പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ ഗ്യാലക്‌സിക്ക് സൂര്യനെക്കാള്‍ 300 ലക്ഷം കോടി മടങ്ങ് അധികം തിളക്കം!

215

luminous_galaxy_boolokam
300 ലക്ഷം കോടി!!! സംഖ്യകളില്‍ എഴുതിയാല്‍ ഇങ്ങനെ വരും! 300,000,000,000,000. 3 കഴിഞ്ഞ് 14 പൂജ്യങ്ങള്‍. നാസ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഗ്യാലക്‌സിയുടെ തിളക്കത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമേറിയ ഗ്യാലക്‌സിയാണിത്. നാസയുടെ വൈഡ്ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വേ എക്‌സ്‌പ്ലോറര്‍ അഥവാ വൈസ്(WISE) എന്ന ഉപഗ്രഹമാണ് ഈ ഗ്യാലക്‌സി കണ്ടെത്തിയത്.J224607.57052635.0 എന്നാണ് ശാസ്ത്രലോകം ഇതിനു ഇട്ടിരിക്കുന്ന പേര്. (അമ്പരക്കേണ്ട. ഇത്തരം പേരിടീല്‍ സര്‍വസാധാരണമാണ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗ്യാലക്‌സികളുടെയും കാര്യത്തില്‍. അവ ഇത്തരം വസ്തുക്കളെ കുറിച്ച് പല വിവരങ്ങളും ഈ പേരിടീല്‍ രീതി അറിയാവുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുവാന്‍ വേണ്ടി ഉള്ളതാണ്.)

ഗ്യാലക്‌സിക്ക് നടുവില്‍ ഉള്ള ഒരു വലിയ തമോഗര്‍ത്തം ആണ് ഈ തിളക്കത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്. ഇത് ചുറ്റുമുള്ള വാതകങ്ങളെ എല്ലാം ഉള്ളിലേയ്ക്ക് വലിച്ചടുപ്പിക്കുകയും വളരെ ഉയര്‍ന്ന ചൂടില്‍ അവ കത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഉയര്‍ന്ന ഊര്‍ജ അവസ്ഥയിലുള്ള എക്‌സ്‌റെ, അള്‍ട്രാവയലറ്റ് രശ്മികള്‍ പുറത്തേയ്ക്ക് വരുന്നു. ഇവ ചുറ്റുമുള്ള പൊടിപടലങ്ങളില്‍ തട്ടി അവയെ ചൂട് പിടിപ്പിക്കുകയും അവ പ്രകാശം പരത്തുവാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇവയെല്ലാം വെറും അനുമാനങ്ങള്‍ മാത്രമാണ് കേട്ടോ. കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ മാത്രമേ ഈ തിളക്കത്തിന് പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കണ്ടെത്തുവാന്‍ കഴിയൂ.

വൈസ് ഉപഗ്രഹം നടത്തിയ കണ്ടെത്തലുകളെക്കുറിച്ച് ഡഗ് ലീമന്‍ ടെഡ് കോണ്‍ഫറന്‍സില്‍ നടത്തിയ ഈ വീഡിയോ കൂടുതല്‍ വിസ്മയങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചു തരും.