മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ പാരീസിലെ ഷാര്‍ളി എബ്ദോ വാരികയുടെ ഓഫീസില്‍ ഇടിച്ചു കയറി ഭീകരര്‍ പന്ത്രണ്ടു പേരെ വെടിവെച്ചു കൊന്ന സംഭവം ചില ഗൗരവ ചിന്തകള്‍ ഉയര്‍ത്തുന്നുണ്ട്. തോക്കിന് കുഴലിലൂടെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഒന്നാണോ മതവിശ്വാസം. പന്ത്രണ്ടു പേരെ വെടിവെച്ചു വീഴ്ത്തി അവരുടെ പ്രാണന് എടുത്തുകഴിഞ്ഞതോടെ മുഹമ്മദ് നബിയുടെ അഭിമാനം സംരക്ഷിക്കപ്പെട്ടുവോ?. മതങ്ങളെ വിമര്‍ശിക്കുന്നവരെയും പരിഹസിക്കുന്നവരെയും വെടിവെച്ചു വീഴ്ത്താന്‍ തുടങ്ങിയാല്‍ ലോക ജനസംഖ്യയുടെ എത്ര ശതമാനത്തെയാണ് ഈ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടി വരിക. ഏത് മതമാണ് ഏത് ദര്‍ശനമാണ് ഇങ്ങനെയൊരു വിശ്വാസ സംരക്ഷണത്തെക്കുറിച്ച് കല്പിക്കുന്നത്
പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖചിത്രമായി Charlie Hebdo യുടെ പുതിയ ലക്കം ഉടനെയിറങ്ങും. മൂന്ന് മില്ല്യണിലധികം കോപ്പികളാണ് പ്രസ്സില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. സാധാരണ ഈ വാരികയുടെ കോപ്പികള്‍ അച്ചടിക്കുന്നതിനേക്കാള് അമ്പതിരട്ടി കോപ്പികളാണ് ഇപ്പോള്‍ അടിക്കുന്നത്. അത് വിറ്റു തീര്‍ന്നാല്‍ വീണ്ടും അടിച്ചേക്കും. ലോകമൊട്ടുക്കും അവ ഓണ്‍ലൈനില്‍ പ്രചരിക്കും. തോക്കുമായി പ്രവാചകനെ സംരക്ഷിക്കാന്‍ ഇറങ്ങിയ കഴുതകളെക്കൊണ്ട് കിട്ടിയ നേട്ടമാണിത്. ലോകം ഒട്ടും ശ്രദ്ധിക്കാതിരുന്ന ഏതോ ലക്കങ്ങളില്‍ പ്രവാചകനെ പരിഹസിച്ചു എന്ന് പറഞ്ഞു കൊണ്ട് മനുഷ്യക്കുരുതി നടത്തിയ ഈ വിവരം കെട്ട പിശാചുക്കള്‍ ഇപ്പോള്‍ അവയേക്കാള്‍ ശക്തിയേറിയ പ്രവാചക പരിഹാസങ്ങള്‍ക്ക് ഒന്നാന്തരം അവസരം ഉണ്ടാക്കികൊടുത്തിരിക്കുന്നു. ഈ മരക്കഴുതകള്‍ ഇനി എന്നാണ് പഠിക്കുക??.
യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ലക്ഷക്കണക്കിന് മുസ്ലിംകള് സമാധാനപരമായി ജീവിക്കുന്നുണ്ട്. അവിടെയുള്ള മുഴുവന്‍ പൗരന്മാര്ക്കും ലഭിക്കുന്ന എല്ലാ സാമൂഹിക അവകാശങ്ങളും അവര്‍ അനുഭവിക്കുന്നുണ്ട്. മതവിശ്വാസം അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിലധികമെന്താണ് ഒരു വിശ്വാസി സമൂഹത്തിന് വേണ്ടത്. എന്നാല്‍ മതത്തെ സംരക്ഷിക്കാനെന്ന പേരില്‍ എ കെ 47 തോക്കുമായി തെരുവില്‍ ഇറങ്ങുന്ന വിരലിലെണ്ണാവുന്ന ഈ മനുഷ്യപ്പിശാചുക്കളുടെ കാരണത്താല്‍ മുസ്ലിം സമൂഹം മൊത്തം ദുരിതമനുഭവിക്കേണ്ട അവസ്ഥയാണുണ്ടാകുന്നത്. തൊണ്ണൂറ്റിയൊമ്പത് ശതമാനം സമാധാന പ്രേമികളെയും കേവലം ഒരു ശതമാനം പോലും വരാത്ത ഭീകരര്‍ക്ക് അവമതിക്കാന്‍ കഴിയുന്ന ദുരന്തം. മുസ്ലിം കുടിയേറ്റത്തിനെതിരെ യൂറോപ്പിലും അമേരിക്കയിലും ശക്തമായി പ്രചാരണം നടത്തുന്ന അതിതീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന പ്രവണതക്ക് പ്രധാന കാരണക്കാര്‍ ഈ ഭീകരരാണ്. ഇത്തരം അവസരങ്ങള്‍ മുതലെടുത്ത് മതവിദ്വേഷവും വംശീയ വിവേചന നിലപാടുകളും വേരു പിടിപ്പിക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയുന്നു. ഓര്‍ക്കുക, മതസ്നേഹത്തിന്റെ പേരില്‍ സ്വയം നാശത്തിന്റെ വിത്തുകളാണ് ഈ പിശാചുക്കള്‍ വിതറിക്കൊണ്ടിരിക്കുന്നത്. അത്തരക്കാര്‍ക്ക് ഏതെങ്കിലും രൂപത്തില്‍ പിന്തുണ കൊടുക്കുന്നവരും സ്വന്തം ശവക്കുഴി തോണ്ടുകയാണ്.
