പ്രമുഖ മലയാളം ചാനലിലെ ജീവനക്കാര്‍ ‘കഞ്ഞിവെയ്ക്കാന്‍’ കഷ്ടപ്പെടുന്നു !

394

02

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവാതെ സംപ്രേഷണം അടക്കം തുലാസിലായ ടിവി ന്യൂ ചാനല്‍ ജീവനക്കാര്‍ പുത്തന്‍ സമര രീതികളുമായി സോഷ്യല്‍ മീഡിയയിലേക്ക് ഇറങ്ങുന്നു. ചാനല്‍ ഓഫീസില്‍ ടിവി ന്യൂ ലോഗോയെ സാക്ഷിയാക്കി കഞ്ഞി വെച്ച് ആ വീഡിയോ തങ്ങളുടെ ‘ടിവി ന്യൂ ജീവിത സമരം‘ എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടാണ് ജീവനക്കാര്‍ തങ്ങളെ തിരിഞ്ഞു നോക്കാത്ത ചാനല്‍ അധികാരികള്‍ക്കെതിരെ പ്രതിഷേധിച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലാണ് ടിവി ന്യൂ പ്രൊമോട്ടര്‍മാരായ കേരള ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (കെസിസിഐ)ക്കെതിരെ സമരം നടന്നുവരുന്നത്. ജീവനക്കാരുടെ ശമ്പള കുടിശിക വിതരണം ചെയ്യണമെന്നും തൊഴില്‍ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫീസ് ഉപരോധിക്കുവനാണ് തീരുമാനം. അതിനിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കഞ്ഞി വെപ്പ് വീഡിയോ ജീവനക്കാര്‍ പുറത്ത് വിടുന്നത്.

പരസ്യ സമയം നിയന്ത്രിച്ചതും അതോടെ പരസ്യ വരുമാനം കുറഞ്ഞതുമാണ് മലയാളത്തിലെ മുന്‍നിര ചാനലായ ഇന്ത്യവിഷന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിസന്ധിയില്‍ പെടുത്തിയിരുന്നത്. ഇന്ത്യവിഷനും ദിവസങ്ങളോളം സംപ്രേഷണം നിന്നിരുന്നെങ്കിലും ഈ വര്‍ഷമാദ്യം ശമ്പള കുടിശിക നല്‍കാം എന്ന ഉറപ്പിന്മേലായിരുന്നു ജീവനക്കാര്‍ സമരം അവസാനിപ്പിച്ചിരുന്നത്.

ടിവി ന്യൂവില്‍ നല്ലൊരു ശതമാനം ഷെയര്‍ സ്വന്തമായുള്ള പ്രവാസി വ്യവസായി എം എ യൂസഫലി ചാനല്‍ തകരുമെന്ന് മനസിലാക്കി പിന്‍വാങ്ങിയതും ഇതിനിടെ വാര്‍ത്തയായിരുന്നു. കൂടാതെ ചാനല്‍ തലപ്പത്തുള്ള ഭഗത് ചന്ദ്രശേഖര്‍ രാജിവെച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.