പ്രവാസികളെ, ഇനി സ്ഥാനാര്‍ഥികള്‍ വന്ന് നിങ്ങളുടെ ഫ്ലാറ്റിനും മുട്ടും !

493

01

പ്രവാസിയും ബൂലോകത്തിലെ സ്ഥിരം കോളമിസ്റ്റുമായ ഷഫീക് മുസ്തഫ എഴുതിയ ലേഖനം

നാം പ്രവാസികളായപ്പോള്‍ നമുക്ക് നഷ്ടമായത് വോട്ടവകാശം മാത്രമായിരുന്നില്ല. അഞ്ചു കൊല്ലത്തില്‍ ഒരിക്കലെങ്കിലും നമ്മുടെ മുന്നില്‍ വന്നു കൈകൂപ്പിനിന്ന് വെളുക്കെച്ചിരിക്കുന്ന രാഷ്ട്രീയക്കാരനെക്കൂടിയായിരുന്നു. മഴയോടും പുഴയോടും ഒപ്പം ആ ‘വളിച്ച ചിരി’യും എന്നേക്കും നഷ്ടമായി എന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനെയുള്ള ചെറിയ പ്രതീക്ഷകളുടെ നാമ്പുകള്‍ പൊട്ടി മുളയ്ക്കുന്നത്. ‘പഞ്ചായത്തില്‍ വിജയിച്ചാല്‍’ ഒരുപക്ഷേ പാര്‍ലമെന്റില്‍ വരെ നമുക്ക് സ്വാധീനം ഉണ്ടാവും വിധം കാര്യങ്ങള്‍ ധ്രുതഗതിയില്‍ പരിണമിച്ചേക്കാം.

വോട്ടില്ലാത്ത പ്രവാസിയെ നാട്ടിലുള്ള പാര്‍ട്ടിക്കാര്‍ ഒരു പൌരനായിപ്പോലും പലപ്പോഴും കാണുന്നില്ല എന്നതാണ് സത്യം. നമ്മള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എഴുതി നീട്ടുന്ന ‘പാര്ട്ടിഫണ്ട് രസീതുകള്‍’ നമുക്ക് നല്‍കുന്ന ‘അംഗീകാരമാ’യാണ് അവര്‍ കാണുന്നത്. നമ്മുടെ പ്രശ്‌നങ്ങള്‍ ചാനലുകളില്‍ കാണിക്കുന്നത് നാട്ടുകാരൊക്കെ ഉറങ്ങിക്കഴിയുന്ന പന്ത്രണ്ടുമണി നേരങ്ങളിലാണ്. നമ്മളെഴുതിയ ആയിരം പേജുള്ള പരാതി പുസ്തകം ഭരണത്തിന്റെ ഭരണങ്ങാനത്ത് പൊടിയടിച്ചു കിടക്കുകയാണ്.

ലാ തഹ്‌സന്‍! എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് ഇതാ തുടക്കമാവുന്നു.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ഓരോരുത്തരായി വന്ന് ഫ്‌ലാറ്റിന്റെ ഡോറില്‍ മുട്ടുന്നത് ഞാന്‍ കേള്‍ക്കുന്നു. നമുക്ക് നഷ്ടമായെന്നു കരുതിയ ആ വളിച്ച ചിരി തിരിച്ചു വരികയാണ്‍ ആയിരം പേജുള്ള നമ്മുടെ പരാതിപ്പുസ്തകത്തിന്റെ കവറിലെ പൊടി തട്ടിക്കളഞ്ഞ് ഓരോ പേജുകളും വെറുതെയെങ്കിലും മറിച്ചു നോക്കുന്ന രാഷ്ട്രീയക്കാരനെ ഇപ്പോള്‍ കാണാനാവുന്നുണ്ട്.

ഇനിയും ഒരുകാര്യം കൂടിപ്പറയട്ടെ, നമുക്ക് നമ്മില്‍ നിന്നുള്ള ജനപ്രതിനിധികളെക്കൂടി വേണം. പ്രവാസി ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിധ്യം അസംബ്ലിയിലും ലോക്‌സഭയിലും ഉണ്ടാവണം. അഞ്ചു ലക്ഷം പ്രവാസികള്‍ക്ക് ഒരു MLA വീതവും പത്തുലക്ഷം പ്രവാസികള്‍ക്ക് ഒരു MP വീതവും വേണം. അതായത് ആകെ അമ്പതു ലക്ഷം പ്രവാസികള്‍ ഉണ്ടെങ്കില്‍ അഞ്ച് എം പി മാര്‍ എങ്കിലും പാര്‍ലമെന്റില്‍ നമുക്കായി ശബ്ദം ഉയര്‍ത്താന്‍ ഉണ്ടാവണം. പ്രവാസി മന്ത്രിയും അതില്‍ നിന്ന് തന്നെ വേണം.

ഭരിച്ചു പോരുന്ന പാര്‍ട്ടികളുടെ കൊണംകൊണ്ട് പ്രവാസികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധന ഉണ്ടാവും. പ്രവാസികളില്‍ നിന്നുള്ള ഒരാള്‍ പ്രധാനമന്ത്രിയാകുന്ന കിനാശേരി ആയിരിക്കണം നാം ഏവരുടെയും സ്വപ്നം.