പ്രതീക്ഷ…

187

ഈ ഇരുട്ടില്‍ ഞാല്‍ ആരെയെങ്കിലും തിരയുന്നുണ്ടെങ്കില്‍ അതു നിന്നെയയാണ്. നിന്നെ മാത്രമാണ്. ജീവിതത്തില്‍ എപ്പോഴൊക്കെയോ കയറേണ്ടിവന്ന പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ നീ ഉണ്ടായിരിക്കും എന്നെ ആശ്വസിപ്പിക്കാന്‍, സ്വാന്തനിപ്പിക്കുവാന്‍. ഉളളിലുളള മനോവേദന തിങ്ങി നിറയുമ്പോള്‍ പറന്നു പാറിയ എന്റെ മുടിയിഴകളെ അമര്‍ത്തിപ്പിടിച്ച് നിന്റെ മാറോട് ചേര്‍ക്കുമായിരുന്നു എന്നെ. ഇതെല്ലാം ഒരു പക്ഷെ സാങ്കല്‍പ്പികമാണെങ്കില്‍പ്പോലും ആ സാങ്കല്‍പ്പിക ലോകത്തിനപ്പുറം അതിനുമപ്പുറം ഒരു ലോകമുണ്ട്. നീയും ഞാനും എന്ന ലോകം. എനിക്ക് നീയും നിനക്ക് ഞാനും എന്ന് പല പ്രാവിശ്യം സത്യം വിളിച്ചു കൂവുന്ന ലോകം. പക്ഷെ, ആ ലോകത്തില്‍ ഇന്നു ചിതലു കയറിയിരിക്കുന്നു. ഒരിക്കലും ആ ലോകത്തിന് ചിന്തേരിടുവനയി കഴിയില്ല; എന്ന പ്രതീക്ഷയെ നീ വേണം തല്ലിക്കെടുത്താന്‍. നീ വേണം മറ്റൊരു നല്ല പ്രതീക്ഷ വളര്‍ത്തിയെടുക്കുവാന്‍.

നാം കളിച്ചു വളര്‍ന്ന ഓര്‍ഫനേജിന്റെ ഇടനാഴികളും, മണല്‍ അങ്കണങ്ങളും, ആളൊഴിഞ്ഞ പളളിയുടെ വന്‍ മുറിയും നമുക്ക് ഇന്ന് അപര്യാപ്തമാണ്. ഹൃദയത്തില്‍ നുഴഞ്ഞു കയറുന്ന ഏകാന്തത വേദനയുടെ ഓരോ കോണിലും ഒളിഞ്ഞിരിക്കുന്നു. ഓരോ രാത്രിയും ഓരോ പകലും കൊഴിഞ്ഞു പോയിരിക്കുന്നു. പകലുകള്‍ കൊഴിമ്പോള്‍ രാത്രി വിടരുന്നു. അങ്ങിനെ അങ്ങിനെ എത്രയെത്ര രാത്രികളും പകലുകളും പൊഴിഞ്ഞും, കൊഴിഞ്ഞും, വിടര്‍ന്നും എന്നിലൂടെ കടന്നു പോയിരിക്കുന്നു.

പ്രതീക്ഷയുടെ ഉദയ സൂര്യന്‍ ഓരോ പകലുകളിലുമായി ഞാന്‍ തെളിയിക്കാറുണ്ട്. പ്രതീക്ഷയുടെ അസ്തമയ സൂര്യന്‍ ഓരോ രാത്രയിലും ചക്രവാളത്തിനുമപ്പുറം മായുന്നത് കാണുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല.കണ്ണുകളില്‍ കണ്ണുനീര്‍ തടം കെട്ടിയപ്പോള്‍ എനിക്കാക്കാഴ്ച അവ്യക്തമായി.

നിന്നിലേക്കുളള എന്റെ യാത്ര ഇനി എത്ര ദൂരമെന്നറിയില്ല. അത് അനേകം പകലുകളിലൂടെയും രാത്രികളിലൂടെയും കടന്നു പോയേക്കാം. നിന്നെ ഞാന്‍ എന്ന് കണ്ടുപിടിക്കുന്നുവോ അന്ന് ആ നിമിഷം നിര്‍ത്തും എന്റെ അനന്തമായ യാത്ര. അന്ന് ആ യാത്രക്ക് തിരശ്ശീല വീഴുകയും ചെയ്യും. അല്ലെങ്കില്‍ ഈ യാത്രയില്‍ രംഗബോധത്തോടെ ഓരോ വേഷങ്ങള്‍ ആടിത്തീര്‍ക്കുകയും ചെയ്യും. ഉറപ്പ്. രാത്രികള്‍ കൊഴിയുന്തോറും പകലുകള്‍ പൊഴിയുന്തോറും വേദനയുടെ മാറാപ്പിന് ഭാരം കൂടുന്നതേയുളളൂ. വേദനിക്കുന്നീ യാത്രക്ക് നീ പ്രതീക്ഷിക്കുന്ന ശുഭസമാപ്തി ഇല്ലെന്ന് മനസ്സ് എന്നോട് തന്നെ പരസ്പരം മന്ത്രിക്കുന്നു. മഴമേഘങ്ങള്‍ പോലെ മൂടിക്കെട്ടിയ മുഖവുമായി ഇനി എത്ര നാള്‍ ?