ഏതാണ്ട് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഫ്രാന്‍സിലെ തെരുവുകളില്‍ ഈ മൃഗീയതയെ അപലപിക്കാന്‍ ഒറ്റരാത്രിയില്‍ ഒത്തുകൂടിയത് എന്നതോര്‍ക്കുക. മൂന്ന് പേരുടെ തോക്കിന് ഞങ്ങളുടെ സ്വാതന്ത്ര്യ ബോധത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഞങ്ങള്‍ ഭയപ്പെടുന്നില്ല (NOT AFRAID) എന്നാണ് അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. ഇത്രകാലവും ആരും ശ്രദ്ധിക്കാതിരുന്ന ആ വാരികക്ക് വേണ്ടി I am charlie എന്ന പ്ലക്കാര്‍ഡുമായാണ് (Je suis Charlie) അവരോരുത്തരും രംഗത്ത് വന്നത്. ഓരോരുത്തരും ഷാര്ളിയായി മാറുകയായിരുന്നു. അവരിപ്പോള്‍ ഉയര്‍ത്തിയത് സ്വാതന്ത്ര്യത്തിന്റെ ശബ്ദമാണ്. മനുഷ്യാവകാശത്തിന്റെ ശബ്ദമാണ്. പക്ഷേ ആ ശബ്ദം മുസ്ലിം സമൂഹത്തിനെതിരായ ശബ്ദമായി പരിവര്ത്തിക്കപ്പെടാതിരിക്കാന് ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ടത് സര്‍ക്കാറുകള്‍ മാത്രമല്ല, മുസ്ലിം സമൂഹവും കൂടിയാണ്.

ജീസസും മോസസും ചര്‍ച്ചും മാര്‍പാപ്പയും കാര്‍ട്ടൂണുകള്‍ക്ക് വിഷയമാകുന്നുവെങ്കില്‍ മുഹമ്മദ് നബിയും പള്ളിയും മൗലവിയും കാര്‍ട്ടൂണുകള്‍ക്ക് വിഷയമാകും. അത് കാണുമ്പോഴേക്ക് ഹാലിളകി പേപ്പട്ടിയെപ്പോലെ തേറ്റ നീട്ടി കുതിച്ചു ചാടേണ്ടവരല്ല വിശാസികള്‍. മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമര്‍ശിക്കാനുള്ള അവകാശവും. ഒരു കാര്‍ട്ടൂണ്‍ കൊണ്ട് തകരുന്ന മതവും വിശ്വാസവുമാണ് തങ്ങളുടേതെന്ന് കരുതുന്നവരേക്കാള്‍ മതത്തെ അപമാനിക്കുന്നവര്‍ മറ്റാരുമില്ല. അത് തിരിച്ചറിയുന്നിടത്താണ് വിശ്വാസി സമൂഹം വിജയിക്കേണ്ടത്. തനിക്കെതിരെ കവിത രചിച്ചവരുടെ നാവ് പിഴുതെറിയാന്‍ പ്രവാചകന് കല്പിച്ചിട്ടില്ല. തന്നെ അങ്ങേയറ്റം പരിഹസിച്ചെഴുതിയ ആക്ഷേപക്കവിതകള്ക്ക് കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ആ സഹിഷ്ണുതയാണ് പരിഹസിച്ച് വരികളെഴുതിയ അതേ കവികള്‍ തന്നെ പിന്നീട് പ്രവാചകനില്‍ വിശ്വസിക്കുവാനും കാരണമായത്. അത്തരം നിരവധി ഉദാഹരണങ്ങള്‍ പ്രവാചക ചരിത്രത്തില്‍ വായിക്കാന്‍ പറ്റും.
ദിവസവും തന്റെ വഴിയില്‍ മുള്ളുകളും മാലിന്യങ്ങളും വിതറിയിരുന്ന സ്ത്രീയെ രണ്ടു ദിവസം കാണാതായപ്പോള്‍ അവരുടെ ക്ഷേമമന്വേഷിച്ച ഒരു പ്രവാചകനെക്കുറിച്ച് മത പുസ്തകങ്ങള്‍ പരിചയപ്പെടുത്തുണ്ട്. ഒരു ജൂത വിശ്വാസിയുടെ മൃതശരീരം കണ്ടപ്പോള്‍ ബഹുമാനപുരസ്സരം എഴുന്നേറ്റ് നിന്ന പ്രവാചകനെയും അവിടെ കാണാന്‍ പറ്റും. കൃസ്തീയ പാതിരിമാര്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം നല്കിയ പ്രവാചകനേയും ആ പുസ്തകങ്ങളില്‍ കാണാം. ചോരയുടെ ‘മദം’ മാത്രം പഠിച്ചവര്‍ക്ക് എന്ത് പ്രവാചകന്?. എന്ത് മതം ?. മതത്തേയും പ്രവാചകനേയും സ്നേഹിക്കാം. അതോടൊപ്പം മനുഷ്യനേയും അല്പം സ്നേഹിക്കാന്‍ പഠിക്കണം. അപ്പോഴാണ് മതം പൂര്‍ണമാകുന്നത്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുമ്പോഴാണ് ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കുക എന്നാണ് പ്രവാചകന് പഠിപ്പിച്ചത്. ആ പാഠം ഉള്കൊള്ളാത്തവന് മതത്തിന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ശത്രു പക്ഷത്താണ്.