്ളിമരുന്നുകളിലും രോഗാണുക്കളുടെ കോശത്തിന്‍റെ ഏതെങ്കിലും ഒന്നോ രണ്ടോ ഭാഗംമാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നതുകൊണ്ട് രോഗം വരില്ല. ആ കോശഭാഗത്തിനെതിരെ ശരീരം ആന്റിബോഡികള്‍ (യുദ്ധത്തിനുള്ള ആയുധം) നിര്‍മ്മിച്ച്‌ സൂക്ഷിക്കും. എപ്പോഴെങ്കിലും  ഈ രോഗാണു ശരീരത്തില്‍ കടന്നാല്‍ കൂടുതല്‍ വീറോടെ ശരീരമതിനെ തുരത്തിയോടിക്കും. പോളിയോ, ഡിഫ്തീരിയ, വില്ലന്‍ ചുമ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളെ പൂര്‍ണ്ണമായും തടയാന്‍ ഈ വാക്സിനുകള്‍ക്ക് കഴിയും. പൂര്‍ണ്ണമായ പ്രതിരോധശേഷിക്ക് രണ്ടോ മൂന്നോ ഡോസ് വാക്സിന്‍ വേണ്ടിവരുമെന്ന് (ബൂസ്റ്റര്‍) മാത്രം. അതേസമയം ക്ഷയത്തിനെതിരെയുള്ള വാക്സിന്‍റെ (ബി.സി.ജി.) പ്രധാന ഉപയോഗം രോഗം കൊണ്ടുണ്ടാകാവുന്ന ചില സങ്കീര്‍ണ്ണമായ അവസ്ഥകളെ- തലച്ചോറിനെ ബാധിക്കുന്ന ക്ഷയം, മിലിയറി ടിബി തുടങ്ങിയവ- തടയാനാണ്.
പ്രതിരോധവാക്സിനുകള്‍ക്കെതിരെ തെറ്റിദ്ധാരണപരത്തുന്ന ഒരുപാട് വാര്‍ത്തകള്‍, ചില നിക്ഷിപ്തതാല്പര്യക്കാരുടെ  ഇടയില്‍ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉണ്ടാകുന്നുണ്ട്. അതിന്‍റെയെല്ലാം പരിണിതഫലമാണ് നിയന്ത്രണവിധേയമായിരുന്ന ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ വീണ്ടും പടര്‍ന്നുതുടങ്ങിയത്. വിലപ്പെട്ട ജീവനുകളാണ് അതിലൂടെ നഷ്ടപ്പെട്ടത്. അവരുടെ ചില വാദങ്ങളും അവയ്ക്കുള്ള മറുപടിയുമാണ്‌ താഴെ.

“വാക്സിന്‍ എടുക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. വാക്സിനെടുത്താലും അസുഖം വരുന്നുണ്ട്”

തെറ്റാണ്. ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്ന മാരകമായ പല രോഗങ്ങളും ഇന്നില്ല. വസൂരി, ഡ്രാകണ്‍ കുലോസിസ് തുടങ്ങിയവ ലോകത്തുനിന്നുതന്നെ തുടച്ചുനീക്കി. പോളിയോ രോഗം 2011-നുശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ആ വര്‍ഷം ആകെ ഒരാള്‍ക്ക് മാത്രമാണ് പോളിയോ വന്നത്. ലോകത്ത് ഇന്ന് രണ്ടുരാജ്യങ്ങളില്‍ മാത്രമാണ് പോളിയോ രോഗം ഉള്ളത്- പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍. അവരാണെങ്കിലോ ‘അമേരിക്കയുടെ രഹസ്യ അജണ്ടയില്‍’ പ്പെടുത്തിയാണ് വാക്സിനെ എതിര്‍ക്കുന്നത്. ഇന്ത്യയിലിത് നിയന്ത്രണവിധേയമാണ്. നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഉടനെ സാധിക്കുമെന്നും കരുതുന്നു. വാക്സിന്‍ എടുക്കുന്ന എല്ലാ രോഗങ്ങളും ഇതുപോലെ നിയന്ത്രണവിധേയമാണ്. താഴത്തെ ചാര്‍ട്ട് കാണുക. അമേരിക്ക 1979ല്‍ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്തപ്പോള്‍ നമുക്കിപ്പോഴുമത് സാധിക്കാത്തത്, മേല്‍പ്പറഞ്ഞപോലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ്.

1

“വാക്സിന്‍ എടുക്കുന്നതുകൊണ്ടുതന്നെ രോഗം വരാം. അതുകൊണ്ടെടുക്കരുത്”

ചില വൈറല്‍ വാക്സിനുകളില്‍ ആ രോഗാണുവിന്‍റെ മുഴുവന്‍ കോശവും ഉണ്ടാകും. പക്ഷെ ആ രോഗാണുവിന്‍റെ രോഗമുണ്ടാക്കാനുള്ള ശേഷി പരമാവധി കുറച്ചശേഷമാണ് അതില്‍ ഉപയോഗിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് വാക്സിന്‍ എടുക്കുന്നതിലൂടെ രോഗം വരാമെന്ന് പറയുന്നുണ്ട്. രോഗം വരുന്നവരുടെ സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അതെത്രയോ ആയിരം മടങ്ങ്‌ ചെറുതാണ്. മാത്രമല്ല ഇന്ത്യയില്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളിലൊന്നും വാക്സിന്‍ എടുക്കുന്നതിലൂടെ ആര്‍ക്കും രോഗം വന്നിട്ടില്ല.