അനാഥാലയത്തില്‍ അനാഥയെന്ന് മുദ്രകുത്തപ്പെട്ട് മനോവേദനയാല്‍ മരവിച്ച് കിടക്കുമ്പോഴും ഒരാശ്വാസത്തിന് നീ ഉണ്ടായിരുന്നു. ഒരിളം ചൂടായിട്ട്. ആര്‍ത്തിരമ്പുന്ന അവഹേളനങ്ങള്‍ക്ക് കണ്ണ് കൊടുക്കാതെ മാറോട് ചേര്‍ത്ത്, ഒന്ന് തിരിഞ്ഞു നോക്കുവാന്‍ പോലും സമയം കൊടുക്കാതെ നീയെന്ന നീയും ഞാനുമാകുന്ന ലോകത്തേക്ക് കൊണ്ട് പോകുമായിരുന്നു.

പട്ടണത്തിന്റെ വഴിയരികിലെ റാന്തലുകളോരോന്നും അണയുമ്പോള്‍ പുതിയതായും പഴയതായും കാണേണ്ടി വരുന്ന ചില ശപിക്കപ്പെട്ട കാമമുഖങ്ങളില്‍ നിന്നും എന്നാണ് മോചനം. തെരുവു സര്‍ക്കസ്സുകളിലെ ഒരു കുട്ടിക്കുരങ്ങനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിത്തിരിഞ്ഞ് മലക്കം മറിഞ്ഞും കാണികളോരോന്നിനെയും സന്തോഷത്തിന്റെ തുരുത്തില്‍ ആറാടിക്കുമ്പോഴും എപ്പോഴൊക്കെയോ ആയി ഞാന്‍ തിരയാറുണ്ട് നിന്റെ നിഷ്‌കളങ്കമായ മുഖത്തെ. എല്ലാ രാത്രിയിലും നിനച്ച് പോകാറുണ്ട് നീയെന്ന മനുഷ്യന്റെ സാമീപ്യം. നീ വരണം നീ എന്റെ മാറില്‍ ചായണം, നിറകണ്ണുകളോടെ എന്റെ പരിഭവങ്ങളും പിണക്കങ്ങളും എനിക്ക് നിന്നോട് പറയണം. ഇനി ആരാണ് എന്റെ ദുഃഖങ്ങളെ തൊട്ടറിഞ്ഞ് ഒരു ദയാവധം സമ്മാനിക്കുന്നത് ? ഇനി ഒരു പക്ഷെ, നീ എന്നിലേക്ക് വരില്ലെങ്കില്‍പ്പോലും എനിക്ക് ഈ മൃതപ്രായമായ ജീവിതം തളളിനീക്കുവാനായി നിന്റെ ചില നനുത്ത ഓര്‍മ്മകളുണ്ട് തെരുവു സര്‍ക്കസ്സുനിടയില്‍ ഏകാന്തത മനസ്സിലേക്ക് നുഴഞ്ഞ് കയറുന്നുവെങ്കില്‍ അവയെ ഞാന്‍ അടിച്ചമര്‍ത്തുകയും ചെയ്യാം. നിന്നെ എനിക്ക തേടിയെത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓര്‍മ്മക്കുളളിലെ ഓര്‍മ്മകളില്‍ എപ്പോഴെങ്കിലും നിന്‍ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നുവെങ്കില്‍ നിന്റെ ഓര്‍മ്മകളത്രയും ഞാന്‍ ഓര്‍ക്കുവാന്‍ ശ്രമിക്കാം.

സൂര്യവെളിച്ചം വീഴുവാന്‍ പോകുന്ന പട്ടണത്തിന്റെ മാറില്‍ കുറച്ചു സമയം മനഃസമാധാനത്തോടെ കണ്ണടച്ച്, നാളെ പ്രതീക്ഷയുടെ ഉദയ സൂര്യനെ ഞാന്‍ തെളിയിക്കാം. ഒരു പക്ഷെ ഇതേ സമയം ഇതു പോലെയുളള ഈ തണുത്ത് മരവിച്ച് ഒരു രാത്രിയിലും ആ പ്രതീക്ഷയുടെ ഉദയ സൂര്യന്‍ അസ്തമയ സൂര്യനായി ചക്രവാളത്തിലേക്ക് മറഞ്ഞുവെന്നും വരാം. തൊടാനാവാതെ പോയ സായാഹ്നങ്ങളില്‍ ഒന്നായി ഞാനിതിനെ കരുതിക്കൊളളാം.