“വാക്സിന്‍ എടുക്കുന്നതുകൊണ്ട് മറ്റുപല അസുഖങ്ങളും വരുന്നുണ്ട്”

അതും തെറ്റാണ്. DPT (ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്) വാക്സിന്‍ എടുക്കുന്ന ദിവസം കുട്ടികള്‍ക്ക് പനി വരാന്‍ സാധ്യതയുണ്ട്. മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. ഈ സാധ്യത കുട്ടിയുടെ അമ്മയോട് പറഞ്ഞു ബോധ്യപ്പെടുത്തുകയും, പനി വന്നാല്‍ കൊടുക്കാന്‍ മരുന്ന് കൊടുത്തുവിടുകയും സാധാരണ ചെയ്യാറുണ്ട്. പണ്ടുകാലത്ത് ചില വാക്സിനുകള്‍ അപസ്മാരം ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ അതൊന്നും ഉപയോഗിക്കുന്നുമില്ല.

2

“ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം ഇതിന് പിന്നിലുണ്ട്”

ദേശീയ ഇമ്മ്യുണൈസേഷന്‍ പദ്ധതിപ്രകാരമുള്ള മിക്കവാറും എല്ലാ വാക്സിനുകളും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ചുരുക്കം ചിലതിന് മാത്രം അടുത്തിടെ ദൗര്‍ലഭ്യം നേരിട്ടു. മറ്റുള്ളവയെല്ലാം നിങ്ങളുടെ വീടിനടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ (സബ് സെന്റര്‍) ലഭിക്കും. എല്ലാവര്‍ക്കും പൂര്‍ണ്ണമായും സൗജന്യമായിട്ട്.

ജേക്കബ്‌ വടക്കാഞ്ചേരിയെ പോലുള്ളവരുടെ വാക്കുകള്‍ ഡിഫ്തീരിയ അണുക്കളെക്കാളും വിഷമയമാണ്. അല്‍പമെങ്കിലും ശാസ്ത്രബോധമുള്ളവര്‍ അതുപോലുള്ളവരെ കാര്യമാക്കാതിരിക്കുകയെ വഴിയുള്ളൂ. ഈ വാക്സിനുകള്‍ എല്ലാം തന്നെ നിരവധി പരീക്ഷണ-നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ ശേഷമാണു കുട്ടികള്‍ക്ക് നല്‍കുന്നത്. മേല്‍പ്പറഞ്ഞ പോലുള്ള നിസാരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. സര്‍ക്കാര്‍ സംവിധാനവും ഡോക്ടര്‍മാരും വാക്സിന്‍ എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബോധവല്‍ക്കരിക്കുന്നുണ്ട്. പക്ഷെ ആരെയും നിര്‍ബന്ധിക്കില്ല.  തീരുമാനം എടുക്കേണ്ടത് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ തന്നെയാണ്. ആ തീരുമാനം, ശാസ്ത്രവിരുദ്ധരായ കപടപുരോഗമനവാദികളുടെ വാക്ക് കേട്ടുകൊണ്ടാകരുതെന്ന്‍ മാത്രം.

3

വാക്സിനേഷന്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികളെ കണ്ടെത്തി വാക്സിനേഷന്‍ ഷെഡ്യൂളിലെ വിട്ടുപോയവ എടുപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..

4

ഏറ്റവും പുതിയ ചില വസ്തുതകള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു..

2016 മുതല്‍ പോളിയോ വാക്സിനില്‍ മാറ്റം വരുന്നു. പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസുകളെ മൂന്നായി തിരിച്ചിട്ടുണ്ട്. ടൈപ്പ് 1,2,3. ഇങ്ങനെ. ഇപ്പോള്‍ നല്‍കുന്ന വാക്സിനിലും ഈ മൂന്നുവിഭാഗങ്ങളുടെയും വീര്യം കുറഞ്ഞ വൈറല്‍ കുഞ്ഞുങ്ങളാണുള്ളത്. വാക്സിന്‍ എടുക്കുന്ന ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് വാക്സിന്‍ കാരണം പോളിയോ രോഗം വരുന്നുണ്ട് എന്നാണ് കണക്ക്. ഇതിനുപ്രധാനകാരണം വാക്സിനിലെ ടൈപ്പ് 2 ഘടകമാണ്. 2016 മുതല്‍ നല്‍കുന്ന വാക്സിനില്‍ ഈ ടൈപ്പ് 2 ഘടകം ഒഴിവാക്കാന്‍ WHO യുടെ പ്രത്യേക പഠനസംഘം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാരണം ടൈപ്പ് 2 വൈറസ് കാരണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു പോളിയോ കേസ് പോലും ഉണ്ടായിട്ടില്ലാ എന്നത് തന്നെ. ടൈപ്പ് 2 കാരണമുള്ള പോളിയോ ലോകത്തുനിന്നുതന്നെ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്നുതന്നെയാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. വാക്സിന്‍ കൂടുതല്‍ സുരക്ഷിതവുമാകും. ബാക്കിയുള്ളവ കൂടി ഇല്ലാതാകാന്‍ ഇനി കുറച്ചു വര്‍ഷങ്ങള്‍ മതിയാകും.